സിൽക്ക് സ്മിതയുടെ ബയോപിക് ഒരുങ്ങുന്നു; 'സിൽക്ക് സ്മിത- ക്വീൻ ഓഫ് സൗത്ത്' അടുത്ത വർഷം



മുംബൈ > പ്രശസ്ത നടി സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. സിൽക്ക് സ്മിത- ക്വീൻ ഓഫ് സൗത്ത് എന്ന് പേരിട്ടിരിക്കുന്ന ബയോപിക് അടുത്ത വർഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിൽക്ക് സ്മിതയുടെ ജന്മദിനത്തിനാണ് വീഡിയോ പുറത്തുവിട്ടത്. എസ്ടിആർഐ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്കായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. സിൽക്ക് സ്മിത അഭിനയിച്ച് 1984ൽ പുറത്തിറങ്ങിയ വാഴ്കൈ എന്ന ചിത്രത്തിലെ മെല്ല മെല്ല എന്ന ​ഗാനത്തോടെയുള്ള ​ഗ്ലിംപ്സ് വീഡിയോയാണ് ഇന്ന് പുറത്തുവിട്ടത്. ആന്ധ്രപ്രദേശിലെ ഏളൂരിൽ ജനിച്ച വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ ​ഗാനരം​ഗങ്ങളിലൂടെയാണ് സിനിമ ജീവിതത്തിന് തുടക്കമിട്ടത്. 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതോടെ സിൽക്ക് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. 1980 - 90 കാലഘട്ടത്തിൽ സിൽക്ക് സ്മിത സിനിമകളിൽ നിറഞ്ഞുനിന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഇണയെത്തേടിയാണ് ആദ്യമലയാള ചിത്രം. അഥർവത്തിൽ മമ്മൂട്ടിക്കൊപ്പം നായികാതുല്യമായ വേഷം ചെയ്തു. 1996 സെപ്തംബർ 22നാണ് സിൽക്ക് സ്മിതയെ ചെന്നൈയിലെ അപ്പാർട്മെന്റിൽ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. 2011ൽ വിദ്യാ ബാലൻ അഭിനയിച്ച് പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. 2023ൽ പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന തമിഴ് ചിത്രത്തിൽ വിഷ്ണു പ്രിയാ ഗാന്ധിയും സിൽക്ക് സ്മിതയെ അവതരിപ്പിച്ചിരുന്നു. Read on deshabhimani.com

Related News