പണക്കെണിയുടെ സൈബറിടങ്ങൾ
‘പണം എന്താണ് ചെയ്യുന്നത് അതാണ് പണം’ എന്നത് സാധാരണ പ്രയോഗമാണ്. ആളുകൾക്ക് എല്ലാത്തിന്റെയും വിലയെക്കുറിച്ച് നല്ല ധാരണയുണ്ട്. ഒന്നിന്റെയും മൂല്യമറിയില്ലെന്ന് പറഞ്ഞത് ഓസ്‌കർ വൈൽഡും. മനുഷ്യനുമേലെ പണം കയറ്റിവയ്‌ക്കുന്ന മനോഭാവത്തെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. അമിത പണസമ്പാദനത്തിനും ധനപ്രതിസന്ധി മറികടക്കാനുമുള്ള കുറുക്കുവഴികൾ എങ്ങും സാധാരണ ജീവിതം അലങ്കോലമാക്കുകയാണ്. കടക്കെണിയിൽനിന്ന് തലയൂരാനാകാതെ ആത്മഹത്യകൾ പെരുകുന്നു. കൊലപാതകങ്ങളും മനുഷ്യബന്ധങ്ങളിലെ ശൈഥില്യങ്ങളുംവേറെ. വ്യാപാര പങ്കാളിത്തം ഉറപ്പുകൊടുത്ത് വ്യവസായിയും ചലച്ചിത്രനിർമാതാവുമായ തളിപ്പറമ്പ് സ്വദേശിയിൽനിന്ന് മൂന്നേമുക്കാൽ കോടിയിലധികം തട്ടിയത് കഴിഞ്ഞ ദിവസമാണ്. പരാതിയിൽ വാട്ടർമാൻ ടൈൽസ് ട്രേഡിങ് ജിസിസി ഡയറക്ടർമാരായ ഭാര്യക്കും ഭർത്താവിനുമെതിരെ കേസെടുത്തു. വിദേശങ്ങളിൽ ബിസിനസ് ചെയ്യാൻ താൽപ്പര്യമുണ്ടെന്നും പാർട്ണറും ഷെയർ ഹോൾഡറും ആക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു വഞ്ചന. പല പ്രാവശ്യമായി അമേരിക്കൻ ഡോളറായി 3.78 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു ദമ്പതികൾ. ടൈൽ കണ്ടെയ്നറുകൾ വിദേശത്തേക്ക് അയച്ച് വിൽപ്പന നടത്തിയെന്നും വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും പരാതിയിലുണ്ട്. മൊബൈൽ ഫോൺ ശൃംഖലയടക്കമുള്ള സംവിധാനങ്ങൾ സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും അപകടങ്ങൾ ഏറെയാണ്. അത് പലവട്ടം ബോധ്യമായിട്ടും ആളുകൾ ആവർത്തിച്ച് കെണികളിലേക്ക് എടുത്തുചാടുന്നു. ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങളുടെ ബാധ്യതയിലാണ്ട വിജയകുമാർ എന്ന യുവാവ് തമിഴ്‌നാട്ടിലെ വില്യനൂരിൽ ആത്മാഹുതി ചെയ്‌തു. മൊബൈൽ സിം കാർഡുകളുടെ മൊത്തക്കച്ചവടക്കാരനായിരുന്ന അയാൾ കോവിഡ് വേളയിലാണ് ചൂതാട്ടം ആരംഭിച്ചത്. ആദ്യ ഘട്ടങ്ങളിൽ ചെറിയ നിലയിൽ പണംകിട്ടി. ആ കളി പതിവാക്കിയതോടെ അതിന് അടിമയാകുകയായിരുന്നു. ഓൺലൈൻ വായ്‌പാ ഇടപാട് അപകടങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. വിയർപ്പൊഴുക്കാതെ പണം പെരുപ്പിക്കാനുള്ള അവസരം ചിലരെ ആകർഷിക്കുകയും പ്രത്യാഘാതങ്ങൾ അവഗണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വഞ്ചനാപരമായി തട്ടിക്കൂട്ടിയ ഓൺലൈൻ വാതുവയ്‌പ് സൈറ്റുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നതാണ് യാഥാർഥ്യം. കേന്ദ്രവും റിസർവ് ബാങ്കും പല പ്രഖ്യാപനങ്ങൾക്കും മുതിരുന്നുണ്ടെങ്കിലും നടപടി ശക്തമല്ല. വ്യാജ ആപ്പുകൾ നീക്കിയാൽ മറ്റൊരു രൂപത്തിലും പേരിലും തിരിച്ചുവരികയാണ്. അതിനാൽ വിവിധ മറകൾക്കുള്ളിൽ ഒളിച്ചുകടത്തുന്ന ചൂതാട്ടങ്ങൾ മുൻനിർത്തി ബോധവൽക്കരണം അത്യാവശ്യമായിരിക്കുന്നു. ഓൺലൈൻ തസ്‌കരസംഘങ്ങൾ കേരളത്തിൽനിന്ന് ആറുമാസത്തിനുള്ളിൽ 617.59 കോടി തട്ടി. 