ഇനിയും മുന്നോട്ട്



ദേശാഭിമാനി ദിനപത്രമായി മാറിയതിന്റെ 75-–-ാം വാർഷികദിനമാണ്‌ ഇന്ന്. 1942 സെപ്തംബർ ആറിനാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി വാരിക പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഷൊർണൂരിൽനിന്ന്‌ 1935ലും പിന്നീട് കോഴിക്കോട്ടുനിന്ന് 1938ലും ഇ എം എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതമായിരുന്നു മുൻഗാമി. 1946 ജനുവരി 18നു ദിനപത്രമായി വികസിച്ചു. ആ ചരിത്രയാത്രയുടെ 75 വർഷം ആവേശഭരിതമായ വളർച്ചയുടെയും ത്യാഗനിർഭരമായ പോരാട്ടങ്ങളുടേതുമാണ്. കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹ്യവുമായ വികാസത്തിന്റെ ദിശയെ നിർണയിക്കുന്നതിലും ആശയവൽക്കരിക്കുന്നതിലും പുരോഗമനപരമായ പങ്കുവഹിക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞെന്നത് അഭിമാനകരമാണ്. പത്ത് എഡിഷനുകളോടെയും ഇന്റർനെറ്റ് പതിപ്പോടെയും മലയാളത്തിലെ ആദ്യ മൂന്നു പത്രത്തിലൊന്നായി ദേശാഭിമാനി മാറി. മലയാള വായനക്കാരുടെ വളർച്ചനിരക്കിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കാൻ സമീപകാലത്ത് പത്രത്തിനു കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഭരണകൂടം നടത്തിയ അടിച്ചമർത്തലുകളെയും നിരോധനങ്ങളെയും ജനപിന്തുണയോടെ അതിജീവിച്ച് മുന്നേറിയ ജാജ്വല്യമാനമായ ചരിത്രത്തിന്റേതുകൂടിയാണ് ഈ കാലം. ഭരണകൂടാധിപത്യത്തിന്റെ ശ്രമങ്ങൾക്കുമുമ്പിൽ ഒരു ഘട്ടത്തിലും ദേശാഭിമാനി വഴങ്ങിയില്ല. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എഡിറ്റോറിയൽ ഇടം ശൂന്യമാക്കി പ്രതിഷേധത്തിന്റെ പുതിയ രൂപം രാജ്യത്തിന് പത്രം സംഭാവന നൽകി. ജനകീയമായ മൂലധനത്തോടെ തുടങ്ങുകയും വികസിക്കുകയും ചെയ്ത ദേശാഭിമാനിയെപ്പോലെ മറ്റൊരു പത്രവും ലോകത്തുതന്നെ ഉണ്ടാകില്ല. നിഷ്‌‌പക്ഷതയെന്ന കാപട്യം അണിഞ്ഞ് ഭരണവർഗ ജിഹ്വകളായി പ്രവർത്തിക്കുന്ന ഭൂരിപക്ഷം മാധ്യമങ്ങളിൽനിന്നും ഞങ്ങൾ വ്യത്യസ്തരാണ്. ഞങ്ങളുടെ രാഷ്ട്രീയം വായനക്കാരോട് തുറന്നു പ്രഖ്യാപിക്കുന്നു. അത് തൊഴിലാളിവർഗ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ജനങ്ങളുടെയും രാഷ്ട്രീയമാണ്. ദേശാഭിമാനി വർഗീയതയ്‌ക്കെതിരാണ്, മതനിരപേക്ഷതയ്‌ക്കൊപ്പമാണ്. ശാസ്‌ത്രബോധത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും ഉൾപ്പെടെ പൊരുതുന്ന എല്ലാവരുടെയും ശബ്ദമായി മാറാൻ ശ്രമിക്കുന്നു. ഞങ്ങൾ സ്ത്രീപക്ഷത്താണ്, അത് ചരമവാർത്തകളിൽ പോലും പ്രതിഫലിക്കണമെന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ പേര് പ്രതിഫലിപ്പിക്കുന്നതുപോലെ ദേശാഭിമാനം ഉയർത്തിപ്പിടിക്കുന്നു. ലോകത്തെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നവരുടെ ശബ്ദമായി മാറാൻ ശ്രമിക്കുന്നു. പ്രകൃതിസംരക്ഷണത്തിന്റെ പച്ചപ്പാർന്ന മുഖം ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. സാമ്രാജ്യത്വവിരുദ്ധമായ സാർവദേശീയ നിലപാട് വാർത്തകളുടെ മുൻഗണനകളിൽ പ്രതിഫലിക്കുന്നു. മാനവികതയുടെ പ്രത്യയശാസ്ത്രം നിലപാടിനെ നിർണയിക്കുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം മാധ്യമങ്ങളും അവഗണിക്കുന്ന പലതും