നാടിന്റെ തീരാനോവായി അവർ
ആദ്യവർഷ എംബിബിഎസ് വിദ്യാർഥികളായ അഞ്ച് പേരുടെ ജീവൻ കവർന്ന ആലപ്പുഴയിലെ അപകടം കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തി. ഭാവിയുടെ മുറിവുണക്കേണ്ടവർ മിടിപ്പു നിലച്ചെത്തിയ കാഴ്‌ച തികച്ചും ഹൃദയഭേദകം. മരുന്നും മരണവും മണക്കുന്ന ആശുപത്രിമേശയിൽ അവസാനമായി സഹപാഠികളൊന്നിച്ചത് പ്രതീക്ഷകളുടെ തിരക്കഥയിലില്ലാത്ത തീരാനോവായി. സ്‌റ്റെതസ്‌കോപ്പിനു പകരം നെഞ്ചിൽ കണ്ണീർപ്പൂക്കളണിഞ്ഞായിരുന്നു അവരുടെ മടക്കയാത്ര. ഒരു സിനിമയുടെ ആഹ്‌ളാദത്തിലേക്കുള്ള യാത്ര ദുരന്തത്തിലവസാനിച്ച അപകടരാത്രിയുടെ ഞെട്ടലിലാണ് ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ്. ആദ്യ വർഷ എംബിബിഎസ് വിദ്യാർഥികളായ കോട്ടയം പൂഞ്ഞാറിലെ ആയുഷ് ഷാജിയും പാലക്കാട് സ്വദേശി ശ്രീദീപ് വൽസനും മലപ്പുറം കോട്ടയ്ക്കൽ താമസിക്കുന്ന കോട്ടയം സ്വദേശി ദേവനന്ദനും കണ്ണൂർ മാടായി മുട്ടത്തെ മുഹമ്മദ് അബ്ദുൾ ജബ്ബാറും ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമും അതിദാരുണമായ അപകടത്തിൽ ഓർമയായി. ഇവരടക്കം സഹപാഠികളായ 11 വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആലപ്പുഴ കളർകോടിനുസമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രിയിലെ കനത്ത മഴമൂലം വാഹനം തെന്നിപ്പോയതാണ് അപകടത്തിന് നിമിത്തമായതെന്നാണ് പ്രാഥമിക വിവരം. കാർ ഓടിച്ച ആളിന്റെ കാഴ്ച മങ്ങിയതും കാരണമാകാമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കൂട്ടിയിടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുമ്പോൾ ഒരാൾക്ക് മാത്രമാണ് ബോധമുണ്ടായിരുന്നത്. അയാളിൽനിന്നാണ് മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ അറിയുന്നത്. മൂന്നുപേർ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടുപേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയും. അപകടം നടന്നയിടത്ത് വെളിച്ചം കുറവായിരുന്നുവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. വണ്ടാനത്തെ ഹോസ്റ്റലിൽനിന്ന് സിനിമ കാണാൻ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു വിദ്യാർഥികൾ എന്നാണ് വിവരം. ജീവിതത്തിൽ സുപ്രധാനമായൊരു വഴിത്തിരിവിലെത്തി നിൽക്കെയാണ് വിദ്യാർഥികളെ മരണം കവർന്നതെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്. ഏറെ ശ്രമകരമായ കടമ്പകൾ കടന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വൈദ്യശാസ്ത്ര പഠനത്തിന് പ്രവേശനം ലഭിച്ചവരുടെ സ്വപ്നങ്ങൾക്ക് മരണത്തിന്റെ ആകസ്മികതയ്ക്കു മുന്നിൽ സ്ഥാനമുണ്ടായില്ല. അകാലത്തിൽ പൊലിഞ്ഞ അവരുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ വാക്കുകളും മതിയാകില്ല. മരിച്ച മുഹമ്മദ് ഇബ്രാഹിം ലക്ഷദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽനിന്നാണ്. അത്രയൊന്നും വികസിതമല്ലാത്ത ഒരിടത്തുനിന്നും ഇവിടംവരെ എത്തിയ അവന്റെ കഠിനാധ്വാനത്തെയും ആ അപകടം പാഴാക്കി. യൗവനത്തിന്റെ പടിവാതിൽക്കൽ നിൽക്കേ വിട പറഞ്ഞവർ ഭാവിയുടെ വാഗ്‌ദാനങ്ങളായിരുന്നു. നിർണായകമായ ആരോഗ്യസേവനരംഗത്ത് ഏറെ സംഭാവനകൾ നൽകുവാൻ സാധ്യതയുണ്ടായിരുന്നവർ. ആ നഷ്ടം നികത്താകുന്നതല്ല. അത് സമൂഹത്തിന്റെയാകെ നഷ്ടമാണ്. നമ്മുടെ നിരത്തുകൾക്ക് താങ്ങാനാകാത്ത അത്ര വാഹനപ്പെരുപ്പമുണ്ട്. അനുദിനം വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് ഗതാഗതസ്‌തംഭനമുൾപ്പെടെയുള്ള പ്രതിസന്ധികളും സൃഷ്‌ടിക്കുന്നു. പലപ്പോഴും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമാകുന്നു. ഏറെ ശ്രദ്ധയോടെയും കരുതലോടെയും വാഹനമോടിക്കേണ്ടതിലേക്കാണ് ഓരോ അപകടവും വിരൽചൂണ്ടുന്നത്. വാഹനാപകടങ്ങളിൽ മുമ്പൊക്കെ റോഡുകളുടെ ശോച്യാവസ്ഥയെയായിരുന്നു നാം കുറ്റം പറഞ്ഞിരുന്നത്. ഇപ്പോൾ റോഡുകളിലേറെയും മികവുറ്റതായിരിക്കുന്നു. എന്നിട്ടും അപകടങ്ങൾ പെരുകുന്നു. ഓരോ അപകടവും ഏതെങ്കിലുമൊക്കെ വീടുകളിൽ തീരാനഷ്ടത്തിന്റെ മുറിപ്പാടുകളുണ്ടാക്കുന്നു. ഒപ്പമുള്ളവർ അപ്രതീക്ഷിതമായി വേർപിരിയുമ്പോഴുള്ള വേദന പറയാവുന്നതല്ല. ആശ്വാസവാക്കുകൾക്ക് ഉണക്കാവുന്നതല്ല ആ മുറിവുകൾ. അവരുടെ വേദനയിൽ പങ്കുചേരാനേ കഴിയൂ. ഭാവികേരളത്തിന്റെ സമ്പത്താകേണ്ടിയിരുന്ന മിടുക്കരായ ചെറുപ്പക്കാരെയാണ് നഷ്‌ടമായത്. അവർക്ക് ആദരാഞ്‌ജലികൾ. Read on deshabhimani.com