റിസർവ് ബാങ്കിന്റെ ഇരുട്ടടി വീണ്ടും
പ്രവർത്തനരംഗം അടിമുടി അനാകർഷകമാക്കി പൊതുമേഖലയെ തകർക്കുകയാണ് ആഗോളവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പലവിധ സാങ്കേതിക നൂലാമാലകൾ അടിച്ചേൽപ്പിച്ച് സ്ഥാപനങ്ങളിൽനിന്ന് ഉപയോക്താക്കളെ അകറ്റാനും തകൃതിയായ നീക്കങ്ങളുണ്ട്. സേവനങ്ങൾ വെട്ടിക്കുറച്ച് ജീവനക്കാർക്കും ഉപയോക്താക്കൾക്കുംമേൽ അമിതഭാരം ചുമത്തുകയാണ്. ഉദാരവൽക്കരണം, ഘടനാപരമായ പരിഷ്‌കാരം തുടങ്ങിയ ഓമനപ്പേരുകളുടെ മറവിൽ മൻമോഹൻ സിങ്ങിന്റെ കാലത്ത് തുടക്കമിട്ട ആ പ്രവണത മോദിക്കു കീഴിൽ അപകടകരമായി മുന്നേറുകയാണെന്നു കാണാം. ബാങ്കിങ് മേഖലയിലാണ് അതിന്റെ കെടുതി ഏറ്റവുമേറെ പ്രകടമാകുന്നത്. പണപ്പെരുപ്പം ചൂണ്ടി റിസർവ് ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്ക് (റിപ്പോ)തുടർച്ചയായി വർധിപ്പിക്കുന്നതും എടുത്തുപറയേണ്ടതാണ്. എടിഎമ്മിൽനിന്ന് കൂടുതൽ പ്രാവശ്യം പണം പിൻവലിച്ചാൽ ഉപയോക്താക്കൾക്ക് ചുമത്തുന്ന ചാർജ് കൂട്ടിയത് സാധാരണക്കാർക്ക് പ്രഹരമായി. മാസം സ്വന്തം ബാങ്കിന്റെ എടിഎമ്മിൽനിന്ന് അഞ്ച് ഇടപാടും മറ്റുള്ളവയിൽനിന്ന് മൂന്ന്/അഞ്ച് (മെട്രോ/നോൺമെട്രോ) ഇടപാടും നടത്താനാണ് അനുമതിയുണ്ടായിരുന്നത്. ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ഈടാക്കിവന്നു. ബാങ്കുകൾ അത് 21 രൂപയാക്കി. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്. നികുതികൾ വേറെ. ധനകാര്യേതര ഇടപാടുകളുടെ ചാർജ് അഞ്ച് രൂപയിൽനിന്ന് ആറാക്കുകയും ചെയ്‌തു. ജിഎസ്ടി പ്രാബല്യത്തിലായതോടെ ബാങ്കിങ് ഇടപാടുകൾക്ക് ചെലവേറി. മിനിമം ബാലൻസ്, പണമിടപാട്, പിൻവലിക്കൽ തുടങ്ങിയവയ്‌ക്ക് 15 ശതമാനമായിരുന്ന സേവന നികുതി 18 ശതമാനത്തിലേക്ക് കുതിച്ചു. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കുന്ന ഏകീകൃത പണമടവ് സംവിധാനം (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് ‐യുപിഐ) വഴിയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ റിസർവ് ബാങ്ക് പച്ചക്കൊടി വീശിയതാണ് ഏറ്റവും ഒടുവിലെ ഇരുട്ടടി. കൈമാറുന്ന തുകയുടെ തോതനുസരിച്ച് വ്യത്യസ്‌ത നിരക്കുകൾ നിർബന്ധമാക്കാമെന്നാണ് നിർദേശം. വിവിധ പേമെന്റ് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ നിയമങ്ങൾ ശക്തമാക്കാനാണ് അതെന്നാണ് വ്യാഖ്യാനം. പുതിയ നിർദേശം മുൻനിർത്തി ഓഹരി ഉടമകളിൽനിന്ന് അഭിപ്രായം തേടിയിട്ടുമുണ്ട്. അവയെല്ലം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയും പുറത്തിറങ്ങി. നിർദേശങ്ങൾ ഇ–-മെയിൽ വഴി ഒക്ടോബർ മൂന്നുവരെ സ്വീകരിക്കും. രാജ്യത്ത് ഏറ്റവും സ്വീകാര്യമായ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയിലൂടെ മാസം 10 ലക്ഷംകോടി രൂപയാണ് കൈമാറുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ യുപിഐ ഇടപാടുകൾ പൂർണമായി സൗജന്യമായിരിക്കുമെന്ന മോദി സർക്കാരിന്റെ അവകാശവാദത്തിനിടയിലാണ് പുതിയ ചൂഷണം. ആ സംവിധാനങ്ങളിലെ സുതാര്യമല്ലാത്ത ഉയർന്ന ചാർജുകൾക്കെതിരെ ഉപയോക്താക്കൾ നിരവധി തവണ പരാതി ഉയർത്തിയിരുന്നു. പക്ഷേ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിന് (ഇമീഡിയറ്റ് പേമെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് കണക്കാക്കാമെന്നാണ് ആർബിഐയുടെ ന്യായീകരണം. തുകയുടെ തോതനുസരിച്ച് പലതട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നതിലേക്കാണ് അതെത്തുന്നത്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും പറയുന്നു. 800 രൂപ യുപിഐ വഴി അയക്കുമ്പോൾ രണ്ടു രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. ആ അർഥത്തിൽ യുപിഐവഴി വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാൻ രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ നടപടി തുടങ്ങിയിട്ടുണ്ട്. അത് മാസം ഇരുപതിൽ കൂടുതലെങ്കിൽ ചാർജ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. നിസ്സാര ഇടപാടുകൾ സംവിധാനത്തിന് അധികഭാരമുണ്ടാക്കുന്നത് തടയാനാണ് പുതിയ ചാർജുകളെന്നും ബാങ്കുകൾ അറിയിച്ചു. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശ ചൂണ്ടിയാണ് ഈ ന്യായീകരണം. ജീവനക്കാരുടെ പ്രക്ഷോഭങ്ങൾക്കൊപ്പം ഉപയോക്താക്കളും തെരുവിലിറങ്ങേണ്ട അവസ്ഥയാണിപ്പോൾ. Read on deshabhimani.com