ഞെട്ടിക്കരയുന്നു ഇന്ത്യ



സ്വാതന്ത്ര്യദിനപ്പുലരിയെ ഓർമിപ്പിക്കുന്ന ദിനങ്ങളിൽ കൊൽക്കത്തയിൽനിന്ന് വരുന്ന വാർത്തകൾ കേട്ട് ഞെട്ടിക്കരയുകയാണ് ഇന്ത്യ. കൊൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നു. പൈശാചികമായ കൊലപാതകത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധജ്വാലകൾ ആളുകയാണ്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിലുണ്ട്. ശനിയാഴ്ച ഡോക്ടർമാരുടെ പണിമുടക്കിൽ രാജ്യത്തെ ആരോഗ്യമേഖല സ്തംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒട്ടേറെ ചോദ്യങ്ങൾക്ക് ‌ ഇനിയും ഉത്തരം കിട്ടിയിട്ടില്ല. തെളിവുകൾ തേച്ചുമാച്ച്‌ കളയാനും അന്വേഷണം അട്ടിമറിക്കാനും ഡോക്ടർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും തുടക്കത്തിലേ നീക്കമുണ്ടായി. സംഭവത്തിൽ ഞായറാഴ്ച സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ആഗസ്ത് ഒമ്പതിനു പുലർച്ചെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ദേഹമാസകലം  മുറിവുകളോടെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടത്. 36 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്ത് തളർന്ന ഡോക്ടർ ഒന്നുതലചായ്ക്കാൻ സെമിനാർ ഹാളിൽ എത്തിയതായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ മറ്റൊരിടം ഇല്ലാത്തതിനാലാണ് അവിടെ എത്തിയത്. ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന കാമഭ്രാന്തന്മാർ അവളെ പിച്ചിച്ചീന്തി കൊലപ്പെടുത്തി. അക്രമികൾ ഒന്നിലധികം പേരുണ്ടെന്നതിന് തെളിവുകൾ ഇതിനകം പുറത്തുവന്നു. എന്നാൽ, ഒരാളെ മാത്രമാണ് മമത ബാനർജിയുടെ പൊലീസ് അറസ്റ്റുചെയ്തത്. കൊൽക്കത്ത പൊലീസിൽ പ്രവർത്തിക്കുന്ന സിവിക് വളന്റിയർ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. ഇയാളെ സിബിഐക്ക് കൈമാറിയിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് ബംഗാൾ പൊലീസ് കേസെടുത്തിരുന്നത്. പൊലീസിലെ സിവിക് വളന്റിയർമാർ ഏറെയും മമതയുടെ പാർടിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ്. കൊൽക്കത്തയിൽ 37,000 പൊലീസുകാരിൽ ഏതാണ്ട് 7200 സിവിക് വളന്റിയർമാരുണ്ട്. സംഭവം പുറത്തുവന്നയുടനെ പ്രതിഷേധം അടിച്ചമർത്താനായിരുന്നു പൊലീസിന്റെ നീക്കം. ഒപ്പം തൃണമൂലുകാർ വ്യാപകമായ അക്രമവും അഴിച്ചുവിട്ടു. ആശുപത്രിയിൽ കയറി ഡോക്ടർമാരെയടക്കം മർദിച്ചു. കിടക്കകളും മെഡിക്കൽ ഉപകരണങ്ങളുമെല്ലാം നശിപ്പിച്ചു. ആഗസ്ത് ഒമ്പതിന് വാർത്താസമ്മേളനം നടത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് കുമാർ ഘോഷ്  കൊല്ലപ്പെട്ട യുവതിയുടെ പേര് വെളിപ്പെടുത്തുകയും സെമിനാർ ഹാളിൽ പോയതിനെ കുറ്റപ്പെടുത്തുകയുമാണ്‌ ഉണ്ടായത്. ബലാത്സംഗക്കൊലയ്‌ക്കെതിരെ പ്രിൻസിപ്പലോ മറ്റ് അധികൃതരോ പൊലീസിൽ പരാതി നൽകിയുമില്ല. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഘോഷ് രാജിവച്ചെങ്കിലും മണിക്കൂറുകൾക്കകം ഇയാളെ മറ്റൊരു മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി സർക്കാർ നിയമിച്ചു. ഹൈക്കോടതി അത് തടഞ്ഞു. മകൾക്ക് സുഖമില്ലെന്നും പിന്നീട് മരിച്ചെന്നും സംഭവദിവസം രാവിലെ ആശുപത്രിയിൽനിന്ന് അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ അച്ഛനമ്മമാരെ ഏറെ വൈകിയാണ് മൃതദേഹം കാണിച്ചത്. വൈകിട്ടോടെ പുറത്തുവന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ്‌ അതിക്രൂരമായ ബലാത്സംഗക്കൊലയാണ് നടന്നതെന്ന് വെളിപ്പെട്ടത്‌. 2012ലെ ഒരു രാത്രിയിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം ചെയ്ത് കൊന്നതിനു സമാനമായ സംഭവം. ബംഗാളിൽ തൃണമൂൽ ഭരണത്തിൽ സ്ത്രീസുരക്ഷയുടെ സ്ഥിതി വെളിപ്പെടുന്നതാണ് കൊൽക്കത്ത സംഭവം. ഇന്ന്‌ രാജ്യത്തിന്റെ പലഭാഗത്തുമുള്ള സാഹചര്യംതന്നെയാണ് മമത ബാനർജി ഭരിക്കുന്ന ബംഗാളിലും. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ അധ്യാപകൻ ബലാത്സംഗംചെയ്ത എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചത് അടുത്ത ദിവസമാണ്. ഉത്തരാഖണ്ഡിലെ രുദ്രാപുരിൽ ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന നഴ്സിനെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതും കഴിഞ്ഞ ദിവസമാണ്. ജൂലൈ 30ന്‌ ആയിരുന്നു ഈ ബലാത്സംഗക്കൊല. നാരീശക്തിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും സ്ത്രീകളെ ദേവതമാരെന്ന് വാഴ്‌ത്തുകയുമൊക്കെ ചെയ്യുന്നവരുടെ ഭരണത്തിൽ ഡോക്ടറടക്കം ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുന്നു. ഈ വാഴ്‌ത്തലുകളൊക്കെ സ്ത്രീസ്വാതന്ത്ര്യം ഹനിക്കാനും ചൂഷണം ചെയ്യാനുമുള്ള സൗകര്യത്തിനുവേണ്ടിയാണ്. അല്ലാതെ അവർക്ക് സുരക്ഷയൊരുക്കാനല്ല. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരുദിവസം 80 ബലാത്സംഗം നടക്കുന്നുണ്ട്.  സ്ത്രീകൾക്കുനേരെ നടക്കുന്ന ഇത്തരം അതിക്രമം അവസാനിപ്പിക്കാനും അവർക്ക് ഭയമേതുമില്ലാതെ ജീവിക്കാനും വലിയ പോരാട്ടങ്ങൾ തന്നെ ഉയർന്നുവരേണ്ടതുണ്ട്. കൊൽക്കത്ത സംഭവം അക്കാര്യം വീണ്ടും ഓർമിപ്പിക്കുന്നു. Read on deshabhimani.com

Related News