ഇഷ്‌കിനുശേഷം അനുരാജ്; ടൊവിനോയുടെ "നരിവേട്ട'യ്ക്ക് തുടക്കം
കൊച്ചി > ഇഷ്‌ക് എന്ന ചിത്രത്തിനു ശേഷം ടൊവിനോയെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയ്ക്ക് കൊച്ചിയിൽ തുടക്കമായി. കലൂർ ഐഎംഎ ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ചിത്രം നിർമിക്കുന്ന 'ഇന്ത്യൻ സിനിമ കമ്പനി ' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും നടന്നു. ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പ്രൊഡക്ഷൻ കമ്പനി. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ടൊവിനോയ്ക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചേരന്റെ ആദ്യ മലയാള ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചേരൻ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ടൊവിനോ ഇന്ത്യൻ സിനിമ കമ്പനിയുടെ ലോഞ്ചിങ്ങും നിർവഹിച്ചു. അഭിനേതാക്കളും അണിയറ പ്രവർത്തകരും മറ്റ് ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവായ അബിൻ ജോസഫാണ് ചിത്രത്തിൻ്റെ രചന. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം. സംഗീതം- ജേക്സ് ബിജോയ്. ഛായാഗ്രഹണം- വിജയ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം - ബാവ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷക്കീർ ഹുസൈൻ. പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ. പിആർഒ- വാഴൂർ ജോസ്. Read on deshabhimani.com