ചരിത്ര വിജയവുമായ് 'മനോരഥങ്ങൾ' ! നൂറ് മില്യൺ സ്ട്രീമിങ് ZEE5ൽ പ്രദർശനം തുടരുന്നു



കൊച്ചി : എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി എട്ട് പ്രശസ്ത സംവിധായകർ സംവിധാനം നിർവഹിച്ച ആന്തോളജി ചിത്രം 'മനോരഥങ്ങൾ'. 2024 ഓഗസ്റ്റ് 15ന് ZEE5  ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുമ്പോൾ ചരിത്ര വിജയം കൊയ്ത് നൂറ് മില്യൺ സിട്രീമിങ് മിനുട്ടുകളുമായ് പ്രദർശനം തുടരുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ 5 ഭാഷകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ  ചിത്രത്തിലെ ഓരോ കഥയും വ്യത്യസ്തമാണ്. ഒന്ന് മറ്റൊന്നിനോട് താരതമ്യപ്പെടുത്തുവാനോ പരസ്പരം മാറ്റുരച്ച് നോക്കുവാനോ സാധിക്കാത്ത വിധം വേറിട്ട് നിൽക്കുന്ന ദൃശ്യാവിഷ്കാരമാണ് മറ്റൊരു ഹൈലൈറ്റ്. മോഹൻലാൽ നായകനായ ‘ഓളവും തീരവും’ ബിജു മേനോൻ നായകനായ ‘ശിലാലിഖിതം’വുമാണ് പ്രിയദർശൻ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനാക്കി ശ്രീലങ്കയിൽ ചിത്രീകരിച്ച ‘കടുഗണ്ണാവ ഒരു യാത്ര കുറിപ്പ്’ രഞ്ജിത്താണ് സിനിമയാക്കിയത്. പാർവതി തിരുവോത്ത്, കലാമണ്ഡലം സരസ്വതി, ഹരീഷ് ഉത്തമൻ, നരേൻ എന്നിവർ അഭിനയിച്ച ‘കാഴ്ച’ ശ്യാമപ്രസാദ് സംവിധാനം ചെയ്തപ്പോൾ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി, കൈലാഷ് നാഥ് തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജ് സംവിധാനം ചെയ്തു. ഫഹദ് ഫാസിൽ, നദിയ മൊയ്തു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഷെർലക്ക്’ മഹേഷ് നാരായണന്റെ സംവിധാനത്തിലാണ് എത്തിയത്. ചിത്രത്തിന്റെ ചിത്രീകരണം കാനഡയിലായിരുന്നു. സിദ്ദീഖ് മുഖ്യവേഷം കൈകാര്യം ചെയ്ത ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവൻ സിനിമയാക്കിയപ്പോൾ ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ അണിനിരന്ന ‘കടൽക്കാറ്റ്’ന്റെ സംവിധാനം നിർവഹിച്ചത് രതീഷ് അമ്പാട്ടാണ്. എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി വി നായർ സംവിധാനം ചെയ്ത ‘വിൽപ്പന’യിൽ ആസിഫ് അലിയും മധുബാലയുമാണ് അഭിനേതാക്കളായെത്തിയത്. സരിഗമ ഇന്ത്യയും ന്യൂസ് വാല്യു പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കിയ 'മനോരഥങ്ങൾ' സരിഗമ ഇന്ത്യക്ക് വേണ്ടി വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, രോഹിത് ദീപ് സിങ്, ജയ് പാണ്ഡ്യ, രാജേഷ് കെജരിവാൾ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ ആദ്യ ട്രെയ്ലർ മമ്മുട്ടി റിലീസ് ചെയ്തപ്പോൽ രണ്ടാമത്തെ ട്രെയ്ലർ മോഹൻലാൽ പ്രകാശനം ചെയ്തു. എംടിയുടെ മകളും നർത്തകിയുമായ അശ്വതി വി നായരാണ് പ്രൊജക്ടിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിലെ ഒൻപത് സിനിമകളെ ഏകോപിച്ചത് സംവിധായകനും 'മനോരഥങ്ങൾ'ടെ ലൈൻ പ്രൊഡ്യൂസറുമായ സുധീർ അമ്പലപ്പാടാണ്. ചിത്രത്തിന്റെ എക്സിക്യൂഷൻ നിർവഹിച്ചത് എം.ടി യുടെ കമ്പനിയായ ന്യൂസ് വാല്യുയാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ സ്വാധീനിച്ച ചിത്രത്തിന് ​മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടിടിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ആന്തോളജിക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.   Read on deshabhimani.com

Related News