തെലുഗു സംസാരിച്ച് നയ്റോബി; സൂപ്പർ ഹിറ്റായി വീഡിയോ
സ്പാനിഷ് സൂപ്പർ ഹിറ്റ് ടിവി സീരീസായ ‘മണി ഹീസ്റ്റ്’ ലോക്ഡൗൺ കാലത്ത് ഇന്ത്യയിലടക്കം വൻ തരംഗമായി മാറിയിരുന്നു. ക്രൈം ഡ്രാമ സീരിസായ മണിഹെയ്സ്റ്റിൽ ആരാധകരുടെ മനം കവർന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ‘നയ്റോബി’. നയ്റോബിയായി വേഷമിട്ട സ്പാനിഷ് അഭിനേത്രി ആൽബ ഫ്ലോറസ് തെലുഗു സംസാരിക്കുന്ന വിഡിയോ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2013ൽ കരിയറിൻെറ തുടക്കകാലത്ത് അഭിനയിച്ച ‘വിസെൻെറ ഫെറർ’ എന്ന ചിത്രത്തിലെ രംഗമാണിപ്പോൾ വൈറലായത്. നല്ല ഒഴുക്കോടെ തെലുഗു സംസാരിക്കുന്ന ആന്ധ്രക്കാരിയായ ഷമീറയായാണ് 33കാരിയായ ഫ്ലോറസ് ചിത്രത്തിൽ വേഷമിട്ടത്. സാരിയുടുത്ത് ഇന്ത്യൻ ലുക്കിലുള്ള ഫ്ലോറസിൻെറ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. സ്പാനിഷ് സിനിമയിലെ രംഗം അഞ്ചുദിവസങ്ങൾക്ക് മുമ്പ് ടിക്ടോകിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് കുറഞ്ഞ സമയം കൊണ്ട് വിഡിയോക്ക് ലഭിച്ചത്. യൂട്യൂബിൽ വിഡിയോ റീപോസ്റ്റ് ചെയ്തതോടെ സംഗതി വൈറലാകുകയും ചെയ്തു. ഇതിനോടകം എട്ടുലക്ഷത്തോളം പേർ കണ്ട വിഡിയോക്ക് 8000ത്തിലധികം ലൈക്ക് ലഭിച്ചു. താരത്തിൻെറ അഭിനയ മികവിനെ പുകഴ്ത്തി നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ കമൻറ് ചെയ്തത്. ‘നയ്റോബി’ തെലുഗു സംസാരിക്കുന്നത് കണ്ട് അത്ഭുതം കൂറുകയാണ് ചിലർ. ചില ഫാൻപേജുകൾ വിസെൻെറ ഫെററിലെ ഫ്ലോറസിൻെറ ചിത്രങ്ങളും പങ്കുവെച്ചു. സ്പെയിനിലെ ആൻറിന മൂന്ന് ചാനലിൽ സംപ്രേഷണം ചെയ്ത 15 എപ്പിസോഡുകളുള്ള ടെലിവിഷൻ പരമ്പരയായ ‘ല കാസ ദെ പേപ്പൽ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത ഇംഗ്ലീഷ് ഇതര ഷോ ആണ് മണി ഹെയ്സ്റ്റ്. Read on deshabhimani.com