ഹമാസിനെ ഇല്ലാതാക്കാം; 
പോരാട്ടത്തെ വധിക്കാനാകില്ല



പലസ്‌തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ്‌ തലവനുമായ ഇസ്‌മയിൽ ഹനിയ ഇറാന്റെ ദേശീയ അതിഥിയായി തെഹ്‌റാനിൽ ആയിരിക്കെയാണ്‌ ജൂലൈ 31ന്‌ ഇസ്രയേൽ അദ്ദേഹത്തെ വധിച്ചത്‌. അദ്ദേഹത്തിന്റെ പിൻഗാമിയായി ഹമാസ്‌ തലവനായ യഹിയ സിൻവർ ഇസ്രയേലി സേനയുമായുണ്ടായ നേർക്കുനേർ പോരാട്ടത്തിൽ ഒക്ടോബർ 16ന്‌ വധിക്കപ്പെട്ടതായി കഴിഞ്ഞദിവസം സ്ഥിരീകരിക്കപ്പെട്ടു. രണ്ടരമാസത്തിനിടെ ഹമാസിന്റെ രണ്ടു നേതാക്കളെ ഇസ്രയേൽ വധിച്ചത്‌ പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തെ വിഷമകരമായ ഒരു ദശാസന്ധിയിൽ എത്തിച്ചിരിക്കുകയാണ്‌. മതനിരപേക്ഷ പലസ്‌തീൻ പ്രസ്ഥാനമായ ഫത്തായെയും അതിന്റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ–- സായുധ സഖ്യമായ പലസ്‌തീൻ വിമോചന സംഘടനയെയും തളർത്താൻ ഇസ്ലാമിക ചെറുത്തുനിൽപ്പ്‌ പ്രസ്ഥാനമായ ഹമാസിനെ വളർത്തിയ ഇസ്രയേൽ ഇപ്പോൾ ആ സംഘടനയെയും തകർത്തുകഴിഞ്ഞെന്ന വിജയോന്മാദത്തിലാണ്‌. നിസ്സംഗമെന്ന മട്ടിലുള്ള ലോകനേതാക്കളുടെ പ്രതികരണങ്ങൾ പലസ്‌തീൻ ജനതയുടെ ഭാവിയെക്കുറിച്ചുതന്നെ ചോദ്യങ്ങളുയർത്തുന്നുണ്ട്‌. ഈ സ്ഥിതിവിശേഷം ഇസ്രയേലിനെ സുരക്ഷിതമാക്കുകയല്ല, ലോകത്തെയാകെ കൂടുതൽ അരക്ഷിതമാക്കുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ യാഥാർഥ്യം. ഹമാസ്‌ നേതാക്കളെ വേട്ടയാടി വധിക്കുന്നത്‌ നെതന്യാഹുവിന്റെ രക്തദാഹത്തെ മാത്രമേ തൃപ്തിപ്പെടുത്തൂ. ചിലപ്പോൾ ഹമാസിനെ കുറച്ചുകാലത്തേക്ക്‌ ദുർബലപ്പെടുത്താനോ ഇല്ലാതാക്കാൻതന്നെയോ സഹായിച്ചേക്കാം. എന്നാൽ, മുക്കാൽ നൂറ്റാണ്ടിലധികമായി ജൂതവംശീയ രാഷ്ട്രത്തിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യമോഹത്തെയും ഇച്ഛാശക്തിയെയും അൽപ്പംപോലും തളർത്തില്ല. ഇതിനുമുമ്പും ഹമാസിന്റെ  നേതാക്കൾ തുടർച്ചയായി വധിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ ഓരോ രക്തസാക്ഷിത്വവും അവരെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. ഹമാസിന്റെ സ്ഥാപകൻ ഷേഖ്‌ അഹ്‌മദ്‌ യാസിൻ കുട്ടിക്കാലത്ത്‌ കളിക്കളത്തിലുണ്ടായ അപകടത്തെതുടർന്ന്‌ ശിഷ്ടജീവിതം മുഴുവൻ ശരീരത്തിന്‌ ചലനശേഷിയില്ലാതെ ചക്രക്കസേരയിൽ കഴിയേണ്ടിവന്നയാളാണ്‌. 