മമ്മൂട്ടി 3.0: നടൻ - സൂപ്പർതാരം - താരനടൻ

‘കാതൽ ദ കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടി ഫോട്ടോ: ലെബിസൻ ഗോപി


  ഇന്ത്യൻ താരസമൂഹത്തിൽ മമ്മൂട്ടി ഒരു അപവാദമായി മാറുന്നത് തന്റെ താരനിലയും അതിന്റെ പ്രഭയും ഒപ്പം ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ മികവും വൈവിധ്യവും ഇപ്പോഴും നിലനിർത്തിക്കൊണ്ടിരിക്കുന്നു എന്നതിലാണ്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി എസ് വെങ്കിടേശ്വരൻ എഴുതുന്നു.  മമ്മൂട്ടിയെപ്പോലെ സിനിമ എന്ന കലയിലും വ്യവസായത്തിലും ഇത്രയേറെക്കാലം നിറഞ്ഞുനിൽക്കാനും ഭാവുകത്വങ്ങൾക്കും സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കുമൊപ്പം സ്വയം പുനരാവിഷ്‌കരിക്കാനും കഴിഞ്ഞിട്ടുള്ള നടന്മാർ അപൂർവമാണ്. തങ്ങളുടെ അഭിനയജീവിതത്തിൽ താരങ്ങളും സൂപ്പർതാരങ്ങളുമൊക്കെയായിത്തീരുന്ന നടന്മാർ ഒന്നുകിൽ തങ്ങളുടെ താരസ്വരൂപത്തിലും അതിന്റെ പ്രഭയിലും പ്രഭാവത്തിലും നിന്ന് പുറത്തുവരാൻ കഴിയാതെ പലപ്പോഴും തങ്ങളുടെ പ്രഭ മങ്ങിയതറിയാതെ കാലം തെറ്റി (പ്രായം മറന്ന്) സ്വയം അപ്രസക്തരായി മാറുന്നു, അല്ലെങ്കിൽ അവർ വ്യവസായത്തിന്റെ നിർബന്ധം കൊണ്ടും സ്വയം പുനർനിർമിക്കാ(നാവാ)തെയും അവനവനെ ആവർത്തിച്ചുകൊണ്ടേയിരിക്കാൻ നിർബന്ധിതരാവുന്നു. താരപ്രഭയുടെ ഒരു വിചിത്രത അത് ഒരേസമയം താരത്തിൽനിന്ന് ഉദയം ചെയ്യുന്നതും ഒപ്പം പുറത്തുനിന്ന്  ആരാധനയിലൂടെയും മാധ്യമപ്പെരുമയിലൂടെയും  തിളക്കപ്പെടുന്നതുമാണ് എന്നതാണ്. തളരാത്ത അഭിനയവൈഭവവും ഒപ്പം മങ്ങാത്ത വിപണനമൂല്യവും ഉണ്ടെങ്കിൽ മാത്രമേ മാറുന്ന സാങ്കേതികവിദ്യകൾക്കും പ്രമേയഭൂമികകൾക്കുമൊപ്പം കാലത്തിനനുസരിച്ച് ആ പ്രഭയ്ക്ക് തിളങ്ങിനിൽക്കാനാവൂ. അപൂർവം ചിലരെങ്കിലും തങ്ങളുടെ താരത്തിളക്കത്തെ മറ്റു പല രൂപങ്ങളിലേക്കും മാധ്യമങ്ങളിലേക്കും പരിവർത്തിപ്പിക്കുന്നു, അല്ലെങ്കിൽ അതിനു നിർബന്ധിതരാകുന്നു: തന്റെ സജീവമായ സിനിമാജീവിതത്തിന്റെ ഒടുവിൽ അമിതാഭ് ബച്ചന് ഒരു പുതിയ ജന്മം (താരമെന്ന നിലയിലും സാമ്പത്തികമായും) സമ്മാനിച്ചത് ടെലിവിഷനായിരുന്നു, ‘കോൻ ബനേഗാ കരോഡ് പതി’ എന്ന പരിപാടിയിലൂടെ അദ്ദേഹം തന്റെ സിനിമപ്രഭയെ പുനർനിർമിച്ചു; തിയറ്ററുകളിൽനിന്ന് വീടകങ്ങളിലേക്ക് തന്റെ താരമൂല്യത്തെയും സ്വരൂപത്തെയും പറിച്ചുനട്ടു. അത്‌ പിന്നീട് സിനിമയിലേക്ക് മറ്റൊരു രൂപത്തിൽ തിരിച്ചുവരാനും സഹായിച്ചു. ആ യാത്രയ്ക്കിടയിൽ അദ്ദേഹം തന്റെ താരസ്വരൂപത്തെ പുതുക്കിപ്പണിയുകയും ചെയ്തു. 2000ന്‌ ശേഷമുള്ള ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ചത് പ്രായത്തിനൊത്ത മുതിർന്ന കഥാപാത്രങ്ങളെയാണ്. ഒരർഥത്തിൽ ഗതകാലത്തെ തന്റെ പൗരുഷഭാവത്തെ ബച്ചൻ ഒരു പിതൃസ്വരൂപമാക്കി പുതുക്കിപ്പണിതു (മൊഹബത്തേൻ, ഏക് രിഷ്താ: ദ് ബോൻഡ് ഓഫ് ലവ്, കഭി ഖുശീ കഭി ഗം, ബാഗ്‌ബൻ, ബ്ലാക്ക്, സർക്കാർ, നിശ്ശബ്ദ് തുടങ്ങി ചീനി കം, ദ് ലാസ്റ്റ് ലിയർ, പിക്കു, പിങ്ക് പോലുള്ള ചിത്രങ്ങൾ). അങ്ങനെ വന്ദ്യവൃദ്ധനും പിതൃസ്വരൂപവുമൊക്കെയായി മാറിയപ്പോഴും ആ കഥാപാത്രങ്ങളിലെല്ലാം തന്നെ ഒരു ‘ബച്ചൻ' ഒപ്പ് ഉണ്ട്. തന്റേതായ ചില അഭിനയ അടയാളങ്ങളും ഗതകാലപ്രൗഢിയും പാഠാന്തര സൂചനകളും ബച്ചൻ ഇന്ന് അവതരിപ്പിക്കുന്ന റോളുകൾക്ക് ഒരധികപ്രഭയേകുന്നു. ദക്ഷിണേന്ത്യൻ സിനിമയിൽ എംജിആർ, രാജ് കുമാർ, എൻ ടി രാമറാവു, ചിരഞ്ജീവി, തുടങ്ങി കമൽഹാസൻ, വിജയ് കാന്ത് എന്നിവരിലൂടെ വിജയ് വരെയുള്ളവർ അവരുടെ താരമൂല്യത്തെയും സ്വരൂപത്തെയും രാഷ്ട്രീയമൂല്യമാക്കി വീണ്ടെടുക്കുവാനാണ് ശ്രമിച്ചത് (ജയലളിതയായിരിക്കും സ്ത്രീതാരം എന്ന നിലയിൽ ഈ താരക്കൂട്ടത്തിനിടയിലെ ഏക അപവാദം). രാജ് കുമാർ, രജനികാന്ത് തുടങ്ങിയവർ നേരിട്ട് രാഷ്ട്രീയക്കളത്തിലിറങ്ങിയില്ല എങ്കിലും അവരുടെ താരശക്തിയെ നിർണായകമായ സന്ദർഭങ്ങളിൽ ചില പ്രഖ്യാപനങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. കന്നഡ ദേശം എന്ന വികാരത്തിന്  രാജ് കുമാർ ശബ്ദവും ശരീരവും നൽകി: കന്നഡ രാഷ്ട്രീയത്തിലെ രാജ് കുമാറിന്റെ സാന്നിധ്യം എഴുത്തുകാർക്കോ രാഷ്ട്രീയക്കാർക്കോ കഴിയാത്തവണ്ണം ഭരണകൂടത്തിനും ദേശരാഷ്ട്രത്തിനുമിടയിലെ ശൂന്യത നികത്താൻ സഹായിച്ചു എന്നാണ് ചരിത്രകാരിയായ ജാനകി നായർ നിരീക്ഷിക്കുന്നത് (1). രാജ് കുമാറിനു സമാനമല്ലെങ്കിലും പ്രത്യക്ഷരാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെതന്നെ തമിഴ് രാഷ്ട്രീയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താനും നിർണായകമായ മുഹൂർത്തങ്ങളിൽ തമിഴ് ജനതയുടെ രാഷ്ട്രീയാഭിമുഖ്യങ്ങളെ ആഴത്തിൽ സ്വാധീനിക്കാനും രജനികാന്തിനും കഴിഞ്ഞിട്ടുണ്ട്. കാണി/പൗരർ, ആരാധകർ/അണികൾ, സിനിമാക്കാണികൾ/സമ്മതിദായകർ തുടങ്ങിയവർക്കിടയിലൂടെയും അവർക്കിടയിലെ അതിരുകളെ ലംഘിച്ചുകൊണ്ടും സിനിമാതാരം നടത്തുന്ന ഒരു വാൾമുന സഞ്ചാരമാണിത്; ഈ രണ്ടു ഗണങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ചിലയിടത്ത് ചില സന്ദർഭങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്: രാഷ്ട്രീയമണ്ഡലത്തിൽ ഭാഷാസ്വത്വം, ദേശാഭിമാനം (‘പ്രദേശാ'ഭിമാനം) തുടങ്ങിയ വിഷയങ്ങൾ നിർണായകമായിത്തീർന്ന മുഹൂർത്തങ്ങളാണ് ഇത്തരം പരകായപ്രവേശങ്ങൾക്ക് കളമൊരുക്കിയത്. അവിടങ്ങളിൽ സവിശേഷവും സൂക്ഷ്മവുമായ രീതിയിൽ ദേശത്തെയും ഭാഷാസ്വത്വത്തെയും