പശ്ചിമേഷ്യയെ 
പൂർണയുദ്ധത്തിലേക്ക്‌ 
തള്ളിവിടരുത്



ഗാസയിലും തെക്കൻ ലബനനിലും ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് കഴിഞ്ഞ ദിവസം ഇറാൻ. ചൊവ്വാഴ്‌ച രാത്രി ഇറാൻ ഇസ്രയേലിനുനേരെ മിസൈലാക്രമണം നടത്തിയതോടെ ഒരു വർഷമായി തുടരുന്ന സംഘർഷം വലിയൊരു യുദ്ധത്തിലേക്ക്‌ നയിക്കുമെന്ന ആശങ്ക സൃഷ്ടിച്ചു. ഹിസ്‌ബുള്ള നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായി മൊസാദിന്റെ ആസ്ഥാനവും വ്യോമത്താവളങ്ങളും സാമ്പത്തിക, വ്യവസായ കേന്ദ്രങ്ങളും ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച്‌ ഇസ്രയേലും അമേരിക്കയും ഏറെക്കുറെ ചെറുത്തെങ്കിലും ചില മിസൈലുകൾ ഇസ്രയേലിൽ പതിച്ചു. മൊസാദിന്റെ ആസ്ഥാനത്തിനുസമീപവും മിസൈൽ പതിച്ചത്‌ ഇസ്രയേലിന്‌ നാണക്കേടായി. തിരിച്ചടിക്കുമെന്ന്‌ ഇസ്രയേലും എന്നാൽ, പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന്‌ ഇറാനും മുന്നറിയിപ്പ്‌ നൽകിയതോടെ പശ്‌ചിമേഷ്യ സമ്പൂർണ യുദ്ധത്തിലേക്ക്‌ നീങ്ങുമെന്ന ഭയത്തിലാണ്‌. ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും പിന്തുണച്ച്‌ അമേരിക്ക ഉൾപ്പെടെയുള്ള പശ്‌ചാത്യരാജ്യങ്ങളും രംഗത്തുണ്ട്‌. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടിവരുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയ അമേരിക്ക രണ്ട്‌ വിമാനവാഹിനി കപ്പലുകളെ മേഖലയിലേക്ക്‌ അയച്ചിട്ടുണ്ട്‌. അതിനിടെ സയണിസ്‌റ്റുകൾ അടങ്ങിയിരുന്നില്ലെങ്കിൽ ഇസ്രയേലിലെ സകല അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന്‌ ഇറാൻ സായുധസേന ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ മേജർ ജനറൽ മുഹമ്മദ്‌ ഹുസൈൻ ബഘേരി മുന്നറിയിപ്പ്‌ നൽകി. ഇറാന്റെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് ഇസ്രയേൽ ഇനി എങ്ങനെയാകും മറുപടി നൽകുകയെന്നാണ് കാണേണ്ടത്. ഏതായാലും യുദ്ധത്തിന്റെ രൂക്ഷത വർധിപ്പിക്കാനേ അത് കാരണമാകുകയുള്ളൂ. നയതന്ത്ര ചർച്ചകൾക്കൊന്നും ഒരു സാധ്യതയുമില്ലാത്ത നിലയിലേക്കാണ് സംഘർഷം വ്യാപിക്കുന്നത്. ഹമാസിനേക്കാൾ കരുത്തുള്ള സായുധസംഘമാണ് ലബനൻ കേന്ദ്രീകരിച്ചുള്ള ഹിസ്ബുള്ള. ഇവർക്ക്‌ ഇറാന്റെ പിന്തുണയുമുണ്ട്‌. മേഖലയിലെ പ്രധാന ആയുധശേഷിയുള്ള ഇറാൻ ആക്രമണം തുടർന്നാൽ ഇസ്രയേൽ കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണശുദ്ധീകരണശാലകളെയുമാണ്‌ ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടുണ്ട്‌. കഴിഞ്ഞ ഒക്ടോബർ ഏഴിന്‌ ആരംഭിച്ച ഗാസയ്‌ക്കെതിരായ, വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള കടന്നാക്രമണം ഇപ്പോൾ പശ്ചിമേഷ്യയെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ ഒരു മേഖലയെ യുദ്ധത്തിലൂടെ വലിയ നാശത്തിലേക്കാണ്‌ തള്ളിവിടുന്നത്‌. അമേരിക്ക നൽകുന്ന ശതകോടിക്കണക്കിന്‌ ഡോളറുകളുടെയും ആയുധങ്ങളുടെയും ബലത്തിലാണ് ഇസ്രയേൽ പലസ്തീന്റെയും ലബനന്റെയും മണ്ണിൽ കൂട്ടക്കൊല നടത്തുന്നത്. ഒരാഴ്ചയിലധികമായി ലബനനിൽ ഇസ്രയേൽ തുടരുന്ന വ്യോമാക്രമണത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. അതിനിടെ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്ന പ്രഖ്യാപനവുമായി ഇസ്രയേൽ ചൊവ്വാഴ്ച നേരിട്ട് കരയുദ്ധം തുടങ്ങി. വ്യാഴാഴ്‌ച പുലർച്ചെയും ഇസ്രയേൽ സൈന്യം ലബനനിൽ ആക്രമണം ശക്തമാക്കി. ഇറാന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിച്ചും അമേരിക്കയും യുകെയുമെല്ലാം രംഗത്തുണ്ട്. ഹമാസിനെതിരെ അക്രമം തുടങ്ങിയതുമുതൽ  ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ കടുത്ത പ്രകോപനം സൃഷ്ടിച്ചിരുന്നു. ഗാസയിലെ വംശഹത്യ നിർബാധം തുടരുന്നതിനിടയിലാണ്‌ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളിലൂടെയും ബെയ്റൂട്ടിലുൾപ്പെടെ വ്യോമാക്രമണം നടത്തിയും ഹിസ്‍ബുള്ളയോട് യുദ്ധപ്രഖ്യാപനം നടത്തിയത്‌. സംഘടനയുടെ നേതൃനിരയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായിരുന്നു. നസറുള്ളയെ വധിച്ചത്‌ ഹിസ്ബുള്ളയോട് മാത്രമല്ല, ഇറാനോടുള്ള വെല്ലുവിളി കൂടിയായിരുന്നു. യുഎൻ പൊതുസഭ പ്രമേയം മുഖേന പിൻവാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ കടുത്ത നടപടികളിലേക്കാണ്‌ ഇസ്രയേൽ നീങ്ങുന്നത്‌. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്‌ ഇസ്രയേൽ. അമേരിക്കയുടെയും മറ്റു പാശ്‌ചാത്യ രാഷ്ട്രങ്ങളുടെയും യുദ്ധക്കൊതിയും ആയുധക്കച്ചവട താൽപ്പര്യവുമാണ്‌ പശ്‌ചിമേഷ്യയിൽ എക്കാലവും ചോരപ്പുഴ ഒഴുക്കിയത്‌. ഐക്യരാഷ്ട സംഘടനയുടെ സുരക്ഷാകൗൺസിലിൽ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുംവേണ്ടി അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളും പരാജയപ്പെട്ടത് അമേരിക്കയുടെ വീറ്റോ മൂലമാണ്‌. യുഎസിന്റെ പ്രതിലോമ നിലപാട് ഭൂരിപക്ഷംവരുന്ന ലോകരാഷ്ട്രങ്ങളുടെ മാത്രമല്ല സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ജനതയുടെ താൽപ്പര്യങ്ങൾക്കും വിരുദ്ധമാണ്. മുൻകാലങ്ങളിൽനിന്നും വ്യത്യസ്‌തമായി ഇന്ത്യ യുഎൻ അടക്കമുള്ള വേദികളിൽ പിന്തുടരുന്നത് യുഎസ് വിധേയത്വവും സയണിസ്റ്റ് പ്രീണനവുമാണ്. പലസ്തീൻ വിഷയത്തിലും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിലും ഇന്ത്യ പിന്തുടർന്ന പ്രഖ്യാപിതനിലപാടിൽനിന്നും വ്യതിചലിക്കുന്നതിനെതിരെ ശക്തമായ ജനവികാരം വളർത്തിയെടുക്കാൻ സമാധാനത്തിനും ജനാധിപത്യത്തിനുംവേണ്ടി നിലകൊള്ളുന്ന ശക്തികൾ രംഗത്തിറങ്ങുകയാണ്‌ വേണ്ടത്‌. Read on deshabhimani.com

Related News