മണിപ്പുർ : ജനങ്ങളെ തോൽപ്പിക്കുന്ന ബിജെപി ഭരണം
മണിപ്പുരിൽനിന്നും നടുക്കുന്ന വാർത്തകൾക്ക് ശമനമില്ല. ഒന്നര വർഷത്തിലേറെയായി രക്തരൂഷിതമായ സംസ്ഥാനത്ത് തിങ്കളാഴ്‌ച ജിരിബാം ജില്ലയിലെ ജക്കുറാദോർ കരോങ്ങിൽ കുക്കി വംശജരായ 11 പേരെ കേന്ദ്ര അർധസൈനിക വിഭാഗമായ സിആർപിഎഫ് വെടിവച്ചുകൊന്നു. പൊലീസ് സ്‌റ്റേഷനും സിആർപിഎഫ് പോസ്‌റ്റും സമീപത്തെ കടകളും ആക്രമിച്ചവർക്കുനേരെ നടത്തിയ പ്രത്യാക്രമണത്തിലാണ് ഇത്രയും മരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ആയുധശേഖരം പിടിച്ചെടുത്തതായും അവകാശവാദമുണ്ട്. ഇക്കൊല്ലം മണിപ്പുരിൽ ഏറ്റവും കൂടുതൽ മരണമുണ്ടായ ദിവസം ഇതാണ്. സംസ്ഥാനത്തിന്റെ സുരക്ഷാചുമതലയിൽനിന്ന് അസം റൈഫിൾസിനെ പടിപടിയായി പിൻവലിച്ച് സിആർപിഎഫിനെ വിന്യസിച്ചുവരവെയാണ് ഈ കൂട്ടക്കൊല. ദീർഘകാലമായി മേഖലയിൽ പ്രവർത്തിച്ചുവന്ന അസം റൈഫിൾസിനെ പിൻവലിക്കുന്നതിൽ കുക്കി സംഘടനകൾ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളാണ് തോൽക്കുകയെന്ന സത്യത്തിന് മണിപ്പുർ അടിവരയിടുന്നു. ഭരണസംവിധാനങ്ങളും നിയമവാഴ്‌ചയും മണിപ്പുരിൽ ഇപ്പോൾ കേട്ടുകേൾവിമാത്രം. കുക്കിവിഭാഗത്തിലെ ഭരണപക്ഷ എംഎൽഎമാർക്കുപോലും തലസ്ഥാനമായ ഇംഫാലിൽ സധൈര്യം കാലുകുത്താൻ കഴിയുന്നില്ല. മിസൈലും ഡ്രോണുംവരെ ഉപയോഗിച്ച് ആക്രമണങ്ങളുണ്ടായി. നൂറുകണക്കിനുപേർ കൊല്ലപ്പെട്ടു. നിരവധി പള്ളികൾ തകർക്കപ്പെട്ടു. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലായി. അതിലേറെ പേർ ഇതര സംസ്ഥാനങ്ങളിൽ അഭയം തേടി. സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുർ സന്ദർശിക്കാൻ തയാറായിട്ടില്ല. മെയ്‌ത്തീ ആധിപത്യമേഖലയായ ഇംഫാലിൽ കുക്കികൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. കുക്കികൾക്ക് സ്വാധീനമുള്ള കുന്നിൻമേഖലകളിൽ മെയ്‌ത്തീ വംശജർക്കും കടക്കാൻ കഴിയുന്നില്ല. സേനാവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഈ വേർതിരിവ് മറികടക്കാനാകുന്നില്ല. കോൺഗ്രസുകാർ കൂട്ടത്തോടെ കാലുമാറിയതിനെത്തുടർന്ന് ബിജെപി അധികാരം പിടിച്ച സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും മുൻ കോൺഗ്രസ് നേതാവാണ്. സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും സംഘപരിവാറും നടപ്പാക്കിയ വിദ്വേഷ പ്രചാരണപദ്ധതിയാണ് മണിപ്പുരിനെ പൂർണ തകർച്ചയിൽ എത്തിച്ചത്. ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സംഘപരിവാർ സംഘടനകൾ കുക്കികൾക്കെതിരെ തീവ്രവിദ്വേഷപ്രചാരണം നടത്തുകയും വംശീയ-– -വർഗീയവെറി പടർത്തുകയും ചെയ്തു. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ചു. മെയ്‌ത്തീ വിഭാഗക്കാർക്ക് പട്ടികവർഗപദവി നൽകാൻ ശുപാർശ ചെയ്ത ഇംഫാൽ ഹൈക്കോടതി വിധിക്കു പിന്നാലെ 2023 മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സംസ്ഥാനത്തെ സുരക്ഷാ സംവിധാനമാകെ തകർന്നടിഞ്ഞു. ഇംഫാലിലെ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് തോക്കുകളാണ് കവർച്ച ചെയ്യപ്പെട്ടത്. ഇവയിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചിട്ടില്ല. മെയ്‌ത്തീ തീവ്രവാദികളുമായി മുഖ്യമന്ത്രി രഹസ്യചർച്ചകൾ നടത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബിജെപിക്കാരായ കുക്കി എംഎൽഎമാരും ആവശ്യപ്പെട്ടുവരികയാണ്. സംഘർഷങ്ങളിൽ ബിരേൻസിങ്ങിന് എതിരായ തെളിവുകൾ പരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിച്ച അവസരത്തിൽ കേന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത കള്ളംപറഞ്ഞെന്ന ആരോപണവും ഗൗരവതരമാണ്. അക്രമികളെ സംരക്ഷിക്കാനും അവർക്ക് ആയുധവും പണവും നൽകാനും ബിരേൻസിങ് മുൻകൈയെടുത്തെന്ന് തെളിയിക്കുന്ന ഫോൺസംഭാഷണങ്ങൾ പരിശോധിക്കണമെന്ന് കുക്കി എംഎൽഎമാരുടെ അഭിഭാഷകനായ പ്രശാന്ത്‌ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. കുക്കിവിഭാഗക്കാരായ എംഎൽഎമാരുമായി കൂടിക്കാഴ്‌ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പ്രയത്നിക്കുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ പ്രതികരണം. ഈ അവകാശവാദം കല്ലുവച്ച നുണയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും കുക്കിവിഭാഗം എംഎൽഎമാർ പ്രതികരിച്ചതിന് മറുപടിയൊന്നും ഉണ്ടായിട്ടില്ല. ബിജെപിയുടെ ‘ഇരട്ട എൻജിൻ ഭരണം’ ജനജീവിതത്തെ എങ്ങനെയൊക്കെ തകർക്കാമെന്നതിന് ഏറ്റവും പ്രകടമായ ഉദാഹരണമായി മണിപ്പുർ മാറിയിരിക്കുന്നു. Read on deshabhimani.com