‘ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?’
ആമസോണ്‍ കാടുകളിൽ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്?‐- ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് സൂപ്പർതാരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള കുത്തകമാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്. "ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകൾ, ഭൂമിയിലെ ജീവജാലങ്ങൾക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാർഥത്തിൽ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്'-ഡി കാപ്രിയോ കുറിച്ചു. വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ ഇന്‍സ്റ്റാപോസ്റ്റ് പങ്കുവച്ചു. ആഗോള പരിസ്ഥിതി വിഷയങ്ങളിൽ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. ആഗോള പരിസ്ഥിതി പ്രക്ഷോഭക സംഘടനകളുടെ തലപ്പത്തുള്ള താരം ആഗോളതാപനത്തിനെതിരായ പ്രചാരകൻ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തനായ വിമർശകൻ കൂടിയാണ് ഡി കാപ്രിയോ. 2017ൽ അമേരിക്കയിൽ ട്രംപിനെതിരെ നടന്ന ജനകീയ കാലാവസ്ഥാമാർച്ചിൽ താരം പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ടൈറ്റാനിക്കിലൂടെ ലോകശ്രദ്ധനേടിയതാരം, റെവനന്റ് (2015) എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കർ നേടി. ഇൻസെപ്ഷൻ, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ആഗോളശ്രദ്ധനേടിയ ചിത്രങ്ങളിലെ നായകനാണ്. ക്വിറ്റിൻ ടാരന്റീനോ ചിത്രം വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡ് ആണ് പുറത്തിറങ്ങാനുള്ള ചിത്രം. Read on deshabhimani.com