അമേരിക്കയിലെ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് പുരസ്കാരം: സൂപ്പർ നാച്ച്വറൽ ത്രില്ലർ അം​ഗീകാരം നേടി വടക്കൻ



വാഷിങ്ടൺ > അമേരിക്കയിലെ  ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി വടക്കൻ. സജീദ് എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന വടക്കൻ എന്ന ഈ സൂപ്പർ നാച്വറൽ ത്രില്ലർ‍ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റിലേക്ക് കേരളത്തിൽ നിന്നൊരു ചിത്രം വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 28നായിരുന്നു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ നടന്നത്. വടക്കൻ, ഹൃദ്യവും മനോഹരവുമായ ചിത്രം. ഛായാഗ്രഹണം ബ്രില്ല്യൻറാണ്. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും!" എന്നാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെൻ ഡാനിയെൽസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാൻറസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫൻറാസ്റ്റിക് പവലിയനിൽ വടക്കൻറെ എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയിൽ ഒരുമിക്കുന്ന 'വടക്കൻ'  ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. പ്രശസ്ത ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഹോളിവുഡിൽ നിന്നുള്ള വെർച്വൽ പ്രൊഡക്ഷൻ എക്സ്പെർട്ട് ഗബ്രിയേൽ സെബാസ്റ്റ്യൻ റയീസ് തുടങ്ങിയവർ കാനിൽ ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ചിരുന്നു. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'വടക്കൻ' എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം. യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‍ഫോമായ 101India.com-ന് പിന്നിലെ സർഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴിൽ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനിൽക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്. നേരത്തെ, കൊച്ചിയിൽ നടന്ന എൻഎഫ്ടി എക്സിബിഷൻ മിഥ്സ് ആൻഡ് മീമ്സ് പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്സിൽ ആദ്യത്തേതായാണ് 'വടക്കൻ' എത്തുന്നത്. Read on deshabhimani.com

Related News