ആര് അണയ്ക്കും ഈ കലാപത്തീ
ജനങ്ങളെ വർഗീയമായി വിഭജിച്ച് അധികാരത്തിൽ തുടരാനുള്ള ബിജെപിയുടെ അധമ രാഷ്ട്രീയത്തിന്റെ ദുരന്തമാണ് വടക്ക് കിഴക്കൻ പ്രദേശത്തെ കൊച്ചു സംസ്ഥാനമായ മണിപ്പുരിൽ അരങ്ങേറുന്നത്. ഒന്നര വർഷമായി തുടരുന്ന ആഭ്യന്തരകലാപം കൂടുതൽ രൂക്ഷമാകുന്നതിന്റെ തെളിവുകളാണ് ദിവസവും പുറത്തുവരുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന് കലാപം അമർച്ച ചെയ്ത് സമാധാനം സ്ഥാപിക്കാൻ ചെറുവിരൽ അനക്കാനാകുന്നില്ല. വർഗീയ സംഘർഷം ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നതിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്കാണ്. മണിപ്പുരിലെ പ്രബല ജനവിഭാഗത്തെ ഹിന്ദുത്വവൽക്കരിച്ച് ഒപ്പം നിർത്താനുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഗൂഢശ്രമത്തിന്റെ പരിണതഫലമാണ് അവിടെ ആളിപ്പടരുന്ന കലാപങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും വർഗീയവാദികൾക്കുണ്ട് എന്ന സംശയം കൂടുതൽ ബലപ്പെട്ടിട്ടുണ്ട്. ഒന്നര വർഷത്തിനിടെ ഇരുനൂറ്റി അമ്പതിലധികം മനുഷ്യ ജീവനുകൾ നഷ്ടമായ കലാപത്തെ അമർച്ച ചെയ്യാൻ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല മണിപ്പുർ കത്തിയെരിഞ്ഞിട്ടും ഇന്നേവരെ പ്രധാനമന്ത്രി അവിടം സന്ദർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സൈന്യവും തീവ്രവാദികളും നിരവധിയാളുകളെ കൊലപ്പെടുത്തുകയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും വസതികൾക്ക് നേരെ അക്രമം ഉണ്ടാകുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രി രാജ്യം വിട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിലാണ് മോദി. നൈജീരിയയിലുണ്ടായ പ്രളയത്തിൽ ദുഃഖിക്കുകയും റഷ്യ–--ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മോദി സ്വന്തം രാജ്യത്തെ കൊച്ചു സംസ്ഥാനത്ത് ആളിപ്പടരുന്ന കലാപം കണ്ടതായിപ്പോലും നടിക്കുന്നില്ല. വർഗീയ സംഘർഷം തുടങ്ങി മാസങ്ങൾ കഴിഞ്ഞാണ് അത് സംബന്ധിച്ച മൃദുവായ പ്രസ്താവന നടത്താൻപോലും തയ്യാറായത്. അതും പ്രതിപക്ഷ പാർടികളുടെ കടുത്ത സമ്മർദത്തെ തുടർന്ന്. മെയ്‌ത്തീ വിഭാഗത്തിലെ അക്രമികളെ പിന്തുണച്ച് മുഖ്യമന്ത്രി ബിരേൻ സിങ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ അടുത്തയിടെ പുറത്തുവന്നതോടെ സർക്കാർ സ്പോൺസേർഡ് കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് കൂടുതൽ സ്പഷ്ടമായി. മെയ്‌ത്തീ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മാത്രമല്ല നടക്കുന്നത്. ഇരുവിഭാഗത്തിലെയും ക്രൈസ്തവർക്ക് നേരെയും അക്രമം അഴിച്ചുവിടുകയാണ്. അവരുടെ നിരവധി പള്ളികളും സ്ഥാപനങ്ങളും തകർത്തു. ന്യൂനപക്ഷത്തെയാകെ ഉൻമൂലനം ചെയ്ത് സമ്പൂർണ ആധിപത്യം സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് മണിപ്പുരിലേത്. ജിരിബാമിൽ സിആർപിഎഫ് നടപടിയിൽ 11 കുക്കി വംശജർ കൊല്ലപ്പെട്ടതിനു പിന്നാലെ ആറ് മെയ്‌ത്തീ വംശജരെ തട്ടിക്കൊണ്ടുപോയി വധിച്ചതാണ് പെട്ടെന്ന് കലാപം ആളിപ്പടരാൻ കാരണം. ജിരിബാമിലെ അഞ്ച് ക്രിസ്ത്യൻ ദേവാലയങ്ങളും നിരവധി വീടുകളും അക്രമത്തിനിരയായി. ഈ മാസം ഏഴിന് ഹമാർ ഗോത്ര വിഭാഗത്തിൽപ്പെട്ട മുപ്പത്തൊന്നുകാരിയായ അധ്യാപികയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമാക്കിയത്. ഇതിലെ പ്രതികൾ പൊലീസ് സംരക്ഷണയിൽ ഒളിവിൽ കഴിയുകയാണെന്ന് ആരോപിച്ച് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയാണ് സിആർപിഎഫ് വെടിവയ്‌പ്പും 11 പേർ കൊല്ലപ്പെടുന്നതും. സംഘർഷത്തിൽ സംസ്ഥാന സർക്കാർ പക്ഷംപിടിച്ച് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്ന് തിരിച്ചറിഞ്ഞ സഖ്യകക്ഷി നാഷണൽ പീപ്പിൾസ് പാർടി (എൻപിപി) ബിജെപിക്കുള്ള പിന്തുണ കഴിഞ്ഞ ദിവസം പിൻവലിച്ചു. ഏഴ് എംഎൽഎമാരുള്ള എൻപിപി പിന്തുണ പിൻവലിച്ചതോടെ ബിജെപി പൂർണമായും ഒറ്റപ്പെട്ടു. ജിരിബാം ഉൾപ്പെടെയുള്ള ആറ് പ്രദേശത്ത് സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പിൻവലിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. ഗത്യന്തരമില്ലാതെ, സൈന്യത്തിന് നൽകിയ പ്രത്യേക അവകാശം പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇതുകൊണ്ടൊന്നും കലാപം അവസാനിപ്പിക്കാൻ കഴിയില്ല. അക്രമികളെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റി, കേന്ദ്രത്തിന്റെ പക്ഷപാത നിലപാട് അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ആത്മാർഥ ശ്രമമുണ്ടാകണം. എന്നാൽ വർഗീയ രാഷ്ട്രീയം മാത്രം ശീലിച്ച ബിജെപിക്ക് അതിനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും കലാപം പടർത്താനുള്ള സാഹചര്യമാണ് രാജ്യത്താകെ കേന്ദ്ര ഭരണക്കാർ സൃഷ്ടിക്കുന്നത്. ബിജെപിയുടെ വർഗീയ അജൻഡ തിരിച്ചറിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. Read on deshabhimani.com