കേരളം നമിക്കുന്നു, രക്ഷാപ്രവർത്തകരെ



രാജ്യത്തെയാകെ ഞെട്ടിച്ച വയനാട് പ്രകൃതിദുരന്തത്തിന്റെ ആഘാതം പറഞ്ഞറിയിക്കാനാകില്ല. ഏഴുനാൾ പിന്നിട്ടിട്ടും മരണം എത്രയെന്നോ എത്ര പേരെ കാണാതായെന്നോ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. താമസിയാതെ അതിനൊക്കെ കൃത്യത ഉണ്ടാകുമെന്നുറപ്പാണ്. അതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ഒരുമയുടെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയാണ്‌ വയനാട്ടിൽനിന്നുയരുന്നത്‌. കേരളം ഒറ്റക്കെട്ടായി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കിറങ്ങിയ കാഴ്‌ചയാണ്‌ ദുരന്തഭൂമിയിൽ. സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സന്നദ്ധപ്രവർത്തകരെയും സൈന്യത്തെയും വിവിധ സേനാംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും മറ്റ് ഉദ്യോഗസ്ഥരെയും കേരളം നമിക്കുകയാണ്. ദുരന്തമുഖത്ത് ജനകീയ സർക്കാർ എങ്ങനെ ഇടപെടണമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് നമ്മുടെ സംസ്ഥാനം. ദുരന്തം ഉണ്ടായെന്ന് പുറംലോകം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തിന് സർവ സന്നാഹങ്ങളും ഒരുക്കി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ട എന്നിവിടങ്ങളിൽ ജൂലൈ 30ന് പുലർച്ചെ ഉരുൾപൊട്ടി വലിയ ദുരന്തമുണ്ടായ വാർത്ത അറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ നടപടി സ്വീകരിച്ചു. സൈന്യത്തെയും പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിന്യസിച്ച് കുടുങ്ങിക്കിടക്കുന്നവരെയും അപകടത്തിൽപ്പെട്ട്‌ ജീവനുവേണ്ടി മല്ലടിക്കുന്നവരെയും രക്ഷപ്പെടുത്തുകയായിരുന്നു ആദ്യ ദൗത്യം. റോഡും പാലവും വൈദ്യുതിയും ഇല്ലാതായത്‌ ഈ ദൗത്യം ഏറെ ദുഷ്‌കരമാക്കി. എന്നാൽ 38 മണിക്കൂറുകൊണ്ട്‌ 190 അടി നീളമുള്ള ബെയ്‌ലിപ്പാലം തീർത്ത സൈന്യം രക്ഷാപ്രവർത്തനം എളുപ്പമാക്കി. മിന്നൽവേഗത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചതും എടുത്തുപറയേണ്ടതാണ്‌. കേന്ദ്ര– -സംസ്ഥാന സേനാ വിഭാഗങ്ങളിലെ 1809 പേരാണ്‌ ഇവിടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്‌. പൊലീസ്‌, എൻഡിആർഎഫ്‌, സിആർപിഎഫ്‌, കര–- നാവിക–- വ്യോമ സേനകൾ, കോസ്റ്റ്‌ ഗാർഡ്‌, അഗ്‌നിരക്ഷാ സേന, വനപാലകർ,  റവന്യു, -തദ്ദേശസ്വയംഭരണം,- ആരോഗ്യം,- കെഎസ്‌ഇബി-, ബിഎസ്‌എൻഎൽ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെല്ലാം കൈകോർത്ത്‌ ഒറ്റ മനസ്സോടെ പ്രവർത്തിക്കുകയാണ്‌ ഇവിടെ. ദുരന്തഭൂമിയിൽനിന്ന്‌  കിലോമീറ്ററുകൾ ഒഴുകി ചാലിയാർ പുഴയിൽ എത്തിയ മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനത്തിന്‌ നേതൃത്വം നൽകിയവരുടെ ത്യാഗത്തിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂത്ത്‌ ബ്രിഗേഡിന്റെ പ്രവർത്തകരാണ് ഇതിനായി ആദ്യം രംഗത്തിറങ്ങിയത്‌. കുമ്പളപ്പാറ നഗറിനു മുകളിൽ ഒമ്പത്‌ കിലോമീറ്ററോളം ഉൾവനത്തിലൂടെ നടന്നാണ്‌ ഇവർ തിരച്ചിൽ നടത്തിയത്‌. 