സിനിമയ്‌ക്ക്‌ ട്രെയിലർ പോലെയാണ്‌ ഒരു പാട്ടിന്‌ 30 സെക്കൻഡ്‌ ഹുക്ക്‌: വിനായക് ശശികുമാർ അഭിമുഖം



‘ഇല്ലുമിനാറ്റി’ ഏറ്റു പാടാത്ത ഏത്‌ മലയാളിയാണുള്ളത്‌. ഗപ്പിയിലേയും മായാനാദിയിലേയും അമ്പിളിയിലേയും രോമാഞ്ചത്തിലേയും പാട്ടുകൾ ടോപ്‌ ചാർട്ടിലാണ്‌ ഇടം പിടിച്ചത്‌. ‘കർത്താവിന്‌ സ്‌തുതി’ വരെയെത്തി നിൽക്കുന്ന തന്റെ ജൈത്രയാത്രയെക്കുറിച്ച് വിനായക്‌ ശശികുമാർ അക്ഷയ് കെ പിയുമായി സംസാരിക്കുന്നു.       ‘കർത്താവിന്‌ സ്‌തുതി’ സിനിമ റിലീസ്‌ ചെയ്യുന്നതിന്‌ മുൻപേ യു ട്യൂബിൽ റിലീസ്‌ ചെയ്യാൻ ഒരു പ്രൊമോ സോങ്ങ്‌ വേണമെന്ന ആവശ്യത്തിലൂടെയാണ്‌  'കർത്താവിന്‌ സ്‌തുതി' ജനിക്കുന്നത്‌. പാട്ടിന്റെ വരികൾ സിനിമയുടെ പശ്ചാത്തലവുമായി ചേർന്നു നിൽക്കണമെന്നും എന്നാൽ കഥ വെളിപ്പെടരുതെന്നും പറഞ്ഞിരുന്നു. അപ്പോഴും പാട്ടിന്റെ സാഹചര്യം ഏത്‌ രീതിയിലായിരക്കണമെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഒരു അൺ യൂഷ്വൽ ലൗ സോങ്ങ്‌ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. സിനിമയുടെ പ്രൊമോഷൻ ആവശ്യങ്ങൾക്ക്‌ റിലീസ്‌ ചെയ്തതാണെങ്കിലും സിനിമ കണ്ടു കഴിഞ്ഞവർക്കായിരിക്കാം ‘കർത്താവിന്‌ സ്‌തുതി’യിലെ വരികളെക്കുറിച്ച്‌ കൂടുതൽ വ്യക്തത ലഭിക്കുക എന്ന ഘടകം കൂടി ഇവിടെയുണ്ട്‌.    വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല 'കർത്താവിന്‌ സ്‌തുതി' എന്ന്‌ എഴുതിയതു കൊണ്ട്‌ പാട്ടിനെ ചുറ്റിപ്പറ്റി ഇങ്ങനെ ചില വിവാദങ്ങൾ ഉണ്ടാകുമെന്ന കാര്യം പ്രതീക്ഷിച്ചതേയില്ല. സ്‌തുതി നേരുന്നത്‌ ഒരു പോസിറ്റീവായ കാര്യമാണെന്ന്‌ മാത്രമേ കരുതിയിരുന്നുള്ളൂ. വീഡിയോയിൽ അവരുപയോഗിക്കുന്ന വസ്‌ത്രങ്ങൾ കാരണമായിരിക്കാം ചിലർക്ക്‌ ഈ ഗാനം സാത്താൻ സേവയെ പ്രോത്സാഹിപ്പിക്കുന്നു എന്ന്‌ തോന്നിയിട്ടുണ്ടാവുക. അപ്പോഴും സിനിമ പുറത്തിറങ്ങുന്നതിന്‌ മുന്നേ എങ്ങനെയാണ്‌ ഇത്‌ തീരുമാനിക്കുന്നത്‌ എന്നൊരു ചോദ്യമുണ്ട്‌. വസ്‌ത്രങ്ങളാണ്‌ പ്രശ്‌നമെങ്കിലും അത്‌ പോസിറ്റീവായല്ലേ എടുക്കേണ്ടത്‌, എല്ലാവരെ കൊണ്ടും ദൈവത്തിന്‌ സ്‌തുതി പറയിക്കുകയല്ലേ അവിടെ ചെയ്തത്‌. തോളത്തൊരു കൊമ്പുണ്ടെങ്കിൽ അത്‌ സാത്താന്റെ വസ്‌ത്രം ആവുകയുമില്ല. എന്തായാലും വരികളിലെഴുതിയിരിക്കുന്നത്‌ സ്‌തുതിയാണ്‌, അത്‌ ആത്മാർത്ഥമായി കർത്താവിന്‌ തന്നെയാണ്‌ എഴുതിയിരിക്കുന്നതും. പിന്നെ ഇതിന്‌ മുന്നേയും ഞാനെഴുതിയ പാട്ടുകളെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള പാട്ടാണ്‌ അതെന്നായിരുന്നു ആരോപണം. എന്നാൽ അങ്ങനൊയൊന്നും ഉദ്ദേശിച്ചിട്ടേയില്ല. രംഗണ്ണൻ എന്ന കഥാപാത്രത്തിന്റെ ആരാധകർ പാടുന്ന പാട്ടാണത്‌. അപ്പോ സ്വാഭാവികമായും അങ്ങനെ എഴുതുന്നതാണ്‌. പിന്നെ ആവേശത്തിലെ ഒട്ടുമിക്ക പാട്ടുകളും തമാശയൊക്കെ കലർത്തി അതിഭാവുകത്വത്തിന്റെ ഏറ്റവും ഉന്നതിയിൽ നിന്നു കൊണ്ട്‌ എഴുതിയതാണ്‌. പ്രൊമോ ഗാനങ്ങൾ, റീലുകൾ, സോഷ്യൽ മീഡിയ സിനിമയുടെ വാണിജ്യ താത്‌പര്യങ്ങൾക്ക്‌ വേണ്ടിത്തന്നെയാണ്‌ പ്രൊമോ സോങ്ങ്‌ പുറത്തിറക്കുന്നത്‌. ജനങ്ങളെ സിനിമയെക്കുറിച്ച്‌ അറിയിക്കുക എന്നതാണ്‌ മാനദണ്ഡവും. പിന്നെ റീലുകളുടേയും ഷോർട്‌സിന്റേയുമൊക്കെ കാലഘട്ടമാണല്ലോ ഇത്‌. അതുകൊണ്ട്‌ പുറത്തിറക്കുന്നത്‌ മൂന്ന്‌ മിനുട്ട്‌ പാട്ടാണെങ്കിലും അതിലെ ഏതെങ്കിലുമൊരു ഭാഗം റീലുകൾക്കായി സെറ്റ്‌ ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്‌. ഈ റീലുകളിൽ നിന്നാണ്‌ പലപ്പോഴും ആളുകൾ ആ പാട്ട്‌ കേട്ടു നോക്കാം എന്ന തീരുമാനത്തിലെത്തുന്നതും. എന്ത്‌ കണ്ടന്റുകൾ പുറത്തിറങ്ങിയാലും അതിന്റെ പ്രചരണത്തിനായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ റീലുകളെയാണ്‌. പുതിയ പാട്ടുകളെ മാത്രമല്ല പണ്ട്‌ ഹിറ്റാകാതെ പോയ പല പാട്ടുകളെയും ഹിറ്റാക്കുന്ന ശീലം കൂടിയുണ്ട്‌ റീലുകൾക്ക്‌. പരസ്യം തന്നെയാണ്‌ ഈ റീലുകളും സോഷ്യൽ മീഡിയയും എന്നും പറയാം.   ആദരാഞ്ജലി നേരട്ടെ, കർത്താവിന്‌ സ്‌തുതി, ഇല്ലുമിനാറ്റി: ‘ഹുക്കിങ്ങ്‌ ലൈനുകൾ’ ഒരു സിനിമയ്‌ക്ക്‌ ട്രെയിലർ ചെയ്യുന്നതു പോലെയാണ്‌ ഒരു മൂന്ന്‌ മിനുട്ട്‌ പാട്ടിന്‌ 30 സെക്കൻഡ്‌ ഹുക്ക്‌ വരുന്നത്‌. പണ്ടൊക്കെ ഒരു മൂന്ന്‌ മിനുട്ട്‌ പാട്ടിറങ്ങിയാൽ അത്‌ മുഴവനിരുന്ന്‌ എല്ലാവരും കേൾക്കുമായിരുന്നു. എന്നാലിന്ന്‌ നിരവിധി വീഡിയോ-ഓഡിയോ കണ്ടന്റുകൾ ദിനംപ്രതി പുറത്തിറങ്ങുന്നതു കൊണ്ട്‌ അതിനാരും അത്രയും സമയം ചിലവഴിക്കണമെന്നില്ല.  അപ്പോഴാണ്‌ നേരത്തെ പറഞ്ഞ 30 സെക്കൻഡ്‌ ദൈർഘ്യമുള്ള റീലുകളുടെ പ്രസക്‌തി. മലയാളത്തിൽ മാത്രമല്ല ഒട്ടുമിക്ക ഭാഷകളിലേയും പാട്ടുകളിൽ ഇപ്പോൾ ഇത്തരത്തിലുള്ള ഹുക്ക്‌ ലൈനുകൾ കാണാൻ സാധിക്കും. ഹിന്ദയിലെ അതിന്റെ ഉദാഹരണമാണ്‌ വിക്കി കൗശൽ അഭിനയിച്ച ‘തോബാ, തോബാ’യും ‘പാഉം കി ജുത്തി’യുമൊക്കെ. ഇല്ലുമിനാറ്റിയും, നൻ മകനും, ഏയ്‌ ബനാനെയും എനിക്ക്‌ വരുന്ന സിനിമയ്‌ക്ക്‌ ആവശ്യമായ രീതിയിലാണ്‌ ഞാൻ പാട്ടെഴുതുന്നതും അതിന്‌ വേണ്ടുന്ന വാക്കുകൾ തെരഞ്ഞെടുക്കുന്നതും. സിനിമയിൽ മലയാളമല്ലാത്ത മറ്റ്‌ വാക്കുകൾ വരുന്നതും കഥാ പശ്ചാത്തലം ആവശ്യപ്പെടുന്നത്‌ കൊണ്ടാണ്‌. ആവേശം പോലൊരു സിനിമ ആയതുകൊണ്ടാണ്‌ അതിലെ പാട്ടുകളിൽ ഇല്ലുമിനാറ്റിയും നന്മകനുമെല്ലാം വരുന്നത്‌. രംഗണ്ണനെയും സിനിമയിലെ ബാക്കി കഥാപാത്രങ്ങളെയുമൊക്കെ കാണുമ്പോൾ സ്വാഭാവികമായി എഴുതുന്ന വരികളാണിത്‌. ഒരിക്കലും മനഃപൂർവം എന്തെങ്കിലും ബ്രേക്ക്‌ ചെയ്യണമെന്ന്‌ കരുതിയല്ല അങ്ങനെയെഴുതുന്നതും. പക്ഷേ കാലങ്ങളായി പാട്ടുകളിലെ വരികൾ ഒരേ തരത്തിൽ മാറ്റമില്ലാതെ തുടർന്നത്‌ മലയാള സിനിമയിലാണെന്ന്‌ തോന്നിയിട്ടുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വർഷത്തിന്‌ മുന്നേയുള്ള കാര്യമാണ്‌ ഞാൻ പറഞ്ഞത്‌. സിനിമയിലേക്ക്‌ എത്തുന്നതിന്‌ മുൻപ്‌ തന്നെ മലയാളത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലിറിക്‌സ് ആവർത്തിക്കുന്നതായി തോന്നിയിരുന്നു. അപ്പോൾ മാറ്റത്തിനുള്ള സ്പേസ്‌ ഇവിടെയുണ്ടല്ലോ എന്ന്‌ മനസിലാക്കുകയും ചെയ്തിരുന്നു. പിന്നീട്‌ രോമാഞ്ചവും, ഭീഷ്‌മപർവവും, ജയ ജയ ജയ ഹേയും, വാഴയും പോലുള്ള വഴി മാറി നടക്കുന്ന സിനിമകൾ വരുമ്പോൾ പാട്ടെഴുത്തുകാർക്കും വഴി മാറി നടക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നു.   പിന്നെ പഴയ കാലത്തേത്‌ പോലുള്ള സിനിമാഗാനങ്ങളെ പോലെയല്ല ഇപ്പോഴുള്ളത്‌ എന്ന്‌ ചിലർ പറയാറുണ്ട്‌. അതിന്റെ കാരണം ഈ രണ്ട്‌ കാലത്തെ സിനിമകളും തമ്മിലുള്ള വ്യത്യാസമാണ്‌. രണ്ട്‌ കാലഘട്ടങ്ങളിലെയും സിനിമകളുടെ കഥപറച്ചിലിൽ മാറ്റമുണ്ടായിട്ടുണ്ട്‌. അപ്പോൾ സ്വാഭാവികമായും സംഗീത സംവിധായകൻ മ്യൂസിക്കിൽ മാറ്റം വരുത്തും. പിന്നാലെ എന്നെ പോലുള്ളവർ വരികളിലും മാറ്റം വരുത്തും. ഇതൊക്കെ ഒരു ചെയിൻ റിയാക്‌ഷൻ പോലെയാണല്ലോ. പഴയ ശൈലിയിലുള്ള കഥ പറച്ചിലുമായി ഒരു സിനിമ വന്നാൽ തീർച്ചയായും അതിലെ പാട്ടുകളും ആ ശൈലിയിലുള്ളതാവും. പഴയതു പോലെ കഥാപാത്രങ്ങൾ ലിപ്‌ സിങ്ക്‌ ചെയ്യുന്ന പാട്ടുകളൊന്നും ഇപ്പോഴില്ല, എല്ലാം സിനിമയുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പാട്ടുകളാണ്‌. അത്തരം ഘട്ടങ്ങളിൽ കഥാപരിസരത്തോട്‌ ചേരുന്ന ട്യൂണുകൾ ആദ്യമുണ്ടാവുകയും അതിനു ശേഷം വരികളെഴുതുകയും ചെയ്യുന്നു. മ്യൂസിക്കൽ കൾച്ചർ സിനിമ മ്യൂസിക്കൽ ആവുക എന്നുള്ളത്‌ നമ്മുടെ കൾച്ചറിന്റെ ഭാഗമാണ്‌. അതുകൊണ്ടാണ്‌ മറ്റ്‌ രാജ്യങ്ങളിലെ സിനിമകളേക്കാൾ ഗാനങ്ങൾ ഇന്ത്യൻ സിനിമയിലുള്ളതും. ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച കർണാട്ടിക്‌ സംഗീതത്തിന്റെയും ഉത്തരേന്ത്യയിൽ ഉത്ഭവിച്ച ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും സ്വാധീനമൊക്കെ അതിൽ പ്രകടമാണ്‌. അതോടൊപ്പം നാടകങ്ങളിൽ നിന്നു വരുന്ന കൾച്ചർ കൂടി ഇതിലുൾപ്പെടും. ആദ്യ കാല സിനിമകളും അതിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ചവരുമെല്ലാം നടകത്തിൽ നിന്ന്‌ വന്നവരാണ്‌. നാടകങ്ങളിലും ഇടയ്‌ക്ക്‌ പാട്ടുകൾ വന്ന്‌ പോവാറുണ്ടല്ലോ. പിന്നെ ഇന്ത്യക്കാർക്ക്‌ ഇതൊക്കെ ഇഷ്ടവുമാണ്‌. അതുകൊണ്ട്‌ അവരത്‌ സ്വീകരിക്കുകയും ചെയ്യുന്നു. അപ്പോഴും മലയാള സിനിമ ഇതിൽ നിന്നു മാറി നടന്നു തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ പത്തു പതിനഞ്ച്‌ വർഷങ്ങളിൽ പ്രത്യേകിച്ച്‌. അത്‌ ഇവിടുത്തെ കാണികളും, അണിയറയിൽ ഉള്ളവരുമെല്ലാം ഇന്റർനാഷണൽ ഓഡിയൻസായി മാറിയതു കൊണ്ട്‌ കൂടിയാണ്‌. മലയാളികൾ എല്ലാ ഭാഷകളിലേയും സിനിമകൾ കാണുന്നവരാണല്ലോ. ഇൻഡിപെൻഡന്റ്‌ മ്യൂസിക്കാണ്‌ ട്രെൻഡ്‌ ഇൻഡിപെൻഡന്റ്‌ മ്യൂസിക്കുകളും, ഹിപ്പ്‌ ഹോപ്പ്‌ കൾച്ചറുമൊക്കെ മലയാളത്തിൽ  നല്ല രീതിയിൽ വളർന്നു വന്ന സമയമാണിത്‌. അതിന്‌ നല്ല സ്വീകാര്യതയുള്ളത്‌ കൊണ്ട്‌ കഴിഞ്ഞ ഒന്ന്‌ ഒന്നര വർഷമായി സിനിമയിലും ഇത്തരത്തിലുള്ള റാപുകളും ഹിപ്‌ ഹോപുകളും ഉണ്ടാകുന്നു. നല്ല പ്രതികരണങ്ങളാണ്‌ അതിന്‌ വരുന്നതും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ആവേശം. ആവേശത്തിൽ എട്ട്‌ പാട്ടുകളുണ്ട്‌. ഇവയെല്ലാം കൊമേഴ്‌ഷ്യൽ ആണ്‌ താനും. ഈ പാട്ടുകൾ പാടിയവരിൽ ഹനുമാൻകൈൻഡും ഡാബ്‌സിയും എംസി കൂപ്പറുമെല്ലാം ഉൾപ്പെടും. ഇവർ സിനിമയിൽ പാടിയതിൽ ഞാനെഴുതിയ പാട്ടുമുണ്ട്‌. എന്തായാലും ഇൻഡിപെൻഡന്റ്‌ മ്യൂസിക്‌ വളർന്നു വരുന്നത്‌ നല്ലത്‌ തന്നെയാണ്‌. ഒരു മ്യുസീഷൻ ആവണമെങ്കിൽ സിനിമയിൽത്തന്നെ വരണമെന്നില്ലല്ലോ, സിനിമ ഒരു ഓപ്‌ഷൻ മാത്രമാണ്‌. അല്ലെങ്കിൽ നിങ്ങൾക്ക്‌ സ്വന്തമായി മ്യൂസിക് പ്രൊഡ്യൂസ്‌ ചെയ്ത്‌ റിലീസ്‌ ചെയ്യാം. എല്ലാത്തരത്തിലുള്ള പാട്ടുകളും ഇനിയും ഒരുപാട്‌ എഴുതാനുണ്ട്‌. എങ്കിലും എന്റെ കരിയറിൽ തന്നെ ഇതിനോടകം പല തരത്തിലുള്ള പാട്ടുകളും എഴുതാൻ പറ്റിയിട്ടുണ്ട്‌ എന്നാണ്‌ വിശ്വാസം. കോളാമ്പി എന്ന സിനിമയിൽ ഞാനെഴുതിയിരിക്കുന്ന വരികൾ വിനായക്‌ ശശികുമാർ എഴുതിയതായിരിക്കണമെന്ന്‌ എല്ലാവർക്കും മനസിലാവണമെന്നില്ല. ജയ ജയ ഹേയിലെ 'ഇങ്ങാട്ട്‌ നോക്കണ്ടാ'യും, ഇയിലെ 'പ്രണവാകാര'വും, 'ആരാധികേ' പോലുള്ള പാട്ടുകളും എനിക്ക്‌ എഴുതാൻ സാധിച്ചിട്ടുണ്ട്‌. പിന്നെ പാട്ട്‌ എഴുതുമ്പോൾ അതേത്‌ തരത്തിലുള്ളതാണെന്ന്‌ നോക്കാറൊന്നുമില്ല. അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ സാധിച്ചാൽ സന്തോഷമുണ്ടാകാറുണ്ട്‌. ആ പുതുമ ട്യൂണിന്റേതാവാം, വരികളിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടേതാവാം അല്ലെങ്കിൽ പുതുതായിട്ടുള്ള ഏതെങ്കിലും രീതിയുമൊക്കെയാവാം. ഉദാഹരണത്തിന്‌ 'സ്‌തുതി' ഒരു ലൗ സോങ്ങാണെങ്കിലും അതെഴുതിയിരിക്കുന്നത് ലൗ സോങ്ങിലുപയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചാണ്‌. അതിൽ ഭക്തിയോട്‌ ചേർന്നു നിൽക്കുന്ന വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്‌, അഗ്രസീവായ വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്‌. ചിലപ്പോൾ എനിക്ക്‌ തൃപ്‌തി വരുന്നത്‌ വരെ എഴുതിക്കോട്ടേയെന്ന്‌ സംഗീത സംവിധായകരോട്‌ ഞാൻ ചോദിക്കാറുമുണ്ട്‌. സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും വളരെ ഉദാത്തമായ ബന്ധമാണ്‌ സംഗീത സംവിധായകനും ഗാനരചയിതാവും തമ്മിലുള്ളത്‌. ഭൂരിഭാഗം സമയത്തും ഒരു സിനിമയിൽ സംഗീത സംവിധായകൻ എത്തിയതിനു ശേഷമായിരിക്കും ലിറിസിസ്റ്റ്‌ എത്തുക. അതുകൊണ്ടുതന്നെ അവരുണ്ടാക്കുന്ന ട്യൂണിലാണ്‌ നമ്മൾ വർക്ക്‌ ചെയ്യുക. ഒരു സംഭാഷണത്തിന്‌ മറുപടി നൽകുന്നത്‌ പോലെ അല്ലെങ്കിൽ ഒരു പ്രതിപ്രവർത്തനം പോലെയൊക്കെയാണ്‌ അത്‌. അപ്പോൾ സ്വാഭാവികമായും സംഗീത സംവിധായകൻ എന്ത്‌ ചെയ്യുന്നു എന്നുള്ളത്‌ നമ്മുടെ റിസൾട്ടിനെയും ബാധിക്കും. കാരണം ശുന്യതയിൽ നിന്ന്‌ തുടങ്ങുന്നത്‌ അവരാണ്‌. പാട്ടിന്റെ വരികൾ പൂർത്തിയായ ശേഷം ട്യൂൺ മാറ്റാറുമുണ്ട്‌. അത്‌ രണ്ട്‌ പേരും തമ്മിലുള്ള ധാരണയാണ്‌. ഉദാഹരണത്തിന്‌ സുഷിൻ ശ്യാം. 'പറുദീസ' എന്ന പാട്ടിന്‌ ആദ്യം മൂന്നക്ഷരമുള്ള ട്യുണായിരുന്നു ഇട്ടത്‌. പിന്നെ ഞാൻ പറുദീസ എന്നെഴുതിയതിനു ശേഷം ട്യൂൺ നാലക്ഷരമായി മാറ്റുകയായിരുന്നു. പിന്നെ നമ്മൾ പറയുന്നത്‌ അവർക്ക്‌ മനസ്സിലാവുകയും വേണം. അങ്ങനെ സംവിധായകനും സംഗീത സംവിധായകനും ഞാൻ എഴുതിയതിന്‌ ശേഷം മനസിലായ ഒരു വാക്കായിരുന്നു രോമാഞ്ചത്തിലെ 'ആദരാഞ്‌ജലി'. ഞാൻ ആ വരികളെഴുതി ജിത്തുവിനെയും സുഷിനേയും കേൾപ്പിച്ചപ്പോൾത്തന്നെ അവർക്ക്‌ കാര്യം മനസിലാവുകയും അവർ ചിരിക്കുകയും ചെയ്തു. എന്നാൽ എല്ലാവർക്കും ഇത്‌ മനസിലാവണമെന്നുമില്ല. ആദരാഞ്ജലി പോലെ ഗൗരവമുള്ള ഒരു വാക്ക്‌ എന്തിനാണ്‌ അവിടെ എന്ന്‌ അവർ ചിന്തിച്ചേക്കാം. ചില ഘട്ടങ്ങളിൽ നമ്മർ വളരെ കഷ്‌ടപ്പെട്ട്‌ എഴുതിയ വരികൾ സംഗീത സംവിധായകർക്ക്‌ മനസിലാകാതെ വരാറുമുണ്ട്‌. അപ്പോൾ അത്‌ മാറ്റേണ്ടിയും വരും. പിന്നെ സിനിമയിലെ എല്ലാ മേഖലയിലും എല്ലായ്പോഴും നടക്കുന്ന കാര്യമാണ്‌ ഇത്‌. അതുകൊണ്ടുതന്നെ അതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും നമുക്ക്‌ വളരെ സ്‌പ്യെഷൽ ആയി തോന്നിയ ചില പാട്ടുകൾ മാറ്റേണ്ടതായി വന്നപ്പോൾ വിഷമം തോന്നിയിട്ടുണ്ട്‌ എന്നുള്ളതാണ്‌ സത്യം. സുഷിനും ഞാനും ചെയ്തത്‌ തന്നെ ചെയ്യാൻ താത്‌പര്യമില്ലാത്ത, എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന സംഗീത സംവിധായകനാണ്‌ സുഷിൻ. അതുകൊണ്ടുതന്നെ വളരെ എക്‌സൈറ്റ്‌ ചെയ്യുന്ന സിനിമകൾ മാത്രമേ സുഷിൻ എടുക്കാറുമുള്ളൂ. അതുപോലെ തന്നെ ഓരോ പാട്ടും ആരെക്കൊണ്ട്‌ എഴുതിക്കണം എന്നുള്ള ധാരണ സുഷിന്‌ നല്ല രീതിയിലുണ്ട്‌. ഞങ്ങൾ ഒരുമിച്ചു വർക്‌ ചെയ്യുന്ന ഘട്ടത്തിൽ ചിലപ്പോൾ ട്യൂൺ ഇടുന്നതിന്‌ മുൻപേ തന്നെ, അതായത്‌ ഇതിന്റെ ചർച്ചകൾ നടക്കുമ്പോൾത്തന്നെ സുഷിൻ എന്നെ വിളിക്കാറുണ്ട്‌. അങ്ങനെ ട്യൂൺ എനിക്ക്‌ തരാതെ ഞാനെഴുതിയ പാട്ടായിരുന്നു ആവേശത്തിലെ 'ജാഡ'. ആ പാട്ടിൽ ആദ്യം തന്നെ ട്യൂൺ ഇട്ടിരുന്നെങ്കിൽ 'ജാഡ' എന്ന രണ്ടക്ഷരം എനിക്ക്‌ എഴുതാൻ പറ്റില്ലായിരുന്നു. പാട്ടിന്റെ കമ്പോസിങ്‌ ഘട്ടത്തിൽ ഇങ്ങനെ ഒരു വാക്ക്‌ പാട്ടിൽ വേണമെന്ന ചർച്ചയുടെ പുറത്താണ്‌ 'ജാഡ'യുണ്ടായത്‌. പിന്നെ നിലവിലുള്ള ഒട്ടുമിക്ക സംഗീത സംവിധായകരോടൊപ്പവും ഞാൻ വർക്‌ ചെയ്തിട്ടുണ്ട്‌. ഒരോരുത്തരുടെ കൂടെയും വ്യത്യസ്‌തമായ അനുഭവങ്ങളാണ്‌. ഗപ്പി തന്ന കരിയർ ബ്രേക്ക്‌ എനിക്ക്‌ ഒരു കരിയർ ബ്രേക്ക്‌ സമ്മാനിച്ച സിനിമ ഗപ്പിയാണെന്ന്‌ പറയാം. പക്ഷേ സിനിമയും അതിലെ പാട്ടുകളും തീയറ്ററിൽ ഹിറ്റായിരുന്നില്ല. ഡിവിഡി ഇറങ്ങുമ്പോഴായിരുന്നു എല്ലാം വലിയ രീതിയിൽ ചർച്ചയായത്‌. ഗപ്പിയിലെ 'തനിയേ മിഴികളും' 'ഗബ്രിയേലിന്റേയു'മെല്ലാം ഹിറ്റായതോടെയാണ്‌ വിനായക്‌ ശശികുമാർ എന്ന പേര്‌ ആളുകൾ തിരിച്ചറിഞ്ഞ്‌ തുടങ്ങിയത്‌. അതിന്‌ മുന്നേ പുറത്തിങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ പാട്ടുകളിലൂടെയും ചെറിയ രീതിയിൽ എനിക്ക്‌ ശ്രദ്ധ കിട്ടിയിരുന്നു. രാഗങ്ങൾ; അന്നും ഇന്നും ഒരു പാട്ടെഴുതുമ്പോൾ അതിലെ രാഗങ്ങളെ കുറിച്ചൊന്നും അത്രമാത്രം ബോധവാനാവാറില്ല. ഒരു പല്ലവി, രണ്ട്‌ അനുപല്ലവി, ഒരു ചരണം എന്ന ക്രമമുള്ള പഴയ കാലത്തെ പാട്ടുകളിലായിരുന്നു സന്തോഷമാണ്‌ സന്ദർഭമെങ്കിൽ അതുമായി ബന്ധപ്പെട്ട രാഗങ്ങളായിരിക്കണം പാട്ടിലുണ്ടാകേണ്ടത്‌ എന്ന നിർബന്ധമൊക്കെ ഉണ്ടായിരുന്നത്‌. എന്നാൽ അതൊന്നും ഇപ്പോഴില്ല. ചിലപ്പോൾ കമ്പോസ്‌ ചെയ്ത്‌ കഴിഞ്ഞിട്ടായിരിക്കും ഇത്‌ ഏത്‌ രാഗമാണെന്ന്‌ ചിന്തിക്കുന്നത്‌ തന്നെ. എഴുത്തിലേക്ക്‌ വരുമ്പോഴും അങ്ങനെയൊക്കെ തന്നെയാണ്‌. പക്ഷേ അതിൽ നിന്ന്‌ പൂർണമായിട്ടും മാറിയിട്ടുമില്ല, രാഗമാണല്ലോ ഇതിന്റെയെല്ലാം അടിസ്ഥാനം. പിന്നെ ഒരു പാട്ടെഴുത്തുകാരന്‌ വരികൾ എഴുതാൻ അറിയണമെന്നേ ഉള്ളൂ. അതിന്റെ ശാസ്‌ത്രീയ വശങ്ങളൊന്നും അറിഞ്ഞില്ലെങ്കിലും കുഴപ്പൊന്നുമില്ല. രാഗങ്ങളെപ്പറ്റിയും മീറ്ററുകളെക്കുറിച്ചും സാഹിത്യത്തെപ്പറ്റിയും ഭാഷയെക്കുറിച്ചുമെല്ലാം അഗാധമായ അറിവുള്ള ആളുകളൊക്കെ ഇവിടെയുണ്ട്‌. അവരൊന്നും സംഗീത സംവിധായകരോ, എഴുത്തുകാരോ ആവുന്നില്ലല്ലോ. പിന്നെ ഇതൊക്കെ അറിഞ്ഞാൽ നല്ല രീതിയിൽ ഉപകാരപ്പെടുമെന്നേ ഉള്ളൂ. പൊളിറ്റിക്കലി ഇൻകറക്‌ട്‌ കാലഘട്ടം മാറുമ്പോൾ എല്ലാത്തിലും മാറ്റമുണ്ടാകാറുണ്ട്‌. അതുകൊണ്ടുതന്നെ ഒരു കാലത്തെ പാട്ടുകളിൽ പ്രകടമായ സ്‌ത്രീ വിരുദ്ധമായ, പൊളിറ്റിക്കലി ഇൻകറക്‌ട്‌ ആയ പരാമർശങ്ങളൊന്നും ഇപ്പോഴത്തെ പാട്ടുകളിൽ വരാറില്ല. ചിലപ്പോൾ പണ്ടത്തെ കാലത്ത്‌ കുറച്ച്‌ സ്‌ത്രീ വിരുദ്ധത ഇരുന്നോട്ടെ എന്ന്‌ കരുതി ഇതൊന്നും മനഃപൂർവം എഴുതിയതാവണം എന്നില്ല. അന്ന്‌ ശരിയാണെന്ന്‌ കരുതി ആയിരിക്കാം ഇതൊക്കെ എഴുതിയതും. എന്നാൽ ഇന്ന്‌ ശരി മാറി. അത്‌ നമ്മൾ സ്വയം പുതുക്കുന്നതിന്റെ ഭാഗം കൂടിയണ്‌. ഇത്‌ സിനിമകളിലും പാട്ടുകളിലുമൊക്കെ പ്രതിഫലിക്കുകയും ചെയ്യും. ഇല്ലെങ്കിൽ അത്‌ ചൂണ്ടിക്കാണിക്കാൻ ആളുകളുണ്ടാവുകയും ചെയ്യും. ജയ ജയ ഹേയും, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ പോലെയുമുള്ള സിനിമകൾ ഇപ്പോഴാണ്‌ സംഭവിച്ചത്‌. 90കളിലൊന്നും അത്‌ സംഭവിക്കണമെന്നില്ല. ജയ ജയ ഹേയിലെ പാട്ടെഴുതുമ്പോൾ ഞാൻ ആലോചിച്ചുട്ടുണ്ട്‌, ‘ആണല്ല പെണ്ണല്ല, അടിപൊളി വേഷം’ പോലെയുള്ള വരികളുടെ അർത്ഥമെന്തെന്ന്‌. പിന്നെ ‘പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന’ എന്ന പാട്ടിൽ സ്‌ത്രീകളെ വിശേഷിപ്പിക്കുന്നത്‌ ദാസി, മന്ത്രി എന്നൊക്കെയാണ്‌. അന്നത്‌ നല്ല രീതിയിൽ വിശേഷിപ്പിച്ചതാവാം. അദ്ദേഹം മനഃപൂർവം തെറ്റെഴുതിയതായിരിക്കില്ല. പക്ഷേ ഇന്ന്‌ ഭാര്യ എന്ന നിർവചനം പണ്ടത്തേതു പോലെയല്ല, അതാണ്‌ ശരിയും. അതുകൊണ്ടാണ്‌ ജയ ജയ ഹേയിലെ ‘ദാസീ മന്ത്രീ ഭാര്യേ സഹോദരീ, വീടിന്‌ ഐശ്വര്യം നീയേ നീയേ’ എന്നെഴുതുമ്പോൾ അത്‌ സർക്കാസം ആവുന്നത്‌. നമ്മൾ പാട്ടെഴുതുമ്പുഴോ മറ്റേതെങ്കിലും കലാപരമായ കാര്യങ്ങൾ ചെയ്യുമ്പോഴോ ഈ പൊളിറ്റക്കൽ കറക്‌ടനസിനെക്കുറിച്ച്‌ ചിന്തിച്ചാൽ അത്‌ നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിച്ചെന്ന്‌ വരും. അതിന്‌ പകരം ജീവിതത്തിൽ പൊളിറ്റിക്കലി കറക്‌ട്‌ ആവുകയാണ്‌ വേണ്ടത്‌. അപ്പോൾ സ്വാഭാവികമായും നമ്മുടെ എഴുത്തും അങ്ങനെ ആയിക്കോളും. അതായത്‌ ആരെയും വേദനപ്പിക്കാൻ പാടില്ല എന്ന ചിന്തയും ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ ഒന്നും പറയാൻ പാടില്ല എന്നൊക്കെയുള്ള ബോധമുണ്ടല്ലോ അതാണ്‌ ഇവിടെ ആവശ്യം. എന്നാൽപ്പോലും നമ്മുടെ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും സിനിമയിൽ നിന്നുമൊക്കെ ശരിയല്ലാത്ത കാര്യങ്ങൾ കണ്ട്‌ വളർന്നതിന്റെ സ്വാധീനത്തിൽ അറിയാതെ നമുക്ക്‌ തെറ്റ്‌ പറ്റിയെന്ന്‌ വരാം. അപ്പോൾ അത്‌ തെറ്റാണെന്ന്‌ മനസ്സിലാക്കുക, അതാണ്‌ ഇപ്പോഴത്തെ മാറ്റം. പിന്നെ രാഷ്ട്രീയം സംസാരിക്കുന്ന പാട്ടുകളെഴുതുമ്പോൾ എപ്പോഴും സന്തോഷമാണ്‌. ജയ ജയ ജയ ഹേയിലെ പാട്ടൊക്കെ അത്തരത്തിലുള്ളതാണ്‌. പറയണമെന്ന്‌ മനസിലുണ്ടായിരുന്ന കാര്യങ്ങളൊക്കെ അതിലൂടെ പറയാൻ പറ്റി. പാട്ടെഴുത്തിലേക്ക്‌ സർഗാത്‌മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കവിതയും പാട്ടും കഥയുമൊക്കെ എഴുതാറുണ്ടായിരുന്നു. സംഗീതോപകരണങ്ങളിലൊക്കെ കൈ വച്ചിട്ടുമുണ്ട്‌, പശ്ചാത്യ സംഗീതത്തിന്റേയും കർണാടിക്‌ സംഗീതത്തിന്റേയും പ്രാഥമികമായ അറിവും എനിക്കുണ്ട്‌. ഇതൊക്കെ എഴുത്തിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്‌. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പാട്ടെഴുതുന്നത്‌. ഞാൻ തന്നെ കമ്പോസ്‌ ചെയ്‌തൊരു ട്യൂണിന്‌ വേണ്ടിയായിരുന്നു അത്‌. പിന്നീട്‌ അത്‌ തുടരുകയായിരുന്നു. അപ്പോഴും സിനിമയിൽ എത്തിപ്പെടാൻ പറ്റുമോ എന്നൊന്നും അറിയില്ലായിരുന്നു. സിനിമയിൽ പല കാര്യങ്ങളും ചെയ്യണമെന്ന ആഗ്രഹവുമുണ്ട്‌. പാട്ടെഴുതുന്നത്‌ അതിനൊരു വഴി തെളിയിച്ചു എന്ന്‌ മാത്രം. പാട്ടെഴുതാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ 11 വർഷം പൂർത്തിയാവുകയും ചെയ്തു. ഈ കാലയളവിൽ 150ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്‌. കോളേജിൽ ഫസ്‌റ്റ്‌ ഇയർ പഠിക്കുമ്പോഴാണ്‌ ആദ്യ സിനിമ കിട്ടുന്നത്‌. തുടർന്നും പാട്ടുകളെഴുതിക്കൊണ്ടിരുന്നു. പഠിത്തത്തിനു ശേഷം ഒരു വർഷം ജോലി ചെയ്തു. പിന്നെ സിനിമ തന്നെയാണ്‌ എന്റെ വഴി എന്ന്‌ മനസിലായപ്പോൾ ജോലി രാജിവച്ച്‌ കൊച്ചിയിലേക്ക്‌ വരികയായിരുന്നു. ആദ്യ സിനിമയൊക്കെ ഫോൺ വിളിച്ചും മെസേജ്‌ അയച്ചുമൊക്കെ ചാൻസ്‌ ചോദിച്ച്‌ വന്നതു തന്നെയാണ്‌. ആ സമയത്ത്‌ ഒട്ടുമിക്ക സംവിധായകരുടെയടുത്തും ഞാൻ ഫോൺ വിളിച്ച്‌ ചാൻസ്‌ ചോദിച്ചിട്ടുണ്ട്‌. ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം, പി ഭാസ്‌കരൻ ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ പുറത്തു വന്നത്‌ ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം എന്നിവരുടെ പാട്ടുകളാണ്. അതുകൊണ്ടുതന്നെ അവരുടെ എഴുത്ത്‌ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. പി ഭാസ്‌കരൻ മാഷിനേയും ഇഷ്‌ടമാണ്‌. പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതിനു ശേഷം എനിക്ക്‌ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചിട്ടുള്ളത്‌ ഭാസ്‌കരൻ മാഷിന്റെ പാട്ടുകളാണ്‌. പിന്നെ അന്നും ഇന്നും ഒരു വിദ്യാർത്ഥി എന്ന നിലയിൽ എല്ലാവരുടേയും പാട്ടുകൾ കേട്ട്‌ പഠിക്കാറുണ്ട്‌. പുതുതായി വരുന്നവരോട്‌ പണ്ടത്തേതിനേക്കാൾ എളുപ്പമാണ്‌ ഇപ്പോൾ സിനിമ പോലൊരു മാധ്യമത്തിലേക്ക്‌ വരാൻ. അത്രമാത്രം സിനിമകൾ ഇവിടെ സംഭവിക്കുക്കുന്നുണ്ട്. പുതുതായി എത്തുന്ന നിരവധി പേരെ സിനിമ സ്വാഗതം ചെയ്യുന്നുമുണ്ട്‌. അത്‌ ഏത്‌ മേഖലയിലാണെങ്കിലും. മലയാള സിനിമയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ്‌. ഇനി സിനിമയിലേക്ക്‌ വരാൻ പറ്റിയില്ലെങ്കിലും നേരത്തെ സംസാരിച്ചതു പോലെയുള്ള ഇൻഡിപെൻഡന്റ്‌ മ്യൂസിക്‌ എന്നൊരു വഴി കൂടിയുണ്ട്‌. അതുകൊണ്ടു തന്നെ ഇതിലേക്ക്‌ കടന്നു വരാൻ ആഗ്രഹിക്കുന്നവരാരും മടിച്ച്‌ നിൽക്കേണ്ടതില്ല. Read on deshabhimani.com

Related News