ഹരിയാനയിലെ തോൽവിയിലും
 പാഠം പഠിക്കാത്ത കോൺഗ്രസ്‌



മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന സഖ്യത്തെ പരാജയപ്പെടുത്തുക എന്നത്‌ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ മുഖ്യ കടമയാണ്‌.  ഇന്ത്യ കൂട്ടായ്‌മയിലെ എല്ലാവരും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകേണ്ട സമയമാണിത്‌. മുൻകൈയെടുക്കേണ്ടത്‌ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസാണ്‌. എന്നാൽ, ഹരിയാനയിൽ ഉറപ്പിച്ച വിജയം നഷ്ടമായതിൽനിന്ന്‌ പാഠം പഠിക്കാത്ത കോൺഗ്രസ്‌ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിലപാട്‌ തിരുത്താൻ തയ്യാറാകുന്നില്ല. സംഘടനാശേഷിയും ജനപിന്തുണയുമില്ലാതെ രണ്ടിടത്തും പ്രാദേശിക പാർടികളുടെ സഖ്യകക്ഷി മാത്രമായ കോൺഗ്രസ്‌ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട്‌ സഖ്യത്തെ ദുർബലപ്പെടുത്തുകയാണ്‌. ബിജെപി നയിക്കുന്ന എൻഡിഎയെ പരാജയപ്പെടുത്താൻ ചെറുപാർടികളെ കൂടെ നിർത്തുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടത്‌. ഇതിൽ വലിയ വീഴ്‌ചയാണ്‌ കോൺഗ്രസ്‌ കാട്ടുന്നതെന്ന്‌ ഹരിയാനയിലെ തോൽവി വ്യക്തമാക്കുന്നു. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുആവശ്യങ്ങൾ ഉയർത്തി ബദൽനയങ്ങൾ മുന്നോട്ടുവയ്‌ക്കുന്നതിനുപകരം ഹരിയാനയിൽ ഒരു സമുദായത്തിനും ഒരു നേതാവിന്റെ അനുയായികൾക്കും സീറ്റുകൾ നൽകിയതാണ്‌ തോൽവിയിലേക്ക്‌ നയിച്ചത്‌. എഎപി ഉൾപ്പെടെയുള്ള ചെറുപാർടികളുമായി ധാരണയിലെത്താത്തതും തോൽവിയുടെ ആക്കം കൂട്ടി. ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസ്‌ നേതൃത്വം നൽകുന്ന സഖ്യത്തിൽനിന്ന്‌ നിരവധി സീറ്റുകൾ വിലപേശി വാങ്ങി മത്സരിച്ചെങ്കിലും ആറിടത്തുമാത്രമാണ്‌ കോൺഗ്രസ്‌ ജയിച്ചത്‌. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്നും പ്രാദേശിക പാർടികൾക്കാണ്‌ അതിനുള്ള കരുത്തെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിയാനയും ജമ്മു കശ്‌മീരും തെളിയിച്ചു. ഹരിയാനയുടേതിനേക്കാൾ സങ്കീർണമായ രാഷ്ട്രീയ സമവാക്യങ്ങളാണ്‌ മഹാരാഷ്ട്രയിൽ. ജാതികളും മേഖലകളുമാണ്‌ ഇവിടെ വിധി നിർണയിക്കുന്നത്‌. പരിമിതമായ ആത്മവിശ്വാസം പുലർത്താനുള്ള ഘടകങ്ങൾപോലും കോൺഗ്രസിനില്ലെന്നാണ്‌ യാഥാർഥ്യം. ശിവസേന- ഉദ്ധവ് താക്കറേ, എൻസിപി- (ശരത്പവാർ), കോൺഗ്രസ് എന്നിവ ഉൾപ്പെട്ടതാണ്‌  മഹാവികാസ് അഘാഡി (എംവിഎ). സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപാർടികളാണ്‌ എൻസിപിയും ശിവസേനയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽനിന്ന്‌ മുൻമുഖ്യമന്ത്രി അശോക്‌ ചവാൻ ഉൾപ്പെടെയുള്ള മുതിർന്ന നിരവധി നേതാക്കൾ ബിജെപിയിലേക്ക്‌ ചേക്കേറി. ഇപ്പോഴും കിങ് മേക്കറായി നിൽക്കുന്ന ശരത്പവാറിനും ഉദ്ധവ് താക്കറേയ്‌ക്കും മുന്നിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന്‌ തലയെടുപ്പുള്ള നേതാവുപോലുമില്ലെന്നിരിക്കെയാണ്‌ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത്‌. