നെറ്റ്ഫ്ലിക്സിൽ തരം​ഗമായി 'കൽക്കി 2898 എഡി'; 2.6 മില്യൺ കാഴ്ചക്കാരുമായി ഒന്നാംസ്ഥാനത്ത്



ഹൈ​ദരാബാദ്> പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി 1000 കോടിക്ക് മുകളിലാണ് തിയറ്റർ കളക്ഷൻ നേടിയത്. തിയറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ഒടിടി റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ തരം​ഗം തീർത്ത് സ്ട്രീമിംഗ് തുടരുകയാണ്. 2.6 മില്യൺ വ്യൂവ്സുമായാണ് കൽക്കി കുതിക്കുന്നത്. ആ​ഗസ്ത് 22നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. അൺറ്റേമ്ഡ് റോയൽസ്, അൺലക്കി സിസ്റ്റേഴ്സ്, നൈസ് ​ഗേൾസ് തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് 'കൽക്കി 2898 എഡി' ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. ജൂൺ 27നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. റിലീസ് ദിനത്തിൽ തന്നെ 'കെജിഎഫ് ചാപ്റ്റർ 2' (159 കോടി രൂപ), 'സലാർ' (158 കോടി രൂപ), 'ലിയോ' (142.75 കോടി രൂപ) എന്നിവയുടെ ഓപ്പണിങ് റെക്കോർഡുകളാണ് 'കൽക്കി 2898 എഡി' തകർത്തത്. വെറും 15 ദിവസങ്ങൾ കൊണ്ട് 'ബാഹുബലി 2: ദ കൺക്ലൂഷൻ'ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയും 'കൽക്കി 2898 എഡി' സ്വന്തമാക്കി. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, ശോഭന, പശുപതി തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. നായിക കഥാപാത്രമായ 'സുമതി'യായ് ദീപിക പദുക്കോൺ വേഷമിട്ടപ്പോൾ മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു.   Read on deshabhimani.com

Related News