താരങ്ങൾക്ക് സ്വന്തം ശരീരത്തിലും അഭിനയസ്വരൂപത്തിലും ആവാഹിക്കാൻ കഴിഞ്ഞു എന്നതാണ് അവരുടെ രാഷ്ട്രീയവിജയത്തിന് കാരണമായത്. പ്രതിഭാധനരും അഭിനയാസക്തരും ആയ മറ്റു ചില താരങ്ങൾ തങ്ങളുടെ പഴയ, യൗവനയുക്തമായ അഭിനയസ്വരൂപം ഉപേക്ഷിച്ച് കൂടിയ പ്രായത്തിനനുസരിച്ചുള്ള ചില റോളുകളിലേക്ക് സ്വയം ഒരുക്കുന്നു, ചിലപ്പോൾ ഒതുങ്ങുന്നു; സിനിമയ്ക്കകത്തു തന്നെ ഒരു താരത്തിന്റെ ‘പിൽക്കാലജീവിതം' പോലെയാണ് കാണികൾക്ക് അല്ലെങ്കിൽ ആരാധകവൃന്ദത്തിന് ആ കാലഘട്ടം അനുഭവപ്പെടുക. പ്രേംനസീർ അതിനൊരുദാഹരണമാണ്: സിനിമാവ്യവസായത്തിൽ ജ്വലിച്ചുനിൽക്കുന്ന കാലം കഴിഞ്ഞിട്ടും നസീർ അന്ത്യം വരെ തന്റെ അഭിനയജീവിതം തുടർന്നു: പ്രേംനസീറിനെ കാണാനില്ല, ധ്വനി, അയൽവാസി ഒരു ദരിദ്രവാസി, ഒരിക്കൽ ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം തന്റെ പ്രായത്തിന് അനുയോജ്യമായ (പലപ്പോഴും നായകപ്രാധാന്യമില്ലാത്ത) കഥാപാത്രങ്ങളെ  അവതരിപ്പിച്ചുകൊണ്ട് മരണം വരെ അഭിനയരംഗത്തു തുടർന്നു. സിനിമ നൽകുന്ന താരപ്രഭയിലും അഭിനയലഹരിയിലും മുഗ്‌ധരായി ആ മായികവലയം വിട്ടുപോകാനാകാത്തവരാണ് ഭൂരിപക്ഷം താരങ്ങളും. മുകളിൽ സൂചിപ്പിച്ച ഗണങ്ങളിലെല്ലാമുള്ള നടന്മാർ ഇന്ത്യൻ സിനിമയിലുണ്ട്: സ്വയം പിൻവലിഞ്ഞവർ, ക്രമേണ അപ്രസക്തരായിത്തീർന്നവർ, പ്രായത്തിനൊത്ത് മുതിർന്ന വേഷങ്ങളിലേക്കു കൂടുമാറിയവർ, വാർധക്യത്തെ അവഗണിച്ചുകൊണ്ട് തിരശ്ശീലയിൽ യുവാവായിത്തന്നെ സ്വയം കാണാനും കാണിക്കാനും ആഗ്രഹിച്ചവർ‐ അങ്ങിനെ പല വഴികൾ പിന്തുടർന്നവർ.  അത്തരം താരരൂപങ്ങളിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒന്നാണ് മമ്മൂട്ടിയുടേത്. ഇന്ത്യൻ താരസമൂഹത്തിൽ മമ്മൂട്ടി ഒരു അപവാദമായി മാറുന്നത് തന്റെ താരനിലയും അതിന്റെ പ്രഭയും ഒപ്പം ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ മികവും വൈവിധ്യവും ഇപ്പോഴും നിലനിർത്തിക്കൊണ്ടിരിക്കുന്നു എന്നതിലാണ്. പല താരങ്ങൾക്കും താരമൂല്യവും പ്രഭയും അവർ ‘കത്തിനിന്ന കാല'ത്തിനു ശേഷം ഒരു ബാധ്യതയോ ഭാരമോ ആയി മാറാറുണ്ട്. വർഷങ്ങൾ കൊണ്ട് നിരവധി ചിത്രങ്ങളിലൂടെ തങ്ങളുണ്ടാക്കിയെടുത്ത അഭിനയസ്വരൂപം അവർക്ക് ഒരു തടവറയായി മാറുന്നു: എന്തെന്നാൽ താരപ്രഭ/മൂല്യം എന്നത് ഒരേസമയം ഒരു ആസ്തിയും ഒപ്പം ഒരു ബാധ്യതയുമാണ്: അത് ഒരുവശത്ത് ആരാധകരെ തൃപ്തിപ്പെടുത്തുകയും മറ്റെല്ലാ ഘടകങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് കാണികളെ സിനിമയിലേക്ക് ആകർഷിക്കുകയും ചെയുമ്പോൾത്തന്നെ, മറുവശത്ത് അഭിനയമികവിനും റോളുകൾക്കും മുകളിൽ ചില സ്വഭാവ സവിശേഷതകളും വാർപ്പുരൂപങ്ങളും അടിച്ചേല്പിക്കുന്നു. ഒരു താരത്തിന് തന്റെ ആരാധകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്; ഒപ്പം പുതുമ തേടാനും, സ്വയം പുതുക്കിപ്പണിയുവാനുമുള്ള ത്വരയുമുണ്ട്; ആരാധകപ്രതീക്ഷകൾ താരത്തെ ചില വാർപ്പുറോളുകളിലേക്ക് നിർബന്ധിക്കുമ്പോൾ, വ്യവസായത്തിനകത്തെ മൽസരങ്ങളും ആഖ്യാനപരിണാമങ്ങളും സാങ്കേതികവികാസങ്ങളും തങ്ങളുടെ ബിംബത്തെയും പ്രതിച്ഛായയെയും പുനർനിർമ്മിക്കാനുള്ള സമ്മർദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയ്ക്കിടയിൽ ഒരു സമവായം കണ്ടെത്തുക അല്ലെങ്കിൽ ആരാധകരെയും വ്യവസായപ്രതീക്ഷകളേയും സ്വന്തം ആത്മപ്രകാശനത്വരകളെയും തൃപ്തിപ്പെടുത്തുക എന്നത്  ക്ലേശകരമാണ്. ഈ പ്രതിസന്ധികളെ എങ്ങനെ ഉൾക്കൊള്ളുന്നു, നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏതൊരു താരത്തിന്റെയും ‘പിൽക്കാലജീവിതം' രൂപപ്പെടുന്നത്. വ്യവസായത്തിന്റെ/വിപണിയുടെ സമ്മർദം, കാണികളുടെ/ആരാധകരുടെ പ്രതീക്ഷകൾ, നടൻ/അഭിനേതാവ് എന്ന നിലയിൽ സ്വയം കല്പിക്കുന്ന മികവുനിലകൾ  ഇവ തമ്മിലുള്ള സംഘർഷങ്ങൾ ഏതൊരു താരത്തിന്റെയും അഭിനയജീവിതത്തിൽ, പ്രത്യേകിച്ചും താരനില കൈവരിച്ചതിനുശേഷമുള്ള ഘട്ടത്തിൽ, നിർണായകമാണ്. വ്യവസായം മുതൽ മുടക്കുന്നത് അഭിനയമികവിൽ മാത്രമല്ല, താരമൂല്യത്തിൽ/പ്രഭയിൽ കൂടിയാണ്; ആരാധകർ താരത്തിൽ തങ്ങളുടെ സ്വപ്നസാഫല്യങ്ങൾ തേടുന്നു; മറുവശത്ത്, ഒരു നടനെ ത്രസിപ്പിക്കുന്നത് വിജയത്തോടൊപ്പം തന്നെ വെല്ലുവിളിക്കുന്ന അഭിനയാവസരങ്ങളും വ്യത്യസ്തമായ റോളുകളുമാണ്. ഇവയ്ക്കിടയിൽ ഒരു സമതുലിതാവസ്ഥ കണ്ടെത്തുക എളുപ്പമല്ല; പ്രത്യേകിച്ചും ഏതൊരു താരത്തിന്റെയും വിപണനമൂല്യം/താരപ്രഭ എന്നത് വ്യവസായത്തിനകത്തുള്ള മറ്റു താരങ്ങളുമായുള്ള ബലതന്ത്രങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ: ഒരു നക്ഷത്രമുദിക്കുമ്പോൾ മറ്റു ചിലവ അസ്തമിക്കുന്നു; അല്ലെങ്കിൽ അവയുടെ പ്രഭ മങ്ങുന്നു. മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും സവിശേഷത എന്നത് അദ്ദേഹം (ആ ദേഹം) താരം എന്ന നിലയ്ക്കുള്ള തന്റെ ആല‘ഭാര'ങ്ങളെയും നടൻ എന്ന നിലയ്ക്കുള്ള തന്റെ വൈഭവത്തെയും ഒരുപോലെ നിലനിർത്തുക മാത്രമല്ല വളർത്തുകകൂടി ചെയ്തു എന്നുള്ളതാണ്: മാറിയ കാലത്തെക്കുറിച്ചുള്ള ബോധം, താനും തന്റെ കഥാപാത്രങ്ങളും മാറേണ്ടതുണ്ട് എന്ന ബോധ്യം, ഇവയ്‌ക്കനുസൃതമായി റോളുകൾ സൂക്ഷ്മമായി തിരഞ്ഞെടുക്കാനുള്ള കഴിവ്, തന്റെ താരഭാരങ്ങൾ കഥയ്ക്ക് ഭാരമാകാതിരിക്കാനുള്ള ശ്രദ്ധ, യുവസംവിധായകരുടെ കൂടെ പ്രവർത്തിക്കാനുള്ള ഉൽസാഹം, ഡിജിറ്റൽ സാങ്കേതികവിദ്യ ഒരഭിനേതാവിനു നൽകുന്ന അധികസൗകര്യങ്ങളെക്കുറിച്ചുള്ള അറിവ്, ഓരോ കഥാപാത്രത്തിനും വേണ്ട വിശദമായ തയ്യാറെടുപ്പുകൾ ‐ ഇക്കാര്യങ്ങളിലെല്ലാം ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടി അതീവശ്രദ്ധ പുലർത്തുന്നു. മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതഘട്ടങ്ങൾ അരനൂറ്റാണ്ടുകാലം പിന്നിടുന്ന, നാനൂറിലധികം സിനിമകളിലായി പരന്നുകിടക്കുന്ന ഒന്നാണ് മമ്മൂട്ടിയുടെ അഭിനയജീവിതം. തിരിഞ്ഞുനോക്കുമ്പോൾ അത് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളതായി കാണാം; തുടക്കം മുതലിതുവരെയുള്ള കഥാപാത്രരൂപങ്ങളുടെയും അതിലൂടെ വികസിച്ചുവന്ന താരസ്വരൂപത്തിന്റെയും പരിണാമഘട്ടങ്ങളെ മൂന്നായി വിഭജിക്കാം എന്നു തോന്നുന്നു. അത് നടനിൽ നിന്ന് താരത്തിലേക്കും തുടർന്ന് സൂപ്പർതാരം എന്ന നിലയിലേയ്ക്കും ഇപ്പോൾ ദേശീയതലത്തിൽ അംഗീകാരമുള്ള  താരനടനിലേക്കും ഉള്ള പരിണാമമാണ്.   മമ്മൂട്ടി 1.0: നടനിൽ നിന്ന് താരത്തിലേക്ക് (1970‐90) 1970കളിൽ കെ എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ (1971), കെ നാരായണന്റെ കാലചക്രം (1973), ആസാദിന്റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1980) തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിച്ചുകൊണ്ട് സിനിമാജീവിതത്തിൽ പ്രവേശിച്ച മമ്മൂട്ടിയുടെ യഥാർഥ രംഗപ്രവേശം സംഭവിക്കുന്നത് 1980കളിലാണ്: കെ ജി ജോർജിന്റെ മേള (1980), യവനിക (1982), ഐ വി ശശിയുടെ തൃഷ്ണ, അഹിംസ (1981), ജോൺ ജാഫർ ജനാർദ്ദനൻ, ഈ നാട് (1982) ജിജോയുടെ പടയോട്ടം/1982, ബാലു കിരിയത്തിന്റെ വിസ/1983, പി ജി വിശ്വംഭരന്റെ സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, പിൻനിലാവ് (1983‌) എന്നീ ചിത്രങ്ങളിൽ തുടങ്ങി എന്റെ ഉപാസന, അക്കരെ, അടിയൊഴുക്കുകൾ (1984), തിങ്കളാഴ്ച നല്ല ദിവസം, അനുബന്ധം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, കഥ ഇതുവരെ, നിറക്കൂട്ട്, യാത്ര, കരിമ്പിൻ പൂവിനക്കരെ, കാതോടു കാതോരം (1985), വാർത്ത, അരപ്പട്ടകെട്ടിയ ഗ്രാമം, ആവനാഴി, രാരീരം (1986), കഥയ്ക്കുപിന്നിൽ, നൊമ്പരത്തിപ്പൂവ്, അടിമകൾ ഉടമകൾ, ന്യൂഡൽഹി, തനിയാവർത്തനം, അനന്തരം (1987), ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, അബ്‌കാരി, മറ്റൊരാൾ, മുക്തി, 1921, സംഘം, തന്ത്രം (1988), ഒരു വടക്കൻ വീരഗാഥ, അടിക്കുറിപ്പ്, മുദ്ര, ഉത്തരം, അഥർവം, മഹായാനം, മൃഗയ (1989), കോട്ടയം കുഞ്ഞച്ചൻ, കുട്ടേട്ടൻ, മിഥ്യ, മതിലുകൾ, അയ്യർ ദ് ഗ്രേറ്റ്, നമ്പർ 20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) തുടങ്ങിയ വൻസാമ്പത്തികവിജയം നേടിയ അല്ലെങ്കിൽ നിരൂപകശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചു. പിന്നീടുള്ള ദശകത്തിലും കച്ചവടം, കല, മധ്യവർത്തി തുടങ്ങിയ വിഭജനങ്ങളെ അതിവർത്തിച്ചുകൊണ്ട് ഒരു നടൻ, താരം എന്നീ നിലകളിൽ മമ്മൂട്ടി തന്റേതായ സ്ഥാനം കണ്ടെത്തി (അമരം, നീലഗിരി, കൗരവർ, സൂര്യമാനസം, മഹാനഗരം, ധ്രുവം, പപ്പയുടെ സ്വന്തം അപ്പൂസ്, വാൽസല്യം, പാഥേയം, വിധേയൻ, പൊന്തൻമാട, സുകൃതം, മഴയെത്തും മുമ്പെ, ഓർമ്മകൾ ഉണ്ടായിരിക്കണം, ദ കിംഗ്, അഴകിയ രാവണൻ, ഹിറ്റ്‌ലർ, ഇന്ദ്രപ്രസ്ഥം, ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി, ഒരു മറവത്തൂർ കനവ്, ഹരികൃഷ്ണൻസ്, ഇലവങ്കോട് ദേശം, തച്ചിലേടത്ത് ചുണ്ടൻ, എഴുപുന്ന തരകൻ, വല്യേട്ടൻ, ദാദാ സാഹേബ്, അരയന്നങ്ങളുടെ വീട്). മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി എന്ന നടൻ താരമായി മാറുന്ന 1980‐90 ദശകങ്ങൾ വ്യാവസായികമായി വിജയകരവും ജനുസ്സുകളുടെ കാര്യത്തിലും കലാപരമായും വൈവിധ്യം പുലർത്തിയ പതിറ്റാണ്ടുകളായിരുന്നു: വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ ഇക്കാലത്തിറങ്ങി. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി എന്ന നടൻ താരമായി മാറുന്ന 1980‐90 ദശകങ്ങൾ വ്യാവസായികമായി വിജയകരവും ജനുസ്സുകളുടെ കാര്യത്തിലും കലാപരമായും വൈവിധ്യം പുലർത്തിയ പതിറ്റാണ്ടുകളായിരുന്നു: വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ ഇക്കാലത്തിറങ്ങി. ഒരു പുതിയ നിര സംവിധായകർ കടന്നുവന്ന ദശകം കൂടിയായിരുന്നു ഇത്. മമ്മൂട്ടി എന്ന നടനെ സംബന്ധിച്ചിടത്തോളം അക്കാലത്തെ ഏറ്റവും പ്രഗൽഭരും പ്രതിഭാധനരുമായ ചലച്ചിത്രരചയിതാക്കൾക്കൊപ്പം  പ്രവർത്തിക്കാനും കെ ജി ജോർജ്‌, ഐ വി ശശി, പി ജി വിശ്വംഭരൻ, ജോഷി, ഹരിഹരൻ, ഭരതൻ, പത്മരാജൻ തുടങ്ങി ഫാസിൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ, ബാലചന്ദ്ര മേനോൻ, കമൽ, ലോഹിതദാസ്, ജയരാജ്, സിദ്ദിക്ക്, ലാൽജോസ് എന്നിവർ വരെ തന്റെ കല പരിശീലിക്കാനും പരീക്ഷിക്കാനും പരിപോഷിപ്പിക്കാനും ഈ ദശകങ്ങൾ അവസരമൊരുക്കി. ഒരു നടൻ എന്ന നിലയിൽ തന്റേതായ ശൈലി വികസിപ്പിച്ചെടുക്കാനും വിവിധ സംവിധായകരുടെ ശൈലികളുമായി പൊരുത്തപ്പെടാനും ഇക്കാലത്തെ അഭിനയാവസരങ്ങൾ അദ്ദേഹത്തെ സഹായിച്ചിരിക്കണം. ആദ്യദശകത്തിനു ശേഷമുള്ള കാലഘട്ടത്തിൽ സാമ്പത്തികവിജയം നേടിയ ചിത്രങ്ങൾക്കൊപ്പം തന്നെ ‘ആർട്ട്‌' സിനിമകളിൽ (അടൂർ ഗോപാലകൃഷ്ണൻ, ടി വി ചന്ദ്രൻ, ഷാജി എൻ കരുൺ തുടങ്ങിയവരുടെ) അഭിനയിക്കാനും അങ്ങിനെ മുഖ്യധാരയ്‌ക്കൊപ്പം സമാന്തര സിനിമയിൽ തന്റേതായ ഒരിടമുറപ്പിക്കാനും മമ്മൂട്ടിക്ക്‌ കഴിഞ്ഞു. മറ്റൊന്ന്, 1980കളിലെ പല ചിത്രങ്ങളും, പ്രത്യേകിച്ചും ഐ വി ശശിയുടെ ചിത്രങ്ങൾ, ‘മൾട്ടിസ്റ്റാർ' ചിത്രങ്ങളായിരുന്നു. അതിനാൽത്തന്നെ അന്നത്തെ ഏറ്റവും പ്രമുഖരായ നടീനടന്മാരോടൊപ്പം മൽസരിച്ചഭിനയിക്കാനുള്ള അവസരങ്ങളായിരുന്നു അവ. പ്രേംനസീർ, മധു, കെ പി ഉമ്മർ തുടങ്ങിയ മുതിർന്ന നടന്മാരിൽ നിന്നും ബാലൻ കെ നായർ, സുകുമാരൻ, സോമൻ, ജയൻ, ഗോപി, മോഹൻലാൽ, രതീഷ്, നെടുമുടി വേണു തുടങ്ങിയ സമകാലികരിൽ നിന്നും ആരംഭിച്ച് പിന്നീടുവന്ന ജയറാം, റഹ്‌മാൻ, വിനീത്, തുടങ്ങിയവർ വരെ ആ നിര നീളുന്നു. സഹനടിമാരുടെയും നായികമാരുടെയും കാര്യത്തിലും ഇതേ രീതിയിലുള്ള വൈവിധ്യം കാണാം. ഷീല, ശാരദ, ജയഭാരതി തുടങ്ങി, ലക്ഷ്മി, ശുഭ, മാധവി, അംബിക, ശ്രീവിദ്യ, സീമ, സുഹാസിനി, ശോഭ, ജലജ, ശോഭന എന്നിവർ വരെ അതിൽ ഉൾപ്പെടുന്നു. മമ്മൂട്ടി 2.0: താരത്തിൽ നിന്ന് സൂപ്പർതാരത്തിലേക്ക് (2000‐2015) 2000 മുതലുള്ള ദശകങ്ങളിൽ മമ്മൂട്ടിയുടെ താരനിലയ്ക്കും അഭിനയസ്വരൂപത്തിനും പരിണാമങ്ങൾ സംഭവിക്കുന്നതു കാണാം. ദൃശ്യവിനോദവ്യവസായരംഗത്ത് ടെലിവിഷൻ ആധിപത്യം സ്ഥാപിക്കുകയും തിയറ്ററുകളുടെ എണ്ണവും ബോക്സ്ഓഫീസ് വരുമാനത്തിന്റെ തോതുകൾ കുറയുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. 2000 മുതലുള്ള ദശകങ്ങളിൽ മമ്മൂട്ടിയുടെ താരനിലയ്ക്കും അഭിനയസ്വരൂപത്തിനും പരിണാമങ്ങൾ സംഭവിക്കുന്നതു കാണാം. ദൃശ്യവിനോദവ്യവസായരംഗത്ത് ടെലിവിഷൻ ആധിപത്യം സ്ഥാപിക്കുകയും തിയറ്ററുകളുടെ എണ്ണവും ബോക്സ്ഓഫീസ് വരുമാനത്തിന്റെ തോതുകൾ കുറയുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. കുടുംബപ്രേക്ഷകർ തിയറ്ററുകൾ വിട്ട് വീടുകളിലേക്കും സിനിമയിൽനിന്ന് ടെലിവിഷനിലേക്കും കൂറുമാറിയ കാലം. ദേശീയരാഷ്ട്രീയത്തിൽ വർഗീയശക്തികൾക്ക് മേൽക്കൈ ലഭിക്കുകയും സിനിമയിൽ അതിമാനുഷരായ പുരുഷനായകർ ഉയർന്നുവരികയും ചെയ്തതും ഇക്കാലത്താണ്. ഇൻസ്‌പെക്ടർ ബൽറാം, നീലഗിരി, കൗരവർ, സൂര്യമാനസം, ധ്രുവം, ദ കിംഗ്, ഹിറ്റ്‌ലർ, വല്യേട്ടൻ, ദാദാ സാഹേബ്, രാക്ഷസരാജാവ്, പട്ടാളം, സേതുരാമയ്യർ സിബിഐ, തസ്‌കരവീരൻ, രാജമാണിക്യം, നേരറിയാൻ സിബിഐ, തുറുപ്പുഗുലാൻ, ബിഗ് ബി, രൗദ്രം, അണ്ണൻ തമ്പി, കേരളവർമ്മ പഴശ്ശിരാജ,ചട്ടമ്പിനാട്, പാലേരി മാണിക്യം, പ്രമാണി, ആഗസ്റ്റ് 15, ദ കിംഗ് ആന്റ് ദ കമ്മീഷണർ, ശിക്കാരി, കോബ്ര, താപ്പാന, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഗാങ്സ്റ്റർ, രാജാധിരാജ, ഭാസ്‌കർ ദ് റാസ്‌കൽ, കസബ തുടങ്ങി അനവധി ചിത്രങ്ങൾ മമ്മൂട്ടി എന്ന നടന്റെ പുനരവതാരത്തിന്റെ സാക്ഷ്യങ്ങളാണ്. ഇവയിൽ പ്രത്യക്ഷപ്പെട്ട പുരുഷകഥാപാത്രങ്ങളിൽ ഭൂരിപക്ഷവും മുൻദശകത്തിലെ ആഖ്യാനങ്ങളിലെന്ന പോലെ മാനുഷികദൗർബല്യങ്ങളുള്ളവരോ ദുരന്തനായകരോ അല്ല. പലപ്പോഴും അതിമാനുഷരായിരുന്നു അവർ. മുൻദശകങ്ങളിലെ നായകർ പലതരം സ്ഥാപനങ്ങൾക്കും വ്യവസ്ഥകൾക്കും അകത്ത് കുടുംബം, സമൂഹം, സമുദായം, തൊഴിലിടം തുടങ്ങിയവയുടെ ഹർഷസംഘർഷങ്ങളിൽ പെട്ടുഴലുന്നവരായിരുന്നു; അവർ വ്യവസ്ഥകൾക്കകത്തുനിന്നുകൊണ്ട് പലപ്പോഴും അവയുടെ നിയമങ്ങളെ ലംഘിച്ചുകൊണ്ട് അനീതികൾക്കെതിരെ പോരാടി, പ്രണയസാഫല്യങ്ങൾ തേടി, കുടുംബങ്ങൾ പുലർത്തി, അംഗങ്ങളെയും അനുചരരെയും സംരക്ഷിച്ചു. പക്ഷെ അവിടെയെല്ലാം വിജയത്തോടൊപ്പം പരാജയവും പ്രണയത്തോടൊപ്പം നൈരാശ്യവും കീഴടക്കലുകളോടൊപ്പം കീഴടങ്ങലുകളും ആ നായകന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ അതിനുള്ള സാധ്യത ആഖ്യാനാന്തരീക്ഷത്തിൽ നിലനിന്നിരുന്നു. സാഹചര്യങ്ങളാണ് അയാളെ ധീരോദാത്തനോ ദുരന്തനായകനോ പടയാളിയോ രക്തസാക്ഷിയോ ആക്കി മാറ്റിയത്. എന്നാൽ പുതിയ നായകന് അത്തരം പശ്ചാത്തലങ്ങളും പാരമ്പര്യങ്ങളും ഒരു ഭാരമായിരുന്നില്ല, അവ അയാൾക്ക് സ്വാഭാവികമോ ജന്മസിദ്ധമോ ആയി മാറി. തനിക്കു ചുറ്റും ഒരു പ്രഭ അണിഞ്ഞുകൊണ്ടാണ് അയാൾ ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നതു തന്നെ: നായകനെ ദൈവതുല്യമായി അവതരിപ്പിക്കുന്ന സ്ലോ മോഷൻ പ്രവേശങ്ങൾ, താരശരീരത്തെ പടിപടിയായി അനാവരണം ചെയ്യുന്ന ‘പാദാദികേശ'ഷോട്ടുകൾ തുടങ്ങിയവ പ്രചുരപ്രചാരത്തിൽ വരുന്നത് ഇക്കാലത്താണ്. ഒരു താരം സൂപ്പർ താരമായി മാറുകയും ആഖ്യാനങ്ങളെ കവിയുന്ന ഭാവശക്തി നേടുകയും ചെയ്യുന്ന അവസ്ഥയിൽ അഭിനയമികവിനെക്കാൾ താരമെന്ന നിലയിലുള്ള ശാരീരികസാന്നിധ്യം/പ്രഭ ഇവിടെ കൂടുതൽ പ്രധാനമായി മാറുന്നു. തിയറ്റർ/ബോക്സ് ഓഫീസ് വരുമാനം എന്നത് ഒരു അമ്ലപരീക്ഷ അല്ലാതാവുകയും അതിനുപകരം ടെലിവിഷൻ മുഖ്യ വരുമാനസ്രോതസ്സായിത്തീരുകയും ചെയ്ത സാഹചര്യത്തിൽ ചിത്രത്തിന്റെ മികവിനേക്കാൾ താരമൂല്യത്തിനും പരസ്യവിപണനരീതികൾക്കും കൂടുതൽ ആഘാതശേഷി കൈവന്നു. ഒരു ചിത്രത്തിന്റെ വിജയത്തിന് കഥ, അഭിനയമികവ്, അല്ലെങ്കിൽ കഥാപാത്രവൈവിധ്യം തുടങ്ങിയവ ആനുഷംഗികമായ ചില അധികഘടകങ്ങൾ മാത്രമായി ചുരുങ്ങുന്ന ഒരവസ്ഥ. ആഖ്യാനങ്ങൾ സൂപ്പർതാര കേന്ദ്രിതമാവുകയും ആഖ്യാനത്തിനകത്ത് നായികമാർക്ക് പ്രാധാന്യവും നിർവാഹകത്വവും കുറയുകയും സഹനടന്മാർ നായകന്റെ ആരാധകവൃന്ദമായിത്തീരുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങൾ സിനിമാവ്യവസായത്തിന്റെ കേന്ദ്രങ്ങളായി മാറി. പക്ഷെ ഈ കാലത്തും മമ്മൂട്ടി തന്റെ അഭിനയജീവിതത്തെ വൈവിധ്യപൂർണമായി നിലനിർത്തി. അതിമാനുഷ റോളുകളിൽ നിറഞ്ഞാടിയിരുന്നപ്പോഴും അവയ്ക്കിടയിൽ ഹാസ്യത്തിനും കരുണത്തിനും മറ്റും പ്രാധാന്യമുള്ള ചിത്രങ്ങൾ (ഹരികൃഷ്ണൻസ്, ഒരു മറവത്തൂർ കനവ്, അരയന്നങ്ങളുടെ വീട്, കാഴ്ച, രാപ്പകൽ, കറുത്ത പക്ഷികൾ, പളുങ്ക്, കയ്യൊപ്പ്, ലൗഡ് സ്പീക്കർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയ്ന്റ്, ബെസ്റ്റ് ആക്ടർ, ബാവുട്ടിയുടെ നാമത്തിൽ, കമ്മത്ത് ആന്റ് കമ്മത്ത്, കടൽ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ബാല്യകാലസഖി) അദ്ദേഹത്തിന്റേതായി പുറത്തുവന്നുകൊണ്ടിരുന്നു. എങ്കിലും മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ കനവും പ്രഭയും അവയെയും വലയം ചെയ്തുനിന്നു. മമ്മൂട്ടി എന്ന നടന്റെ മറ്റൊരു സവിശേഷത 1990കൾ മുതൽ തന്നെ ഒരു അഖിലേന്ത്യാ താരമായി അദ്ദേഹം തന്റെ അഭിനയമേഖലയെ വിപുലമാക്കി എന്നതായിരുന്നു. മമ്മൂട്ടി എന്ന നടന്റെ മറ്റൊരു സവിശേഷത 1990കൾ മുതൽ തന്നെ ഒരു അഖിലേന്ത്യാ താരമായി അദ്ദേഹം തന്റെ അഭിനയമേഖലയെ വിപുലമാക്കി എന്നതായിരുന്നു. ദളപതി, കിളിപ്പേച്ച് കേക്ക വാ, അഴകൻ, പുതയൽ, അരശിയൽ, ഡോ. അംബേദ്കർ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം തുടങ്ങി ഹിന്ദി, തമിഴ്, തെലുഗു, മറാഠി തുടങ്ങി നിരവധി ഭാഷകളിലുള്ള ചിത്രങ്ങൾ മമ്മൂട്ടിക്ക് മലയാളത്തിനു പുറത്തും ഖ്യാതി നേടിക്കൊടുത്തു. ഒരു ‘മലയാളി നടൻ’ എന്നതിലുപരി ഒരു ‘ദേശീയ നടൻ' അല്ലെങ്കിൽ താരം എന്ന നിലയിലുള്ള സമ്മതിയും അംഗീകാരവും നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു അവ. ഒരു നടൻ എന്ന നിലയ്ക്ക് മറ്റു ഭാഷകളിൽ പ്രവർത്തിക്കുന്ന സംവിധായകരുടെയും വ്യവസായങ്ങളുടെയും കൂടി അംഗീകാരമായിരുന്നു അത്. മമ്മൂട്ടി 3.0: സൂപ്പർതാരത്തിൽനിന്ന് താരനടനിലേക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ചില ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മമ്മൂട്ടി തന്റെ അഭിനയജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി കാണാം. തന്റെ സൂപ്പർതാരപദവിയെയും പ്രഭയെയും അതിവർത്തിക്കുന്ന അല്ലെങ്കിൽ അപ്രസക്തമാക്കുന്ന ചില റോളുകൾ അതിന്റെ സൂചനയായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ചില ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മമ്മൂട്ടി തന്റെ അഭിനയജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി കാണാം. തന്റെ സൂപ്പർതാരപദവിയെയും പ്രഭയെയും അതിവർത്തിക്കുന്ന അല്ലെങ്കിൽ അപ്രസക്തമാക്കുന്ന ചില റോളുകൾ അതിന്റെ സൂചനയായി കാണാം. മമ്മൂട്ടി എന്ന താരനിർമിതിയിൽ പൗരുഷത്തിനുണ്ടായിരുന്ന പ്രാധാന്യത്തെ ഉലയ്ക്കുന്നതും അട്ടിമറിക്കുന്നവയുമായിരുന്നു അവയിൽ പല റോളുകളും. സാഹചര്യങ്ങൾ നിസ്സഹായനാക്കുന്ന ഒരാൾ, ‘നാഥ'നാകാൻ കഴിയാതെ കുടുംബജീവിതത്തിൽ പരാജയപ്പെടുന്നയാൾ, ഒരു ദൗത്യത്തിൽ തന്നിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ആണത്തം/കാര്യശേഷി ചോർന്നുപോകുന്ന ഒരാൾ, ആണത്തത്തിന്റെ അടിസ്ഥാനമായ ഉഭയലൈംഗികത തന്നെ കയ്യൊഴിഞ്ഞ് നിസ്സഹായ കാമുകൻ തുടങ്ങി അതുവരെ തന്റെ താരസ്വരൂപത്തെ നിർവചിച്ചിരുന്ന ചില സ്വഭാവവിശേഷങ്ങളിൽനിന്ന് വഴിമാറി ഈ കഥാപാത്രങ്ങൾ സഞ്ചരിച്ചു; പേരൻപ് (റാം / 2018), ഉണ്ട (ഖാലിദ് റഹ്മാൻ/2019), നൻപകൽ നേരത്ത് മയക്കം (ലിജോ പെല്ലിശ്ശേരി//2022), കാതൽ ദ് കോർ (ജിയോ ബേബി/2023). അതുപോലെ തികച്ചും ഇരുണ്ടതും ഹിംസാത്മകവുമായ വേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു. പുഴു (രതീന/2022), റോഷാക്ക് (ലൂക് ആന്റണി/2022), ഭ്രമയുഗം (രാഹുൽ സദാശിവൻ/2024) തുടങ്ങിയ ചിത്രങ്ങൾ നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ ഒരു പുതിയ വശത്തെ വെളിപ്പെടുത്തി. ഈ രീതിയിൽ ‘വഴിവിട്ട്' സഞ്ചരിക്കുമ്പോഴും നമുക്ക് പരിചയമുള്ള മമ്മൂട്ടി കഥാപാത്രങ്ങളെയും അദ്ദേഹം നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. മാമാങ്കം, മധുരരാജ, ഷൈലോക്ക്‌, ദ് പ്രീസ്റ്റ്, വൺ, ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ്, റൊഷാക്ക്, യാത്ര (തെലുഗു) തുടങ്ങിയ ചിത്രങ്ങൾ വ്യവസ്ഥാപിതമായ താരസ്വരൂപത്തിന്റെ തുടർച്ചകളാണ് എങ്കിലും അദ്ദേഹത്തിന്റെ സാമ്പ്രദായികമായ താരസ്വരൂപത്തിൽനിന്ന് ഇത്തരം ചിത്രങ്ങളിൽ സൂക്ഷ്മമായ ചില വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. മുമ്പത്തെപ്പോലെ പ്രകടമായ രീതിയിലല്ല ഈ ചിത്രങ്ങളിൽ പൗരുഷം ആവിഷ്‌കരിക്കപ്പെടുന്നതും പ്രകടമാകുന്നതും. അത് പലപ്പോഴും അദൃശ്യമോ അന്തർഹിതമോ ആയ ഒന്നാണ്. നിഗൂഢവും സൂക്ഷ്മവുമാണ് അതിന്റെ പ്രവർത്തനങ്ങൾ; സ്വയം പ്രദർശിപ്പിക്കുകയോ കായികമായ രീതിയിൽ തെളിയിക്കുകയോ വേണ്ടാത്തവണ്ണം ആ ശരീരത്തിൽ അന്തർഹിതമായാണ് പൗരുഷം  ഹിംസയായാലും കാരുണ്യമോ പ്രണയമോ ആയാലും വർത്തിക്കുന്നത്. ഒരു നടന്റെ താരജീവിതം ഒരു താരത്തിന്റെ അഭിനയജീവിതം സിനിമയിലേക്കു കടന്നുവന്ന ആദ്യഘട്ടത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രഗൽഭരായ സംവിധായകരോടൊപ്പം പ്രവർത്തിക്കുകയും നിരവധി ഹിറ്റ്‌ സിനിമകളിൽ പങ്കുകൊള്ളുകയും വഴി തന്റേതായ ഒരു അഭിനയരീതിയും താരസ്വരൂപവും വികസിപ്പിച്ചെടുക്കാനുള്ള സാവകാശവും അവസരവും മമ്മൂട്ടിക്ക് ലഭിച്ചു. സിനിമയിലേക്കു കടന്നുവന്ന ആദ്യഘട്ടത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രഗൽഭരായ സംവിധായകരോടൊപ്പം പ്രവർത്തിക്കുകയും നിരവധി ഹിറ്റ്‌ സിനിമകളിൽ പങ്കുകൊള്ളുകയും വഴി തന്റേതായ ഒരു അഭിനയരീതിയും താരസ്വരൂപവും