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ഒരു വിഭാഗത്തിന്റെമാത്രം നേതാവായാണ്‌ അറിയപ്പെടുന്നത്‌. മുൻകാലങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ രാഷ്ട്രീയ സാഹചര്യമാണ്‌ മഹാരാഷ്ട്രയിലുള്ളത്‌. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാത്ത വിഭാഗത്തിന്റെ സംവരണം ഉയർത്തി മനോജ് ജരാങ്കെ പാട്ടീൽ നടത്തുന്ന പ്രക്ഷോഭം പരമ്പരാഗത വോട്ടുബാങ്കുകളെ സ്വാധീനിക്കും.  മനോജ് പാട്ടീലിന്റെ സംവരണ പ്രക്ഷോഭത്തിനെതിരെ ഒബിസി വിഭാഗം നേതാവ് പ്രൊഫ. ലക്ഷ്മണൻ ഹാകേയും രംഗത്തുണ്ട്. ഇത്‌ ഒബിസി–-- മറാത്താ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും അധികാരത്തിലെത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ജാതി കാർഡുകൾ ഇളക്കിവിട്ടും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചും വോട്ടർമാരെ വശത്താക്കുന്നു. ബിജെപിയുടെ മഹായുതി സഖ്യത്തിന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റെണ്ണത്തിൽ തിരിച്ചടിയേറ്റിരുന്നു. ഇവർ 17 സീറ്റിൽ ഒതുങ്ങി. 48 സീറ്റിൽ 30 ഇടത്തും മഹാവികാസ് അഘാഡിയാണ് ജയിച്ചത്. സീറ്റുകളിൽ വലിയ അന്തരമുണ്ടെങ്കിലും വോട്ട് ശതമാനത്തിലെ വ്യത്യാസം 0.4 ശതമാനം മാത്രമായിരുന്നു. മഹായുതി സഖ്യത്തെ തോൽപ്പിക്കുന്നതിനായി സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളും ചില പ്രാദേശിക പാർടികളും മത്സരരംഗത്തുനിന്ന്‌ പിൻമാറി എംവിഎയെ പിന്തുണച്ചിരുന്നു. ഇതാണ്‌ എംവിഎക്ക്‌ സീറ്റും വോട്ടും കൂടാനിടയാക്കിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ ശതമാനം കണക്കിലെടുക്കുമ്പോൾ എംവിഎക്ക്‌ നിയമസഭയിലേക്ക്‌  ജയിച്ചുകയറുക എളുപ്പമല്ല. ചെറുപാർടികളെ തഴഞ്ഞ്‌ ഒറ്റയ്‌ക്ക്‌ മത്സരിച്ച്‌ ഹരിയാനയിൽ ബിജെപിക്ക്‌ തുടർഭരണം സമ്മാനിച്ച കോൺഗ്രസിന്റെ പിടിപ്പുകേട്‌ മഹാരാഷ്ട്രയിൽ ആവർത്തിക്കരുതെന്ന്‌ പുണെയിൽ നടന്ന ഇടത്‌– -പുരോഗമന പാർടികളുടെ കൺവൻഷൻ മുന്നറിയിപ്പു നൽകി.  മഹായുതി സഖ്യത്തെ പരാജയപ്പെടുത്താൻ എംവിഎക്കൊപ്പം പോരാടാൻ ആഹ്വാനം ചെയ്‌ത കൺവൻഷൻ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ബദൽ ജനകീയ നയങ്ങൾ അംഗീകരിച്ച്‌ പ്രഖ്യാപിക്കണമെന്നും മറ്റ്‌ പാർടികൾക്ക്‌ അർഹമായ സീറ്റ്‌ നൽകണമെന്നും ആവശ്യപ്പെട്ടു. ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ എംവിഎ നേതൃത്വം എല്ലാതലത്തിലും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുകയാണ്‌ വേണ്ടത്‌. Read on deshabhimani.com

Related News