ഇന്ത്യയേക്കാൾ വളർന്ന കാർഷിക ശാസ്‌ത്രജ്ഞൻ



ശൂന്യമായിരുന്ന ഇന്ത്യയുടെ ധാന്യപ്പുരകളെ നിറയ്‌ക്കാനായി പ്രയത്നിച്ച പ്രശസ്‌തനായ ശാസ്‌ത്ര പ്രതിഭയായിരുന്നു ഡോ. എം എസ്‌ സ്വാമിനാഥൻ. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെട്ട അദ്ദേഹം ഏഴു പതിറ്റാണ്ട്‌ കാർഷികരംഗത്തെ പ്രതിഭാസമായി നിലകൊണ്ട, വിശ്വപൗരനായ മലയാളിയാണ്‌. ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലെ പ്രമുഖ കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജായി മാറിയ പഴയ മഹാരാജാസ് കോളേജിൽനിന്ന്‌ ബിരുദം നേടി.  തുടർന്ന്‌ കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിലെ ഉന്നതപഠനത്തിനു ശേഷം അമേരിക്കയിൽ ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ ഗവേഷണം നടത്തിയ അദ്ദേഹം ലോകം അറിയപ്പെട്ട കാർഷിക ശാസ്ത്രജ്ഞനായി വളർന്നു. ലോകപ്രശസ്‌ത അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ച്‌ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച്‌ നടത്തിയ ഗവേഷണത്തിലൂടെ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച്‌ കർഷകരിലെത്തിച്ചു. ഇതിലൂടെ ഭക്ഷ്യക്ഷാമത്തിൽ കഴിഞ്ഞിരുന്ന രാജ്യത്തെ സ്വയംപര്യാപ്‌തതയിലേക്കും ധാന്യശേഖര സൂക്ഷിപ്പിലേക്കും ഭക്ഷ്യധാന്യക്കയറ്റുമതിയിലേക്കും എത്തിച്ചു. 1943ലെ ബംഗാൾ ക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം പിന്നീട്‌ വിശപ്പുരഹിത ഇന്ത്യക്കായി അക്ഷീണം പരിശ്രമിച്ചു. 1950കളിൽ ഉരുളക്കിഴങ്ങിന്റെ ഉത്ഭവത്തെയും പരിണാമപ്രക്രിയകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങൾ പ്രധാന സംഭവമായിരുന്നു. വിവിധ ജനിതകവശങ്ങളെ ഒരുമിച്ച്‌ കൊണ്ടുവരാനുള്ള ഗവേഷണവിജയം ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. തുടർന്ന്‌, ബോർലോഗിനൊപ്പം വികസിപ്പിച്ചെടുത്ത ഗോതമ്പിന്റെയും അരിയുടെയും വിവിധ ഇനങ്ങളാണ്‌ ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്‌ അടിത്തറ പാകിയത്‌. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ച ഇനങ്ങളുടെ ഉൽപ്പാദനശേഷി കർഷകർക്കൊപ്പം വയലിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഉറപ്പുവരുത്തിയാണ്‌ വ്യാപകമാക്കിയത്‌.  ഇന്ത്യയിൽ മാത്രമല്ല, ഇറ്റലി, ചൈന, ഫിലിപ്പീൻസ്‌, വിയറ്റ്‌നാം, തായ്‌ലൻഡ്‌, മ്യാൻമാർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, കമ്പോഡിയ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വം നൽകി. സ്വാമിനാഥന്റെ കാഴ്ചപ്പാടും ആവിഷ്‌കാരത്തിന്റെ വ്യക്തതയും ഒരു തലമുറയിലെ മുഴുവൻ കാർഷിക ശാസ്ത്രജ്ഞരെയും ആകർഷിച്ചു.  കർഷകർക്ക് ഉത്തേജനം നൽകുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജലസേചനം, നിക്ഷേപം, ഇൻഷുറൻസ്, വായ്പ എന്നിവ ഉറപ്പാക്കി വിഭവങ്ങൾ അനുവദിക്കുമ്പോൾ കൃഷിയോടും ഗ്രാമപ്രദേശങ്ങളോടും പരിഗണന കാട്ടണമെന്ന നിലപാട്‌ സ്വീകരിച്ച ശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹം. കൃഷിയെ സാമ്പത്തികമായി കൂടുതൽ ലാഭകരവും ആകർഷകവുമാക്കണമെന്നും  ഊന്നിപ്പറഞ്ഞു. കാർഷിക വികസനത്തിന്‌ ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും കർഷകരും തമ്മിൽ ഫലപ്രദമായ ഏകോപനത്തിന്റെ ആവശ്യകതയും കാർഷികോൽപ്പന്നങ്ങൾക്ക്‌ ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില (എംഎസ്‌പി) നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.  മാറുന്ന കാലാവസ്ഥയെ നേരിടാനും ഭക്ഷ്യ ആവശ്യകത വർധിപ്പിക്കാനും തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതോടൊപ്പം അതികഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന വിളകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിനാണ്‌ അവസാനകാലത്ത്‌ ഊന്നൽ നൽകിയത്‌. കാർഷിക മേഖലയുടെ തകർച്ചയും കർഷക ആത്മഹത്യയും വ്യാപകമായപ്പോൾ പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കാൻ  2004 നവംബർ 18ന് സ്വാമിനാഥന്റെ നേതൃത്വത്തിൽ നിയമിച്ച ദേശീയ കർഷക കമീഷന്റെ റിപ്പോർട്ട്‌ രണ്ടാം ഹരിതവിപ്ലവത്തിലേക്കുള്ള ശുപാർശകളാണ്‌ നൽകിയത്‌. കാർഷിക രീതികളിൽ സമഗ്രവും സുസ്ഥിരവുമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം കൃഷിയെ വരുമാനത്തിന്റെയും തൊഴിലിന്റെയും സ്രോതസ്സായി മാറ്റുക എന്നതായിരുന്നു റിപ്പോർട്ടിലെ കാതൽ. നരേന്ദ്ര മോദി സർക്കാർ പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമത്തിനെതിരെ കർഷകപ്രക്ഷോഭം നടന്നപ്പോൾ സ്വാമിനാഥൻ കമീഷൻ ശുപാർശകൾ ശ്രദ്ധയാകർഷിച്ചിരുന്നു. സ്ഥിരം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ പരിസ്ഥിതി സംരക്ഷണം, കൃഷി സംരക്ഷണവും വ്യാപനവും, മത്സ്യസമ്പത്ത് സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കലും, കായൽ– ഇക്കോ ടൂറിസം സാധ്യതകളുടെ പ്രയോജനപ്പെടുത്തൽ എന്നീ ലക്ഷ്യത്തോടെ കുട്ടനാട്‌ പാക്കേജിന്‌ രൂപം നൽകിയത്‌ സ്വാമിനാഥന്റെ മേൽനോട്ടത്തിലായിരുന്നു. 2021ൽ കേരളം ശാസ്‌ത്രപുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ടൈം മാഗസിന്റെ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്ന എം എസ്‌ സ്വാമിനാഥന്റെ വേർപാട്‌ ഇന്ത്യൻ കാർഷിക ഗവേഷണ മേഖലയ്‌ക്ക്‌ വലിയ നഷ്ടമാണ്‌. Read on deshabhimani.com

Related News