ഫാത്തിമ പണി തുടങ്ങി



ഇത്തവണത്തെ ഐഎഫ്‌എഫ്‌കെ കഴിഞ്ഞുപോയവരുടെ ഒപ്പം ഒരു കഥാപാത്രംകൂടി സ്‌ക്രീനിൽനിന്ന്‌ ഇറങ്ങിപ്പോയിട്ടുണ്ട്‌. പൊന്നാനിക്കാരി ഫാത്തിമ. ഫെമിനിച്ചിയായ ഫാത്തിമ വരുംദിവസങ്ങളിൽ കേരളത്തിലെ ഓരോ വീട്ടിലും ഇടപെട്ട്‌ തുടങ്ങും. അവൾ ബാക്കിവച്ച ചോദ്യങ്ങളും സംശയങ്ങളും ഇനി ഓരോ വീട്ടിലും മുഴങ്ങും. ഫാസിൽ മുഹമ്മദ്‌ എന്ന യുവാവായ സംവിധായകൻ തന്റെ സിനിമയിലൂടെ പറയുന്ന രാഷ്‌ട്രീയം കേട്ടില്ലെന്നു നടിക്കാൻ കഴിയില്ല. സമൂഹത്തിന്റെ പുരോഗമനപരമായ കുതിപ്പിന്‌ കൂടുതൽ കരുത്തു നൽകുന്നു ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചെറിയ ‘വലിയ’ സിനിമ. പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ്‌ കഥ പറയുന്നതെങ്കിലും കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും അവസ്ഥയാണ്‌ പറഞ്ഞുവയ്‌ക്കുന്നത്‌. വിവിധ വിഭാഗങ്ങളിലായി അഞ്ച്‌ പുരസ്‌കാരമാണ്‌ ഐഎഫ്‌എഫ്‌കെയിൽ ഈ ചിത്രത്തിന്‌ ലഭിച്ചത്‌. മദ്രസാ അധ്യാപകനാണ്‌ ഫാത്തിമയുടെ ഭർത്താവ്‌ അഷ്‌റഫ്‌. മൂന്നു മക്കളും അഷ്‌റഫിന്റെ ഉമ്മയും അടങ്ങുന്നതാണ് വീട്. ഭർത്താവിന്റെയും ഉമ്മയുടെയും വാക്കുകൾ എതിർപ്പില്ലാതെ കേട്ട്‌ ജീവിക്കുന്ന, അത് തന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്ന വീട്ടമ്മയായ ഫാത്തിമ. എന്നാൽ, നാലാമതൊരു കുഞ്ഞുകൂടി വേണമെന്ന ഭർത്താവിന്റെ ആവശ്യത്തിനു മുന്നിൽ തനിക്ക്‌ നടു വേദനിക്കാതെ കിടന്നുറങ്ങാൻ ഒരു കിടക്കയാണ്‌ വേണ്ടതെന്ന ആഗ്രഹമാണ്‌ ഫാത്തിമ മുന്നോട്ടുവയ്‌ക്കുന്നത്‌. അവളുടെ കിടക്കയിൽ പട്ടി മൂത്രമൊഴിച്ചതാണ്‌. പട്ടിയുടെ മൂത്രം ഇസ്ലാമിൽ നജസ്സാണ്‌. കേൾക്കുമ്പോൾ ചെറിയ ആവശ്യമാണെന്നു തോന്നുമെങ്കിലും കുടുംബം ഏൽപ്പിച്ച കടമകൾ കാരണം ഒന്നു നടുനിവർത്താൻ പറ്റാതെ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ഒരുപാട് ഫാത്തിമമാരെ നമുക്കു ചുറ്റിലും കാണാം. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ ജീവിക്കുന്ന വീട്ടമ്മമാരുടെ പ്രതിനിധിയായി മാറുന്ന ഫാത്തിമ പ്രത്യക്ഷത്തിൽ വലിയ ചോദ്യങ്ങൾ ചോദിക്കുകയോ സംഘർഷമുണ്ടാക്കുകയോ ചെയ്യുന്നില്ല. എന്നാൽ, സിനിമ കാണുന്ന എല്ലാവരെയും സ്വന്തം ഉള്ളിലേക്ക്‌ നോക്കാൻ വല്ലാതെ പ്രേരിപ്പിക്കുന്നുണ്ട്‌. പതിയെ ആണെങ്കിലും ഈ തിരിഞ്ഞുനോട്ടം വലിയ ആഘാതം യാഥാസ്ഥിതിക കുടുംബങ്ങളിൽ ഏൽപ്പിക്കുമെന്ന് ഉറപ്പാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ പുതുക്കാതെ പോകുന്ന മതത്തിന്റെ ചിന്തകളെയും വിശ്വാസങ്ങളെയും സിനിമ പരിഹസിക്കുന്നുണ്ട്‌. എന്നാൽ, അത്‌ കാണുന്നവരെ ഒട്ടും മുറിപ്പെടുത്തുന്നില്ല. ഫാത്തിമയുടെ കിടക്കയിൽ പട്ടി മൂത്രമൊഴിക്കുന്നതും അത്‌ വൃത്തിയാക്കാൻ ശ്രമിക്കുന്നതുമെല്ലാം തമാശയായി പ്രേക്ഷകർക്ക്‌ തോന്നുമെങ്കിലും പുതിയ കാലത്ത്‌ കഴുകിക്കളയാൻ കഴിയാത്ത എന്ത്‌ അശുദ്ധിയാണുള്ളതെന്ന ചോദ്യം പ്രേക്ഷകർ സ്വയം ചോദിച്ചുപോകുന്നിടത്താണ്‌ സിനിമ അതിന്റെ കരുത്ത്‌ കാണിക്കുന്നത്‌. ഷംല ഹംസ, കുമാർ സുനിൽ എന്നിവരാണ്‌ ഫാത്തിമ, അഷ്‌റഫ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. സംവിധായകൻ ഫാസിലും നായകവേഷം ചെയ്‌ത കുമാർ സുനിലും സംസാരിക്കുന്നു. ഫാസിൽ മുഹമ്മദ്‌ (സംവിധായകൻ, തിരക്കഥാകൃത്ത്‌, എഡിറ്റർ) മാറണം മതങ്ങളും മനുഷ്യരും   മതങ്ങൾ കാലത്തിനനുസരിച്ച്‌ മാറേണ്ടതുണ്ട്‌ എന്ന്‌ പറയാനാണ്‌ സിനിമയിലൂടെ ശ്രമിച്ചത്‌. ഈ സിനിമയിൽ നായ തൊട്ടാൽ അശുദ്ധിയാണെന്നു പറയുന്നുണ്ട്‌. ഒരുപക്ഷേ പണ്ടത്തെ കാലത്ത്‌ അത്‌ വൃത്തിയാക്കാനുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടായിരിക്കാം. ഇപ്പോൾ അതിനൊക്കെയുള്ള സംവിധാനങ്ങളുണ്ട്‌. മുസ്ലിം സ്‌ത്രീകളൊക്കെ വലിയ മാറ്റങ്ങൾക്ക്‌ വിധേയരായിട്ടുണ്ട്‌. മൊബൈൽ എടുത്ത്‌ നോക്കിയാൽ അറിയാം എത്ര സ്‌ത്രീകളാണ്‌ റീൽസ്‌ ഒക്കെ ചെയ്യുന്നത്‌. അവർ ജീവിതം ആഘോഷിച്ചുതുടങ്ങി. എല്ലാവിധ മുന്നേറ്റങ്ങൾക്കും അവരും ഇപ്പോൾ മുന്നിലുണ്ട്‌. ചലച്ചിത്രമേളയിൽ സിനിമ ആഘോഷിക്കപ്പെടുമ്പോൾ വലിയ സന്തോഷമുണ്ട്‌. ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ ആളുകളിലെത്തി എന്നത്‌ വലിയ കാര്യമായിട്ടാണ്‌ കാണുന്നത്‌. എല്ലാരും സ്വന്തക്കാർ എന്റെ ഷോർട്ട്‌ ഫിലിമുകളിലും വെബ്‌ സീരീസുകളിലുമൊക്കെ അഭിനയിച്ച്‌ വന്നവരാണ്‌ ഇതിലുള്ളവരെല്ലാം. അതുകൊണ്ടുതന്നെ നല്ല കോൺഫിഡൻസ്‌ ഉണ്ടായിരുന്നു.  ഷൂട്ടിങ്‌ പൊന്നാനിയിലായിരുന്നു. നല്ല പരിചയമുള്ള നാടാണ്‌. മാത്രമല്ല, ഷൂട്ടിങ്‌ കാണാൻ സ്‌ത്രീകൾ ഉൾപ്പെടെ നിരവധിപേർ വന്നിരുന്നു. അക്കൂട്ടത്തിൽ പലരും ഈ സനിമയിൽ കാണിക്കുന്നപോലെ മൊല്യാർക്ക്‌ മന്ത്രിക്കാൻ പണം കൊടുക്കുകയും ആഗ്രഹങ്ങൾ നിറവേറ്റാൻ പണം കൊടുത്ത്‌ പറ്റിക്കപ്പെട്ടവരൊക്കെയാണ്‌. ആ ചിരി പലരുടെയും മുഖത്ത്‌ കാണാമായിരുന്നു.   