കാലം കവരാത്ത സൗഹൃദം: 'ഫ്രണ്ട്സ്' @ 30



സൗഹൃദത്തിന് വയസ്സ് ആകുമോ? ഇല്ല എന്നാണ് ഉത്തരം. അതുപോലെതന്നെയാണ് സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമകളും സീരീസുകളും. അതൊന്നു കൂടി ഉറപ്പിക്കുന്നതാണ് അമേരിക്കൻ സിറ്റ്കോമായ ഫ്രണ്ട്സ് സീരീസിന്റെ കഥ. 30 വർഷങ്ങൾക്കിപ്പുറവും സീരീസിന് ആസ്വാദകരേറെയാണ്. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഒരു കൂട്ടം   ചെറുപ്പക്കാരുടെ സൗഹൃദമാണ് ഫ്രണ്ട്‌സ് സീരിസിന്റെ ഇതിവൃത്തം.  സിറ്റുവേഷണൽ കോമഡിയിലൂടെ പ്രേഷക പ്രീതി നേടിയ സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങുന്നത് 1994 സെപ്റ്റംബർ 22നാണ്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്‌മാൻ എന്നിവരാണ് സീരിസ് ഒരുക്കിയത്. ആറ് സുഹൃത്തുക്കളുടെ കഥ പറയുന്ന സീരീസിൽ ഹാസ്യത്തിന് വലിയ പ്രധാന്യമുണ്ട്. 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഫ്രണ്ട്‌സ് സീരീസ് പ്രക്ഷേപണം ചെയ്തത്. ആകെ പത്ത് സീസണുകളാണ് സീരീസിനുള്ളത്. ജോയ്, ചാൻ‌ഡ്‌ലർ, റോസ്, റേച്ചൽ, മോണിക്ക, ഫീബി എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങൾ. ജെന്നിഫർ ആനിസ്റ്റൺ, കോർട്ടേനി കോക്‌സ് , ലിസ കുഡ്രോ , മാറ്റ് ലെബ്ലാങ്ക് , മാത്യു പെറി , ഡേവിഡ് ഷ്വിമ്മർ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ഫ്രണ്ട്സ് പറയുന്നത്. സൗഹൃദത്തിനൊപ്പം നർമവും കലർന്ന അവതരണമാണ് സീരീസിന് ജനപ്രീതി നേടിക്കൊടുത്തത്. ബ്രൈറ്റ്/കാഫ്മാൻ/ക്രെയ്ൻ പ്രൊഡക്ഷൻസ്, ദ ഫ്രെണ്ട്സ് കോർപ്പറേഷൻ എൽഎൽസി, വാർണർ ബ്രോസ് എന്നിവരാണ് ഫ്രണ്ട്സ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഓരോ സീസണിലും ഈ ആറ് കൂട്ടുകാരുടേയും രസകരമായ സൗഹൃദത്തിന് പ്രേഷകരേറെയാണ്.  എൻബിസി ചാനലിലാണ് സീരീസിന്റെ ആദ്യ എപിസോഡ് പ്രക്ഷേപണം ചെയ്തത്. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള സീരീസാണ് ഫ്രണ്ട്സ്. അത്രത്തോളം സ്വീകാര്യത സീരീസിനുണ്ടായിരുന്നു. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായാണു ഫ്രെണ്ട്സിനെ പരി​ഗണിക്കുന്നത്. മെയ് 6നാണ് സീരീസിന്റെ  അവസാന എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്. ഈ എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേഷകരുണ്ടായിരുന്നതായാണ് കണക്ക്. ഐഎംബിഡി റേറ്റിംഗിൽ 8.9 നിലനിർത്തി ഏറ്റവുമധികം പ്രേഷകരുള്ള സീരീസായി ഇന്നും ഫ്രണ്ട്സ് തുടരുകയാണ്. ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും രണ്ട് എസ്എജി പുരസ്കാരങ്ങളും ഏഴ് എമ്മി പുരസ്കാരങ്ങളും ഫ്രണ്ട്സ് നേടിയിട്ടുണ്ട്. അമേരിക്കൻ കോമഡി അവാർഡ്, ​ഗ്ലാഡ് മൂഡിയ അവാർഡ്, നിരവധി നോമിനേഷനുകൾ എന്നിങ്ങനെ ഫ്രണ്ട്സ് സീരീസിന് നേട്ടങ്ങളേറെയാണ്. ഈ നേട്ടങ്ങൾക്ക് അപ്പുറമാണ് സീരീസിനുള്ള പ്രേഷക പ്രീതി. കാലം കഴിയും തോറും ഫ്രണ്ട്സിലെ ആറ് സുഹൃത്തുക്കളും അവരുടെ സൗഹൃദവും പുതിയ പ്രേഷകരെ കീഴടക്കുകയാണ്.   Read on deshabhimani.com

Related News