വിശ്വാസം ഊട്ടിയുറപ്പിച്ച് അഞ്ചാം വർഷത്തിലേക്ക്
ഒരു സംസ്ഥാന സർക്കാരിൽനിന്ന് ജനങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാനാകുക. അടിസ്ഥാന ജീവിതസൗകര്യങ്ങൾ, സാമൂഹ്യസുരക്ഷ, ക്രമസമാധാനം ഇതൊക്കെയാണ് സാധാരണ ഘട്ടങ്ങളിൽ സർക്കാർ ഉറപ്പുവരുത്തേണ്ടത്. എൽഡിഎഫ് 2016ൽ അധികാരമേൽക്കുമ്പോൾ ജനങ്ങളോടുപറഞ്ഞത് സർക്കാർ ഒപ്പമുണ്ടെന്നാണ്. രണ്ട് മഹാപ്രളയവും നിപായുമടക്കം ഒട്ടേറെ പരീക്ഷണങ്ങൾ പിന്നിട്ടാണ് കേരളം ഈ കാലയളവിൽ മുന്നോട്ടുപോയത്. സ്വാഭാവിക ഭരണ–വികസന പ്രക്രിയകളെ സ്‌തംഭിപ്പിക്കുംവിധം ദുരന്തങ്ങൾ കേരളത്തെ വേട്ടയാടി. എന്നാൽ, ഒന്നിനും ഒരു കുറവും വരുത്താതെയാണ് പിണറായി സർക്കാർ നാടിനെ മുന്നോട്ടുനയിച്ചത്. ജനജീവിതവും നാടിന്റെ വികസനവും കണ്ണിചേർത്ത നാലുവർഷമാണ് കടന്നുപോയത്. പാതിവഴിയിൽ നിലച്ചുപോകുമായിരുന്ന ഒട്ടേറെ പദ്ധതികൾ യാഥാർഥ്യമാക്കി. പുതിയൊരു കേരളം പടുത്തുയർത്താൻ പശ്ചാത്തലമേഖലയിൽ ഗണ്യമായ നിക്ഷേപം നടത്തി. ഒപ്പം മറ്റെല്ലാ രംഗങ്ങളിലും ജനക്ഷേമം അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഇതൊന്നും വെറും അവകാശവാദങ്ങളായിരുന്നില്ല. നാട് തൊട്ടറിഞ്ഞ യാഥാർഥ്യങ്ങളാണ്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ അത്യസാധാരണമായ ആപൽസന്ധിയാണ് ലോകത്തിനൊപ്പം രാജ്യവും കേരളവും നേരിടുന്നത്. വികസിത രാജ്യങ്ങൾപോലും മരണഭീതിയിൽ നിശ്‌ചേഷ്‌ടമായിക്കൊണ്ടിരിക്കെ, മറ്റൊരിടത്തുമില്ലാത്ത ആത്മവിശ്വാസത്തോടെയാണ് നാം കോവിഡിനെ നേരിടുന്നത്. മാർച്ചിൽ കോവിഡിന്റെ രണ്ടാംവരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറഞ്ഞു–- ഭയം വേണ്ട ജാഗ്രത മതി; സർക്കാർ മുന്നിലുണ്ട്. പിന്നിട്ട രണ്ടുമാസം ലക്ഷ്യബോധമുള്ള, നിശ്ചയദാർഢ്യമുള്ള സർക്കാർ മുന്നിൽ നിൽക്കുന്നതിന്റെ സുരക്ഷിതത്വം നാട് അനുഭവിച്ചു. പക്ഷേ, കോവിഡിൽനിന്നുള്ള മോചനം ഇനിയുമേറെ അകലെയാണെന്ന സത്യം മറന്നുകൂടാ. അതിന് ത്യാഗപൂർവം നിയന്ത്രണങ്ങൾ തുടർന്നേ മതിയാകൂ. ഇന്നത്തെ ചെറിയ ആശ്വാസത്തിന്റെ പൂർണ ക്രെഡിറ്റ് എൽഡിഎഫ് സർക്കാരിന് അവകാശപ്പെട്ടതാണ്. പിന്നിട്ട നാലുവർഷത്തെ അനുഭവക്കരുത്താണ് ഇന്നത്തെ നേട്ടങ്ങളെ രൂപപ്പെടുത്തിയതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷമില്ലാത്ത നാലാംവാർഷികത്തിന് കൂടുതൽ അർഥവ്യാപ്‌തിയുണ്ട്. അഞ്ചുവർഷത്തെ പദ്ധതികൾ നാലുവർഷംകൊണ്ട് പൂർത്തിയാക്കുക. അതും കടുത്ത വെല്ലുവിളികളുടെ നടുവിൽനിന്നുകൊണ്ട്. ഇതൊരു അപൂർവ റെക്കോഡാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽഡിഎഫ് ജനങ്ങൾക്കുമുന്നിൽവച്ച പ്രകടനപത്രികയുണ്ട്. ഓരോ വാർഷികത്തിനും വാഗ്‌ദാനങ്ങൾ ഏതൊക്കെ നിറവേറ്റിയെന്ന് പരിശോധിച്ച് ജനങ്ങളെ അറിയിച്ചു. നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്തുവരും. പറഞ്ഞതും പ്രവർത്തിച്ചതും തമ്മിലുള്ള ഇത്തരമൊരു കണക്കെടുപ്പ് ഒരു സർക്കാർ നടത്തുന്നത് ആദ്യമായാണ്. എല്ലാം ജനങ്ങളുടെ മുന്നിലുള്ള രേഖയാണ്. ഓരോന്നും എടുത്തുപറയുക അസാധ്യമാണ്. എങ്കിലും ചിലതെങ്കിലും പറയാതെ വയ്യ. കേരളത്തിലെ അടിസ്ഥാനമേഖലകളിൽ നാല് മിഷൻ. പൊതുജനാരോഗ്യ ശൃംഖല ഉടച്ചുവാർത്ത ആർദ്രം. പ്രാഥമിക ആരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുവരെ ഒറ്റച്ചരടിൽ കോർത്ത ദൗത്യസേനയാണ് കോവിഡ് പ്രതിരോധത്തിൽ നമ്മുടെ കരുത്ത്. പകർച്ചവ്യാധികളെ നേരിടുന്നതിനായി വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളും പുതിയ ഗവേഷണസംരംഭങ്ങളും ഇന്ന് കേരളത്തിന് സ്വന്തമായുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യം സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവും പഠനമികവും അന്താരാഷ്‌ട്രനിലവാരത്തിൽ എത്തിക്കുകയാണ്. ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീടുവച്ചു നൽകി. ഹരിതം പദ്ധതിയിൽ പരിസ്ഥിതിസംരക്ഷണവും ജൈവക്കൃഷിയും മാലിന്യസംസ്‌കരണവും ഒത്തുചേർന്ന് മുന്നേറുന്നു. സംസ്ഥാന സർക്കാരിനൊപ്പം തദ്ദേശ സർക്കാരുകളാണ് എല്ലാ പദ്ധതികൾക്കും ചുക്കാൻപിടിച്ചത്. ബജറ്റിന്റെ പരിമിതികളിൽ ശ്വാസംമുട്ടിയ അടിസ്ഥാന പശ്ചാത്തല വികസനത്തെ കിഫ്‌ബിയിലൂടെ പുനരുദ്ധരിച്ചു. ഇതുവരെ 54391 കോടിയുടെ നിക്ഷേപമാണ് യാഥാർഥ്യമായത്. ഉപേക്ഷിക്കപ്പെട്ട ഗെയിൽ പദ്ധതിയിൽ 400 കിലോമീറ്ററിലധികം പൈപ്പ് ലൈൻ വലിച്ചു. ഇതുവഴി അടുത്ത മാസങ്ങളിൽ വീടുകളിലടക്കം ഗ്യാസ് വിതരണം സാധ്യമാകും. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കി. ഇവയുടെ തുടർവികസനം നടന്നുവരുന്നു. വിഴിഞ്ഞം തുറമുഖം വൈകാതെ പ്രവർത്തനക്ഷമമാകും. പതിറ്റാണ്ടുകൾ ഇഴഞ്ഞുനീങ്ങിയ ദേശീയപാത വികസനം കാസർകോട് ജില്ലയിൽ ടെൻഡർ ഘട്ടത്തിൽ എത്തിയത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ്. അതിവേഗ റെയിൽ പാതയാണ് മറ്റൊരു പ്രധാന ചുവടുവയ്‌പ്. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കുന്നതിനുള്ള റീബിൽഡ് കേരള പ്രതിസന്ധികൾക്കിടയിലും നല്ല പുരോഗതി കൈവരിച്ചു. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസും കേരള ബാങ്കും പിണറായി സർക്കാരിന് പൊൻതൂവലുകളാണ്. നാലുവർഷംകൊണ്ട് 23409 കോടിയുടെ ക്ഷേമ പെൻഷൻ വിതരണം ചെയ്‌ത എൽഡിഎഫ് സർക്കാർ സാമൂഹ്യസുരക്ഷാ രംഗത്ത് ഒരു അപൂർവ മാതൃകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ 9270 കോടി മാത്രമാണ് ഈ ഇനത്തിൽ ആകെ ചെലവഴിച്ചത്. സ്‌ത്രീകൾ, കുട്ടികൾ, അവശവിഭാഗങ്ങൾ എന്നിവർക്ക് ഇത്രയേറെ ശ്രദ്ധയും പരിഗണനയും ലഭിച്ച മറ്റൊരു കാലമില്ല. വ്യാവസായികരംഗത്ത് പുതിയ സാധ്യതകൾ തുറന്ന് സ്‌റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഉത്തേജനം നൽകി. മാറിയ ലോകത്ത് ഏറ്റവും സുരക്ഷിത സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി വ്യവസായവികസനത്തിന് ഉപയോഗപ്പെടുത്താൻ ഏഴ് ദിവസംകൊണ്ട് പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായി. ഭരണനിർവഹണം, ക്രമസമാധാനം, ആരോഗ്യപരിപാലനം ഉൾപ്പെടെ വ്യത്യസ്‌ത രംഗങ്ങളിൽ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചു. കാർഷികരംഗത്ത് സ്വാശ്രയത്വം, പ്രകൃതിസംരക്ഷണം എന്നിവയും ഈ സർക്കാരിന്റെ മുൻഗണനകൾതന്നെ. ഇനിയുമേറെ കാര്യങ്ങൾ പരാമർശിക്കേണ്ടതുണ്ടെങ്കിലും ചുരുക്കാൻ നിർബന്ധിതമാകുന്നു. കോവിഡ് തീർത്ത പ്രതിസന്ധിയിൽ തദ്ദേശിയർക്കൊപ്പം അതിഥിത്തൊഴിലാളികളെയും ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാർ ഇതര സംസ്ഥാനങ്ങളിൽനിന്ന് വേറിട്ടുനിന്നു. കേന്ദ്ര അവഗണനയും പ്രതിപക്ഷത്തിന്റെ ശത്രുതാനിലപാടും മറികടന്ന് അസാമാന്യമായ ഈ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ എൽഡിഎഫിന് സാധിച്ചത് ജനപക്ഷ രാഷ്‌ട്രീയവും പ്രതിബദ്ധതയും മുറുകെ പിടിച്ചതിനാലാണ്. അവശേഷിക്കുന്ന ഒരു വർഷം കൂടുതൽ കർമശേഷിയോടെ മുന്നേറാനും ജനങ്ങളെ മുന്നിൽനിന്ന് നയിക്കാനും എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങളർപ്പിക്കുന്നു. Read on deshabhimani.com