കൊടുംതണുപ്പിൽ മൂക്കിൽനിന്ന്‌ രക്തംവരും; ലോകേഷ്‌ - വിജയ്‌ ചിത്രത്തിലെ കശ്‌മീർ അനുഭവങ്ങൾ പങ്കുവച്ച്‌ അണിയറക്കാർ | VIDEO



വിക്രത്തിന്റെ വൻവിജയത്തിന്‌ ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിതമാണ് ‘ലിയോ’. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും ഹിറ്റായി നിൽകുന്ന ലോകേഷ് സിനിമ യൂണിവേഴ്‌സിലെ അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പേര് അനൗസ് ചെയ്‌ത ടീസറിനു തന്നെ വലിയ സ്വീകാര്യതയായിരുന്നു. കശ്‌മീരായിരുന്നു ലിയോയുടെ പ്രധാന ലൊക്കേഷൻ. ഷൂട്ടിങ്ങിനിടയിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് അണിയറപ്രവർത്തകർ വിശദീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ട്രെൻഡിങ്‌. മൈനസ് എട്ടും അഞ്ചും ഡ്രിഗ്രി തണുപ്പിലാണ് കശ്‌മീരിൽ യൂണിറ്റ് വർക്ക്‌ ചെയ്‌തത്. ഭക്ഷണം പാകം ചെയ്യുവാനും വസ്ത്രങ്ങൾ തുന്നിയെടുക്കാനും വരെ കഷ്‌ടപ്പെട്ടെന്ന് അണിയറക്കാർ പറയുന്നു. സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ള അണിയറപ്രവർത്തകരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ലോകേഷ് എന്ന സംവിധായകന്റെ ആവേശം കാണുമ്പോൾ തണുപ്പൊന്നും കാര്യമാക്കില്ലെന്നാണ് ഏറ്റവും അധ്വാനമേറിയ ജോലിചെയ്യുന്ന ലൈറ്റ്‌ ബോയ്‌സും ക്യാമറ അസിസ്‌റ്റന്റുകളും പറയുന്നത്. രാത്രിയാകുമ്പോൾ തണുപ്പുകൊണ്ട്‌ മൂക്കിൽ നിന്ന് ചോര വരാറുണ്ടെന്നും അണിയറപ്രവർത്തകർ കൂട്ടിച്ചേർത്തു. സിനിമാപ്രവർത്തകരുടെ അധ്വാനം കാണുമ്പോൾ തങ്ങൾക്ക് അത്ഭുതമാണ് തോന്നുന്നതെന്ന് പറയുന്ന പ്രദേശവാസികളെയും വീഡിയോയിൽ കാണാം. നടൻ വിജയ് അണിയറപ്രവർത്തകരോടും സെക്യൂരിറ്റി ജീവനക്കാരോടും സംസാരിക്കുന്നുമുണ്ട്. നീണ്ട നാളത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ‘ലിയോ’ ടീം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ‘എ ട്രിബ്യൂട്ട് ടു ലിയോ ടീം’ എന്നാണ് വീഡിയോയ്ക്ക് അവസാനം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിലും ചെന്നൈയിലുമാണ് ഇനി നടക്കാനിരിക്കുന്ന പ്രധാന ചിത്രീകരണം. സ്റ്റുഡിയോകളില്‍ തയ്യാറാക്കുന്ന സെറ്റുകളിലാവും ഇവിടങ്ങളിലെ ചിത്രീകരണം. ഒരു ചെറിയ ഔട്ട്ഡോര്‍ ചിത്രീകരണം മൂന്നാറിലും ഉണ്ടായേക്കാമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമാണ് ഇത്. തൃഷ, സഞ്ജയ് ദത്ത്, മിഷ്‌കിൻ, പ്രിയ ആനന്ദ്, മാത്യൂ തോമസ്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എസ് ലളിത കുമാർ, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. Read on deshabhimani.com

Related News