പൊലീസിന്റെ മികവിൽ പോറലില്ലാതെ തസ്‌മിത്
കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരി അസം ബാലിക തസ്‌മിത് തംസുമിനെ ശ്രമകരമായ തിരച്ചിലിനൊടുവിൽ കണ്ടെത്തിയതിലൂടെ കേരള പൊലീസിന്റെ കാര്യക്ഷമതയും അന്വേഷണമികവും അർപ്പണമനോഭാവവും വീണ്ടും ശ്രദ്ധേയമായിരിക്കുന്നു. ഒപ്പം മലയാളികളുടെ മാനവികതയും. കാണാതായി 37 മണിക്കൂറിനകം ചെന്നൈ-–- ഗുവാഹത്തി എക്‌സ്‌പ്രസിൽനിന്ന് വിശാഖപട്ടണത്തെ മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തുന്നത്. ചൊവ്വ രാവിലെ പത്തോടെയാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. രണ്ടരയോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുന്നു. തുടർന്ന് പൊലീസ് നടത്തിയത് വിശ്രമമില്ലാത്ത തിരച്ചിലായിരുന്നു. തമിഴ്‌നാട് പൊലീസും മലയാളികളും ഒരേ മനസ്സോടെ കുട്ടിയെ കണ്ടെത്തുന്നതിനായി ശ്രമിച്ചു. ആർപിഎഫിന്റെ സഹായവും ലഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് പൊലീസിനൊപ്പം വിശ്രമമില്ലാത്ത തിരച്ചിലിനായി കേരളം ഒന്നാകെ മുമ്പും ഇറങ്ങിയിരുന്നു. ഇത്തവണ അസം ബാലിക തസ്‌മിതിന് വേണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ കാണാതായ രണ്ടു വയസ്സുകാരി മേരിയെയും ഡിസംബറിൽ കൊല്ലം ഓയൂരിൽനിന്ന് ഒരു കുടുംബം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബേൽ സാറയെയും കണ്ടെത്തുന്നതിനായിരുന്നു. രണ്ടു സംഭവത്തിലും പൊലീസ് കാട്ടിയ ജാഗ്രത ഏറെ പ്രശംസിക്കപ്പെട്ടതാണ്. കാണാതാകുന്ന കുട്ടികളെ ഒരു പോറലുമില്ലാതെ കണ്ടെത്തി രക്ഷിതാക്കളെ എൽപ്പിക്കുമ്പോൾ പ്രകടമാകുന്നത് കേരള പൊലീസിന്റെ മികവും സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് എൽഡിഎഫ് സർക്കാർ നൽകുന്ന മുൻഗണനയും ജാഗ്രതയും കരുതലുംതന്നെയാണ്. തസ്‌മിതിനെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ചൊവ്വ പകൽ മൂന്നോടെ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ബസ്‌സ്‌റ്റാൻഡുകൾ, ട്രെയിനുകൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലെ പഴുതടച്ച തിരച്ചിലിലൂടെയും ഓരോ മണിക്കൂറും വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ പെൺകുട്ടി ഉണ്ടായിരുന്നതായി മലയാളി യാത്രക്കാരി എടുത്ത ഫോട്ടോയിലൂടെ ബുധനാഴ്‌ച പുലർച്ചെയോടെ സ്ഥിരീകരിച്ചത് അന്വേഷണത്തിന് സഹായകമായി. നാഗർകോവിൽ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പെൺകുട്ടി ചെന്നൈയിലേക്കുള്ള ട്രെയിനിൽ പോയതായി മനസ്സിലാക്കാനും സാധിച്ചു. പൊലീസ് അവിടേക്ക് തിരിച്ചതിനിടെയാണ് കുട്ടി ഗുവാഹത്തിയിലേക്കുള്ള ട്രെയിനിൽ കയറിയതായി സംശയമുണ്ടാകുന്നതും വിവരമറിഞ്ഞ് ബുധനാഴ്‌ച രാത്രി പത്തോടെ മലയാളി സമാജം പ്രവർത്തകൾ വിശദമായ പരിശോധന നടത്തുന്നതും. സമാജം പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കുട്ടിയെ പെട്ടെന്ന് കണ്ടെത്തുന്നതിന് സഹായകമായി. കേരള പൊലീസ് സംഘം നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്‌ച തസ്‌മിതിനെ തിരുവനന്തപുരത്ത് എത്തിച്ച് അച്ഛനമ്മമാർക്ക് കൈമാറും. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്രയും ജാഗ്രതയോടെ പ്രവർത്തിക്കുന്ന പൊലീസിനെയും ജനങ്ങളെയും കാണാനാകില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതും കാണാതാകുന്നതും പല സംസ്ഥാനത്തും പതിവാണ്. അവിടെയൊന്നുംതന്നെ കേസെടുത്ത് ഫലപ്രദമായ അന്വേഷണങ്ങളിലൂടെ കാണാതായവരെ കണ്ടെത്തുന്നതിന് ഒരുനടപടിയും ഉണ്ടാകാറില്ല. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം മധ്യപ്രദേശ്, യുപി, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതാകുന്നത്. ഇക്കാര്യത്തിൽ മുന്നിൽ മധ്യപ്രദേശാണ്. ഒരുവർഷം ശരാശരി 10,000 സ്ത്രീകളെയും ആയിരത്തിലേറെ പെൺകുട്ടികളെയും കാണാതാകുന്നതായി സർക്കാർ തന്നെ കഴിഞ്ഞമാസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, എൻസിആർബിയുടെ കണക്കുപ്രകാരം 2019 മുതൽ -2021 വരെയുള്ള മൂന്നുവർഷത്തിൽമാത്രം പ്രായപൂർത്തിയാകാത്ത 38,204 പെൺകുട്ടികളെയും 1,60,170 സ്‌ത്രീകളെയും കാണാതായി. 2022ൽ പ്രതിദിനം ശരാശരി 32 കുട്ടികളെയാണ് മധ്യപ്രദേശിൽ കാണാതായത്. ഉജ്ജയിനിൽ 34 മാസത്തിനിടെ 676 കുട്ടികളെ കാണാതായപ്പോൾ ഒറ്റക്കേസും രജിസ്‌റ്റർ ചെയ്‌തില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളിൽ അപൂർവമായിമാത്രം കേസെടുക്കുമ്പോൾ കേരളത്തിൽ എല്ലാ പരാതിയിലും കേസെടുത്ത് ഉടൻ അന്വേഷണം നടത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ പ്രാപ്തമായ ഭരണസംവിധാനം കേരളത്തിൽ സുസജ്ജമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ. Read on deshabhimani.com