കരുക്കൾ നിരത്തിയ ലോക സിനിമകൾ



രണ്ട് നിറത്തിലുള്ള കരുക്കളുടെ മുന്നിലിരുന്ന് ചടുലമായ നീക്കങ്ങളോടെ രണ്ട് വ്യക്തികൾ പങ്കാളികളാകുന്ന വിനോദമാണ് ചെസ്. ചിലപ്പോഴത് ജീവിതത്തെക്കാൾ ഗൗരവമേറിയതാവുന്നു. വർ​ഗത്തിന്റെയോ വർണത്തിന്റെയോ അതിരുകളില്ലാത്ത കളിയെന്ന നിലയിലാണ് യുനെസ്കോ അന്താരാഷ്ട്ര ചെസ് ദിനം ആഘോഷിക്കുന്നത്. ലോക ചെസ് ഫെഡറേഷൻ രൂപം കൊണ്ടിട്ട് 100 വർഷമാകുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ചെസ് ദിനത്തിനുണ്ട്. സങ്കീർണമായ നീക്കങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും കരുക്കൾ വെട്ടിനിരത്തി മുന്നോട്ടുപോകുന്ന ചെസ് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗത്തിന്റെ രൂപഭേദമാണെന്ന ഭാഷ്യവുമുണ്ട്. കാലാൾ, കുതിര, ആന, തേര്, മന്ത്രി, റാണി, രാജാവ് എന്നിങ്ങനെയാണ് ചെസ് കളിയിലെ കരുക്കളുടെ പേര്. ഓരോ കരുവും നീക്കുന്നതിന് അവയുടേതായ സവിശേഷ രീതിയുണ്ട്. എതിർ കളിക്കാരന്റെ രാജാവിനെ ചെക്ക്‌മേ‌റ്റ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കളി പുരോ​ഗമിക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജനപ്രിയവിനോദങ്ങളിലൊന്നായി പരക്കെ അം​ഗീകരിക്കപ്പെടുന്ന ചെസ്സിനെ ചിത്രീകരിച്ച ധാരാളം സിനിമകളും സീരീസുകളും ഡോക്യുമെന്ററികളുമുണ്ട്. മറ്റു കളികളെ അപേക്ഷിച്ച് കുറച്ചുകൂടി സങ്കീർണമാണ് ചെസ്. അതിനാൽത്തന്നെ മറ്റ് കായികവിനോദങ്ങളെ ചിത്രീകരിക്കുന്നതിലേക്കാളേറെ ശ്രദ്ധയും സൂക്ഷ്മതയും ചെസ് പ്രമേയമാക്കുമ്പോൾ ആവശ്യമാണ്.   ചതുരംഗപ്പലകയിൽ പയറ്റിയ ചതിയുടെ കഥ പുരാണങ്ങളിൽ നിന്നു തുടങ്ങുന്നു. ഇന്നും രൂപഭാവ ഭേദങ്ങളിലൂടെ ചെസ് കലാ ആഖ്യാനങ്ങളിൽ കടന്നു വരുന്നു. അവസാനമായി മലയാള സിനിമയിൽ ചെസ് കടന്നു വരുന്നത് ഭ്രമയുഗത്തിലാണ്. സ്വന്തം സമയത്തെ അടിയറ വെച്ച് അടിമത്വത്തിന്റെ ഭ്രമയുഗത്തിൽ അകപ്പെട്ടു പോകുന്ന മനുഷ്യാവസ്ഥ. ലോക സിനിമയെ ചെസ് എന്നും കൊണ്ടുനടക്കുന്നുണ്ട്. ഹോളിവുഡിലാണ് ചെസ് പ്രമേയമായി കൂടുതലും ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുള്ളത്. മിക്ക ചിത്രങ്ങളും ചെസ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടവയുമാണ്. ​ദ് കില്ലിങ്,  യങ്ങ് വിക്ടോറിയ, വാർ​ ഗെയിംസ് എന്നിവയൊക്കെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ചില ചിത്രങ്ങളൊക്കെ പ്രശസ്തരായ ചെസ് കളിക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളവയുമാണ്. ചെസ്സുമായി പുലബന്ധം പോലുമില്ലെങ്കിലും ചെസ് എന്ന പേരുള്ള ചിത്രങ്ങളും ധാരളമുണ്ട്. സത്യജിത്ത് റേ സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ദ ചെസ് പ്ലേയേഴ്സ് അഥവാ ശത് രഞ്ജ് കെ ഖിലാഡിയാണ് ചെസ് പ്രമേയമായി പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ പ്രധാനം. മുൻഷി പ്രേംചന്ദിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ബ്രിട്ടീഷ് സൈന്യം രാജ്യം ആക്രമിക്കുമ്പോള്‍ പോലും ഭരണത്തില്‍ ശ്രദ്ധിക്കാതെ ചെസ്സില്‍ മുഴുകുന്ന അവധിലെ രണ്ട് ഭരണാധികാരികളുടെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജീവ് കുമാര്‍, ശബാന