അടിച്ചേൽപ്പിക്കുന്നത് ആർഎസ്‌എസ് അജൻഡ
ഭൂമിശാസ്‌ത്രപരവും ഭാഷാ, സാംസ്‌കാരിക പാരമ്പര്യങ്ങളാലുമുള്ള വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യ. രാജ്യത്ത് വ്യത്യസ്ത സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. അവിടങ്ങളിൽ ജനാധിപത്യ വിരുദ്ധമായ ഏകീകരണം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസിന്റെ നീക്കമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു മതം’ എന്ന ആർഎസ്‌എസ് മുദ്രാവാക്യത്തിന്റെ തുടർച്ചയാണിത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തിരക്കിട്ട് അംഗീകാരം നൽകിയത് രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങൾ തകർത്തെറിയുന്നതിന്റെ തുടക്കമാണ്. സംസ്ഥാന സർക്കാരുകൾ നടത്തുന്ന സാമൂഹ്യ, സാമ്പത്തിക , സേവന മേഖലകളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത രാഷ്ട്രീയ പാർടികളോടുള്ള ബിജെപിയുടെ അസഹിഷ്ണുത, മുമ്പൊരു നേതാവിനും കഴിയാത്തവിധം രാജ്യത്തെ മാറ്റിത്തീർക്കാൻ ബഹുമുഖ കഴിവുള്ളയാളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടാനുള്ള വ്യഗ്രത എന്നിവയും ഇതിന്റെ ഭാഗമാണ്. ