വെബ് സീരീസാണ് താരം
മൊബൈൽ ഫോണിൽ വെബ്‌സീരീസുകൾ കാണുന്നതിന് പിന്നാലെയാണ് ന്യൂ–-ഓൾഡ് ജനറേഷനുകൾ. രമ്യ കൃഷ്‌ണനെ പ്രധാന കഥാപാത്രമാക്കി ഗൗതം മേനോൻ സംവിധാനംചെയ്‌ത ‘ക്യൂൻ’ വെബ്‌സീരീസ് സൂപ്പർ ഹിറ്റായതോടെ പല സംവിധായകരും ഈ റൂട്ടിലാണ്. മലയാളത്തിലും വെബ്‌സീരീസുകളുടെ നീണ്ട നിരയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ മെക്കാർട്ടിൻ. ‘വാക്കത്തി’എന്ന് പേരിട്ട വെബ്‌സീരീസ് ഫെബ്രുവരി പകുതിയോടെ യൂട്യൂബിൽ റിലീസാകും. ഇതിനുപിന്നാലെ മറ്റ് മൂന്ന് വെബ്‌സീരീസും എത്തുന്നുണ്ട്. മെക്കാർട്ടിന്റെ എൽ ബഗ് മീഡിയയാണ് നിർമാണം. 10 മിനിറ്റ് വീതമുള്ള 12 എപ്പിസോഡാണ് ഇറക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്‌ച എറണാകുളത്ത് ആരംഭിച്ചു. സിനിമയുടെ ടെൻഷൻ ഇല്ല, ഒന്നിച്ച് ഷൂട്ട് ചെയ്യേണ്ട, ഒന്നിച്ച് നിക്ഷേപിക്കുകയും വേണ്ട. വെബ്‌സീരീസുകളുടെ പ്രത്യേകതകളെക്കുറിച്ച് മെക്കാർട്ടിൻ പറയുന്നു. യാത്രാവേളകളിലും വീട്ടിലിരുന്നും എല്ലാവരും വെബ്‌സീരീസാണ് പതിവായി കാണാറുള്ളത്. പുതിയ തലമുറയും പഴയ തലമുറയുമെല്ലാം വെബ്‌സീരീസുകളുടെ പിന്നാലെയാണ്. ഇതെല്ലാമാണ് ഈ രംഗത്തേക്ക് തിരിയാൻ കാരണമെന്നും മെക്കാർട്ടിൻ. നാലു വെബ് സീരീസിന്റെയും സ്‌ക്രിപ്റ്റ് പൂർത്തിയായി. രണ്ടാമത്തേത് ആക്‌ഷൻ ത്രില്ലറാണ്. മൂന്നാമത്തേതും അതേ മൂഡിലായിരിക്കും. ഹാസ്യ പ്രധാനമായ കുടുംബ കഥയായിരിക്കും. ലൈറ്റിങ് ബഗ് എന്ന പ്രൊഡക്‌ഷൻ ഹൗസും ആരംഭിച്ചിട്ടുണ്ട്. വെബ്‌സീരീസുകൾ പൂർത്തിയായശേഷം ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നൽകുന്ന ബിഗ് ബജറ്റ് സിനിമ ചെയ്യുമെന്നും മെക്കാർട്ടിൻ പറഞ്ഞു. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള സിനിമയ്‌ക്കായി ലാബ് സജ്ജമാക്കി കഴിഞ്ഞു. ഇതിനായുള്ള ആനിമേറ്റർമാരെയും കണ്ടെത്തി. ഓൺലൈൻ സ്‌ട്രീമിങ് സൈറ്റുകളിലായിരിക്കും റിലീസ് ചെയ്യുക. ഇതിനായുളള ചർച്ചകൾ നടക്കുകയാണ്. Read on deshabhimani.com