മംഗളൂരുവിലെ പ്രഹരം ബിജെപിക്ക് പാഠമാകണം
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു പരിപാടികള്‍ വിജയകരമായും സമാധാനപരമായും പര്യവസാനിച്ചത് ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വാസമര്‍പ്പിക്കുന്നവരില്‍ വലിയ ആവേശമാണ് ഉളവാക്കിയത്. കേരള മുഖ്യമന്ത്രിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തൊട്ടുതലേദിവസംവരെ ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ വീരവാദം മുഴക്കിയത്. രാഷ്ട്രീയ തത്വശാസ്ത്രങ്ങള്‍ക്കപ്പുറം എല്ലാവരും അംഗീകരിച്ചുപോരുന്ന അടിസ്ഥാനപ്രമാണങ്ങള്‍ക്കുനേരെയാണ് ബിജെപി- സംഘപരിവാര്‍ ശക്തികള്‍ വാളോങ്ങിയത്. അഭിപ്രായസ്വാതന്ത്യ്രവും സഞ്ചാരസ്വാതന്ത്യ്രവും വിലക്കപ്പെടുന്ന ഒരു വ്യവസ്ഥയില്‍ ജനാധിപത്യസങ്കല്‍പ്പംതന്നെ അര്‍ഥശൂന്യമാണ്. സംഘപരിവാറിന്റെ ഈ അജന്‍ഡ മംഗളൂരുവില്‍ വിജയം കണ്ടിരുന്നുവെങ്കില്‍ ഫാസിസം നമ്മുടെ തലയ്ക്കുമുകളില്‍ എത്തിക്കഴിഞ്ഞുവെന്ന് ഉറപ്പിക്കാമായിരുന്നു. എന്നാല്‍, ഈ ആപത്തിനെതിരെ ഉണര്‍ന്നെണീറ്റ പൊതുബോധത്തിന്റെ തീക്കാറ്റില്‍ സംഘപരിവാറിന്റെ ജല്‍പ്പനങ്ങള്‍ കരിയില കണക്കെ ചാരമായിപ്പോകുന്ന കാഴ്ചയാണ് കന്നഡനാട്ടില്‍ കണ്ടത്. ദക്ഷിണ കന്നഡദേശം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയമുന്നേറ്റത്തില്‍ വര്‍ഗീയശക്തികള്‍ വാലുംചുരുട്ടി പോവുകയായിരുന്നു. പിണറായിയും മംഗളൂരുവിലെ പ്രവര്‍ത്തകരും പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യവും കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവാദിത്തപൂര്‍ണമായ സുരക്ഷാനടപടികളും ബിജെപിയെ വശംകെടുത്തുന്നതായിരുന്നു. റാലി വിജയിപ്പിക്കാന്‍ അക്ഷീണം പോരാടിയ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് സര്‍ക്കാരിനെയും പിണറായി തുറന്ന് അഭിനന്ദിച്ചു. വാര്‍ത്താഭാരതി പത്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനും മതസൌഹാര്‍ദറാലിയുടെ ഉദ്ഘാടനത്തിനുമാണ് കേരള മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. ഹിന്ദുത്വവിലാസമുള്ള ചില സംഘടനകളുടെ മറപിടിച്ചാണ് ബിജെപി ആദ്യം പിണറായിക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയത്. ഭയപ്പെടുത്തി കീഴ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയുടെ പ്രയോഗത്തിനായി ഹര്‍ത്താല്‍ ആഹ്വാനവും നടത്തി. എതിരാളികളെ കടന്നാക്രമിച്ചും കൊലപ്പെടുത്തിയും ശീലമുള്ളവരാണ് മംഗളൂരുവിലെ സംഘപരിവാര്‍. അയല്‍സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിഷനാവുകളെ നിയന്ത്രിക്കാനോ തിരുത്താനോ ബിജെപിയുടെ കേന്ദ്രനേതൃത്വമോ മറ്റാരെങ്കിലുമോ ശ്രമിച്ചില്ല. കേരളത്തിലെ ചില ബിജെപി നേതാക്കളാകട്ടെ പരസ്യമായിത്തന്നെ അക്രമത്തിന് പ്രേരണയും നല്‍കി. ഫെഡറല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് പറയാനുള്ള ധാര്‍ഷ്ട്യം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. എന്നാല്‍, ഇവിടെ അതുണ്ടായി. അത്തരമൊരു വിഭ്രാന്തിയിലേക്ക് രാജ്യം ഭരിക്കുന്ന കക്ഷി എത്തിയതിന് കാരണം പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും മുറുകെ പിടിക്കുന്ന മതനിരപേക്ഷരാഷ്ട്രീയമാണെന്ന് നിസ്സംശയം പറയാം. മതവിദ്വേഷം വളര്‍ത്തിമാത്രമേ ഹിന്ദുത്വരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ ഉല്‍പ്പന്നമായിരുന്നു സ്വാതന്ത്യ്രഘട്ടത്തിലെ വര്‍ഗീയകലാപങ്ങളും അതിനെതിരെ നിന്ന ഗാന്ധിജിയുടെ കൊലപാതകവും. പിന്നീടും എത്രയോവട്ടം ചോരപ്പുഴകള്‍ ഒഴുക്കിയിട്ടുണ്ട് സംഘപരിവാര്‍. