ആകാശഭീതിക്ക് വില കൊടുക്കേണ്ടതാര്
ആകാശയാത്ര ഇന്ന് ധനാഢ്യരുടെമാത്രം കാര്യമല്ലാതായി മാറിയിരിക്കുന്നു. വിമാനയാത്രികരിൽ വലിയ പങ്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിതരാകുന്ന സാധാരണക്കാരാണ്. സമീപദിവസങ്ങളിലായി രാജ്യത്തെ വിമാന സർവീസുകൾക്ക് നേരെയുണ്ടാകുന്ന ബോംബ് ഭീഷണി അതുകൊണ്ടുതന്നെ കൂടുതൽ ബാധിക്കുക രാജ്യത്തെ സാധാരണ മനുഷ്യരെയാണെന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം, ബോംബ് ഭീഷണികൊണ്ടുണ്ടാകുന്ന കാലതാമസവും സർവീസ് റദ്ദാക്കലുംവഴി വ്യോമയാന കമ്പനികൾക്കുണ്ടാക്കുന്ന സാമ്പത്തിക നഷ്‌ടത്തിന്റെ ഭാരവും വഹിക്കേണ്ടി വരിക സാധാരണക്കാരായ യാത്രക്കാരായിരിക്കുമെന്നതുതന്നെ. രണ്ടാഴ്‌ചയോളമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള ഭീഷണിമൂലം വ്യോമയാന കമ്പനികൾക്കുണ്ടാകുന്ന നഷ്‌ടം ശതകോടികളുടേതാണ്. മുന്നൂറോളം സർവീസുകൾക്കാണ് ഇതിനകം ഭീഷണി നേരിട്ടത്. പല സർവീസുകൾക്കും കാലതാമസം നേരിട്ടു. പലതും വഴി തിരിച്ചുവിടേണ്ടി വന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്‌താര, ആകാശ, സ്‌പൈസ് ജെറ്റ്, അലയൻസ് എയർ തുടങ്ങിയവയുടെ വിവിധ സർവീസുകൾക്കുള്ള ഇത്തരം ഭീഷണികളെല്ലാം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശം തുടരെത്തുടരെ ലഭിക്കുന്ന പശ്‌ചാത്തലത്തിൽ വിമാനത്തിനകത്തും പുറത്തും യാത്രക്കാരിലും കർശന പരിശോധനകൾ ഒഴിച്ചുകൂടാനാകാത്തതാണ്. ഈ പ്രതിസന്ധി സൃഷ്‌ടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ അമിതഭാരം. സർവീസ് വൈകിയാൽ ആഭ്യന്തരവിമാനങ്ങൾക്ക് 1.5 കോടി രൂപവരെയും അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് അഞ്ചുമുതൽ- 5.5 കോടിവരെയും അധികച്ചെലവുണ്ടാകും. ഉദാഹരണത്തിന് മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളം വഴി റീറൂട്ടു ചെയ്‌തപ്പോൾമാത്രം ആ വ്യോമയാന കമ്പനിക്കുണ്ടായ നഷ്‌ടം മൂന്നു കോടി രൂപ. ആഭ്യന്തര വിദേശ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിങ്ങിനും ടേക്ക് ഓഫിനും പണം നൽകണം. അമേരിക്കയിലെ ജെഎഫ്‌കെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് കുറഞ്ഞത് നാലരലക്ഷം രൂപയാണ് ഫീസ്. പറന്നുയർന്ന് രണ്ടര മണിക്കൂറിനകം അടിയന്തര ലാൻഡിങ് വേണ്ടിവന്നാൽ ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ 100 ടൺ ഇന്ധനമെങ്കിലും ആകാശത്ത് പുറന്തള്ളേണ്ടിവരും. കമ്പനികൾക്ക് 600 കോടിയിലേറെ രൂപ നഷ്‌ടമുണ്ടായെന്നാണ് കഴിഞ്ഞ ദിവസത്തെ കണക്ക്. കേരളത്തിലേതടക്കമുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പ്രോട്ടോകോൾ കർശനമാക്കിയിരിക്കുകയാണ് വ്യോമയാന അധികൃതർ. വ്യോമയാന കമ്പനികൾ ഉറപ്പുനൽകുന്ന സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാത്ത യാത്രക്കാർ നഷ്‌ടപരിഹാരത്തിനായി കേസ് നൽകിയാൽ ആ വഴിക്കും സാമ്പത്തിക നഷ്‌ടമുണ്ടാകും. പ്രതീക്ഷിച്ച ജോലിയിൽ പ്രവേശിക്കാനോ ഇന്റർവ്യൂവിന് ഹാജരാകാനോ മത്സരപരീക്ഷ എഴുതാനോ കഴിയാത്തവരും കാലതാമസംമൂലം ബിസിനസിൽ വൻ നഷ്‌ടം വന്നവരും നഷ്‌ടപരിഹാരത്തിനായി കോടതിയെ സമീപിക്കുന്നത് സ്വാഭാവികം. അതിലെല്ലാം ഉപരിയാണ് ഓരോ കമ്പനിയുടെയും വിശ്വാസ്യതയ്‌ക്കുണ്ടാകുന്ന അപരിഹാര്യമായ ഹാനി. ഇതുവരെ വളർത്തിയെടുത്ത സത്‌കീർത്തിയെല്ലാം നശിക്കുന്ന സ്ഥിതി. ഓഹരി വിപണിയിൽ കമ്പനികൾക്ക് തിരിച്ചടിയേൽക്കാനും സാധ്യതയുണ്ട്. സ്വാഭാവികമായും ഈ നഷ്‌ടമത്രയും ഭാവിയിൽ യാത്രക്കാരിൽനിന്ന് ഊറ്റിയെടുക്കാനായിരിക്കും കമ്പനികൾ ശ്രമിക്കുക. യാത്രാനിരക്കും മറ്റ് സേവന നിരക്കും കുത്തനെ കൂട്ടി നഷ്‌ടം ക്രമേണ യാത്രക്കാരിലേക്ക് കൈമാറുന്നതിനുള്ള നീക്കം തടയേണ്ടത് കേന്ദ്രസർക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയവുമാണ്. ഈ ഭീഷണികളുടെ പേരിൽ യാത്രികർക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കാനുള്ള ഏതു ശ്രമവും മുളിയിലേ നുള്ളിക്കളയേണ്ട ചുമതല അവരുടേതാണ്. എന്നാൽ, നിലയ്‌ക്കാതെ തുടരുന്ന ഈ ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻപോലും കഴിയാതെ നിരായുധരായി നാണംകെട്ട് നിൽക്കുകയാണ് കേന്ദ്രസർക്കാർ. സന്ദേശം അയക്കുന്നവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നൊക്കെ വ്യോമയാന മന്ത്രി മോഹൻ നായിഡു വാചകമടിക്കുന്നതല്ലാതെ ഈ വിഷയത്തിൽ ഒരു നടപടിയുമില്ല. രണ്ടാഴ്‌ച പിന്നിട്ടിട്ടും ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കാണാതെ ഇരുട്ടിൽ തപ്പുകയാണ് കേന്ദ്രസർക്കാർ. സമൂഹമാധ്യമ ഭീമന്മാരായ എക്‌സിനെയും ഫെയ്‌സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനി മെറ്റയെയും പഴിക്കുകയാണ്. സന്ദേശം പോസ്റ്റ് ചെയ്‌തവരുടെ വിശദാംശങ്ങൾ ഈ എക്‌സും മെറ്റയും കൈമാറാത്തതുകൊണ്ടാണ് കുറ്റവാളികളെ പിടികൂടാനാകാത്തതെന്ന വാദം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. നമ്മുടെ അന്വേഷണ ഏജൻസികളെയാകെ പരിഹാസ്യരാക്കി സമൂഹമാധ്യമങ്ങൾ വഴി ചില ക്രിമിനലുകൾ ഭീഷണി തുടരുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുന്ന മോദി സർക്കാർ ഇന്ത്യക്ക് ഭൂഷണമല്ല. Read on deshabhimani.com