ഷൂട്ടിങ്‌ ഷൂട്ടിങ്‌ സമയത്ത്‌ കുറെ പ്രതിസന്ധികളുണ്ടായി. ചെറിയ ബജറ്റിൽ തീർത്ത സിനിമയാണ്‌. പട്ടിയെ പണം കൊടുത്ത്‌ കൊണ്ടുവന്ന്‌ അഭിനയിപ്പിക്കാനൊന്നും പറ്റുന്ന അവസ്ഥയുണ്ടായിരുന്നില്ല. കടപ്പുറത്തുകണ്ട പട്ടികൾക്ക്‌ ബിസ്‌കറ്റ്‌ കൊടുത്ത്‌, അതിലൊന്ന്‌ ഞങ്ങൾക്കൊപ്പം കൂടുകയായിരുന്നു. ആവശ്യമുള്ളതെല്ലാം ആ പട്ടിയെ വച്ച്‌ ചിത്രീകരിക്കാൻ കഴിഞ്ഞു. സൂറാത്തയായി അഭിനയിച്ച ചേച്ചിയുടെ സഹോദരൻ മരിച്ചത്‌ അറിയാതെയാണ്‌ അവർ ഇതിൽ അഭിനയിച്ചത്‌. ചേച്ചിയുടെ ഭർത്താവ്‌ ഷൂട്ട്‌ മുടങ്ങാതിരിക്കാൻ മരണവിവരം അവരെ അറിയിക്കാതിരിക്കുകയായിരുന്നു. ഉച്ചയ്‌ക്ക്‌ ഷൂട്ട്‌ കഴിഞ്ഞശേഷമാണ്‌ വിവരം അറിയിച്ചത്‌. കുമാർ സുനിൽ ഉസ്‌താദ്‌ ഒറ്റ ദിവസംകൊണ്ട്‌ എന്റെ ജീവിതം മാറ്റിമറിക്കാൻ ഈ ചലച്ചിത്രമേളയ്‌ക്ക്‌ കഴിഞ്ഞു. മേളയിൽ ഒറ്റ ദിവസംകൊണ്ട്‌ ഇത്രയും ശ്രദ്ധിക്കപ്പെട്ടു എന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്‌. സിനിമയിലെ ഉസ്‌താദായ അഷ്‌റഫ്‌ എന്ന കഥാപാത്രത്തെ നിത്യജീവിതത്തിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്‌. ഏതെങ്കിലും ഒരു മതത്തെ കുറിച്ചല്ല ഈ സിനിമ പറയാൻ ശ്രമിച്ചത്‌. എല്ലാ മനുഷ്യരെയും കുറിച്ചാണ്‌. സിനിമയിലൂടെ പറയാൻ ശ്രമിച്ച രാഷ്‌ട്രീയം എല്ലാവർക്കും പിടികിട്ടി എന്നത്‌ വലിയ കാര്യമായി കാണുന്നു. 900 പേർക്ക്‌ ഇരിക്കാവുന്ന ടാഗോർ തിയറ്ററിൽ 1300 പേർ ഇരുന്നാണ്‌ സിനിമ കണ്ടത്‌. ഇങ്ങനെയായിരുന്നു മേളയിലെ എല്ലാ ഷോയും. നാടകം ജീവിതം അമച്വർ നാടകത്തിലൂടെയാണ്‌ കലാരംഗത്തേക്ക്‌ വരുന്നത്‌. നാടകംതന്നെയാണ്‌ ജീവിതം. ജയപ്രകാശ്‌ കൂളൂരിന്റെ വെളിച്ചെണ്ണ, ദിനേശന്റെ കഥ, ഹോട്ടൽ... പോലുള്ള നിരവധി നാടകങ്ങൾ കേരളത്തിനകത്തും പുറത്തും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്‌. വീട്ടുമുറ്റങ്ങളിൽ നാടകം അവതരിപ്പിക്കാറുണ്ടായിരുന്നു. പരിചയമുള്ളവരുടെ വീടുകളിലായിരുന്നു ആദ്യമെല്ലാം അവതരിപ്പിച്ചത്‌. അവരുടെ ചുറ്റിലുമുള്ള വീട്ടുകാരൊക്കെ വന്നുകാണും. പിന്നെയത്‌ വളർന്ന്‌ പല വീടുകളിലും നാട്ടിൻപുറങ്ങളിലുമെല്ലാം പോയി അവതരിപ്പിച്ചിട്ടുണ്ട്‌. സിനിമ സിനിമ എന്നും സ്വപ്‌നമായിരുന്നു. ഉടലാഴം എന്ന സിനിമയിലാണ്‌ ആദ്യം അഭിനയിച്ചത്‌. പിന്നീട്‌ മമ്മാലി എന്ന ഇന്ത്യക്കാരൻ, മറഡോണ, ഒടിയൻ, കാതൽ, ആന്റണി, അസംഘടിത, ശ്രീധന്യ കേറ്ററിങ്‌സ്‌, 18+ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു. ആറ്‌ സിനിമ പുറത്തിറങ്ങാനുണ്ട്‌. Read on deshabhimani.com

Related News