ഞങ്ങൾക്ക് പ്രധാന വാർത്തയാണ്. വിശകലനങ്ങൾക്കപ്പുറം ഞങ്ങൾ മാറ്റത്തിന്റെ വഴി തെളിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനും ശ്രമിക്കുന്നു. പാർടി പത്രത്തെ സംബന്ധിച്ച് ലെനിൻ വ്യക്തമാക്കിയതുപോലെ പ്രചാരകനും പ്രക്ഷോഭകാരിയും സംഘാടകനുമാകാൻ ദേശാഭിമാനി ശ്രമിക്കുന്നു. എന്നാൽ, ‘വാർത്തകൾ വസ്തുതകളായിരിക്കണമെന്നും വിശകലനവും വ്യാഖ്യാനവും നിലപാടിന്റേതാകാ'മെന്നുമുള്ള മാധ്യമ ധർമമാണ് ദേശാഭിമാനി നിർവഹിക്കാൻ ശ്രമിക്കുന്നത്, ഇന്ന് ഓരോ വാക്കിലും വരയിലും ചിത്രത്തിലുംവരെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന മാധ്യമകാലമാണെന്ന ശരിയായ ധാരണയും ഞങ്ങൾക്കുണ്ട്. ദേശാഭിമാനിയുടെ തുടക്കം പാർടി ഗസറ്റ് എന്ന രൂപത്തിലായിരുന്നു. പത്രം വായിച്ച് പാർടി നിലപാട് മനസ്സിലാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ പാർടി പ്രവർത്തകരെ സജ്ജമാക്കുകയെന്ന പരിമിതമായ ചുമതലയാണ് അന്ന് നിർവഹിക്കാൻ ശ്രമിച്ചത്. പിന്നീട് പത്രത്തിന്റെ പ്രചാരം വർധിക്കുകയും വിപുലമായ വായനാ വൃന്ദത്തിലേക്ക് നിലപാടുകൾ എത്തിക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടതുമായ ഘട്ടമായി. അതോടെ പാർടി പത്രത്തോടൊപ്പം പൊതു പത്രംകൂടിയായി ഉയരാൻ ശ്രമിച്ചു. എല്ലാ വായനക്കാരനും ആവശ്യമായ വാർത്തകളും വിവരങ്ങളും ഫീച്ചറുകളുമെല്ലാം പത്രത്തിന്റെ ഭാഗമായി. ഈ പുതിയ കാലത്ത് പൊതുപത്രമെന്ന നിലയിൽ സിപിഐ എമ്മിന്റെ മുഖപത്രമെന്ന ചുമതലകൂടി നിർവഹിക്കാനാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിനിടയിൽ കുറവുകളും പോരായ്മകളും സംഭവിച്ചിട്ടുണ്ട്. നിതാന്ത ജാഗ്രതയോടെ വിമർശനാത്മകമായി വിലയിരുത്തുന്ന വായനാ സമൂഹമാണ് ഞങ്ങളുടെ കരുത്ത്. സങ്കീർണമായ വെല്ലുവിളികളുടേതാണ് പുതിയ കാലം. നുണകൾ പെരുമഴയായി പെയ്തിറങ്ങുകയും പ്രതീതികൾ യാഥാർഥ്യമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സത്യാനന്തര കാലത്ത് ദേശാഭിമാനിയുടെ ഉത്തരവാദിത്തം വർധിച്ചിരിക്കുന്നു. തീവ്രവലതുപക്ഷം ആധിപത്യം ഉറപ്പിക്കുന്ന ലോകവും ഏകാധിപത്യ പ്രവണതകൾ ശക്തിപ്പെടുത്തുന്ന ഇന്ത്യയും ഇത് വെളിപ്പെടുത്തുന്നു. ഈ പ്രവണതകൾക്ക് ഭൂമിക ഒരുക്കിക്കൊടുക്കുന്ന പൊതുബോധ നിർമാണ ഉപകരണങ്ങളാണ് നല്ലൊരു പങ്ക് മാധ്യമങ്ങളും. കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങൾ എന്നതിൽനിന്നും കോർപറേറ്റ് മാധ്യമമെന്ന അധഃപതനം സംഭവിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണാകേണ്ടവർ ഭരണകൂടത്തിന്റെ അനുബന്ധമായി. ബദൽ രാഷ്ട്രീയ പ്രയോഗത്തിന് നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു, ഭാവനകളെ വാർത്തയാക്കിമാറ്റി മാധ്യമങ്ങളിൽ ഒരു വിഭാഗം ഈ അവിശുദ്ധ മുന്നണിയുടെ ഭാഗമാകുന്നു. ഈ നുണകളെ തുറന്നുകാണിക്കാനും വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ദൗത്യമാണ് ഈ കാലത്തിന്റെ പ്രധാന ഉത്തരവാദിത്തം. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പുതിയ കാലത്തിന്റെ ദേശാഭിമാനിയായി ഉയർന്ന് ജനതയുടെ പത്രമെന്ന ചുമതല നിർവഹിക്കുമെന്ന് ഉറപ്പുനൽകുന്നു. Read on deshabhimani.com

Related News