സെറിബ്രൽ പാൾസിയ്ക്കും തളർത്താനായില്ല; തിയറ്ററിൽ "കളം' പിടിക്കാൻ രാഗേഷിന്റെ സ്വപ്‌നം



തിരുവനന്തപുരം > സെറിബ്രൽ പാൾസി രോഗമെന്നത്‌ പരിമിതിയും പ്രതിസന്ധിയുമല്ലെന്ന്‌ പൊരുതിത്തന്നെ തെളിയിച്ചിരിക്കുകയാണ്‌ രാഗേഷ്‌ കൃഷ്‌ണൻ. അഞ്ച് ആൽബവും മൂന്ന് ഹൃസ്വസിനിമയും ചെയ്‌തശേഷം രാഗേഷ്‌ നിർമിച്ച കളം@24 എന്ന സിനിമ 29ന്‌ തിയറ്ററുകളിൽ എത്തും. പരിഹസിച്ചവർക്കും നിന്ദിച്ചവർക്കുമുള്ള മധുരമൂറുന്ന മറുപടി! സിനിമയെടുക്കണമെന്ന്‌ ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്–- രാഗേഷ്‌ പറയുന്നു, "അതിന്റെ സാക്ഷാൽക്കാരമാണ്‌ ഒരാഴ്‌ചയ്‌ക്കപ്പുറമുള്ള സിനിമയുടെ പ്രദർശനം. ആത്മവിശ്വാസം കൂട്ടാനും മറ്റുള്ളവർക്കുകൂടി അത്‌ ബോധ്യപ്പെടുത്താനുമാണ്‌ ആദ്യമൊക്കെ ആൽബങ്ങളും ചെറുസിനിമകളും നിർമിച്ചത്‌. അതിന്‌ പുരസ്‌കാരങ്ങളും ലഭിച്ചു'. പന്തളം സ്വദേശിയാണ്‌ രാഗേഷ്‌ കൃഷ്‌ണൻ കുരമ്പാല. ചരിത്രത്തിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുണ്ട്‌. നടക്കാനും കേൾവിക്കും ഒഴുക്കോടെ സംസാരിക്കാനും പ്രയാസമുണ്ടെങ്കിലും "സിനിമാക്കാരനെ'ന്ന സ്വപ്‌നം അതിനേക്കാൾ ശക്തമായിരുന്നു. സസ്‌പെൻസ്‌ ത്രില്ലറിൽപ്പെടുന്ന കളം @24  1.23 മണിക്കൂറുണ്ട്‌. നാട്ടിലെതന്നെ പുതുമുഖങ്ങളായ ഒമ്പത്‌ പേരാണ്‌ അഭിനേതാക്കൾ. നാട്ടിലും പരിസരത്തുമായാണ്‌ ചിത്രീകരണം. രണ്ട്‌ ഷെഡ്യൂളുകളിലായി ഒരുമാസം ഷൂട്ടിങ്ങുണ്ടായിരുന്നതായി നായകൻ സെയ്‌ഫ്‌ പറഞ്ഞു. കഥയും അഭിനയിക്കേണ്ടത്‌ എങ്ങനെ എന്നുമൊക്കെ സംവിധായകൻ പറഞ്ഞു തന്നു. ഒരുബുദ്ധിമുട്ടുമുണ്ടായില്ലെന്നും സെയ്‌ഫ്‌ കൂട്ടിച്ചേർത്തു. കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാഗേഷിന്റേതാണ്. സിഎംകെ പ്രൊഡക്ഷൻസിനുവേണ്ടി കൊച്ചുമോനും ഫുൾസ്‌ക്രീൻ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ ചിത്രീകരണം നിലച്ചുപോകുമെന്ന ഘട്ടത്തിൽ മന്ത്രി സജി ചെറിയാനെ കണ്ടു. എല്ലാപിന്തുണയും അദ്ദേഹം നൽകി. ചലച്ചിത്ര വികസന കോർപറേഷന്റെ തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ വിട്ടുനൽകി. റിലീസ്‌ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ തിയറ്ററിലും ചിത്രം പ്രദർശിപ്പിക്കും. തിരുവനന്തപുരം കൈരളി തിയറ്ററിൽ 29ന്‌ ചിത്രം കാണാൻ അണിയറ പ്രവർത്തകരോടൊപ്പം രാഗേഷും എത്തും. കോൺട്രാക്ടറായിരുന്നു രാഗേഷിന്റെ അച്ഛൻ രാധാകൃഷ്ണക്കുറുപ്പ്‌. അമ്മ രമ ആർ കുറുപ്പ്‌. സഹോദരി രാഗികൃഷ്ണൻ. മൂന്നുപേരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്‌.   Read on deshabhimani.com

Related News