സ്വപ്‌നങ്ങളുടെ കാവൽക്കാരാ, തുടരൂ ഈ സംഗീതം
പാരിസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങാൻ ഇനി രണ്ടുദിവസംമാത്രം. മെഡൽ പട്ടികയിൽ ഇന്ത്യ വിദൂരത്തെവിടെയോ ആണ്. 144 കോടി ജനങ്ങൾക്ക് ഓർക്കാനും ഓമനിക്കാനും വിരലിൽ എണ്ണാവുന്ന മെഡൽമാത്രം. ഭൂമിയിൽ പൊട്ടുപോലുള്ള രാജ്യങ്ങളും ദുരിതക്കയത്തിൽ നീറിയവരും പടിക്കുപുറത്ത് നിർത്തിയ രാജ്യങ്ങളും പൊന്നിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. കരീബിയൻ ദ്വീപിൽനിന്ന് വേഗറാണിയുണ്ടായി. ഉക്രയ്‌നിലെ യുദ്ധഭൂമിയിൽ നിന്നെത്തി മെഡൽ വാങ്ങിയവരുണ്ടായി. വിശക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ മെഡലിലൂടെ ജീവൻ വീണ്ടെടുത്തു. അതിനിടയിലും നീരജ് ചോപ്ര പരത്തിയ വെള്ളിവെളിച്ചം കാണാതിരുന്നുകൂടാ. ഷൂട്ടർമാർ മുഴക്കിയ വെങ്കലയൊച്ച കേൾക്കാതിരിക്കാനാകില്ല. സുവർണകാലത്തേക്ക് യാത്ര തുടങ്ങിയ ഹോക്കി ടീമിന്റെ വെങ്കല നേട്ടവും ചെറുതല്ല. പക്ഷേ, ഇതിനൊക്കെയപ്പുറം ഇന്ത്യയുടെ നെഞ്ചുനീറ്റിയ രണ്ട് വിടവാങ്ങലുണ്ട്. അവർ കുറിച്ചിട്ട വരികളുണ്ട്. അതിലൊന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പറായ മലയാളി പി ആർ ശ്രീജേഷിന്റേതാണ്. മറ്റൊന്ന് നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒളിമ്പിക്‌സ് വേദിയിൽനിന്ന് പുറത്തായ ഗുസ്‌തിതാരം വിനേഷ് ഫോഗട്ടിന്റേതാണ്. ഒരാൾ ഹോക്കി അവസാനിപ്പിച്ചു. മറ്റൊരാൾ ഗുസ്‌തി നിർത്തി. രണ്ടുപേരുടെയും കാരണം വേറെ, സാഹചര്യങ്ങൾ വേറെ. കേരളത്തെ സംബന്ധിച്ച് അഭിമാനമാണ് ശ്രീജേഷ്. വെങ്കല നേട്ടത്തോടെ രണ്ടു പതിറ്റാണ്ട് പിന്നിട്ട ഹോക്കിജീവിതം സന്തോഷത്തോടെ അവസാനിപ്പിച്ചു. ഇന്ത്യയുടെ പ്രകടനത്തിൽ ശ്രീജേഷിന്റെ രക്ഷപ്പെടുത്തലുകൾ നിർണായകമായി. 52 വർഷത്തിനുശേഷം ഹോക്കിയിൽ തുടരെ രണ്ട് മെഡൽ സാധ്യമായി. രണ്ട് ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും സ്വന്തം. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ മാനുവൽ ഫ്രെഡറിക്‌സ് എന്ന കണ്ണൂർക്കാരനാണ് ആദ്യ മെഡലിന് അവകാശി. മാനുവൽ, ശ്രീജേഷിനെപ്പോലെ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു. തുടർച്ചയായുള്ള ഒളിമ്പിക്‌സ് മെഡൽ ഇന്ത്യൻ ഹോക്കിക്ക് ഊർജംപകരും. എട്ട് സ്വർണമടക്കം 13 മെഡലായി ഹോക്കിയിൽ. ശ്രീജേഷിന്റെ പ്രകടനവും വിജയവും നമ്മളെയാകെ അഭിമാനംകൊള്ളിക്കുന്നു. ടോക്യോയിൽ എട്ടു കളിയിൽ 40 രക്ഷപ്പെടുത്തലാണ് ഈ ചെറുപ്പക്കാരൻ നടത്തിയതെങ്കിൽ, പാരിസിൽ എതിരാളിയുടെ 50 ഗോളവസരമാണ് തട്ടിത്തെറിപ്പിച്ചത്. എറണാകുളം കിഴക്കമ്പലത്തെ പള്ളിക്കരയെന്ന ഗ്രാമത്തിൽ സാധാരണ ചുറ്റുപാടിൽ ജനിച്ച് രാജ്യത്തിന്റെ അഭിമാനപുത്രനായി മാറിയ കഥ പുതിയ തലമുറയ്‌ക്ക് മാതൃകയും പ്രചോദനവുമാകും. ഏതൊരു കുട്ടിയെയുംപോലെ എല്ലാ സ്‌പോർട്‌സിലും പങ്കെടുത്താണ് ഹോക്കിയിൽ എത്തുന്നത്. തിരുവനന്തപുരം ജിവി രാജാ സ്‌പോർട്‌സ് സ്‌കൂളാണ് ഹോക്കിയിലേക്കുള്ള വഴിതുറന്നത്. കേരളംപോലെ ഹോക്കിക്ക് ഒട്ടും സ്വാധീനമില്ലാത്ത നാട്ടിൽനിന്നാണ് ലോകവേദിയിലെത്തി മിന്നുംതാരമായതെന്ന് ഓർക്കുക. കഠിനാധ്വാനവും ആത്മസമർപ്പണവും ഉണ്ടെങ്കിൽ ഏതു വിജയവും സാധ്യമാകുമെന്നതിന് ഉത്തമോദാഹരണമാണ് മുപ്പത്താറുകാരൻ. മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന്റെ താങ്ങുംതണലും കൂട്ടായിരുന്നെന്ന് ശ്രീജേഷ് പറഞ്ഞിട്ടുണ്ട്. കൃഷിക്കാരനായിരുന്ന അച്ഛൻ പി വി രവീന്ദ്രൻ വീട്ടിലെ പശുവിനെ വിറ്റ് മകന് കളിയുപകരണങ്ങൾ വാങ്ങിക്കൊടുത്തതിൽനിന്ന് തുടങ്ങുന്നു ചരിത്രം. സ്വപ്‌നങ്ങളുടെ കാവൽക്കാരനെന്ന് സ്വയംവിശേഷിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശ്രീജേഷ്, ഹോക്കിയിൽ പുതിയ വേഷത്തിൽ അവതരിച്ചേക്കും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുതിയ തലമുറയ്‌ക്ക് വഴികാട്ടിയാകുമെന്നു തീർച്ച. ദേശീയ ടീമിന്റെ ഗോൾ കീപ്പിങ് പരിശീലകനായി യാത്ര തുടരുമെന്ന് ഉറപ്പാണ്. ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് അമ്മയ്‌ക്ക് വൈകാരികമായ കുറിപ്പെഴുതിയാണ് ഗോദ വിട്ടത്. ‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’ എന്ന വാചകം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ പൊള്ളിക്കും. ഫൈനലിൽ എത്തിയിട്ടും മെഡൽ കിട്ടാതെപോയ ദുര്യോഗമാണ് ഉണ്ടായത്. ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടു. ആരാണ് ഈ വിനേഷ് എന്നറിയുമ്പോഴാണ് നഷ്ടത്തിന്റെ ആഴം മനസ്സിലാകുക. ഗുസ്‌തിതാരങ്ങൾ നടത്തിയ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു. 18 മാസം കളിജീവിതം തടസ്സപ്പെട്ടശേഷമാണ് ഒളിമ്പിക്‌സ് വേദിയിലെത്തിയത്. വിനേഷിന്റെ പാരിസിലെ സാന്നിധ്യംമാത്രം മതി അവരെ നെഞ്ചോടുചേർക്കാൻ. അയോഗ്യയാക്കിയതുകൊണ്ടുമാത്രമാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നു പറയാനാകില്ല. ഗുസ്‌തി ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ കൊള്ളരുതായ്‌മകൾ തുടരുമെന്നും അതിനെ അതിജീവിച്ച് ഇനി മുന്നോട്ടുപോകാനാകില്ലെന്നുമുള്ള തിരിച്ചറിവുകൂടിയാകാം ഈ പിന്മാറ്റത്തിനു കാരണം. ഗുസ്‌തിതാരങ്ങൾ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും തെരുവിൽ അലയടിക്കുമ്പോൾ പ്രത്യേകിച്ചും. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച രാജ്യാന്തര അത്‌ലീറ്റാണ് നീരജ് ചോപ്ര. മെഡലിനപ്പുറം നാലുവർഷമായി സ്ഥിരതയാർന്ന പ്രകടനം തുടരുന്നുവെന്നതാണ് സവിശേഷത. ജാവലിൻത്രോയിൽ കഴിഞ്ഞതവണ സ്വർണം നേടിയ ഇരുപത്താറുകാരൻ ഇക്കുറി വെള്ളിയിലേക്ക് മാറി. പാരിസ് ഒളിമ്പിക്‌സിലെ അനുഭവപാഠങ്ങൾ മുന്നോട്ടുള്ള യാത്രയിൽ കരുത്താകും. ഈഫൽ ഗോപുരച്ചുവട്ടിൽ വീണവരും വാണവരുമുണ്ട്. ചിരിച്ചവരും കരഞ്ഞവരുമുണ്ട്. ശ്രീജേഷ് കുറിച്ചപോലെ, ഇതൊരു അവസാനമല്ല; മനോഹരമായ ഓർമകളുടെ തുടക്കമാണ്. Read on deshabhimani.com