തിരിച്ചുവരുന്നു ‘മെറിലാൻഡ്‌’ വസന്തം

സെന്തിൽ സുബ്രഹ്മണ്യവും വിജയ്‌ സേതുപതിയും


തിരുവനന്തപുരം > മലയാള സിനിമാചരിത്രത്തിലെ മായാത്ത പേരാണ്‌ ‘മെറിലാൻഡ്‌ സ്റ്റുഡിയോ’. 1952 മുതൽ 79 വരെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച 80ലേറെ സിനിമകൾ പിറന്നത്‌ ഈ സ്‌റ്റുഡിയോയിലൂടെയാണ്‌. ഇപ്പോഴിതാ, മെറിലാൻഡ്‌ കുടുംബത്തിൽനിന്ന്‌ രണ്ട്‌ വിതരണ, നിർമാണക്കമ്പനികൾ ഉദയം ചെയ്‌തിരിക്കുകയാണ്‌. ‘വൈക മെറിലാൻഡ്‌ റിലീസ്‌’ ആണ്‌ പുതിയ കമ്പനി. തമിഴിലെ ഹിറ്റ്‌ മേക്കറായ വെട്രിമാരന്റെ  ‘വിടുതലൈ–-രണ്ട്‌’ന്റെ നിർമാണച്ചുമതലയേറ്റെടുത്തുകൊണ്ടാണ്‌ വൈക മെറിലാൻഡ്‌ റിലീസിന്റെ തുടക്കം. വിജയ്‌ സേതുപതിയും മഞ്‌ജു വാര്യരുമാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകൻ സെന്തിൽ സുബ്രഹ്മണ്യനാണ്‌ വൈക മെറിലാൻഡ്‌ റിലീസിന്റെ ഉടമ. പി സുബ്രഹ്മണ്യത്തിന്റെ മകനും ‘ശ്രീ സുബ്രഹ്മണ്യ എന്റർപ്രൈസസസ്‌’ എന്ന വിതരണക്കമ്പനി ഉടമയുമായ എസ്‌ കാർത്തികേയന്റെ മകനാണ്‌ സെന്തിൽ. സ്വാമി അയ്യപ്പൻ, ദേവീ മാഹാത്മ്യം തുടങ്ങി 30 ഓളം സീരിയലുകൾ ശ്രീ സുബ്രഹ്മണ്യ എന്റർപ്രൈസസ്‌ നിർമിച്ചിട്ടുണ്ട്‌. ‘വൈക മെറിലാൻഡ്‌ റിലീസ്‌’ വിതരണരംഗത്തും നിർമാണരംഗത്തും ചുവടുറപ്പിക്കുമെന്ന്‌ സെന്തിൽ സുബ്രഹ്മണ്യം ദേശാഭിമാനിയോട്‌ പറഞ്ഞു. 1951ൽ തിരുവനന്തപുരം നേമം ആസ്ഥാനമാക്കി പി സുബ്രഹ്മണ്യം ആരംഭിച്ച മെറിലാൻഡ്‌ സ്റ്റുഡിയോയും 1947 മുതൽ ആലപ്പുഴയിൽ ആരംഭിച്ച കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോസും മലയാള സിനിമാ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഏടുകളാണ്‌. ഉദയാസ്റ്റുഡിയോസ്‌ കുടുംബാംഗമായ നടൻ കുഞ്ചാക്കോ ബോബൻ 2016 മുതൽ ‘ഉദയാ പിക്‌ചേഴ്‌സ്‌’ എന്ന പേരിൽ നിർമാണക്കമ്പനി പുനരാരംഭിച്ചിരുന്നു. Read on deshabhimani.com

Related News