രാജ്യത്തിന്റെ സ്ഥിതി വീണ്ടും വഷളാകും



നടപ്പു ധനവർഷത്തിലെ (2024– --25) കേന്ദ്ര ബജറ്റിനു മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ഇങ്ങനെ പറയുന്നുണ്ട്."ഇന്ത്യയിലെ വൻകിട വ്യവസായികളും ബിസിനസുകാരും അമിത ലാഭത്തിൽ നീന്തിത്തുടിക്കുകയാണ്'.  എന്നാൽ, ഈ അമിത ലാഭത്തിൽനിന്ന് നികുതി സമാഹരിച്ച് രാജ്യത്തിന്റെ വികസനത്തിന് ചെലവിടാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതാണ് സർക്കാർ തുടരുന്ന നവ ഉദാര സാമ്പത്തികനയത്തിന്റെ കാതൽ. അതായത്, കോർപറേറ്റുകളെ തൊടില്ല. ഇക്കാര്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന, പൊതുകടത്തിന്റെ പേരിൽ നടപ്പുവർഷം കേന്ദ്ര സർക്കാർ മൂലധനച്ചെലവ്‌ വെട്ടിക്കുറയ്ക്കുന്നെന്ന വാർത്ത. കടം കൂട്ടാതെതന്നെ കേന്ദ്രത്തിന് ചെലവ് വർധിപ്പിക്കാം. അതിന് പണം കണ്ടെത്താൻ കോർപറേറ്റ് നികുതി വർധിപ്പിക്കാം, സ്വത്ത് നികുതി, പാരമ്പര്യ സ്വത്തിന് നികുതി എന്നിവ ചുമത്താം. ഇനി, ഇതൊന്നും കൂടാതെയും കേന്ദ്ര സർക്കാരിന്റെ പക്കൽ പണം കേന്ദ്രീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾക്കുള്ള വിഹിതം വെട്ടിച്ചുരുക്കിയും റിസർവ് ബാങ്കിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലാഭവിഹിതം വഴിയും കേന്ദ്രത്തിന്റെ പോക്കറ്റിൽ പണമുണ്ട്. വികസനച്ചെലവിന് (മൂലധനച്ചെലവ്) കടമെടുത്താലും കുഴപ്പമൊന്നുമില്ലെന്നത് മറ്റൊരു കാര്യം. അതുപക്ഷേ, നവഉദാരനയം അനുവദിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, മൂലധനച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിന് ന്യായീകരണമില്ല. നടപ്പു ധനവർഷത്തിൽ 11.11 ലക്ഷം കോടി രൂപയാണ് മൂലധനച്ചെലവിനായി ബജറ്റിൽ വകയിരുത്തിയത്. എന്നാൽ, ആഗസ്തിൽ പുറത്തുവന്ന സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട്‌ പ്രകാരം 3.09 ലക്ഷം കോടി രൂപയാണ് വിനിയോഗിച്ചത്.  പ്രതീക്ഷിക്കുന്ന വാർഷികച്ചെലവിന്റെ 27 ശതമാനംമാത്രം. 2023– -24ൽ ഇതേ കാലയളവിൽ ചെലവിട്ടത് 37.4 ശതമാനമായിരുന്നു എന്നറിയുമ്പോഴാണ് വെട്ടിച്ചുരുക്കൽ വെളിപ്പെടുന്നത്. ഇന്ത്യയെ വൻ വികസിത രാജ്യമാക്കും, സ്വാതന്ത്ര്യത്തിന്റെ ‘അമൃതകാലം’ എന്നൊക്കെപ്പറയുന്നത് വെറും തട്ടിപ്പ് പ്രചാരണമാണെന്ന് അറിയാൻ ഇതുമാത്രംമതി. ആളോഹരി വരുമാനം വലിയ തോതിൽ വർധിക്കാതെ 2047 ആയാൽപ്പോലും ഇന്ത്യക്ക് വൻ വികസിത രാജ്യമായി മാറാൻ കഴിയില്ലെന്ന് സാമ്പത്തിക നിരീക്ഷകനായ മാർട്ടിൻ വോൾഫ് അടുത്തിടെ "ഫിനാൻഷ്യൽ ടൈംസിൽ' എഴുതിയത് ഇതോടൊപ്പം ചേർത്തു വായിക്കാം. അതിഭീകരമായ തൊഴിലില്ലായ്മ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ, ഭക്ഷ്യോൽപ്പന്നങ്ങളുടെയടക്കം തുടർച്ചയായ വിലക്കയറ്റം, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ എണ്ണമറ്റ ദുരിതങ്ങൾ, ചെറുകിട ഉൽപ്പാദനമേഖലകളിലെ തകർച്ച, സ്വത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിലെ ഭീമമായ അന്തരം എന്നിവയാണ് ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്നങ്ങൾ. അതിസമ്പന്നരുടെ കൈയിൽ പണം കുന്നുകൂടിയതുകൊണ്ട് സമ്പദ്‌വ്യവസ്ഥ ചലിക്കില്ല. അതിന് ജനങ്ങളുടെ തൊഴിലും വരുമാനവും വർധിക്കണം. കമ്പോളത്തിൽ എത്തുന്ന സാധനങ്ങൾ വാങ്ങാനുള്ള ശേഷി (ക്രയശേഷി) കൂടണം. അതിന് സർക്കാരിന്റെ മൂലധനച്ചെലവ് വർധിപ്പിക്കണം. അങ്ങനെ, റെയിൽവേയും റോഡുമടക്കം പശ്ചാത്തല സൗകര്യ മേഖലകളിൽ പണം മുടക്കുകയും കാർഷികമേഖലയ്‌ക്കും മറ്റും സബ്സിഡി നൽകുകയും ചെയ്യുമ്പോഴേ രാജ്യം പുരോഗതിയിലേക്ക് നീങ്ങൂ. എന്നാൽ, ഇതിന് നേർ വിപരീതമായ നയമാണ് നേരത്തേ കോൺഗ്രസ് സർക്കാരും പത്തു വർഷത്തിലേറെയായി മോദി സർക്കാരും സ്വീകരിച്ചിട്ടുള്ളത്. മൊത്തം ആഭ്യന്തര ഉൽപ്പാദനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ, 2024-– -25ലെ ബജറ്റിൽ സർക്കാരിന്റെ മൊത്തം ചെലവ്, തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക ചെലവുകൾ, ക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ വിഹിതങ്ങൾ കുറച്ചിരിക്കുകയാണ്. ക്ഷേമച്ചെലവ് ചില മേഖലയിൽ അൽപ്പം കൂട്ടിയപ്പോൾ മറ്റിടത്ത് വെട്ടിക്കുറച്ചു. മൂലധനച്ചെലവ് 17 ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റിൽ പറഞ്ഞു. അതാണ് ഇപ്പോൾ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആറുമാസത്തിനിടെ 85 ലക്ഷം തൊഴിലാളികളെ കേന്ദ്ര സർക്കാർ പുറത്താക്കിയ വിവരവും അടുത്ത ദിവസം പുറത്തു വരികയുണ്ടായി. രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനോ നാടിനെ പുരോഗതിയിലേക്ക് നയിക്കാനോ അല്ല മോദി ഭരണം ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യവും ജനജീവിതവും വഷളാക്കാൻ മാത്രമേ സർക്കാർ നടപടികൾ വഴിവയ്ക്കൂ. Read on deshabhimani.com

Related News