സമ്പദ്ഘടന സംരക്ഷിക്കാനുള്ള പോരാട്ടം
പെരുകുന്ന നിഷ്ക്രിയ ആസ്തിയും ജനവിരുദ്ധമായ സ്വകാര്യവല്‍ക്കരണവും ഭീകരമായ എഴുതിത്തള്ളലും രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് ചരമക്കുറിപ്പെഴുതുന്ന സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് പോരാട്ടത്തിന് ഇറങ്ങേണ്ടിവരുന്നത്. ഇന്ത്യന്‍ ബാങ്കിങ് മേഖല സംരക്ഷിക്കാന്‍ ദേശവ്യാപകമായി പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം രാജ്യത്തിന്റെ സമ്പദ്ഘടന സംരക്ഷിക്കാനുള്ളതാണ്; അതിലൂടെ രാജ്യത്തെയും. അതുകൊണ്ടുതന്നെ, ബാങ്ക് ജീവനക്കാരെയും ബാങ്കിങ് ഇടപാടുകളെയും മാത്രം ബാധിക്കുന്ന വിഷയമല്ല അത്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ വരേണ്ടതും പിന്തുണ വേണ്ടതുമായ സമരമാണത്. രണ്ടരദശാബ്ദം പിന്നിട്ട പരിഷ്കരണങ്ങള്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ തകിടംമറിക്കുകയാണ്. സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും സാധാരണജനങ്ങളെ ബാങ്കുകളില്‍നിന്ന് അകറ്റി. ഭരണകൂട ഒത്താശയോടെ കോര്‍പറേറ്റുകള്‍ ബാങ്കിങ് മേഖല കൊള്ളയടിക്കുന്നു. നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയുമാണ് ബാങ്കുകളുടെ പ്രാഥമികധര്‍മം. അതില്‍നിന്ന് വ്യതിചലിച്ച്, സാമൂഹ്യ ഉത്തരവാദിത്തം എന്ന കടമയോട് കൃത്യമായ അകലംപാലിച്ച് ലാഭംമാത്രം ലക്ഷ്യമിട്ട് വലവിരിക്കുന്ന സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും കൈയയച്ച് പ്രോത്സാഹനം നല്‍കുകയാണ് മോഡിസര്‍ക്കാര്‍. അതുകൊണ്ടുതന്നെ പുത്തന്‍ സ്വകാര്യ ബാങ്കുകള്‍ സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ചൂതാട്ടകേന്ദ്രങ്ങളായി മാറുകയാണ്. തിരിച്ചടവ് വരാതാകുമ്പോള്‍ വായ്പ നിഷ്ക്രിയ ആസ്തിയായി മാറും. ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ പൊതുമേഖല ബാങ്കുകളില്‍ അടുത്തകാലത്ത് നിഷ്ക്രിയ ആസ്തി പെരുകുകയാണ്. 2002ല്‍നിന്ന് 2016ല്‍ എത്തുമ്പോള്‍ നിഷ്ക്രിയ ആസ്തി വര്‍ധിച്ചത് പത്തിരട്ടിയാണ്. ഈ നിഷ്ക്രിയ ആസ്തിക്ക് ഇന്ത്യയിലെ സാധാരണജനങ്ങളോ കര്‍ഷകരോ അല്ല ഉത്തരവാദികള്‍. കോര്‍പറേറ്റുകള്‍. കടം തിരിച്ചടയ്ക്കാത്തതുകൊണ്ടാണ് ബാങ്കുകള്‍ നഷ്ടത്തിലാകുന്നത്. 2016 ജൂണില്‍ നിഷ്ക്രിയ ആസ്തി 9.22 ലക്ഷം കോടിയായി വര്‍ധിച്ചു. ഭയാനകമായ തോതിലാണ് നിഷ്ക്രിയ ആസ്തി പെരുകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ 2,51,727 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത് 2015-16 ധനകാര്യവര്‍ഷത്തിലാണ്. 2014ല്‍ 34,409 കോടി രൂപയും 2015ല്‍ 52,542 കോടി രൂപയും 2016ല്‍ 59,547 കോടി രൂപയും എഴുതിത്തള്ളി. 2014ല്‍ പൊതുമേഖല ബാങ്കുകള്‍ 45,90,458 കോടി വായ്പ നല്‍കിയപ്പോള്‍ 2,16,739 കോടി രൂപ നിഷ്ക്രിയ ആസ്തിയായി മാറി. 