150 പേർ  മൂന്നു സംഘമായി പിരിഞ്ഞ്‌ നടത്തിയ പ്രവർത്തനത്തിൽ നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി. ചങ്ങാടത്തിലും കിലോമീറ്ററുകൾ കാൽനടയായുമാണ്‌ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്‌. കുത്തൊഴുക്കുള്ള പുഴയിലെ തിരച്ചിൽ സ്വന്തം ജീവനുപോലും ഭീഷണിയാണെന്ന്‌ അറിഞ്ഞിട്ടുതന്നെയാണ്‌ ഇവർ സന്നദ്ധ പ്രവർത്തനത്തിന്‌ ഇറങ്ങിയത്‌. ഏത്‌ പ്രതിസന്ധിയെയും കേരളം അതിജീവിക്കുമെന്നതിന്റെ തെളിവാണ്‌ ഈ യുവാക്കൾ. അമ്പതുപേരുടെ ജീവന്‌ രക്ഷകനായ നാട്ടുകാരൻ പ്രജീഷിനെയും ഓർമിക്കേണ്ടതാണ്‌. കൂടുതൽ ആളുകളെ രക്ഷിക്കാനുള്ള വെമ്പലിൽ മലമുകളിലേക്ക്‌ കയറുമ്പോഴാണ്‌ ജീപ്പുൾപ്പെടെ പ്രജീഷിനെ മലവെള്ളം കവർന്നത്‌. അട്ടമലയിലെ പാറയിടുക്കിൽ ഒറ്റപ്പെട്ട്‌ കഴിഞ്ഞ ആദിവാസി കുടുംബത്തെ രക്ഷിച്ചതുൾപ്പെടെയുള്ള വനപാലകരുടെ ധീരതയും മറക്കാനാകില്ല. ആദ്യ രണ്ടു ദിവസംകൊണ്ട്‌ 1592 പേരെ രക്ഷിച്ച അത്യപൂർവ രക്ഷാപ്രവർത്തനമാണ്‌ ഇവിടെ നടന്നത്‌. ആരാധനാലയങ്ങൾപോലും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. ദുരിതബാധിതർക്ക്‌ എല്ലാവിധ സഹായവും എത്തിക്കാൻ സർക്കാരും ബഹുജനങ്ങളും മത്സരിക്കുകയായിരുന്നു. കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 1000 ജീവനക്കാരാണ്‌ ഇവിടെ സമയം നോക്കാതെ പ്രവർത്തിക്കുന്നത്‌. രക്ഷാപ്രവർത്തനം, ഏകോപനം, ടെക്‌നിക്കൽ ടീം, ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തനം, വിവരശേഖരണം, അതിഥിത്തൊഴിലാളി പരിചരണം, വളന്റിയർ മാനേജ്‌മെന്റ്‌, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണവും വിതരണവും ഇങ്ങനെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 15 സംഘമാണ്‌ ഇവിടെയുള്ളത്‌. ഇതിനെല്ലാം നേതൃത്വം നൽകി മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാമ്പ് ചെയ്‌ത്‌ പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവരുടെ സേവനങ്ങളെ കേരളം എന്നും നന്ദിയോടെ സ്‌മരിക്കും. ദുരന്തമുഖത്ത്‌ ഒറ്റക്കെട്ടായി നിന്നാൽ ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കാമെന്നുള്ള സന്ദേശമാണ്‌ ഇതിലൂടെ കേരളം ഇന്ത്യക്ക് നൽകുന്നത്‌. Read on deshabhimani.com

Related News