മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വീട്
കടലിന്റെ ഭാവം മാറിയാൽ പിടയുന്ന മനസ്സുമായി പ്രകൃതിയുടെ കനിവിന് കാത്തിരിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കുടിലുകൾ എന്ന് കടലെടുക്കുമെന്ന വ്യാധിയാണ് അവരുടെ ജീവിതത്തിലുടനീളം. കാലാവസ്ഥാ വ്യതിയാനംമൂലം കടലാക്രമണം പതിവാകുന്നു. 585 കിലോമീറ്ററുള്ള കേരളത്തിന്റെ കടൽത്തീരത്തിൽ 512 കിലോമീറ്ററിലും കടലാക്രമണവും മണ്ണൊലിപ്പുമാണെന്ന് പഠനങ്ങൾ പറയുന്നു. സുനാമിയിലും ഓഖിയിലും മറ്റുമായി നൂറുകണക്കിന് വീട് തകർന്നു. ജനസാന്ദ്രതയിൽ മുൻപന്തിയിലുള്ള സംസ്ഥാനത്ത് സാന്ദ്രതയിൽ മുന്നിലാണ് കടലോരം. കടലമ്മയുടെ കനിവിനു മാത്രം വിട്ടുകൊടുത്ത് ഇനി മുന്നോട്ടുപോകാനാകില്ല. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. അനിശ്ചിതമായ സാഹചര്യത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി. വേലിയേറ്റരേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന 18,685 കുടുംബത്തെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ഇത്. ഇവരിൽ 584 കുടുംബത്തിന് നൂറാം ദിനത്തിൽ സുരക്ഷിത വീടിന്റെ താക്കോൽ കൈമാറി. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഈ കടലോര പുനരധിവാസ പദ്ധതിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 260 കുടുംബത്തിന് വീട് നൽകിയിരുന്നു. മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ച 7716 കുടുംബത്തിന് താമസിയാതെ വീടാകും. 2450 കോടിയുടെ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 1398 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി 1052 കോടി രൂപയുമാണ് നീക്കിവച്ചത്. ഒരു ഗുണഭോക്താവിന് 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. അപകടമേഖലയിലെ മുഴുവൻ കുടുംബത്തെയും പ്രേരിപ്പിച്ച് മാറ്റിപ്പാർപ്പിക്കാനുള്ള ഊർജിതശ്രമത്തിലാണ് ഫിഷറീസ് വകുപ്പ്. കടലോരത്ത് കൈവശമുള്ള ഭൂമി എന്തുചെയ്യുമെന്നതിലായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശങ്ക. ഇതിന്റെ അവകാശം നിലവിലുള്ള ഉടമകൾക്ക് തന്നെയായിരിക്കും. കെട്ടിടനിർമാണമൊഴികെ കൃഷി, മത്സ്യസംസ്കരണം തുടങ്ങിയവ ഇവിടെ നടത്താം. തീരത്തുനിന്ന് കുടിയൊഴിപ്പിക്കലോ ഏറ്റെടുക്കലോ ഉണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ തീരമേഖലയ്‌ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവർഷംകൊണ്ട് 5300 കോടി ചെലവാക്കാനാണ് പദ്ധതി. ആദ്യ ബജറ്റിൽ 1500 കോടിയുടെ പ്രഖ്യാപനമുണ്ടായി. കടൽഭിത്തി നിർമാണത്തിന് കിഫ്ബി 2300 കോടി നൽകും. കടലാക്രമണം രൂക്ഷമായിടത്ത് ജൈവ കവചം രൂപീകരിക്കും. മറ്റു വികസനപദ്ധതി കൂടിയാകുമ്പോൾ തീരദേശത്ത് 11,000 കോടി രൂപയുടെ പ്രവൃത്തികളാണ് അഞ്ചു വർഷംകൊണ്ട് വരാൻ പോകുന്നത്. ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതർക്കെല്ലാം വീട് നൽകുന്ന സർക്കാരിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. 100 ദിന പരിപാടിയിൽ 12,067 വീടിന്റെ താക്കോൽ കഴിഞ്ഞദിവസം കൈമാറി. ഇതോടെ ലൈഫിലൂടെ കൈമാറിയ വീടിന്റെ എണ്ണം 2,75,000 കഴിഞ്ഞു. പതിറ്റാണ്ടുകളായി പാവപ്പെട്ടവർ ഉന്നയിക്കുന്ന പട്ടയപ്രശ്നത്തിനും പരിഹാരമാകുകയാണ്. നൂറാം ദിനത്തിൽ 13,534 ഭൂമിക്കാണ് പട്ടയം നൽകിയത്. കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളോട് എൽഡിഎഫ് സർക്കാർ പുലർത്തുന്ന കരുതലിന്റെ ഭാഗമാണ് പുനർഗേഹം പദ്ധതി. തീരമേഖലയിൽ വർഗീയശക്തികൾ ഉൾപ്പെടെയുള്ള സ്ഥാപിത താൽപ്പര്യക്കാർ സജീവമാണ്. തങ്ങളുടെ കുത്സിത മേധാവിത്വത്തിന് ഇളക്കം തട്ടുമെന്നു തോന്നിയാൽ ഏതറ്റംവരെയും അവർ പോകും. മത്സ്യ വിൽപ്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കുന്നതിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നയപരമായ മാറ്റത്തെ തുരങ്കംവയ്‌ക്കാൻ ഇക്കൂട്ടർ ശ്രമിച്ചത് നമ്മൾ കണ്ടതാണ്. ഭാവി ജീവിതത്തിന്റെ സുരക്ഷിതത്വത്തിന് നടപ്പാക്കുന്ന പദ്ധതികളെ സ്വീകരിക്കാനും സ്ഥാപിത താൽപ്പര്യക്കാർക്ക് അടിയറ പറയാതിരിക്കാനും കടലിന്റെ മക്കൾ തയ്യാറാകുമെന്ന് ഉറപ്പാണ്. Read on deshabhimani.com