ആസ്മി, സയീദ് ജഫ്രി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. പിന്നീട് പല സിനിമകളിലും ചെസ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ചെസ് എന്ന കായികവിനോദത്തിൽ ഊന്നി പുറത്തിറങ്ങിയ ചിത്രങ്ങൾ വിരളമാണ്. രണ്ട് മനുഷ്യർ തമ്മിലുള്ള കായികവിനോദമായതിനാൽ പല സിനിമകളിലും നായകന്റെയും വില്ലന്റെയും മത്സരത്തെ ചിത്രീകരിക്കാനായി ചെസ്സിനെ ഉപയോ​ഗിക്കുന്നതും കാണാം. എന്നാൽ ചെസ് എന്ന മാന്ത്രികക്കളിയെ, അതിന്റെ മാനസികമായ തലങ്ങൾ കൂടി ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന ചിത്രങ്ങൾ കൂടുതലായും ഉണ്ടായിട്ടുള്ളത് ഹോളിവുഡിലാണെന്നു പറയാം. ചില ചിത്രങ്ങൾ. 1. സെർച്ചിങ് ഫോർ ബോബി ഫിഷർ (Searching for Bobby Fischer- 1993) ഫ്രെഡ് വെയ്റ്റ്സ്‌കിന്റെ സെർച്ചിങ് ഫോർ ബോബി ഫിഷർ എന്ന നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സൈലിയൻ സംവിധാനം ചെയ്ത ചിത്രമാണ് സെർച്ചിങ് ഫോർ ബോബി ഫിഷർ. ഫ്രെഡ് വെയ്റ്റ്സ്‌കിന്റെ മകനും അമേരിക്കൻ ചെസ് പ്ലെയറുമായിരുന്ന ജോഷ്വ വെയ്റ്റ്‌സ്‌കിന്റെ ജീവിതമാണ് ഇതിവൃത്തം. ഡോ മണ്ടെ​ഗ്ന, ബെൻ കിങ്സ്ലി, ജോവാൻ അലെൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2. ബോബി ഫിഷർ എഗെയ്ൻസ്റ്റ് ദി വേൾഡ് (Bobby Fischer Against the World- 2011) ഗ്രാൻഡ് മാസ്റ്റർ റോബർട്ട് ജെയിംസ് ബോബി ഫിഷറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ചിത്രമാണ് ബോബി ഫിഷർ എഗെയ്ൻസ്റ്റ് ദി വേൾഡ്. ലിസ് ഗാർബസാണ് സംവിധാനം. 2008ൽ അന്തരിച്ച ഇതിഹാസ താരത്തിന്റെ ഇന്റർവ്യൂകളും മത്സരത്തിൽ നിന്നുള്ള രംഗങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഷറിന്റെ ഐതിഹാസിക വിജയം നടന്ന 1972ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള രം​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലാറി ഇവാൻസ്, സൂസൻ പോൾ​ഗാർ, ​ഗാരി കാസ്പറോവ് തുടങ്ങിയവരുടെ അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്. 3. ക്വീൻ ഓഫ്  കറ്റ്‌വെ ( Queen of Katwe- 2016) വില്യം വീലർ എഴുതി മിരാ നായർ സംവിധാനം ചെയ്‌ത അമേരിക്കൻ സ്‌പോർട്‌സ് ഡ്രാമയാണ് ക്വീൻ ഓഫ് കറ്റ്‌വെ. ഉ​ഗാണ്ടൻ ചെസ് പ്ലേയറായ ഫിയോണ മുതേസിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണിത്. ഡേവിഡ് ഒയെൽവോ, ലുപിറ്റ ന്യോങ്കോ, മദീന നൽവാംഗ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ടിം ക്രോതേഴ്‌സിന്റെ പുസ്‌തകത്തെയും ഇഎസ്പിഎൻ മാഗസിനിൽ വന്ന ലേഖനത്തെയും ആധാരമാക്കിയ ചിത്രം നിർമിച്ചത് വാൾട്ട് ഡിസ്നി പിക്ചേഴ്‌സും ഇഎസ്പിഎൻ ഫിലിംസും ചേർന്നാണ്. 2016-ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്യൂൻ ഓഫ് കറ്റ്‌വെ പ്രദർശിപ്പിച്ചിരുന്നു. 