ഭരണഘടനാവിരുദ്ധ നീക്കം



മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ ഒട്ടും പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ്‌ മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ. പൗരത്വ ഭേദഗതി നിയമം, ഏക സിവിൽകോഡ്‌ തുടങ്ങിയവയ്ക്ക്‌ പിന്നാലെ ബുൾഡോസർ ഭരണത്തിന്‌ ഇരയാക്കപ്പെടുന്നത്‌ മദ്രസകളാണ്‌. ആർഎസ്‌എസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള മദ്രസകളെ ഗളഛേദം ചെയ്യുന്നതിന്‌ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതാകട്ടെ കേന്ദ്ര ബാലാവകാശ കമീഷനെയും. ഇഷ്‌ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച്‌ ജീവിക്കാനും മതം പ്രചരിപ്പിക്കാനും ഭരണഘടനാപരമായ അവകാശമുള്ള രാജ്യമാണ്‌ നമ്മുടേത്‌. ബഹുസ്വരതയും മതനിരപേക്ഷതയുമാണ്‌ നമ്മുടെ ഭരണഘടനയുടെ അടിത്തറ. അതിനാൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരായ നീക്കംകൂടിയാണ്‌ ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്ത്‌. അതുകൊണ്ടുതന്നെ മദ്രസകൾക്കെതിരായ നീക്കത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞിട്ടുണ്ട്.മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തലാക്കണമെന്നും മദ്രസാബോർഡുകൾ പൂട്ടണമെന്നുമാണ്‌ ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസയും’ എന്ന തലക്കെട്ടിൽ 11 അധ്യായമുള്ള നെടുനീളൻ റിപ്പോർട്ടാണ്‌ മദ്രസകൾക്കെതിരായ കുറ്റപത്രമായി തയ്യാറാക്കിയത്‌. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ 2009ലെ വിദ്യാഭ്യാസ അവകാശനിയമം ഉറപ്പുനൽകുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ്‌ പ്രധാന ആരോപണം. പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ മദ്രസകളിൽ ഇല്ലെന്നും മതപഠനം മാത്രമാണ്‌ നടക്കുന്നതെന്നും ‘കണ്ടെത്തി’യിട്ടുണ്ട്‌. ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്ന ആക്രമണോത്സുക ദേശീയതയുടെയും മത ധ്രുവീകരണത്തിന്റെയും ഭാഗംതന്നെയാണ്‌ കമീഷൻ റിപ്പോർട്ടും. തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ കേന്ദ്രങ്ങളാണെന്നടക്കം മദ്രസകൾക്കെതിരെ സംഘപരിവാർ വർഷങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണത്തിന്‌ ഔദ്യോഗിക പരിവേഷം നൽകുകയാണ്‌ ബാലാവകാശ കമീഷൻ. മതപാഠശാല എന്നതാണ്‌ മദ്രസ എന്ന അറബിവാക്കിന്റെ അർഥം. എല്ലാ മതങ്ങളും മതപാഠശാലകൾ നടത്തുന്നുണ്ട്‌. വിവിധ മുസ്ലിം സംഘടനകൾക്കു കീഴിൽ  മദ്രസാ പഠനം സംഘടിതവും വ്യവസ്ഥാപിതവുമായാണ്‌ നടക്കുന്നത്‌. ഭാഷ, വിശ്വാസം, കർമശാസ്‌ത്രം, ചരിത്രം, ഖുർആൻ തുടങ്ങിയവയും സാഹിത്യംപോലുള്ള പാഠ്യേതര വിഷയങ്ങളും പഠിപ്പിക്കുന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മദ്രസകൾ കേരളത്തിലാണ്‌. ഇവിടെ പതിനാലായിരത്തോളം മദ്രസകളുണ്ട്‌. സ്വന്തം പാഠ്യപദ്ധതി, പാഠപുസ്‌തകം എന്നിവയുമുണ്ട്‌. പൊതുപരീക്ഷയും നടത്തുന്നു. ലക്ഷദ്വീപ്‌, കർണാടകം, തമിഴ്‌നാട്‌, ഗൾഫ്‌ നാടുകൾ എന്നിവിടങ്ങളിലും കേരളത്തിലെ സംഘടനകൾക്ക്‌ മദ്രസകളുണ്ട്‌. എന്നാൽ, കേരളത്തിലേതിൽനിന്ന് വ്യത്യസ്‌തമാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസ. അവിടെ മതപഠനത്തിനുപുറമെ, ഔപചാരിക വിദ്യാഭ്യാസ കേന്ദ്രംകൂടിയാണ്‌ മദ്രസകൾ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പൊതുവിദ്യാലയങ്ങൾ സാധാരണക്കാർക്ക്‌ പ്രാപ്യമല്ല. അത്തരം കുട്ടികൾക്ക്‌ ഏക ആശ്രയം ഔപചാരിക വിദ്യാഭ്യാസംകൂടി നൽകുന്ന മദ്രസകളാണ്. അരികുവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മദ്രസകൾ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. രജീന്ദർ സച്ചാർ കമീഷൻ റിപ്പോർട്ടിൽ ഇത്‌ എടുത്തുപറഞ്ഞിട്ടുണ്ട്‌. തുടർന്നാണ്‌ ഒന്നും രണ്ടും യുപിഎ സർക്കാരുകൾ മദ്രസകൾക്ക്‌ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച്‌ ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയത്‌. എന്നാൽ, മോദി സർക്കാർ തുക വകയിരുത്തിയിരുന്നില്ല. കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്‌ മദ്രസകൾ തടസ്സമാകുന്നുവെന്നാണ്‌ ബാലാവകാശ കമീഷന്റെ മുഖ്യവാദം. ഇതിന്‌ കൂട്ടുപിടിക്കുന്നത്‌ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തെയാണ്‌. ആറിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഈ നിയമം മൗലികാവകാശമാക്കി. എന്നാൽ, 15 വർഷം പിന്നിട്ടിട്ടും ഭരണഘടനാപരമായ ഈ ഉറപ്പ്‌ പാലിക്കാൻ നമ്മുടെ രാജ്യത്തിനായില്ല. രാജ്യത്ത്‌ 3.22 കോടി കുട്ടികൾ സ്‌കൂളിനു പുറത്താണെന്ന ദേശീയ വിദ്യാഭ്യാസ നയരേഖയിൽ പറയുന്നത്‌ ബാലാവകാശ കമീഷൻ കണ്ടതേയില്ല. 2011ലെ സെൻസസ്‌ രേഖയും യൂണിഫൈഡ് ഡിസ്ട്രിക്ട്‌ ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്‌ (യുഡിഎസ്‌ഇ പ്ലസ്‌) ഡാറ്റയും പ്രകാരം എട്ട്‌ കോടിയോളം കുട്ടികൾ സ്‌കൂളിൽ എത്തിയിട്ടില്ല. യുഡിഎസ്ഇ പ്ലസിന്റെ പുതിയ റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത് കൊഴിഞ്ഞുപോക്ക്‌ പ്രാഥമിക തലത്തിൽ 2020– --21ലെ 0.8 ശതമാനത്തിൽനിന്ന് 2021-– -22 അധ്യയന വർഷം 1.5 ശതമാനമായി ഉയർന്നു. അപ്പർ പ്രൈമറി തലത്തിൽ ഇത്‌ 1.9 ശതമാനത്തിൽനിന്ന് മൂന്നുശതമാനവുമായി. സെക്കൻഡറി തലത്തിൽ കൊഴിഞ്ഞുപോക്ക്‌ 12.6 ശതമാനമാണ്‌. ഈ സാഹചര്യം മുന്നിലുള്ളപ്പോഴാണ് ലക്ഷക്കണക്കിന്‌ കുട്ടികൾക്ക്‌ ഔപചാരിക വിദ്യാഭ്യാസംകൂടി നൽകുന്ന മദ്രസകളെ ബാലാവകാശ കമീഷൻ പ്രതിസ്ഥാനത്ത്‌ നിർത്തുന്നത്‌. Read on deshabhimani.com

Related News