കേന്ദ്രം തൊഴിലുറപ്പിനെ കൈവിടുമ്പോൾ



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് അസ്വാഭാവികമാംവിധം വലിയ തോതിൽ തൊഴിലാളികളെ പുറത്താക്കുന്നത്‌ കേന്ദ്രസർക്കാർ പദ്ധതിയെ കൈവിടുകയാണെന്ന സൂചന നൽകുന്നു. കേന്ദ്രത്തിൽ  ഇടതുപക്ഷത്തിന്റെ നിർബന്ധിത പ്രേരണയാൽ ഒന്നാം യുപിഎ സർക്കാർ രൂപം നൽകിയ പദ്ധതിക്ക് മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് മരണമണി മുഴങ്ങുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതിയിൽനിന്ന് തൊഴിലാളികൾ സ്വയം പിരിഞ്ഞുപോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിച്ച് പദ്ധതി കാലക്രമേണ ഇല്ലാതാക്കുകയെന്ന തന്ത്രമാണ് കേന്ദ്രം പയറ്റുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ വർഷം ഏപ്രിൽമുതൽ സെപ്തംബർവരെയുള്ള ആറുമാസം രജിസ്റ്റർ ചെയ്‌തിരുന്ന 84.8 ലക്ഷം തൊഴിലാളികൾ പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടതായാണ് അക്കാദമികപണ്ഡിതരും ആക്ടിവിസ്റ്റുകളും അടങ്ങിയ ‘ലിബ് ടെക്’ നടത്തിയ പഠനം കണ്ടെത്തിയത്. 45.4 ലക്ഷം പുതിയ തൊഴിലാളികളെ ഉൾപ്പെടുത്തി. പദ്ധതിയിൽനിന്ന് തൊഴിലാളികൾ കൂട്ടത്തോടെ ഒഴിവാക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 2022–- 23, 23– -24 സാമ്പത്തിക വർഷങ്ങളിൽ എട്ടുകോടിയോളം തൊഴിലാളികളാണ് പുറത്താക്കപ്പെട്ടതെന്ന് ലിബ് ടെക്കിന്റെ പഠനം കണ്ടെത്തി. ഏറ്റവുമൊടുവിൽ വേതനവിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കിയ (ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം)തിനെ തുടർന്ന് ഒട്ടേറെ പേർ പുറത്താക്കപ്പെട്ടു. ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനത്തിൽ ഉൾപ്പെടുന്നതിന് പല കടമ്പ കടക്കേണ്ടതുണ്ട്. ആധാർ കാർഡ് തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം, ആധാർ കാർഡിലെ പേര് തന്നെയാണ് തൊഴിൽ കാർഡിലുമെന്ന് ഉറപ്പിക്കണം, ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കണം, ആ അക്കൗണ്ട് നാഷണൽ പേമെന്റ്‌സ്‌ കോർപറേഷൻ ഓഫ് ഇന്ത്യയിൽ രേഖപ്പെടുത്തണം–-തൊഴിലാളികളെ നിസ്സഹായരാക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ഈ സങ്കീർണ നടപടിക്രമങ്ങൾതന്നെ സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്. ഈ വർഷം ജനുവരി ഒന്നുമുതൽ ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം നിർബന്ധമാക്കിയതിനുശേഷവും രജിസ്റ്റർ ചെയ്ത ആകെ തൊഴിലാളികളുടെ 27.4 ശതമാന (6.7 കോടി തൊഴിലാളികൾ)വും തൊഴിലെടുക്കുന്നവരിൽ 4.2 ശതമാന (54 ലക്ഷം)വും ഈ സംവിധാനത്തിന് പുറത്താണ്. രൂക്ഷമായ തൊഴിലില്ലായ്‌മ മൂലം ഉന്നതബിരുദമുള്ളവർപോലും തൊഴിലുറപ്പിനെ ആശ്രയിക്കുമ്പോഴാണ്‌ പദ്ധതിയെ തകർക്കാനുള്ള കേന്ദ്രനീക്കം. കേന്ദ്രത്തിന്റെ  ഈ നടപടികൾ തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥിരമായി ജോലി ചെയ്തിരുന്ന സക്രിയ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാൻ കാരണമായതായും പഠനം വ്യക്തമാക്കുന്നു. 