2015ല്‍ 49,17,228 കോടി രൂപ വായ്പ നല്‍കിയപ്പോള്‍ 2,67,065 കോടി രൂപ നിഷ്ക്രിയ ആസ്തിയായി. ഈ സാമ്പത്തികവര്‍ഷം നിഷ്ക്രിയ ആസ്തി പെരുകുകയാണ്. പൊതുമേഖല ബാങ്കുകളില്‍ നിഷ്ക്രിയ ആസ്തി പെരുകാന്‍ ഉത്തരവാദികള്‍ സര്‍ക്കാരും കോര്‍പറേറ്റുകളും തന്നെയാണെന്നതിന് വസ്തുതകളുടെ പിന്‍ബലമുണ്ട്. വന്‍തുക വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ ബാങ്കുകളെയും രാജ്യത്തെയും കബളിപ്പിച്ച് വിദേശത്ത് സുഖിക്കുന്ന വിജയ് മല്യയെപ്പോലുള്ളവര്‍ക്കാണ് സഹായങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍, ഉപജീവനത്തിന് വായ്പയെടുത്ത് ഗത്യന്തരമില്ലാതെ തിരിച്ചടവ് തെറ്റിക്കുന്ന സാധാരണക്കാരനും കര്‍ഷകനും ജപ്തിനടപടിയും ജയില്‍വാസവുമാണ്. വിദേശബാങ്കുകള്‍ കൈവിട്ട അദാനിക്ക് 6500 കോടി രൂപയുടെ വായ്പ എസ്ബിഐയില്‍നിന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നേരിട്ടാണ് ഇടപെട്ടത്. ഉന്നതോദ്യോഗസ്ഥര്‍ വഴിവിട്ട് നല്‍കിയ വായ്പ നിരവധിയാണ്. പല ബാങ്ക് ചെയര്‍മാന്മാരും ഇന്ന് ജയിലിലാണ്. ഈ നയം കോര്‍പറേറ്റുകളെ അമിതമായി സന്തോഷിപ്പിക്കുന്നു. ബാങ്കുകള്‍ അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് ചലിക്കുന്ന ഉപകരണങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നു. സാധാരണക്കാരിലേക്ക് കൊള്ളപ്പലിശക്കാരുടെ ആര്‍ത്തിപൂണ്ട കണ്ണുകളാണ് പതിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍, ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിരന്തരം അവഗണിച്ച് കോര്‍പറേറ്റ് പ്രീണനരൂപവും തലതിരിഞ്ഞ നയങ്ങളും തുടരുന്ന സര്‍ക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുകയല്ലാതെ ബാങ്ക് ജീവനക്കാര്‍ക്കുമുന്നില്‍ വഴികളില്ല. മുഴുവന്‍ നിഷ്ക്രിയ ആസ്തിയും പിരിച്ചെടുക്കാന്‍ ഊര്‍ജിതനടപടികള്‍ സ്വീകരിക്കണം. ബാങ്കുകളുടെ ആരോഗ്യം സംരക്ഷിക്കണം. പൊതുപണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത്. നിക്ഷേപകരുടെ പണം നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കേണ്ടത്. അത് കോര്‍പറേറ്റുഭണ്ഡാരത്തിലേക്ക് ഒഴുക്കുകയല്ല വേണ്ടത്. ധനമേഖലയും ബാങ്കിങ് മേഖലയും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് ബാങ്കിങ് സംവിധാനം ദാരിദ്യ്രം അല്‍പ്പമെങ്കിലും കുറയ്ക്കാനാണ് ഇടപെടേണ്ടത്. അല്ലാതെ ആത്മഹത്യകള്‍ പ്രോത്സാഹിപ്പിക്കാനല്ല. ജനകീയ ബാങ്കിങ് നയം ആവിഷ്കരിച്ച് ദേശവ്യാപകമായി നടപ്പാക്കണം. ബാങ്കിങ് മേഖല സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകേണ്ടതുണ്ട്. പണിമുടക്കുസമരത്തിന് രാജ്യവ്യാപകമായി ലഭിച്ച ആവേശകരമായ പ്രതികരണം, ഈ സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവും മാത്രമല്ല, അതില്‍ കൂടുതലാളുകള്‍ അണിചേരേണ്ടതിന്റെ പ്രാധാന്യത്തിനുമാണ് അടിവരയിടുന്നത് Read on deshabhimani.com