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുത്തുകൊണ്ട് ബാബറി മസ്ജിദ് തകര്‍ത്തതും ഇതേശക്തികള്‍. വ്യാജ ഏറ്റുമുട്ടലുകള്‍, സ്ഫോടനങ്ങള്‍, തീവണ്ടി തീവയ്ക്കല്‍, കൂട്ടക്കൊലകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊടുംക്രൂരതകള്‍. ഇവര്‍ക്കെതിരെ പ്രതികരിച്ച ഒറ്റക്കുറ്റത്തിന് വെടിയുണ്ടകള്‍ക്ക് ഇരയായി മൂന്ന് ജ്ഞാനവൃദ്ധന്മാര്‍. ഭയന്ന് നാടുവിട്ടവരും എഴുത്തുനിര്‍ത്തിയവരുമുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്. വിദ്വേഷരാഷ്ട്രീയവും കോണ്‍ഗ്രസ് അപചയവും മുതലാക്കി അധികാരത്തിലെത്തിയ ബിജെപി, രാജ്യത്ത് ഏകാധിപത്യത്തിന് വഴിയൊരുക്കുകയാണിപ്പോള്‍. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈ അപകടകരമായ പോക്കിനെ പ്രതിരോധിക്കുക എന്ന അഭിമാനകരമായ പങ്കാണ് സിപിഐ എം ചരിത്രത്തിലും വര്‍ത്തമാനത്തിലും നിര്‍വഹിക്കുന്നത്. വിശ്വാസത്തെയും മതത്തെയും കൂട്ടുപിടിച്ച് ബിജെപിക്ക് ഒരിക്കലും ചുവടുറപ്പിക്കാന്‍ കഴിയാതെ പോയ മണ്ണാണ് കേരളത്തിന്റേത്. മംഗളൂരുവില്‍നിന്ന് ബീഡിമുതലാളിമാരുടെ കങ്കാണിമാരായി എത്തി കേരളത്തില്‍ ജനസംഘം വളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റു പിന്‍വാങ്ങിയത് നാലരപ്പതിറ്റാണ്ടുമുമ്പത്തെ ചരിത്രം. അന്ന് ആര്‍എസ്എസ് കൊളുത്തിയ വര്‍ഗീയകലാപത്തീ കെടുത്തി നാടിന്റെ സ്വാസ്ഥ്യം കാക്കാന്‍ മുന്നിട്ടിറങ്ങിയ യുവ എംഎല്‍എ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളം അന്നും ഇന്നും ഹിന്ദുത്വരാഷ്ട്രീയത്തിന് ബാലികേറാ മലയും. വോട്ടിന്റെ ശതമാനക്കണക്ക് പറയുന്നവര്‍ തിരുവനന്തപുരം കോര്‍പറേഷനിലും നേമം നിയമസഭാ മണ്ഡലത്തിലും ചോര്‍ന്ന കോണ്‍ഗ്രസിന്റെ വോട്ടുമാത്രം പരിശോധിച്ചാല്‍ മതിയാകും. കേന്ദ്രത്തില്‍ നേടിയ ഭരണത്തിന്റെ തണലില്‍ സ്വാധീനം വിപുലമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശത്രുപക്ഷത്താണ് നമ്മുടെ മുഖ്യമന്ത്രിയെന്നത് ഓരോ കേരളീയനും അഭിമാനം പകരുന്നതാണ്. കാരണം അവര്‍ പറയുന്നത് മുസ്ളിങ്ങള്‍ പാകിസ്ഥാനില്‍ പോകണമെന്നാണ്. ക്രിസ്ത്യാനികള്‍ പാവങ്ങള്‍ക്കിടയില്‍ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ എന്നാണ്. ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുത്തുകൂടാ എന്നാണ്. അതേ നാവുകൊണ്ടാണ് അവര്‍ പിണറായിക്കെതിരെ വിഷം വമിപ്പിക്കുന്നത്. മംഗളൂരുവില്‍ ഉയര്‍ന്ന ഫാസിസ്റ്റ് നീക്കത്തെ മുളയിലേ നുള്ളാനും ദുഷ്ടലാക്ക് തുറന്നുകാട്ടാനും സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. കേരളത്തില്‍ പ്രവര്‍ത്തനസ്വാതന്ത്യ്രമില്ലെന്നും സിപിഐ എം ആക്രമിക്കുന്നുവെന്നും ദേശവ്യാപകമായി പ്രചരിപ്പിച്ച് നടത്തുന്ന ഈ കള്ളക്കളി അവര്‍ ഇവിടെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍, മംഗളൂരുവില്‍ മതസൌഹാര്‍ദറാലിയും പിണറായിയും സംഘപരിവാറിന് നല്‍കിയ പ്രഹരം ചെറുതല്ല. രാജ്യത്ത് ജനാധിപത്യവും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഏറ്റെടുത്ത് കെടാതെ സൂക്ഷിക്കേണ്ട ജ്വാലയാണ് അവിടെ തെളിഞ്ഞത് Read on deshabhimani.com