2023ൽ 14.3 കോടി സക്രിയ തൊഴിലാളികൾ ഉണ്ടായിരുന്ന പദ്ധതിയിൽ 2024 ഒക്ടോബറിലുള്ളത് 13.2 കോടിയാണ്. ഒരു വർഷംകൊണ്ട്‌ കുറവുണ്ടായത് എട്ട് ശതമാനത്തിലധികം. കഴിഞ്ഞ സാമ്പത്തികവർഷം തൊഴിലാളികളുടെ തൊഴിൽദിനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.6 ശതമാനത്തിന്റെ കുറവുണ്ടായി. മുൻവർഷം 184 കോടി തൊഴിൽദിനം പദ്ധതിയനുസരിച്ച് സൃഷ്ടിക്കപ്പെട്ടിടത്ത് ഈ വർഷം 153 കോടിയായിരിക്കുന്നു. ഇന്ത്യൻ ഗ്രാമങ്ങളുടെ സാമ്പത്തിക സാമൂഹ്യ അന്തരീക്ഷത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായ തൊഴിലുറപ്പ് പദ്ധതിയുടെ അപചയം ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കാനും കാരണമായിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. തൊഴിലെടുത്ത് ജീവിക്കുകയെന്ന അവകാശം ഉറപ്പുവരുത്തുക ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും കടമയാണ്. കൊടിയ അസമത്വവും  തൊഴിലില്ലായ്മയും പട്ടിണിയും നടമാടുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് തൊഴിൽതേടി നഗരങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തൊഴിലാളികൾ കുടിയേറുന്നതിന് ഒരു പരിധിവരെ പരിഹാരമായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ജനക്ഷേമമെന്നത് വാചാടോപങ്ങളിൽമാത്രം ഒതുക്കുകയും നവമുതലാളിത്തത്തിന് ദല്ലാൾ പണി ചെയ്യുകയും ചെയ്യുന്ന എൻഡിഎ സർക്കാരിന് തൊഴിലാളികൾ ഒരു ചരക്ക് മാത്രമാണ്. കോവിഡിൽ പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്കൗട്ടിൽ തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റത്തൊഴിലാളികൾ നാട്ടിലേക്കുള്ള നീണ്ട കാൽനടയാത്രയിൽ മരിച്ചു വീണതിൽ ഖേദപ്രകടനംപോലും നടത്താത്തവരാണ് ഭരിക്കുന്നത്. മേൽജാതിക്കോയ്മയും കൊടിയ ചൂഷണവും നിലനിൽക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെ അതേപടി നിലനിർത്തുകയാണ് സംഘപരിവാർ താൽപ്പര്യം. അതിന് ഭംഗം വരുത്തുന്നുവെന്നതിനാൽത്തന്നെ തൊഴിലുറപ്പ് പദ്ധതി എൻഡിഎ സർക്കാരിന് പഥ്യമല്ല. മുതലാളിത്ത ചൂഷണത്തിന് തൊഴിലില്ലാപ്പടയെ എറിഞ്ഞു കൊടുക്കുംവിധം തൊഴിലുറപ്പു പദ്ധതിയെ ഞെരിച്ചു കൊല്ലാൻ അതിനാൽ അവർക്കൊരു മടിയുമില്ല. ബജറ്റിൽ നീക്കിയിരുപ്പ് വെട്ടിക്കുറച്ചും വേതനം മാസങ്ങളോളം വൈകിച്ചും അതിനവർ പണ്ടേ ശ്രമം തുടങ്ങിയതുമാണ്. അത് ലക്ഷ്യം കണ്ടുതുടങ്ങിയിരിക്കുന്നു. Read on deshabhimani.com

Related News