ആകാശം പ്രതിബിംബിച്ച സാഗരത്തിന് വിട
കണ്ണൂർ പയ്യാമ്പലത്തെ കടലിന് സമാന്തരമായി വിതുമ്പിയ ജനസാഗരം സാക്ഷിയാക്കി, പതിനായിരങ്ങൾ ഹൃദയംകൊണ്ടു വിളിച്ച മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ചരിത്രത്തിലലിഞ്ഞു. പ്രിയനേതാക്കളായ ഇ കെ നായനാർക്കും ചടയൻ ഗോവിന്ദനും അടുത്ത് അദ്ദേഹം ഇനിയൊരു ദീപ്‌തസ്‌മരണയായി എക്കാലവും കാറ്റായി വീശുകയും കനലായി ജ്വലിക്കുകയും ചെയ്യും. രണ്ടു ദിവസം കേരളമാകെ കണ്ണൂർ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു. ശത്രുക്കളില്ല, എതിരാളികളേയുള്ളൂവെന്ന പ്രയോഗം അന്വർഥമാക്കുംവിധം ആ അതുല്യ വിപ്ലവകാരിയെ അവസാനമായി ഒരുനോക്കു കാണാൻ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കുപരി സൗമ്യസ്വരൂപനായ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ജനലക്ഷങ്ങളാണ് എത്തിയത്. സിപിഐ എം അഖിലേന്ത്യാ നേതാക്കൾ, സാഹിത്യ–- സാംസ്‌കാരിക പ്രതിഭകൾ, ചലച്ചിത്ര പ്രവർത്തകർ, വിദൂര ദേശങ്ങളിലെ സാധാരണക്കാർ തുടങ്ങി നാനാതുറകളെ പ്രതിനിധാനംചെയ്യുന്നവർ അക്കൂട്ടത്തിലുണ്ടായി. കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനം സംഭാവന ചെയ്‌ത സമാനതകളില്ലാത്ത നേതൃരൂപമായിരുന്നു കോടിയേരി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ വരിച്ച ജയിൽവാസമാണ് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാകണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. മാസങ്ങളോളംനീണ്ട കാരാഗൃഹവാസം രാഷ്ട്രീയ സർവകലാശാലയാക്കി. അക്കാലത്ത് ആർജിച്ച സമരസന്നദ്ധതയും സംഘടനാശേഷിയും നേതൃപാടവവും ബഹുജനങ്ങൾക്കാകെ ആവേശവും സാന്ത്വനവുമായി. ഓരോ പ്രവർത്തകനെയും കേഡറായി മാറ്റിത്തീർക്കുന്ന സമീപനം സി എച്ച് കണാരനെ ഓർമിപ്പിക്കുന്നതാണ്. അതിലൂടെ പ്രവർത്തകർക്ക് അനിവാര്യമായ ചിന്താശേഷിയും സിദ്ധാന്തവും പ്രയോഗവും നിരന്തരം ഓർമപ്പെടുത്തി. പരന്ന വായനയിലൂടെയും നിരന്തര ഗൃഹപാഠത്തിലൂടെയും പുതിയ സമസ്യകൾ നിർധാരണം ചെയ്യുന്നതിൽ അസാമാന്യശേഷി പ്രകടിപ്പിച്ചു. പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ കേഡർമാരെ പ്രാപ്‌തമാക്കുകയും ചെയ്‌തു. സംവാദാത്മകമായ ആ സംഭാവന കേരളത്തിലെ പാർടിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഉരുക്കുകോട്ടയായി നിലനിർത്തി. പൊതുപ്രവർത്തകൻ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് എങ്ങനെ ആകണമെന്നതിന്റെ അനുകരണീയ മാതൃകകളിൽ ഒന്നായിരുന്നു കോടിയേരി. രോഗം കാർന്നുതിന്നപ്പോഴും പാർടി മാത്രമായിരുന്നു ആ മനസ്സിൽ. വിപ്ലവകാരികൾക്ക് വിരമിക്കാനാകില്ലെന്ന ലെനിന്റെ പ്രസ്‌താവം യാഥാർഥ്യമാക്കുകയായിരുന്നു അദ്ദേഹം. ‘‘ജീവിതം നിലയ്‌ക്കാത്ത പോരാട്ടമാണ്; പലതും അതിജീവിക്കേണ്ടിവരും. രോഗം ഉൾപ്പെടെ പല പ്രശ്നങ്ങളും അലട്ടും. വിജയവും പരാജയവും സമ്മിശ്രമാണ്. പേടിച്ചിട്ട് കാര്യമില്ല. വിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് പ്രധാനം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക ഏറ്റവും വലിയ സന്തോഷവും’’ എന്നാണ് പറഞ്ഞത്. അസമത്വം നിറഞ്ഞാടിയ സമൂഹത്തെ മാറ്റിത്തീർക്കുന്ന നിതാന്ത പരിശ്രമങ്ങളിൽ ഏതു ത്യാഗവും സഹിക്കാൻ സന്നദ്ധനായ പോരാളിയായിരുന്നു കോടിയേരി. വ്യവസ്ഥ ചവച്ചുതുപ്പി തിരസ്‌കരിക്കുന്ന അവസാന മനുഷ്യനെയും പരിഗണിക്കുന്ന ആർദ്രതയിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംനേടിയത്. രാഷ്ട്രീയ പ്രവർത്തകർ വായനയുടെയും സംസ്കാരത്തിന്റെയും രംഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും സാഹിത്യം, കല, കായിക മേഖലകളിൽ ഇടപെടണമെന്നുമുള്ള കാഴ്‌ചപ്പാട് കോടിയേരി ഓർമിപ്പിച്ചു. ഓരോ മനുഷ്യന്റെയും കുടുംബത്തിന്റെയും സങ്കടങ്ങളിലും ആഹ്ലാദങ്ങളിലും പാർടി പ്രവർത്തകരെ ദൈനംദിന സാന്നിധ്യത്താലും സഹകരണത്താലും നിറഞ്ഞുനിൽക്കാൻ പ്രാപ്തമാക്കി. പ്രതിയോഗികളുടെ മാരക കടന്നാക്രമണങ്ങൾക്ക് ഇരയായവരെയും രക്തസാക്ഷി കുടുംബങ്ങളെയും എപ്പോഴും ചേർത്തുപിടിച്ചു. പാർടിയുടെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ, അവശതകൾ കൂസാതെ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് വല്ലാത്ത വൈകാരിക സന്ദർഭമായിരുന്നു; രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടിയതുപോലെ. ഒടുവിൽ കേരളത്തെ കണ്ണീർപ്പുഴയിലാക്കി, കോടിയേരി ചിതയിൽ എരിഞ്ഞടങ്ങി. അതിന്റെ ശൂന്യതയും അനാഥത്വവും മറികടന്നേപറ്റൂ. വിട, ആകാശം പ്രതിബിംബിച്ച ആ സാഗരത്തിന്. പ്രതിജ്ഞയെടുക്കാം, സഖാവ് കൈയിലേന്തിയ രക്തപതാക ഇനിയുമുയരേ... Read on deshabhimani.com