4. ഫ്രെഷ് (Fresh- 1994) 1994-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് ഫ്രെഷ്. ബോസ് യാക്കിൻ സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത് റാൻഡി ഓസ്ട്രോയും ലോറൻസ് ബെൻഡറും ചേർന്നാണ്. ചെസിനൊപ്പം ക്രൈമും ചിത്രത്തിൻ്റെ പ്രമേയമാണ്. ഗുണ്ടാസംഘങ്ങൾക്കായി മയക്കുമരുന്ന് വിൽക്കുന്ന ഫ്രെഷ് എന്ന് വിളിപ്പേരുള്ള മൈക്കൽ ചെസ്സ് മാസ്റ്ററായ പിതാവിൻ്റെ ചെസ്സ് പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്നെയും മയക്കുമരുന്നിന് അടിമയായ സഹോദരിയെയും രക്ഷപെടുത്താൻ പദ്ധതി തയാറാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 5. പോൺ സാക്രിഫൈസ് (Pawn Sacrifice- 2014) ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും 11-ാം ലോക ചാമ്പ്യനുമായ ബോബി ഫിഷറിനെക്കുറിച്ചുള്ള 2014 ലെ അമേരിക്കൻ ജീവചരിത്ര മനഃശാസ്ത്ര ഡ്രാമയാണ് പോൺ സാക്രിഫൈസ്. ടോബി മ​ഗ്വയറാണ് ബോബി ഫിഷറായി വേഷമിട്ടത്. എഡ്വേർഡ് സ്വിക്ക് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ രചന സ്റ്റീവൻ നൈറ്റ് ആണ്. ഫിഷറിന്റെ ആദ്യകാല ജീവിതവും ഉയർച്ചയും അദ്ദേഹത്തിന്റെ മാനസിക സമ്മർദ്ദങ്ങളുമെല്ലാം വ്യക്തമാക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.  6. ദ ഡാർക്ക് ഹോഴ്‌സ് (The Dark Horse- 2014) ജെയിംസ് നേപ്പിയർ റോബർട്ട്‌സൺ എഴുതി സംവിധാനം ചെയ്‌ത് ക്ലിഫ് കർട്ടിസും ജെയിംസ് റോൾസ്റ്റണും അഭിനയിച്ച ന്യൂസിലൻഡ് ഡ്രാമയാണ് ദി ഡാർക്ക് ഹോഴ്‌സ്. ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി അവാർഡുകൾ നേടിയ ചിത്രമാണിത്. ന്യൂസിലൻഡ് ചെസ് പ്ലേയറായ ജെനെസിസ് പോട്ടിനിയുടെ ജീവിതമാണ് ചിത്രത്തിനാസ്പദം. 7. ബ്രൂക്ക്‌ലിൻ കാസിൽ (Brooklyn Castle - 2012) ബ്രൂക്ക്‌ലിനിലെ ഇൻർമീഡിയറ്റ് സ്‌കൂൾ 318നെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ചിത്രം. സ്‌കൂളിലെ ജൂനിയർ ഹൈസ്‌കൂൾ ചെസ് ടീമിനെയും അധ്യാപകരെയും വിഷയമാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. 8. മാ​ഗ്നസ് (Magnus- 2016) നോർവീജിയൻ ചെസ് പ്രതിഭയായ മാഗ്നസ് കാൾസന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് മാ​ഗ്നസ്. ബെഞ്ചമിൻ റീയാണ് സംവിധാനം. പതിമൂന്നാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററാവുകയും 2013-ൽ ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത മാ​ഗ്നസ് കാൾസന്റെ ജീവിതമാണ് ഇതിവൃത്തം. കാൾസനൊപ്പം ​ഗാരി കാസ്പറോവ്, വിശ്വനാഥൻ ആനന്ദ് എന്നിവരും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 9. ദ ലുസിൻ ഡിഫൻസ് (The Luzhin Defence- 2000) മാർലിൻ ഗോറിസ് സംവിധാനം ചെയ്‌ത് 2000-ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ദി ലുസിൻ ഡിഫൻസ്. അലക്സാണ്ടർ ഇവാനോവിച്ച് ലുസിൻ എന്ന ചെസ് പ്ലേയറുടെ ജീവിതമാണ് ചിത്രം. വ്ലാദിമിർ നബോക്കോവിന്റെ ദ ഡിഫൻസ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ജോൺ ടർടുറോയും എമിലി വാട്‌സണുമാണ് പ്രധാന വേഷത്തിൽ. 10. നൈറ്റ്സ് ഓഫ് ദ് സൗത്ത് ബ്രോങ്ക്സ് (Knights of the South Bronx- 2005) 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഡ്രാമയാണ് നൈറ്റ്സ് ഓഫ് സൗത്ത് ബ്രോങ്ക്സ്. ജമാൽ ജോസഫും ഡയാന ഹൂസ്റ്റണും ചേർന്ന് രചിച്ച സിനിമ സംവിധാനം ചെയ്‌തത് അലൻ ഹ്യൂസാണ്. ടെഡ് ടാൻസണും കികി പാൽമറുമാണ് പ്രധാന വേഷങ്ങളിൽ. Read on deshabhimani.com

Related News