കേരളത്തിന്റെ മുന്നേറ്റത്തിന്‌ ജെൻ എഐ കോൺക്ലേവ്‌



വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും മാനവവിഭവശേഷി വികസനം, ദാരിദ്ര്യനിർമാർജനം തുടങ്ങി പല മേഖലകളിലും ലോകശ്രദ്ധ ആകർഷിച്ച കേരളം, ഭാവിയുടെ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതബുദ്ധി) സാധ്യതകൾ ഉപയോഗിക്കുന്നതിലും പുതിയ മാതൃക സൃഷ്ടിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. ലോകം ജനറേറ്റീവ്‌ എഐയിലേക്ക്‌ മാറുമ്പോൾ അതിന്റെ മുന്നിൽ സഞ്ചരിക്കാനാവശ്യമായ ശേഷി നേടാനാണ്‌ സംസ്ഥാനം തയ്യാറെടുക്കുന്നത്‌. വ്യാഴാഴ്‌ച കൊച്ചിയിൽ ആരംഭിച്ച രണ്ടു ദിവസത്തെ രാജ്യാന്തര ജനറേറ്റീവ് എഐ കോൺക്ലേവ് ഇതിന്റെ തുടക്കംമാത്രമാണ്‌. കേരളത്തിലെ സ്റ്റാർട്ടപ് ലോകം, സമാനതകളില്ലാത്ത കുതിപ്പ് നടത്തി മുന്നോട്ടു പോകുകയാണെന്ന ആഗോള സ്റ്റാർട്ടപ് ആവാസവ്യവസ്ഥാ റിപ്പോർട്ട് അടുത്തിടെയാണ്‌ വന്നത്‌.   ആഗോളതലത്തിൽപ്പോലും സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ ശരാശരി മൂല്യവർധന 46 ശതമാനം മാത്രമാണെങ്കിൽ കേരളത്തിലേത് 254 ശതമാനമാണെന്നാണ്‌ ഈ റിപ്പോർട്ടിൽ വിലയിരുത്തിയത്‌. ഒപ്പം അഫോർഡബിൾ ടാലന്റ്‌ ഇൻഡക്സിൽ ഏഷ്യയിലെതന്നെ നാലാം സ്ഥാനവും സംസ്ഥാനത്തിനാണ്. ലോകത്തിലെ 280 സ്റ്റാർട്ടപ് ആവാസവ്യവസ്ഥയെയും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോർട്ടിലാണ് കേരളം ഉജ്വലമായ മുന്നേറ്റം കാഴ്ചവച്ചത്‌. ഈയൊരു ഘട്ടത്തിലാണ്‌ സംസ്ഥാന സർക്കാർ ഐടി മേഖലയിലെ ലോകത്തെ മുൻനിര കമ്പനിയായ ഐബിഎമ്മുമായി സഹകരിച്ച്‌ കോൺക്ലേവ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും നൂതന വ്യവസായങ്ങളിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്ന സമ്മേളനം വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ യാത്രയിൽ വലിയ മുന്നേറ്റമുണ്ടാക്കും.    എല്ലാ മേഖലകളിലും നിർമിതബുദ്ധിയെക്കൂടി ഉപയോഗിക്കുന്നതിനും നവീന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. ഐടി, എഐ അധിഷ്ഠിത വ്യവസായസംരംഭകരെ കേരളത്തിലേക്ക്‌ ആകർഷിച്ച്‌, യുവാക്കളെ നവീന സാങ്കേതികവിദ്യകൾ പരിശീലിപ്പിച്ച്‌ അവർക്ക്‌ ഇവിടെ ജോലി ഉറപ്പുവരുത്തുക, ഒപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കി കൂടുതൽ വികസന ക്ഷേമ പദ്ധതികൾ നടപ്പാക്കുക എന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ രാജ്യത്തെ ആദ്യത്തെ ജനറേറ്റീവ്‌ എഐ കോൺക്ലേവും ആഗസ്തിൽ റോബോട്ടിക്‌ റൗണ്ട്‌ ടേബിളും സംഘടിപ്പിക്കുന്നത്‌. വ്യവസായപ്രമുഖർ, ഇന്നൊവേറ്റർമാർ, നിക്ഷേപകർ, സ്റ്റാർട്ടപ് പ്രൊമോട്ടർമാർ, അക്കാദമിക്‌ വിദഗ്‌ധർ തുടങ്ങിയവർക്ക്‌ പുറമെ ഐടി മേഖലയിലെ വൻകിട കമ്പനികൾ, സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ എന്നിവരുടെ പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുന്നു.    കേരളത്തിന്റെ പുതിയ വ്യവസായനയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്സ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇൻഡസ്ട്രി 4.0 ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ്‌ ഊന്നൽ നൽകിയത്‌. ജനസാന്ദ്രതയേറിയ കേരളത്തിൽ, വൻകിട വ്യവസായശാലകൾ കൊണ്ടുവരിക എന്നത്‌ ഇനി പ്രായോഗികമല്ല. സ്ഥലപരിമിതി, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടതുകൊണ്ട്‌ നമ്മുടെ പരിസ്ഥിതിക്കും മനുഷ്യവിഭവശേഷിക്കും അനുയോജ്യമായതും ചുരുങ്ങിയ സ്ഥലത്ത്‌ കൂടുതൽ തൊഴിലും മികച്ച വേതനവും നൽകാൻ കഴിയുന്ന ഐടി, എഐ അധിഷ്ഠിതസംരംഭങ്ങളാണ് ആവശ്യം.    ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച കൈരളി എഐ ചിപ്പ്, ആദ്യ എഐ റോബോട്ട് ടീച്ചറായ ഐറിസ്, ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ വിസർ എന്നിവ കേരളം കൈവരിച്ച സാങ്കേതിക വൈദഗ്‌ധ്യത്തിന്റെ ഉദാഹരണങ്ങളാണ്‌. സ്‌കൂൾ സിലബസിൽത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി. എഐ, കോഡിങ് എന്നിവ സ്‌കൂൾതലത്തിൽ പഠിപ്പിക്കുന്നതിൽ സംസ്ഥാനം മുന്നിലാണ്. ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഐടി കോഡിങ് പരിചയപ്പെടുത്തിയ ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്. സ്റ്റാർട്ടപ് മേഖലയെ കൈപിടിച്ചുയർത്തുന്നതിൽ സർക്കാർതലത്തിൽ ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ആവാസവ്യവസ്ഥയില്ലെന്ന്‌ ഈ രംഗത്തെ വിദഗ്‌ധർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഏതു സീസണിലും തൊഴിൽ ചെയ്യുന്നതിന്‌ ഇണങ്ങിയ കാലാവസ്ഥയും അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്‌. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ ബംഗളൂരു, ഹൈദരാബാദ്‌ പോലുള്ള നഗരങ്ങളിലും ഐടി മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ കേരളത്തിലേക്ക്‌ തിരിച്ചുവരുന്ന പ്രവണതയുണ്ട്‌. ഈ സാഹചര്യത്തിൽ കേരളത്തെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ച്‌ നടക്കുന്ന ജനറേറ്റീവ് എഐ കോൺക്ലേവ്  സമീപഭാവിയിൽ വലിയ മാറ്റമുണ്ടാക്കും.   Read on deshabhimani.com

Related News