മരണത്തെക്കുറിച്ചൊരു സുന്ദരകാവ്യം
പനാജി > രാജ്യാന്തര പ്രശസ്‌തനായ സ്‌പാനിഷ് ചലച്ചിത്ര ഇതിഹാസം പെദ്രോ അൽമൊദോവാർ ഒരുക്കിയ ആദ്യ ഇംഗ്ലീഷ് ചിത്രം ‘ദ റൂം നെക്‌സ്റ്റ് ഡോർ' ഗോവ ചലച്ചിത്ര മേളയിലെ ഈടുവയ്‌പ്പായി. അമേരിക്കൻ എഴുത്തുകാരി സിഗ്രിഡ് നൂനസിന്റെ ‘വാട്ട് ആർ യൂ ഗോയിങ് ത്രൂ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഒരു മാസികയിൽ സഹപ്രവർത്തകരായിരുന്ന മാർത്തയും ഇൻഗ്രിഡും വർഷങ്ങൾക്കുശേഷം ഒരാശുപത്രിയിൽ കണ്ടുമുട്ടുന്നു. അർബുദബാധിതയായ മാർത്തയുടെ ആഗ്രഹം ശാന്തമായൊരു ഗ്രാമത്തിൽവച്ച് സ്വയം ദയാവധം നടത്തണമെന്നതാണ്. അടുത്ത മുറിയിൽ ഇൻഗ്രിഡിനെ താമസിപ്പിച്ച് അവളത് ചെയ്യുന്നു. സംഭാഷണത്തിന്റെ ധാരാളിത്തമുണ്ടെങ്കിലും നിറങ്ങളുടെ സവിശേഷ ഉപയോഗവും സ്വപ്‌നതുല്യമായ പരിചരണവുംകൊണ്ട് വ്യത്യസ്‌തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു വെനീസ് മേളയിൽ മികച്ചചിത്രത്തിനുള്ള ഗോൾഡൻ ലയൺ നേടിയ ഈ ചിത്രം. ലൈംഗികാതിക്രമത്തിനിരയായ സ്‌ത്രീകളുടെ പോരാട്ടം പ്രമേയമാകുന്ന നിരവധി ചിത്രങ്ങൾ ലോകസിനിമ വിഭാഗത്തിലുണ്ട്. വിവാഹത്തിനായി കൊസോവോയിലേക്ക് പോകവെ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ കഥയാണ് ബെൽക്കീസ് ബയ്രാകിന്റെ ‘ഗുലിസർ’. നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ സംവിധായിക ഷിയോറി ഇത്തോ സ്വന്തം അനുഭവമാണ് ‘ബ്ലാക്ക് ബോക്‌സ് ഡയറീസ്’ എന്ന ജപ്പാൻ സിനിമയിൽ വിവരിക്കുന്നത്. 1970കളിൽ കലാവിഷ്‌കാരത്തിന് വിലക്കേർപ്പെടുത്തിയ സൗദി അറേബ്യയിൽ ചിത്രകാരി നടത്തുന്ന പോരാട്ടമാണ് തൽഫിക് അൽ സെയ്ദിയുടെ ‘നോറ’യിലുള്ളത്. സോഫിയ ബോഷിന്റെ ജർമൻ ചിത്രം ‘മിൽക് ടീത്ത്’, ജോഷ്വ ഓപ്പൻഹെയ്‌മറിന്റെ ഡെൻമാർക്ക് ചിത്രം ‘ദ എൻഡ്’ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ചിദംബരം സംവിധാനം ചെയ്‌ത ‘മഞ്ഞുമ്മൽ ബോയ്സി’ന് മേളയിൽ നല്ല സ്വീകരണം ലഭിച്ചു. Read on deshabhimani.com