‘പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ തങ്ങൾ പ്രതിബദ്ധരാണ്’; ‘മാർക്കോ’യിലെ ആദ്യ സിംഗിളായ ബ്ലഡിൽ ഡബ്‌സീക്ക് പകരം കെജിഎഫ് ഫെയിം വെങ്കി
കൊച്ചി > മാർകോ എന്ന ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘ബ്ലഡ്’ എന്ന ഗാനം കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്‌ദത്തിലും പുറത്തുവിട്ട് അണിയറപ്രവർത്തകർ. നേരത്തെ ഡബ്‌സീയുടെ ശബ്‌ദത്തിൽ പുറത്തിറങ്ങിയ പാട്ടായിരുന്നു ഇത്. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ചാണ് ഗാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാർക്കോയിലെ ബ്ലഡ് പുറത്തിറങ്ങിയതിന് പിന്നാലെ ഡബ്‌സീയുടെ ശബ്‌ദം പാട്ടിന് ചേരുന്നില്ല എന്ന് പറഞ്ഞ് ചിലർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഡബ്‌സീയെ മാറ്റി കെജിഎഫ് ഫെയിം വെങ്കിയെ ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ തങ്ങൾ പ്രതിബദ്ധരാണെന്നും അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ വോയ്സ് ഉള്‍ക്കൊള്ളിച്ചുള്ള ബ്ലഡിന്‍റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദിന്റെ പേരിയലായിരുന്നു പ്രസ്‌താവന. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ വരവിന് മുന്നോടിയായി പുറത്തിറങ്ങിയ ആദ്യ സിംഗിളാണ് ‘ബ്ലഡ്’. കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. നേരത്തെ ആദ്യം റിലീസ് ചെയ്ത വീഡിയോ സോങ് വയലൻസിന്റെ അതിപ്രസരമെന്ന പേരിൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. തുടർന്നായിരുന്നു ഡബ്‌സീയുടെ ശബ്‌ദത്തിൽ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ ആദ്യം പുറത്തിറക്കിയത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്. Read on deshabhimani.com