അടുക്കളകളിലേക്ക് സൂര്യവെളിച്ചം



ഭാരതമെന്ന് കേട്ടാൽ അഭിമാനം തോന്നണമെന്നും കേരളമെന്ന് കേട്ടാൽ ചോര തിളയ്ക്കണമെന്നും പാടിയ കവിയുടെ ജന്മനാടാണിത്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്ത ജനത ചരിത്രം സൃഷ്ടിക്കുന്ന ജനതയായി ഉയർന്നുവന്ന ദേശം. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച പുതിയ ചലനങ്ങൾക്കും മുന്നേറ്റങ്ങൾക്കും വഴിയൊരുക്കി. തൊഴിലാളികളും കൃഷിക്കാരും സംഘടിത ശക്തിയായി. ജന്മിത്വത്തിന്റെ അടിത്തറ തകർത്തു. നാടിന്റെ ചരിത്രത്തിലെ ഉജ്വലമായ നിമിഷങ്ങൾ പിറന്നുവീണു. അങ്ങനെ 1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലംമുതൽ മൗലികമായ പരിവർത്തനങ്ങൾക്കും ഉയിർത്തെഴുന്നേൽപ്പുകൾക്കും തുടക്കമായി. ഇപ്പോഴിതാ, പിണറായി സർക്കാരിന്റെ ഭരണത്തിൽ സകല രംഗത്തും മാറ്റങ്ങൾ സംഭവിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ നാഡീസ്‌പന്ദനങ്ങളും തൊട്ടറിഞ്ഞുള്ള ചുവടുവയ്‌പുകളാണ് സർക്കാർ നടത്തുന്നത്. അത്തരത്തിലൊരു പദ്ധതിയാണ് കഴിഞ്ഞ ദിവസം വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ–--ഓർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ‘ഈസി കിച്ചൺ'. സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്ന നാട്ടിൽ അടുക്കളയിൽ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുകയാണ്. വീടില്ലാത്ത എല്ലാവർക്കും വീട് എന്ന സർക്കാരിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കവെ, ഇനി സൗകര്യങ്ങളില്ലാത്ത അടുക്കളകൾ നവീകരിക്കാനുള്ള പദ്ധതി സർക്കാരിന്റെ സ്ത്രീപക്ഷ ചിന്ത വെളിപ്പെടുത്തുന്നു. ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യം ഏതെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്നാണ് പ്രധാനമായി കാണേണ്ട സംഗതി. തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞതുപോലെ, അടുക്കള സ്ത്രീകൾക്ക് മാത്രമുള്ളതല്ല. പക്ഷേ, അടുക്കളയിൽ ജോലിയെടുക്കുന്നത് ഭൂരിപക്ഷവും സ്ത്രീകളാണെന്നത് യാഥാർഥ്യമാണ്. അവരുടെ അധ്വാനം കുറച്ച്, ആരോഗ്യം സംരക്ഷിക്കാനുള്ള പുതിയൊരു ആശയമാണ് നടപ്പാക്കുന്നത്. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച് സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്ന ‘ഈസി കിച്ചൺ' രാജ്യത്തിനാകെ മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അടുക്കള നവീകരണത്തിന് 75,000 രൂപ വരെയും ഇലക്‌ട്രിക്കൽ ജോലികൾക്ക് 6000 രൂപയും ലഭിക്കും. അർഹതയുള്ളവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയാകും സാധാരണ വീടുകളിലുള്ളവർക്ക്‌ ഏറെ ആശ്വാസകരമാകുന്ന പദ്ധതി നടപ്പാക്കുക. നേരം വെളുത്താലുടൻ അടുക്കളപ്പണിയും പിന്നെ മറ്റ് വീട്ടുജോലികളും ചെറിയ വരുമാന സമ്പാദനവും വൈകിട്ട് കടയിൽ പോക്കും കണക്കു നോക്കലും പിന്നെ അത്താഴം വയ്ക്കലുമായി കഷ്ടപ്പെടുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഏറെയും. സാധാരണ വീടുകളിലെ അടുക്കളകൾ പലതും ഇരുട്ടറകളുമാണ്. അവിടേക്ക് സൂര്യവെളിച്ചം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒപ്പം, അടുക്കളപ്പണി എടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, വീട്ടിലുള്ള എല്ലാവരും ചേർന്നാണെന്ന ബോധവും സൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്. 1912ൽ അമേരിക്കയിലെ ലോറൻസ് എന്ന പട്ടണത്തിലെ നെയ്‌ത്ത്‌ തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്റെ പേര് ‘റൊട്ടിയും റോസാ പുഷ്‌പങ്ങളും' (Bread and Roses) എന്നായിരുന്നു.  റൊട്ടിയും വേണം റോസാ പുഷ്‌പങ്ങളും വേണം എന്നു ചുരുക്കം. സ്ത്രീവിമോചനം യാഥാർഥ്യമാകണമെങ്കിൽ അന്നംമാത്രം പോരാ, ജീവിതത്തെ സർഗാത്മക പ്രവൃത്തിയാക്കിത്തീർക്കുന്ന റോസാ പുഷ്‌പങ്ങളും അവയ്ക്കൊപ്പം വിരിയണമെന്ന് സൂചിപ്പിക്കുന്ന ഒരു സോവിയറ്റ് വിപ്ലവ ഗാനത്തിൽനിന്നാണ് പണിമുടക്കിന് റൊട്ടിയും റോസും എന്ന പേര് അവർ സ്വീകരിച്ചത്. അടുക്കള സുന്ദരമാകുന്നതിന് അങ്ങനെയൊരു സർഗാത്മകതയുടെ തലംകൂടിയുണ്ട്. കേരളത്തിൽ സ്ത്രീ ശബ്‌ദം എവിടെയും കേൾക്കാം. സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവും തദ്ദേശ ജനാധിപത്യത്തിന്റെ മുഖ്യ ലക്ഷ്യമായി ഇടതുപക്ഷ സർക്കാരുകൾ ഉയർത്തിപ്പിടിച്ചതിന്റെ ഒരു നേട്ടമാണത്. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണം നടപ്പാക്കിയത് കേരളത്തിൽ മാത്രമാണ്. ജനകീയാസൂത്രണവും കുടുംബശ്രീയുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ ശക്തമാക്കി. ഇതെല്ലാം ഇടതുപക്ഷ സർക്കാരുകളുടെ മുഖ്യ അജൻഡയായിരുന്നു. അതുപോലെതന്നെ പ്രാധാന്യമുള്ള പദ്ധതിയാണ് അടുക്കളകളിലേക്ക് എത്തുന്ന ഈസി കിച്ചൺ. ഒട്ടും നിസ്സാരമല്ല ഇത്. അടുക്കളയെ പരമപ്രധാനമായി കണ്ടു എന്നത് എൽഡിഎഫ് സർക്കാരിനെ മറ്റു സർക്കാരുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. Read on deshabhimani.com

Related News