വികസിപ്പിച്ചെടുക്കാനുള്ള സാവകാശവും അവസരവും മമ്മൂട്ടിക്ക് ലഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്‌, ടി വി ചന്ദ്രൻ തുടങ്ങി ഐ വി ശശി, ജോഷി, ഹരിഹരൻ വരെയുള്ളവരുടെ ചിത്രങ്ങൾ അതിന്‌ കളമൊരുക്കി. സംഘർഷഭരിതമായ സാമൂഹികസന്ദർഭങ്ങൾ, തൊഴിലിടത്തിലെ പ്രശ്നങ്ങൾ, പ്രണയകാലുഷ്യങ്ങൾ, കുടുംബബന്ധങ്ങളിലെ കെട്ടുപിണച്ചിലുകൾ എന്നിങ്ങനെ ഏറെയും സാമൂഹികവും കുടുംബപരവും ഒക്കെയായ പ്രമേയങ്ങളായിരുന്നു അക്കാലത്തേത്. ഇവയ്ക്കെല്ലാം നടുവിൽ നിന്നുകൊണ്ട് സ്വന്തം പ്രണയത്തെയും ജീവിതത്തെയും കണ്ടെത്താനും പിടിച്ചെടുക്കാനും നിലനിർത്താനും ഒക്കെയുള്ള ശ്രമങ്ങൾക്കായിരുന്നു അവിടെ പ്രാമുഖ്യം. അത്തരം ആഖ്യാനങ്ങളിൽ വീരത്തോടൊപ്പം കരുണത്തിനും ശൃംഗാരത്തിനും ഇടയ്ക്ക് ഹാസ്യത്തിനും സ്ഥാനമുണ്ടായിരുന്നു. ഏറ്റവും പ്രധാനമായി ആദ്യകാലത്തെ ചിത്രങ്ങളിൽ പലതിലും വളരെ ശക്തരായ സഹ അഭിനേതാക്കളുടെ സാന്നിധ്യം മമ്മൂട്ടി എന്ന നടന് സ്വന്തമായ ഒരു ശൈലിയും ഇടവും കണ്ടെത്താൻ പ്രേരണയാവുകയും ചെയ്തു. തിയറ്റർ റിലീസുകളുടെയും ബോക്സ് ഓഫീസ് ഫലങ്ങളുടെയും കാലഘട്ടമായിരുന്നതിനാൽത്തന്നെ നാടകങ്ങളുടെ കാര്യത്തിലെന്നപോലെ പ്രേക്ഷകസമൂഹവുമായി നേരിട്ടു ബന്ധമുള്ള ഒരു കാലം കൂടിയായിരുന്നു അത്. ടെലിവിഷന്റെ ഇടനില കടന്നുവന്നതോടെ സിനിമയ്ക്ക് സ്വയം പുനർനിർമിക്കേണ്ടിവന്നു: ക്രമേണ തിയറ്റർ റിലീസുകൾക്കൊപ്പം പിന്നീട് അതിലധികവും ടെലിവിഷൻ വരുമാനത്തിന് പ്രാമുഖ്യം കൈവന്നു. അതോടെ ടെലിവിഷൻ പ്രേക്ഷകരെക്കൂടി കണക്കിലെടുക്കുന്ന രീതിയിൽ ആഖ്യാനങ്ങളെ ചിട്ടപ്പെടുത്താൻ സിനിമാനിർമാതാക്കൾ നിർബന്ധിതരായി. ടെലിവിഷൻ വീടകത്തിന്റെയും സിനിമ പുറമ്പോക്കിന്റെയും അരങ്ങുകളായി മാറി; കുടുംബപ്രേക്ഷകർ തിയറ്ററുകളൊഴിഞ്ഞതോടെ പുതിയതരം നായകന്മാർ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും അതിനനുസൃതമായി പുരുഷനായകരൂപങ്ങൾ മാറുകയും ചെയ്തു. ടെലിവിഷൻ വീടകത്തിന്റെയും സിനിമ പുറമ്പോക്കിന്റെയും അരങ്ങുകളായി മാറി; കുടുംബപ്രേക്ഷകർ തിയറ്ററുകളൊഴിഞ്ഞതോടെ പുതിയതരം നായകന്മാർ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും അതിനനുസൃതമായി പുരുഷനായകരൂപങ്ങൾ മാറുകയും ചെയ്തു.    സൂപ്പർതാരത്തിന്റെ അരങ്ങേറ്റം രണ്ടാം ഘട്ടത്തിൽ മമ്മൂട്ടി എന്ന താരത്തിന്റെ പൗരുഷത്തിനാണ് പ്രാധാന്യമേറിയത്. മുമ്പുള്ള ദശകത്തിലും പ/പുരുഷനായകന്റെ റോളുകൾ ധാരാളമായി അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ആ ആഖ്യാനങ്ങളിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ദുരന്തത്തിന്റേതായ ഒരു സാധ്യത ആഖ്യാനാന്തരീക്ഷത്തിൽ നിലനിന്നിരുന്നു. നായക കഥാപാത്രത്തിന്റെയൊപ്പം നായികമാരും പ്രണയസമരങ്ങളിലും ജീവിതസംഘർഷങ്ങളിലും പങ്കാളികളായിരുന്നു. മൂന്നാമതായി, മുകളിൽ സൂചിപ്പിച്ചതുപോലെ ആദ്യഘട്ടത്തിലെ ചിത്രങ്ങൾ കഥാപാത്രബഹുലമായിരുന്നു; തുല്യപ്രാധാന്യമുള്ള ഒന്നിലേറെ കഥാപാത്രങ്ങൾ നിറഞ്ഞാടിയ അരങ്ങുകളായിരുന്നു അവ. രണ്ടാം ഘട്ടത്തിൽ ഈ സവിശേഷതകൾ ക്രമേണ അപ്രത്യക്ഷമാവുകയായിരുന്നു. താരങ്ങൾ സൂപ്പർ താരങ്ങളായി മാറുന്നു; പുരുഷനായകൻ പ്രത്യേകിച്ചും മമ്മൂട്ടിയും മോഹൻലാലും ആഖ്യാനത്തിൽ നെടുനായകത്വം കൈവരിക്കുന്നു; നായകന്റെ ഉയർച്ചക്ക് അനുപാതമായി നായികമാരുടെ പ്രാധാന്യം കുറഞ്ഞുവരുന്നു; തുല്യപ്രാധാന്യമുള്ള നടീനടന്മാരെന്നല്ല, ‘സഹ'നടന്മാരെന്നു പോലും വിശേഷിപ്പിക്കാനാവാത്തവണ്ണം ആഖ്യാനങ്ങൾക്കകത്ത് മറ്റു അഭിനേതാക്കളുടെ സ്ഥാനം ശോഷിക്കുന്നു. വില്ലനൊഴിച്ചാൽ പിന്നെയുള്ളത് ആരാധികയായ കാമുകിയും നായകനെ ചുറ്റിപ്പറ്റി കഴിയുന്ന ആരാധകവൃന്ദവുമായി കഥാപാത്രങ്ങൾ പരിണമിക്കുന്നു. ആഖ്യാനങ്ങളിൽ ഹിംസാലുവായ പുരുഷനായകന്റെ ഉയർച്ച സംഭവിച്ചത് ദേശീയതലത്തിൽ വർഗീയ രാഷ്ട്രീയത്തിന്‌ മുൻതൂക്കം ലഭിച്ച ദശകമായിരുന്നു എന്നതും യാദൃച്ഛികമല്ല. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന കഥാപാത്രവൈവിധ്യത്തിന്‌ പകരം പൗരുഷം, പിതൃത്വം, അധികാരം, ഹിംസ എന്നിവയിൽ അധിഷ്ഠിതമായ സർവശക്തനായ ഒരു പുരുഷനായകനായി, സൂപ്പർമാനായി മമ്മൂട്ടി കഥാപാത്രങ്ങൾ ഏറെയും. ഈ കാലഘട്ടം മമ്മൂട്ടി എന്ന നടനെ വലിയ രീതിയിൽ വാർപ്പു മാതൃകകളിലേക്ക് ചുരുക്കാനാണ് ശ്രമിച്ചത് എന്നു പറയാം; അപൂർവം ചില അപവാദങ്ങളുണ്ടെങ്കിലും. താരത്തിൽ നിന്ന് താരനടനിലേക്ക് മൂന്നാം ഘട്ടത്തിൽ മമ്മൂട്ടി എന്ന നടൻ തന്റെ സൂപ്പർതാര പരിവേഷത്തിന്റെ തടവറയിൽ നിന്ന് പുറത്തുവരുന്നു. ആണത്തപ്രകടനങ്ങൾക്കു പകരം ഇവിടെ നമ്മൾ കാണുന്നത് ഉള്ളാലെ പതറിയ, സംശയഗ്രസ്തനായ ഒരു മനുഷ്യനെയാണ്. പ്രത്യക്ഷമായ അധികാര/ബലപ്രയോഗങ്ങൾക്കും ഹിംസയ്ക്കും വൈകാരികപ്രകടനങ്ങൾക്കും പകരം അതിലും ശക്തവും എന്നാൽ സൂക്ഷ്മവും പരോക്ഷവുമായ ശക്തിവിശേഷങ്ങളാണ് മമ്മൂട്ടി കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നത്. സൂപ്പർതാരം എന്ന പദവിയിൽ നിന്ന് താരനടൻ എന്ന സ്ഥാനത്തിലേക്കും, അമാനുഷമായ കഥാപാത്രങ്ങളിൽ നിന്ന് മനുഷ്യപ്പറ്റുള്ള സാധാരണക്കാരായും മമ്മൂട്ടി കഥാപാത്രങ്ങൾ കൂടുമാറുന്നു. മമ്മൂട്ടി കഥാപാത്രങ്ങൾ അതിമാനവരിൽ നിന്ന് മനുഷ്യപടുതിയിലേക്ക് സംക്രമിക്കുന്നതോടെ ആഖ്യാന ഇടത്തിൽ മറ്റുള്ളവർക്കും ഈടും ഇടവും ലഭിക്കുന്നു; അപ്പോൾ സ്വാഭാവികമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലും ജീവിതപരിസരങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ ദൃശ്യതയും പ്രാധാന്യവും (അപൂർവമായി തുല്യതയും) കൈവരുന്നു. ഒരുവശത്ത് തന്റെ ‘പരമ്പരാഗത' ആരാധകവൃന്ദത്തെ നിരാശാപ്പെടുത്താതെ, സ്വന്തം താരസ്വരൂപത്തിന്റെ പ്രബലവും ജനപ്രിയവുമായ വശങ്ങളെ പുതിയ രീതിയിൽ തൃപ്തിപ്പെടുത്തുന്നതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വല്യേട്ടൻ, ഹിറ്റ്‌ലർ, സിബിഐ ഡയറിക്കുറിപ്പ്, ദ കിംഗ്, ധ്രുവം, ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പിന്മുറക്കാരായിരുന്നു ഇക്കാലത്തെ പ്രമാണി, പോക്കിരി രാജ, ഗാങ്സ്റ്റർ, സൈലൻസ്, വൺ, റോഷാക്ക് തുടങ്ങിയവയിലെ നായകർ. പക്ഷെ അതിനു സമാന്തരമായി സ്വന്തം പൗരുഷത്തെ സംശയിക്കുന്ന, ഗതകാലപൗരുഷം നഷ്ടപ്പെട്ട, ജീവിതം നിസ്സഹായനാക്കിയ അല്ലെങ്കിൽ ഒരു ‘പിൽക്കാല/രണ്ടാം ജീവിതം' നയിക്കുന്ന കഥാപാത്രങ്ങളും കൂടുതലായി അദ്ദേഹത്തിന്റെ അഭിനയലോകത്തിലേക്ക് കടന്നുവന്നു (ഉണ്ട, ജവാൻ ഓഫ് വെള്ളിമല, ബെസ്റ്റ് ആക്ടർ, കടൽ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പത്തേമാരി, കാതൽ ദ് കോർ). ഒരുപക്ഷെ മലയാളത്തിൽ മമ്മൂട്ടി ഉറപ്പിച്ച താരസ്വരൂപത്തിൽനിന്ന് വേറിട്ടുനിൽക്കുന്നവ തമിഴ് ചിത്രങ്ങളായിരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ മലയാളസിനിമയിൽ മമ്മൂട്ടി അനുഭവിച്ചിരുന്ന താരഭാരത്തിൽനിന്ന് സ്വതന്ത്രമായ അഭിനയാവസരങ്ങൾ ആ നടന് നൽകിയത് തമിഴ് ആയിരുന്നു. അഴകൻ (1991), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000) എന്നിവയിൽ തുടങ്ങി പേരൻപ് (2019) എന്ന ചിത്രത്തിലെത്തുമ്പോൾ മലയാളത്തിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു മുഖം തമിഴിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ രണ്ടു മമ്മൂട്ടിമാരെയും വളരെ രസകരവും സൂക്ഷ്മവുമായ രീതിയിൽ ഇടകലർത്തുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മലയാളി എന്ന തൊലിപ്പുറത്തിനകത്ത് മറഞ്ഞുകിടക്കുന്ന തമിഴ് സ്വത്വം ഈ ചിത്രത്തിൽ മായികവും എന്നാൽ അതിസാധാരണവുമായ രീതിയിൽ ആവിഷ്‌കരിക്കപ്പെടുന്നു. ഒരു മയക്കത്തിന്റെ ദൂരം മാത്രമേ ഇരു ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും സിനിമകൾക്കും ഇടയിലുള്ളൂ എന്ന് ഈ ചിത്രം ഓർമിപ്പിക്കുന്നു: തമിഴിനും മലയാളത്തിനുമിടയ്ക്കുള്ള ഈ ഇടനിലയെ ഏറ്റവും സൂക്ഷ്മമായി ‘എംബോഡി' ചെയ്യാൻ കഴിയുന്ന നടൻ മമ്മൂട്ടി തന്നെയായിരിക്കും (തമിഴിൽ കമൽഹാസനും). മമ്മൂട്ടിയുടെ മൂന്നാം അവതാരത്തിൽ സംഭവിക്കുന്ന മറ്റൊരു കാര്യം തന്റെ താരമൂല്യത്തെയും അതിനുള്ള പൗരുഷപ്രഭയെയും സൂക്ഷ്മവും സർഗാത്മകവുമായ രീതിയിൽ ഉപയോഗിക്കുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന് സ്വവർഗ ലൈംഗികതയെ വിഷയമാക്കുന്ന ഒരു ചിത്രത്തിൽ (കാതൽ ദ് കോർ) മമ്മൂട്ടി മുഖ്യകഥാപാത്രമായി, അതും സ്വവർഗാനുരാഗിയായി പ്രത്യക്ഷപ്പെടുക എന്നത് അത്തരം ഒരു പ്രമേയത്തിന് ഗണ്യമായ സാധുതയാണ് പൊതുസമൂഹത്തിൽ നൽകുന്നത്. മമ്മൂട്ടി എന്ന താരസ്വരൂപത്തിനുള്ള ആണത്തവീര്യ പശ്ചാത്തലം പരിഗണിക്കുമ്പോൾ കാതരനും നിശ്ശബ്ദനും കുടുംബത്തിനും പ്രണയത്തിനുമിടയിൽ കുഴങ്ങുന്നവനുമായ നായകന്റെ ആഖ്യാനത്തിനകത്തെ (സമൂഹത്തിലും) നിൽപ്പ്‌ അധികമാനങ്ങൾ നേടുന്നു. മമ്മൂട്ടി എന്ന താരസ്വരൂപത്തിലുള്ള ആണത്തവീര്യത്തെ ചിത്രം ഗൂഢമായി ആഖ്യാനത്തിൽ ഉൾച്ചേർക്കുന്നുമുണ്ട്: മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരിക്കൽ പോലും സ്വവർഗപ്രണയരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രമല്ല തന്റെ പ്രണയഭാജനത്തോട് അടുത്തിടപഴകുന്നതുപോലുമില്ല. മാത്രമല്ല ഒടുവിൽ അയാൾ തന്റെ ഭാര്യയുടെയും കാമുകന്റെയും അന്തിമ അഭയവും രക്ഷകനും ആയി മാറുകയും ചെയ്യുന്നു. അതുപോലെ പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രത്തിന് ഇത്രയും വില്ലത്തം/തിന്മകൾ (ബ്രാഹ്മണത്വം, ഭൂമാഫിയ, ഉദ്യോഗസ്ഥദുഷ്‌പ്രഭു, ക്രൂരപിതാവ് തുടങ്ങി എല്ലാവിധ ദുർഗുണങ്ങളുടെയും ആൾരൂപമാണയാൾ; ഭരണകൂടം, ജാതി, മൂലധനം തുടങ്ങിയ എല്ലാറ്റിന്റെയും ദുഃശക്തികൾ അയാളിൽ ഒന്നിക്കുന്നു) 'താങ്ങാൻ' കഴിയുന്നത് അല്ലെങ്കിൽ അപഹാസ്യമാകാതെ വിശ്വസനീയത നിലനിർത്താനാകുന്നത് ആ റോൾ മമ്മൂട്ടി അഭിനയിക്കുന്നതുകൊണ്ടുകൂടിയാണ്, അല്ലെങ്കിൽ അയാൾ ഒരു ദയയും (പരിഗണനയും) അർഹിക്കാത്ത വെറുമൊരു ക്രൂരകഥാപാത്രം മാത്രമായിത്തീർന്നേനെ. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിക്ക് ഇത്രയും ദുഷ്ടവീര്യം ലഭിക്കുന്നതിലും മമ്മൂട്ടി എന്ന താരസാന്നിധ്യം നിർണായകമാണ് (‘വിശദീകരണം ആവശ്യമില്ലാത്ത ആഖ്യാനസാന്നിധ്യം’ എന്നതാണ് താരത്തിന്റെ ഒരു നിർവചനം). താരവീര്യത്തെ (പ്രത്യേകിച്ചും വീരനായകനെ) സാമ്പ്രദായികമായി നിർവചി(ഹി)ക്കുന്ന കഥാപാത്രഗുണവിശേഷങ്ങൾ‐ ചടുലചലനം, ശബ്ദഘോഷം, ആധിക്യം, അമാനുഷികത, അസാധാരണത എന്നിവയെ അതിന്റെ എതിർദിശയിലേക്ക് അചലനം, നിശ്ശബ്ദത, മിതത്വം, പതിഞ്ഞ താളം, അതിസാധാരണത്വം‐ കൊണ്ടുപോകാൻ മമ്മൂട്ടിയുടെ മൂന്നാം പതിപ്പിന്‌ (മമ്മൂട്ടി 3.0) കഴിയുന്നു. ഇത്തരം കഥാപാത്രങ്ങൾക്ക് മമ്മൂട്ടിയുടെ ഭൂതകാല താരസ്വരൂപം അല്ലെങ്കിൽ താരമൂലധം ഒരുതരം ഗുപ്തവീര്യവും വിശ്വാസ്യതയും നൽകുന്നുണ്ട്. അങ്ങനെ മമ്മൂട്ടി എന്ന താരസാന്നിധ്യം ഈ വേറിട്ട