2023 ഡിസംബർ മുതൽ 2024 മെയ് വരെയാണിത്. 9.67 കോടി സൈബർ പൊലീസിന് തിരിച്ചുപിടിക്കാനായി. അവയെക്കുറിച്ച് വിവരം നൽകാൻ പൊലീസിന്റെ വാട്സാപ്പും ടോൾഫ്രീ നമ്പരുമുണ്ട്. ഓൺലൈൻ നിക്ഷേപത്തട്ടിപ്പിൽ കണ്ണൂരിലെ ഡോക്ടർക്ക് ഒന്നേകാൽ കോടിയിലേറെയാണ് പോയത്. ആദ്യം ലാഭം നൽകി വിശ്വാസമാർജിച്ച് കൂടുതൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകളിൽ കൂടുതലും സമൂഹമാധ്യമങ്ങളിലൂടെയാണ്. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ നിക്ഷേപകരെ വലയിലാക്കും. പെട്ടെന്ന് വൻതുക ലാഭമെന്ന് വിശ്വസിപ്പിച്ചാണ് കെണി. കൊറിയർ വന്നിട്ടുണ്ടെന്നും കാശ്, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്നുമുള്ള വ്യാജവിവരം നൽകിയുള്ള വഞ്ചനയും കുറവല്ല. ആധാർകാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്‌തെന്ന പേരിൽ തട്ടിപ്പുകൾ വേറെ. ആധാർനമ്പറും അക്കൗണ്ട് വിശദാംശങ്ങളും അവർ പറഞ്ഞുതരും. പാഴ്സലിലെ സാധനങ്ങൾക്ക് ഭീകരവാദബന്ധമുണ്ടെന്നും ഫോൺ സിബിഐയിലെയോ മറ്റോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നെന്ന് ബോധ്യപ്പെടുത്തും. അതോടെ ഓഫീസറെന്ന വ്യാജേന മറ്റൊരാൾ ബന്ധപ്പെടും. വിശ്വാസമാർജിക്കാൻ വ്യാജരേഖകളും നീട്ടും. വെബ്സൈറ്റിലൂടെ അവ പരിശോധിക്കാൻ ആവശ്യപ്പെടും. സമ്പാദ്യവിവരങ്ങൾ ധനവകുപ്പിന്റെ പരിശോധനയ്ക്ക് നൽകണമെന്നും നിർദേശിക്കും. നിർമാണ സംരംഭത്തിൽ തൊഴിലുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ച കൊല്ലത്ത് ബോട്ട് സ്പെയർ പാർട്സ് കടയിൽ സെയിൽസ്‌മാനായ സുമേഷ് എട്ടുമാസത്തിനുള്ളിൽ ‘കോടിശ്വരൻ’ പദവി ചവിട്ടിക്കയറി. എന്നാൽ, ചില്ലിക്കാശ് കൈയിലെത്തിയില്ല. ധനാഢ്യനായത് അറിഞ്ഞത് ജിഎസ്ടി വിഭാഗത്തിൽനിന്ന് വിളിവന്നപ്പോഴാണ്. സുമേഷിന്റെ പാൻകാർഡിലൂടെ എട്ടുമാസത്തിനുള്ളിൽ നടന്നത് 24.98 കോടിയുടെ അന്തർസംസ്ഥാന കച്ചവടം. അതിനാൽ അയാൾ 3.81 കോടി നികുതി ഒടുക്കണം. പാൻ കാർഡ് പകർപ്പ് ഉപയോഗിച്ചായിരുന്നു നികുതിവെട്ടിപ്പ് മാഫിയ, ഇ-–-വേസ്റ്റ് വ്യാപാരത്തിനുള്ള ജിഎസ്ടി രജിസ്ട്രേഷൻ ഒപ്പിച്ചത്. നിലവിലില്ലാത്ത കടയുടെ മറവിൽ 24.98 കോടിയുടെ വ്യാപാരവും നടത്തി. സ്വന്തം പേരിൽ വ്യാജ രജിസ്ട്രേഷൻ എടുത്തതായി വ്യക്തമാക്കി സുമേഷ് കേന്ദ്ര ജിഎസ്ടിക്ക് പരാതി നൽകിയിട്ടും കച്ചവടം മുടക്കമില്ലാതെ നടന്നു. വ്യാഴാഴ്‌ച തിരുവനന്തപുരത്തെ റിസോർട്ടിൽനിന്ന് നാലുപേർ അറസ്റ്റിലായത് വിചിത്രമായ കേസിലാണ്. സിനിമാറേറ്റിങ് കൂട്ടാൻ ഓൺലൈനിൽ അനുകൂല കമന്റിട്ടാൽ വൻതോതിൽ പണംകൊയ്യാമെന്ന് ബോധ്യപ്പെടുത്തി തൃശൂർ കയ്പമംഗലം സ്വദേശിയിൽനിന്ന് 46 ലക്ഷം തട്ടുകയായിരുന്നു. തട്ടിപ്പ് സംഭവങ്ങളിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം ജനങ്ങൾ നല്ല ജാഗ്രത പാലിക്കുകയും വേണം. Read on deshabhimani.com