2004 മാർച്ച്‌ 22ന്‌ പുലർച്ചെ പള്ളിയിൽനിന്ന്‌ പ്രാർഥന കഴിഞ്ഞിറങ്ങുമ്പോഴാണ്‌ ആ വയോധികനെ ഇസ്രയേൽ മിസൈലാക്രമണത്തിൽ വധിച്ചത്‌. യാസിന്‌ പിൻഗാമിയായി ഹമാസ്‌ മേധാവിയായ ശിശുരോഗ ചികിത്സാവിദഗ്ധൻ ഡോ. അബ്ദിൽ അസീസ്‌ അൽ റന്തിസി നാലാഴ്‌ചയ്‌ക്കകം വധിക്കപ്പെട്ടു. (റന്തിസിയുടെ ഭാര്യയും പലസ്‌തീൻ പാർലമെന്റ്‌ അംഗവുമായിരുന്ന ജമീല അബ്ദല്ല താഹ അൽ ഷന്തി കഴിഞ്ഞ ഒക്ടോബറിലാണ്‌ ഇസ്രയേലി ആക്രമണത്തിൽ വധിക്കപ്പെട്ടത്‌)ഇത്തരത്തിൽ നേതാക്കൾ തുടർച്ചയായി ഇല്ലാതാക്കപ്പെട്ടിട്ടും ഹമാസ്‌ തളരുകയല്ല, വളരുകയാണ്‌ ചെയ്‌തത്‌. രണ്ടു വർഷം കഴിഞ്ഞ്‌ (2006) പലസ്‌തീൻ പാർലമെന്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഹമാസ്‌ അധികാരത്തിലെത്തി. ‘ജനാധിപത്യ’ത്തിന്റെ മൊത്തക്കച്ചവടക്കാർ എന്നു ഭാവിക്കുന്ന പാശ്ചാത്യരാഷ്ട്രങ്ങൾ ഇസ്രയേലിനൊപ്പംചേർന്ന്‌ പലസ്‌തീൻ ജനവിധി അംഗീകരിക്കാതെ ഹമാസിനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനാണ്‌ അന്ന്‌ ശ്രമിച്ചത്‌. തുടർന്ന്‌ ഗാസയിലേക്ക്‌ ഒതുങ്ങേണ്ടിവന്ന ഹമാസിന്‌ ഇസ്രയേൽ അടിച്ചേൽപ്പിച്ച കടുത്ത ഉപരോധത്തെയും നേരിടേണ്ടിവന്നു. പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കേണ്ട അറബ്‌ അയൽരാജ്യമായ ഈജിപ്തുപോലും പാശ്ചാത്യസമ്മർദത്തിനു വഴങ്ങി ഇസ്രയേലി ഉപരോധം ഫലപ്രദമാക്കാൻ അതിർത്തികൾ അടച്ചപ്പോൾ ‘തുറന്ന ജയിൽ’പോലെയായ ഗാസയിൽ ജനങ്ങൾ അവശ്യസാധനങ്ങൾ കിട്ടാൻപോലും വിഷമിക്കുകയായിരുന്നു. ഈ പ്രതിസന്ധിയെ കിലോമീറ്ററുകൾ നീളമുള്ള രഹസ്യതുരങ്കങ്ങൾ നിർമിച്ച്‌ അവശ്യവസ്‌തുക്കളടക്കം പുറത്തുനിന്ന്‌ കടത്തിയാണ്‌ അവർ അതിജീവിച്ചത്‌. അമേരിക്കൻ ചേരിയിൽനിന്ന്‌ നിർലോഭം ആയുധങ്ങൾ ലഭിക്കുന്ന, അണുവായുധശക്തിയായ ഇസ്രയേലിനെ നേരിടുന്ന ഹമാസിന്റെ പരിമിതമായ ആയുധങ്ങൾപോലും ഇത്തരത്തിൽ ശ്രമകരമായും സാഹസികമായും സംഘടിപ്പിച്ചവയാണ്‌. മുതിർന്ന ഇസ്രയേലി നയതന്ത്രജ്ഞൻ അലോൺ പിങ്കസ്‌ വാഷിങ്‌ടൺ പോസ്റ്റിനോട്‌ പറഞ്ഞതുപോലെ ‘‘സിൻവറിനെ വധിച്ചതുകൊണ്ട്‌ ഹമാസിനെ ഇല്ലാതാക്കാമെന്ന്‌ വിചാരിക്കരുത്‌. വ്യക്തികളെ വധിക്കാനാകും. പക്ഷേ, ആശയങ്ങളെ ഇല്ലാതാക്കാനാകില്ല’’. ഇത്തരം മുന്നറിയിപ്പുകൾ അധികാരഭ്രാന്തിനാൽ എന്തും ചെയ്യാൻ മടിയില്ലാത്ത നെതന്യാഹുവിനെപ്പോലുള്ള ഭരണാധികാരികൾക്കോ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ അയാൾക്ക്‌ വിധേയനാകാൻ നിർബന്ധിതനാകുന്ന അമേരിക്കൻ പ്രസിഡന്റിനോ വിവേകമുണ്ടാക്കില്ല. എന്നാൽ, മറ്റ്‌ ലോകനേതാക്കൾ ഈ രക്താസക്തിയെ നിയന്ത്രിക്കാൻ ഇനിയും വൈകിയാൽ ലോകം വലിയ ദുരന്തത്തിലേക്കാകും നീങ്ങുക. പല കാര്യങ്ങളിലും ഇസ്രയേലുമായി ഒത്തുകളിക്കുന്ന അറബ്‌ ഭരണാധികാരികൾക്കെതിരെ 2011ലെ അറബ്‌ വസന്തത്തിനു സമാനമായ ജനകീയ പ്രതിഷേധങ്ങൾ ഉയരാം. മിക്ക അറബ്‌ രാജ്യങ്ങളിലും തലമുറകളായി കഴിയുന്ന പലസ്‌തീൻ അഭയാർഥികളുണ്ട്‌. അവരുടെ പുതിയ തലമുറയെ ഭീകരവാദത്തിലേക്ക്‌ തള്ളിവിടുന്നതാകും പലസ്‌തീൻ വിഷയത്തിൽ ലോകം പുലർത്തുന്ന നിസ്സംഗത. Read on deshabhimani.com

Related News