ദുരന്തമുഖത്തെ കേരള മാതൃക
കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസമാകുകയാണ്. മുഖ്യധാരാമാധ്യമങ്ങളിൽനിന്ന് മുണ്ടക്കൈ വാർത്തകൾ അപ്രത്യക്ഷമായെങ്കിലും ദുരന്തബാധിതരുടെ അതിജീവന നടപടികൾ ദ്രുതഗതിയിലാണ്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് താൽക്കാലികമായി വാസസ്ഥലം ഒരുക്കലായിരുന്നു സർക്കാരിന്റെ ആദ്യ പരിഗണന. അതിനായി സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. നിശ്ചയിച്ച ഒരു മാസത്തിന് ആറു ദിവസം മുന്നേ ഈ ലക്ഷ്യം പൂർത്തിയാക്കിയെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് കാണിക്കുന്നത്. 19 ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 983 കുടുംബങ്ങളെയും വാടക വീടുകളിലേക്ക് ശനിയാഴ്ചയോടെ മാറ്റി. സർക്കാർ, സ്വകാര്യ ക്വാർട്ടേഴ്സുകളാണ് ഇതിനായി കണ്ടെത്തിയത്. ചിലർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. എല്ലാവർക്കും സർക്കാർ 6000 രൂപ പ്രതിമാസ വാടക നൽകും. ദുരന്തം ഉണ്ടായതുമുതൽ നാലുമന്ത്രിമാരുള്ള ഉപസമിതി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ജൂലൈ 30 ന് വെളുപ്പിനുണ്ടായ ദുരന്തത്തിൽ 17 കുടുംബം പൂർണമായും ഇല്ലാതായി. ഈ വീടുകളിലെ 65 പേരും മരിച്ചു. എട്ടു കിലോമീറ്ററിലെ 86,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ദുരന്തം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. 237 മൃതദേഹം ഇതിനകം കിട്ടി. 119 പേരെ കണ്ടെത്താനുണ്ട്. അതിനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. മൂന്നു ഗ്രാമം പൂർണമായും തുടച്ചുനീക്കിയ സമാനതകളില്ലാത്ത ദുരന്തമുഖത്ത് പകച്ച് നിൽക്കാത്ത സർക്കാർ കേരളത്തിലുണ്ടെന്നതാണ് നമുക്ക് ആശ്വാസമായത്. രക്ഷാപ്രവർത്തനത്തിന് കേരളമൊന്നാകെ മുന്നിട്ടറങ്ങി. സൈന്യവും പൊലീസും ഫയർഫോഴ്‌സും വനപാലകരും മാത്രമല്ല ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡും മറ്റ് യുവജന സംഘടനകളും സർക്കാർ ജീവനക്കാരും നാട്ടുകാരുമെല്ലാം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ അണിനിരന്നു. വയനാടിനെ സഹായിക്കാൻ ലോകത്തെമ്പാടുനിന്നും ആളുകൾ മുന്നോട്ടുവന്നു. ഇതിനകം 250 കോടിയലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തി. കൂലിപ്പണിക്കാർ മുതൽ അതിസമ്പന്നർവരെ ഫണ്ട് നൽകി. ദുരന്ത നിവാരണത്തിൽ സംസ്ഥാന സർക്കാർ കാണിച്ച ഇച്ഛാശക്തി മറ്റൊരു സംസ്ഥാനത്തും കാണാത്തതാണ്. ദുരന്തബാധിതർക്കൊപ്പമാണ് സർക്കാരെന്ന് അടിവരയിടുന്നതാണ് ഓരോ പ്രവർത്തനവും. വീടുകൾ ഒരുക്കിയതിനു പുറമെ ഓരോ വീട്ടിലുമുള്ള രണ്ട് പേർക്ക് പ്രതിദിനം 300 രൂപ ഉപജീവന ബത്ത നൽകി. 1078 പേർക്ക് ഇത് നൽകിത്തുടങ്ങി. ഇതിനു പുറമെ ഓരോ കുടുംബത്തിനും 10000 രൂപ അടിയന്തര സഹായം നൽകി. മരിച്ചവരുടെ ആശ്രിതർക്ക് ആറുലക്ഷം രൂപ നൽകി. ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക് 10000 രൂപയും പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായവും നൽകി. ഇങ്ങനെ ഒരു മാസത്തിനുള്ളിൽ ആറുകോടിയിലധികം രൂപ ദുരന്തബാധിതർക്ക് സർക്കാർ നൽകി. പുനരധിവാസം എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇനി സർക്കാരിന്റെ മുന്നിലുള്ളത്. അതിനുള്ള നടപടികളും ദ്രുതഗതിയിൽ നീങ്ങുകയാണ്. പ്രധാനമന്ത്രി നിർദേശിച്ചതുപോലെ വിശദ റിപ്പോർട്ട് കേന്ദ്രത്തിന് നൽകി. കേന്ദ്രം കനിഞ്ഞാലെ നമ്മൾ ആഗ്രഹിക്കുന്നതുപോലെയുള്ള പുനരധിവാസം വേഗത്തിൽ സാധ്യമാകു. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് ഇതിലും കാണിക്കുമോ എന്ന ആശങ്കയുണ്ട്. ത്രിപുരയിൽ പ്രളയം ഉണ്ടായപ്പോൾ 40 കോടി മുൻകൂറായി നൽകിയ കേന്ദ്രം ഇത്രയും വലിയ ദുരന്തം ഉണ്ടായ കേരളത്തിന് ചില്ലിക്കാശ് ഇതുവരെ അനുവദിച്ചിട്ടില്ലെന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. ദുരന്തത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും വാർത്തകൾ നല്ല രീതിയിൽ കൊടുത്ത മാധ്യമങ്ങൾ, ഊർജിതമായി നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു മാസം തികയുന്നതിനുമുമ്പേ ദുരന്തബാധിതരെ ക്യാമ്പുകളിൽനിന്ന് മാറ്റിയത് ആർക്കും വാർത്തയായില്ല. മറിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ഗൂഢാലോചനയിൽ പങ്കാളികളാകുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ വ്യാപൃതരുമാണ്. സർക്കാർ സംഘടനകളുടെ യോഗം വിളിച്ചാണ് എല്ലാ ജീവനക്കാരും അഞ്ചു ദിവസത്തെ വേതനം വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചത്. ഈ തുക ഗഡുക്കളായി പിടിക്കാൻ 16 ന് ഉത്തരവും ഇറങ്ങി. എന്നാൽ കഴിഞ്ഞ ദിവസം ഇതിനെതിരെ എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള യുഡിഎഫ് –-- ബിജെപി അനുകൂല സംഘടനകൾ വ്യാജ പ്രചാരണവുമായി രംഗത്ത് വന്നു. മുഖ്യധാരാ മാധ്യമങ്ങൾ അതിന് വലിയ പ്രചാരവും നൽകി. പിഎഫിൽനിന്ന് തുക പിൻവലിക്കണമെങ്കിൽ സാലറി ചലഞ്ചിന് സമ്മതപത്രം നൽകണമെന്ന് ഓൺലൈനായി അപേക്ഷിച്ചവർക്ക് മറുപടി കിട്ടിയെന്ന നുണയാണ് വലിയ തോതിൽ പ്രചരിപ്പിച്ചത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അനുമതിയില്ലാതെ ആരുടെയും ശമ്പളം പിടിക്കുകയുമില്ല. ദുരന്തനിവാരണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിന് എന്തെങ്കിലും നേട്ടമുണ്ടാകുമോയെന്ന ദുഷ്ടചിന്തയിൽ നിന്നാണ് ഈ വ്യാജപ്രചാരണം ഉണ്ടായത്. ദുരന്തബാധിതരെ സഹായിക്കാൻ ചെറിയൊരുതുക ഗഡുക്കളായി നൽകണമെന്ന തീരുമാനത്തെപോലും എതിർക്കുന്നവരുടെ മനുഷ്യത്വം എന്താണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നതിൽ സംശയമില്ല. Read on deshabhimani.com