ക്രിയാത്മകം 100 ദിന കർമപദ്ധതി



നിശ്ചയദാർഢ്യം മുഖമുദ്രയായ എൽഡിഎഫ് സർക്കാർ നാലാം 100 ദിന കർമപരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നു. സാമ്പത്തികമായി ഞെരുക്കി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ  ശ്രമം തുടരുന്നതിനിടെയാണ്‌ ജനക്ഷേമത്തിനാണ്‌ സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണനയെന്ന്‌ ആവർത്തിച്ചുറപ്പാക്കുന്ന പരിപാടികളുടെ പ്രഖ്യാപനം. നിലവിട്ട വിമർശങ്ങളിലൂടെ സർക്കാരിന്റെ വഴിമുടക്കാൻ ശ്രമിക്കുന്ന യുഡിഎഫ്, -ബിജെപി, മാധ്യമ കൂട്ടായ്മയെ വകഞ്ഞുമാറ്റിയുമാണ്‌ സമഗ്രവികസനത്തിന്റെയും ക്ഷേമത്തിന്റെയും ദൃഢമായ പാതയിലൂടെ പ്രയാണം തുടരുന്നതിനുള്ള സമയബന്ധിതപദ്ധതികൾ പ്രഖ്യാപിച്ചത്‌. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് അധികം വൈകുംമുമ്പ്‌ പ്രഖ്യാപിച്ച ആദ്യ 100 ദിന കർമപരിപാടിയിൽ 2021 ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നടപ്പാക്കിയത് 100 പദ്ധതിയായിരുന്നു. സർക്കാരിന്റെ ആദ്യ വാർഷികത്തോട്‌ അനുബന്ധിച്ച് 2022 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ 1557 പദ്ധതി  നടപ്പാക്കി രണ്ടാം 100 ദിന കർമപദ്ധതിയും വിജയകരമായി പൂർത്തിയാക്കി. മൂന്നാം വാർഷികത്തോട്‌ അനുബന്ധിച്ച് പ്രഖ്യാപിച്ച മൂന്നാം100 ദിന പരിപാടിയിൽ 15,896.03 കോടി രൂപയുടെ 1284 എണ്ണം നടപ്പാക്കി. ഇപ്പോൾ  പ്രഖ്യാപിച്ച നാലാം 100 ദിന പരിപാടി ലക്ഷ്യംവയ്ക്കുന്നത് 13,013 കോടി രൂപയുടെ 1070 പദ്ധതി. 4,33,644 തൊഴിലവസരം സൃഷ്ടിച്ച മൂന്നാം 100 ദിന പരിപാടിയെപ്പോലെതന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ്‌ ഇപ്പോഴത്തെ പദ്ധതിയും ഊന്നൽനൽകുന്നത്. 2,59,384 തൊഴിലവസരം സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. എൽഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെയും പൂർത്തീകരണത്തിലേക്ക് ഒരുപടികൂടി കടക്കുന്നവിധത്തിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്. ജനങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നതിനും  പശ്ചാത്തല വികസനത്തിനുമുള്ള പദ്ധതികളാണ് മുൻഗണനാമേഖലയിൽ.706 പദ്ധതി  ഇക്കാലയളവിൽ പൂർത്തിയാക്കും. 364 എണ്ണം ആരംഭിക്കും. 30,000 പട്ടയംകൂടി കൈമാറുന്നതോടെ ഒരുപരിധിവരെ കുടിയേറ്റ ഭൂരഹിത ജനങ്ങളുടെ ആശങ്കകൾക്ക്  പരിഹാരമാകും. ലൈഫ് പദ്ധതിയിൽ 10,000 വീടുകൂടി കൈമാറും. വ്യാവസായിക വികസനപദ്ധതികൾ ഭാവനാത്മകവും കാലത്തിന്റെ ആവശ്യങ്ങളും സാധ്യതകളും മുന്നിൽ കണ്ടുള്ളതുമാണ്. ക്യാമ്പസ് വ്യവസായ പാർക്ക്, ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ഉൽപന്നം പദ്ധതി എന്നിവ പ്രത്യേകം പരാമർശം അർഹിക്കുന്നു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനായുള്ള നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണ്  സംസ്ഥാനതല നിക്ഷേപകസംഗമം. കർമപരിപാടി കാലയളവിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകസഭ  സാധ്യതകളുടെ വാതായനം തുറക്കുമെന്ന്  പ്രതീക്ഷിക്കാം. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും നടത്തിപ്പിനും പൊലീസ് സേനയുടെ നവീകരണത്തിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്‌. പ്രതിസന്ധികൾക്ക്‌ നടുവിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ഫെഡറലിസത്തിന്റെ അടിസ്ഥാന നയംപോലും കാറ്റിൽപ്പറത്തി സംസ്ഥാനത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷതയുടെ പ്രകാശഗോപുരമായി വർത്തിക്കുന്നതിനാൽ മതതീവ്രവാദത്തിന് വേരൂന്നാൻ കഴിയാത്തതിന്റെ അസഹ്യതയത്രയും കേരളത്തിനുമേൽ ചൊരിയുകയായിരുന്നു മോദിഭരണം. മൂന്നാം മോദി ഭരണത്തിലും അതിനു മാറ്റമില്ല. അടിസ്ഥാന, മധ്യവർഗ ജനതയുടെ ക്ഷേമത്തിന് ഊന്നൽനൽകുന്ന സർക്കാർനയം പുതു മുതലാളിത്തത്തിന്റെ വക്താക്കളെ വിറളിപിടിപ്പിക്കുന്നു. മാധ്യമങ്ങളിലും മറ്റും ഈ അസഹിഷ്ണുത അസത്യപ്രചാരണങ്ങളായി പ്രതിഫലിക്കുന്നു. കേരളത്തിൽനിന്ന് യുവാക്കൾ നാടുവിടുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ അതിന്റെ ഭാഗമാണ്. വിജ്ഞാനസമ്പദ് വ്യവസ്ഥയിലൂന്നിയ ജ്ഞാനാധിഷ്ഠിത ക്ഷേമസമൂഹത്തിലേക്ക് കേരളത്തെ പരിവർത്തിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച നവീനപദ്ധതികൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്‌. സർക്കാരിന്റെയും മുന്നണിയുടെയും നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതും അപഹസിക്കുന്നതും അവരുടെ കർമവീര്യം തകർക്കാൻ തന്നെ. ജനങ്ങളെ ഏതുവിധത്തിലും സർക്കാരിന് എതിരാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ പ്രചാരവേലയാണ്‌ നടത്തുന്നത്‌. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ജനക്ഷേമം ലാക്കാക്കി ചുവടുറപ്പിച്ചു മുന്നേറുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അതിന്റെ ഭാഗമാണ്‌ നാലാം 100 ദിന കർമപരിപാടികൾ. ഈ പരിപാടികളെല്ലാം വിജയത്തിലേക്ക്‌ കുതിക്കുമെന്ന്‌ ഉറപ്പിക്കാം. Read on deshabhimani.com

Related News