ഒന്നിച്ചുനേരിടാം ജാഗ്രതയോടെ



മാരകശേഷിയുള്ള നിപാ വൈറസിനെ പിടിച്ചുകെട്ടാനുള്ള ഒരുക്കത്തിലാണ് കേരളം. അഞ്ചാംതവണയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടം മലയാളികൾ ഏറ്റെടുക്കുന്നത്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട്ടെ പതിനാലുകാരന്റെ മരണം അത്യധികം വേദനാജനകമാണ്. മികച്ചൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ആ പൊന്നോമനയുടെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ ഓരോ മലയാളിയും പങ്കുചേരുകയാണ്. ലോകത്ത് നിപാ ബാധിച്ച 70 ശതമാനം ആളുകളും മരണത്തിനു കീഴടങ്ങിയെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അത്‌ 33 ശതമാനംമാത്രമാണ്‌. 1998ൽ മലേഷ്യയിലും സിംഗപ്പുരിലുമാണ് ആദ്യമായി ഈ വൈറസ് ബാധയുണ്ടായത്. തുടർന്ന് 2001ൽ ബംഗ്ലാദേശിലും ഇന്ത്യയിലും വന്നു. ഇന്ത്യയിൽ ആദ്യമായി പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ്‌ നിപാ കണ്ടെത്തിയത്. ബംഗ്ലാദേശിൽ അമ്പതോളം തവണ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം 14 പേർക്ക് രോഗം വന്നതിൽ 10 പേർ മരിച്ചു. ഈവർഷവും അവിടെ രോഗമുണ്ടായി. കോവിഡ് പോലെ അതിവ്യാപനമുള്ള വൈറസല്ല ഇത്. രോഗലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകുന്നതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയും. അതുകൊണ്ടുതന്നെ സമ്പർക്കവും ചുരുങ്ങിയതായിരിക്കും. ഏതാനും രാജ്യത്ത് മാത്രമോ പ്രാദേശികമായോ  വ്യാപനസാധ്യതയുള്ള എപ്പിഡമിക്, എൻഡമിക് വിഭാഗത്തിലാണ് നിപായെ പെടുത്തിയിട്ടുള്ളത്.  മഹാമാരി കോവിഡ് പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം ലോകത്തിനാകെ മാതൃകയായതുപോലെ നിപാ നിയന്ത്രണത്തിലും മികച്ച പ്രവർത്തനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2018ലാണ് ആദ്യം നിപാ കേരളത്തിൽ കണ്ടെത്തുന്നത്. അന്ന് 19 പേരെയാണ് രോഗം പിടികൂടിയത്. അതിൽ 17 പേരുടെ ജീവൻ നഷ്ടമായി. ആദ്യ അനുഭവമായിരുന്നിട്ടും വൈറസിന്റെ വ്യാപനം തടയുന്നതിൽ വലിയ വിജയം കണ്ടു. സർക്കാരിന്റെ  ഇടപെടലും ജനങ്ങളുടെ സഹകരണവും ജാഗ്രതയുമാണ് പ്രതിരോധത്തിനു കരുത്തായത്. 2019ൽ ഒരാളിൽ കണ്ടെത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. 2021ൽ വീണ്ടും ഒരാളുടെ ജീവൻ ഈ വൈറസ് കവർന്നു. കഴിഞ്ഞവർഷവും ആറുപേരിൽ രോഗബാധ കണ്ടെത്തി. ഇതിൽ നാലുപേരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വ്യാപനം തടയാനും സാധിച്ചു. ഈവർഷം പണ്ടിക്കാട്ടെ കുട്ടിയിൽ മാത്രമാണ് വൈറസ് സ്ഥിരീകരിച്ചതെങ്കിലും രോഗം പടരാതിരിക്കാനുള്ള അതീവ ജാഗ്രതയോടെയാണ് നാം മുന്നോട്ടുപോകുന്നത്. സമ്പർക്കപ്പട്ടികയിലുള്ള 406 പേരെ കണ്ടെത്തി. ഇതിൽ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപാ രോഗപ്രതിരോധ പ്രവർത്തനത്തിൽ നമുക്ക് ഒരുമിച്ചുപ്രവർത്തിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുകയാണ്. മഞ്ചേരി, കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രികളിൽ അതിതീവ്ര പരിചരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അവിടെ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകുന്നു.  നിപാ വൈറസിനെതിരായ വാക്സിനൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നിലാണ്. നിപാ ഫലം പ്രഖ്യാപിക്കാൻ അവകാശമുള്ള ഇ പത്തോജൻ ബിഎസ്എൽ ഫോർ ലാബ് സൗകര്യം ഇവിടെ സജ്ജീകരിച്ചു. കോഴിക്കോട്ട്‌ നിപാ റിസർച്ച്‌ സെന്റർ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്. മോണോകോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമവും കേരളം നടത്തുന്നുണ്ട്. ചിലയിനം വവ്വാലുകളാണ്‌ വൈറസ്‌ വാഹകരെന്നാണ്‌ പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്‌. വസ്തുതകൾ ഇതായിരിക്കെ വ്യാജവാർത്തകൾ നൽകി സർക്കാരിന്റെയും ജനങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ മുൻനിര പത്രം മുന്നിട്ടിറങ്ങിയത് അങ്ങേയറ്റം ലജ്ജാകരമാണ്. കണക്കുകൾ പോലും വ്യാജമായി ഉണ്ടാക്കി ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്താകെ നിരവധി പകർച്ചവ്യാധികൾ പടരുന്നുണ്ട്. അതിനെയെല്ലാം സംസ്ഥാന സർക്കാർ വിചാരിച്ചാൽ തടയാൻ പറ്റില്ല. രോഗം വന്നാൽ അതിനെ നേരിടാനുള്ള സംവിധാനം ഒരുക്കുന്നതിലാണ് സർക്കാരിന്റെ മികവ്. ആ രീതിയിൽ ലോകത്തിലെ ഏതു സർക്കാരിനെയും വെല്ലുന്ന പ്രവർത്തനമാണ് കേരളം കാഴ്ചവയ്‌ക്കുന്നത്. കഴിഞ്ഞവർഷത്തെ നിപാ ബാധയെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികവിനെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ അഭിനന്ദിച്ചത് രോഗ പ്രതിരോധത്തിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഓർക്കുന്നത് നന്ന്. Read on deshabhimani.com

Related News