സ്വാതന്ത്ര്യദിനം ആഘോഷങ്ങളിൽ ഒതുങ്ങരുത്‌



പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സവിശേഷ സാഹചര്യത്തിലാണ്‌ രാജ്യം 78–-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്‌. ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുമെന്ന കടുത്ത ആശങ്കയും ഭീതിയും നിലനിന്ന സാഹചര്യത്തിലാണ്‌ കഴിഞ്ഞ സ്വാതന്ത്ര്യദിനം കടന്നുപോയത്‌. ഭരണഘടനാ തത്വങ്ങളിലും മാനവികമൂല്യങ്ങളിലും വിശ്വസിക്കുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന സന്ദേശം അക്കാലത്ത്‌ ഇടതുപക്ഷവും ഇതര മതനിരപേക്ഷ വിശ്വാസികളും നൽകി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ എതിരായി നടന്ന ദീർഘമായ സ്വാതന്ത്ര്യസമരത്തിന്റെ സംഭാവനയായ മതനിരപേക്ഷ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക്‌ താക്കീതായ ജനവിധിയാണ്‌ ഏതാനും മാസംമുമ്പ്‌ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്‌. പതിനാറും പതിനേഴും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ തനിച്ച്‌ കേവല ഭൂരിപക്ഷം നേടിയ ബിജെപിക്ക്‌ ഇത്തവണ അതാവർത്തിക്കാൻ കഴിഞ്ഞില്ല. ഭരണഘടനയുടെ സ്വഭാവം മാറ്റിമറിക്കാൻ 400ൽ കൂടുതൽ സീറ്റ്‌ നേടാൻ തീവ്രമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയുംചെയ്‌ത ബിജെപിയെ വോട്ടർമാർ 240 സീറ്റിൽ ഒതുക്കി. സഖ്യകക്ഷികളുടെ സഹായത്തോടെ ഒപ്പിച്ചെടുത്ത ഭൂരിപക്ഷത്തോടെ മൂന്നാംവട്ടം പ്രധാനമന്ത്രിയായ നരേന്ദ്ര മോദി, അതേസമയം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ മുന്നോട്ടുപോകാനാണ്‌ ശ്രമിക്കുന്നത്‌. ഹിന്ദുത്വ അജൻഡയ്‌ക്ക്‌ തിരിച്ചടിയേറ്റില്ലെന്നു വരുത്താൻ ആസൂത്രിതമായി നീങ്ങുകയുമാണ്‌ സംഘപരിവാർ. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്‌ പ്രതികാരം ചെയ്യാനെന്ന രീതിയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ഹീനമായ ആക്രമണമാണ്‌ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നത്‌. ബജറ്റ്‌ സമ്മേളനത്തിൽ അവതരിപ്പിച്ച വഖഫ്‌ നിയമഭേദഗതി ബിൽ മോദിസർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടിന്റെ ഭാഗമാണ്‌. പുതിയ സഖ്യകക്ഷി സർക്കാരിന്റെ പൊതുബജറ്റ്‌ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്‌ വെല്ലുവിളിയായി. രാഷ്‌ട്രീയസമ്മർദവും പ്രതികാരമനോഭാവവും ഒത്തുചേർന്നപ്പോൾ ഭൂരിഭാഗം സംസ്ഥാനങ്ങളും ബജറ്റിന്റെ പരിഗണനയിൽനിന്ന്‌ പുറത്തായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്‌ ഇതിന്റെ കെടുതി കൂടുതൽ അനുഭവിക്കുന്നത്‌. നീറ്റ്‌ നടത്തിപ്പിലെ ക്രമക്കേടുകൾ വിദ്യാഭ്യാസമേഖലയിലെ വാണിജ്യവൽക്കരണത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും ഫലമാണ്‌. ജനങ്ങളിൽ ഭൂരിപക്ഷവും നേരിടുന്ന വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ദാരിദ്ര്യം, പെരുകുന്ന തൊഴിലില്ലായ്‌മ, വർധിച്ചുവരുന്ന സമ്പത്തിക അന്തരം, സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയാണ്‌ രാജ്യം പൊതുവെ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങൾ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ മുൻകാലങ്ങളിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനങ്ങൾ പ്രഹസനമായി. സ്‌ത്രീകളുടെ അഭിമാനം സംരക്ഷിക്കുമെന്ന വാഗ്‌ദാനങ്ങളും വൃഥാവിലായി. ലൈംഗിക അതിക്രമത്തിനെതിരെ രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തിതാരങ്ങൾക്ക്‌ ഡൽഹിയിൽ ദീർഘസമരം നടത്തേണ്ടിവന്നു. കൊൽക്കത്തയിൽ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറായ പെൺകുട്ടി ഏതാനും ദിവസംമുമ്പ്‌ അതിക്രൂരമായ ലൈംഗിക ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ‘ബേട്ടി ബച്ചാവോ’ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം ആവർത്തിച്ചു വ്യക്തമാക്കുന്നു. 2012ലെ ഡൽഹി നിർഭയ കേസിനെ തുടർന്ന്‌ പ്രഖ്യാപിച്ച നടപടികൾ അധരവ്യായാമം മാത്രമായി. നിർഭയ ഫണ്ടിൽ അനുവദിക്കുന്ന തുകയുടെ പകുതി പോലും ചെലവിടുന്നില്ല. കുറ്റവാളികളെ ഉടനടി തൂക്കിലേറ്റണമെന്ന ആഹ്വാനങ്ങൾക്കു പകരം  സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളാണ്‌ ഫലപ്രദമായി നടപ്പാക്കേണ്ടത്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായ പ്രകൃതി ദുരന്തങ്ങൾ രാജ്യമെമ്പാടും  വൻതോതിൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നു. ഒരു മഴ പെയ്‌താൽത്തന്നെ രാജ്യത്തെ പ്രധാന നഗരങ്ങൾ മുങ്ങുകയാണ്‌. ഈ കെടുതികളിൽനിന്ന്‌ ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കാൻ ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. ആഗോളതാപനം വഴിയുണ്ടാകുന്ന അതിതീവ്ര മഴയാണ്‌ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഉൾപ്പെടെ കൊടിയനാശം വിതച്ചതെന്ന്‌ അന്താരാഷ്‌ട്ര വിദഗ്‌ധരും ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളപദ്ധതിക്ക്‌ നേതൃത്വം നൽകാൻ ഇന്ത്യ മുന്നോട്ടുവരേണ്ടതുണ്ട്‌. ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിൽ വലിയ ഉത്തരവാദിത്വങ്ങളാണ്‌ ഏറ്റെടുക്കാനുള്ളത്‌. Read on deshabhimani.com

Related News