കഥാപാത്രങ്ങൾക്ക് ആഖ്യാനങ്ങൾക്കകത്ത് ഒരധികമാനം നൽകുകയോ നിഗൂഢസമ്മർദ്ദം സൃഷ്ടിക്കുകയോ ചെയ്യുന്നു. മമ്മൂട്ടി എന്ന സമകാലികൻ ഇത്രയേറെക്കാലം മലയാളസിനിമയിൽ നായകസ്ഥാനത്ത് ഒരു നടന് തിളങ്ങിനിൽക്കാൻ കഴിഞ്ഞു എന്നതും ജനപ്രിയനടനായും താരമായും തുടർന്നു എന്നതും ആ അഭിനയജീവിതത്തെ മലയാളിജീവിതവുമായി (ഒരുപക്ഷെ മലയാളി പുരുഷ ജീവിതവുമായി) ബന്ധിപ്പിക്കാൻ നിരൂപകരെ പ്രലോഭിപ്പിക്കുന്നു. ഏകമാനവും ഏകശിലാത്മകവുമായ പുരുഷകഥാപാത്രരൂപങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതും ആണത്തത്തിന്റെയും അധികാരത്തിന്റെയും 'ഏകാഗ്ര' സമഗ്രാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതുമായ  കഥാപാത്രങ്ങളെ, മുമ്പു സൂചിപ്പിച്ചതുപോലെ സമൂഹം, കുടുംബം, ലൈംഗികത തുടങ്ങിയ തലങ്ങളിൽ വന്ന മാറ്റങ്ങളുമായി ചേർത്തു വായിക്കാവുന്നവയാണ്. ഇതിന്‌ സമാനമായ കഥാപാത്രങ്ങളെ അതായത് ‘നായകത്വം' നഷ്ടപ്പെട്ട, അവനവന്റെമേൽ പിടിനഷ്ടപ്പെടുന്ന, യാഥാർഥ്യങ്ങൾക്കുമുന്നിൽ പതറുന്ന നായകരെ മുമ്പും മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്: ഉദാഹരണമായി തനിയാവർത്തനം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിൽ. എന്നാൽ പേരൻപ്, നൻപകൽ നേരത്ത്‌ മയക്കം, കാതൽ ദ് കോർ തുടങ്ങിയ ചിത്രങ്ങളിൽ നമ്മൾ കാണുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ മുൻകഥാപാത്രങ്ങളുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സങ്കീർണവും ശിഥിലവുമാണ്. ഈ പുതിയ നായകന്റെ ഉള്ളിടർച്ച എന്നത് വൈയക്തികമോ കുടുംബബദ്ധമോ ആയി ചുരുക്കാവുന്ന ദുരന്തങ്ങളല്ല. അവ, പൊതുസമൂഹത്തിനകത്ത് സാമൂഹികവും സാംസ്‌കാരികവും ആയി സംഭവിച്ചിട്ടുള്ള ഇടർച്ചകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. അതിനു പുറമെ, മലയാളസിനിമയ്ക്കകത്ത് ‘ആണത്ത'ത്തിനും നായകത്വത്തിനും സംഭവിക്കുന്ന ഇടർച്ചയെക്കൂടി മമ്മൂട്ടികഥാപാത്രങ്ങളിലെ പിളർപ്പ് സൂചിപ്പിക്കുന്നുണ്ട്: വൺ, ഭീഷ്മപർവ്വം, ഭ്രമയുഗം, റോഷാക്ക്, പുഴു, കസബ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെ നായകരെ ഒരു വശത്തും കാതൽ ദ് കോർ, പേരൻപ്, നൻപകൽ നേരത്ത് മയക്കം, പത്തേമാരി, കുഞ്ഞനന്തന്റെ കട, ഉണ്ട തുടങ്ങിയ സിനിമകളിലെ നായകരൂപങ്ങളെ മറുവശത്തും പ്രതിഷ്ഠിക്കുകയാണെങ്കിൽ ഈ ഇടർച്ച കൂടുതൽ വ്യക്തമാകും. മലയാളിസമൂഹത്തിൽ/ന് സംഭവിച്ച മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതാണ് മമ്മൂട്ടിയുടെ താരസ്വരൂപവും എന്നു പറയാം; രണ്ടു ജീവചരിത്രങ്ങൾ/ചരിത്രജീവിതങ്ങൾക്കുമുള്ള ചില സമാന്തരങ്ങളാണത്: 1980കളിലെ ക്ഷുഭിതനായ യുവാവ്, കാമുകൻ, 1990കളിലെ പ്രതിസന്ധികളെ നേരിടുന്ന കുടുംബനാഥൻ, സാമൂഹിക പ്രശ്നങ്ങളുമായി മല്ലിടുന്ന ദുരന്തനായകൻ, 2000ത്തിനു ശേഷമുള്ള വർഷങ്ങളിൽ സർവാധിപതിയായി മാറുന്ന പുരുഷനായകൻ, പിന്നെ ഈ നൂറ്റാണ്ടിലെ ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും സർവമേഖലകളിലും പടർന്നുപിടിച്ച ഒരു കാലഘട്ടത്തിലെ സ്വത്വപ്രതിസന്ധികൾക്കിടയിൽ തന്റെ ഇടവും മാനുഷികതയും നിലനിർത്താൻ/കണ്ടെത്താൻ ശ്രമിക്കുന്ന സാധാരണക്കാരൻ എന്നിങ്ങനെ മമ്മൂട്ടി കേരളത്തിന്റെയും  പുരുഷനായകത്വത്തിന്റെയും ആന്തരികജീവിതത്തെയും ഗതിപരിണാമങ്ങളെയും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കാലത്തിന്റെ, പ്രത്യേകിച്ചും 90കൾക്കു ശേഷം, വർഗീയതയും മൂലധന സമഗ്രാധിപത്യവും വളർന്നു തിടം വെച്ച ഒരു കാലഘട്ടത്തിന്റെ ഉദ്വേഗങ്ങളെയും സന്ദിഗ്‌ധതകളെയും അനിശ്ചിതത്വങ്ങളെയും അവതരിപ്പിച്ച അല്ലെങ്കിൽ ഒന്നിനും ഈടും ഉറപ്പുമില്ലാത്ത അവസ്ഥയെ 'എംബോഡി' ചെയ്യുന്ന ഒരു നടനാണ് മമ്മൂട്ടി 3.0 എന്നുപറയാം. മുൻ പതിറ്റാണ്ടുകളിലെപ്പോലെയുള്ള പൗരുഷവീര്യത്തിന്റെ തീർച്ചകളോ തീർപ്പുകളോ ഇവിടെ അസാധുവോ അസാധ്യമോ ആയിത്തീരുന്നു. സാമ്പത്തികവും സാംസ്‌കാരികവുമായ സന്ദിഗ്‌ധാവസ്ഥകൾ ഒരേസമയം ഏകാധിപത്യത്തിലേക്കും അരാജകത്വത്തിലേക്കും സമൂഹത്തെ പിടിച്ചുവലിക്കുമ്പോൾ അതിനിടയിലെ ചില പരിതോവസ്ഥകളെ ഇക്കാലത്തെ പല മമ്മൂട്ടി കഥാപാത്രങ്ങളും ആവിഷ്‌കരിക്കുന്നു. സംസ്‌കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ലൈംഗികതയ്ക്കും കുടുംബത്തിന്റെ സമഗ്രതയ്ക്കുമൊക്കെ ഉള്ളിലും ഇടയിലുമുള്ള പിളർപ്പുകളും വിറയലുകളും ഇവിടെ വെളിവാകുന്നു. ഒന്നും ഒന്നുമാത്രമല്ലാത്ത, എല്ലാം എന്തുമാകാവുന്ന, ഒരു അന്തരീക്ഷത്തിലെ ആഖ്യാനങ്ങളാണിവ. അടിക്കുറിപ്പ് 1. In many ways, his own career paralleled the career of the state. In 1956, the official State was announced, the map redrawn. Rajkumar had no role in that exercise, but became central to the formation of the Kannada nation. His presence served to fill the void between State and nation in ways that neither the litterateurs (such as Kuvempu or A Na Kru) nor the politicians (such as Kengal Hanumanthaiya or S. Nijalingappa) could accomplish. ജാനകി നായർ, REQUIEM TO AN ERA, The Telegraph, 25 April, 2006. 2. ഈ രീതിയിൽ പുരുഷതാര ശരീരത്തെ വിളംബരം ചെയ്യുന്ന ദൃശ്യവിന്യാസവും അവതരണവും തുടങ്ങുന്നത് കമൽഹാസൻ, ജയൻ തുടങ്ങിയ നടന്മാരിലാണ്.   ദേശാഭിമാനി വാരികയിൽ നിന്ന്     Read on deshabhimani.com

Related News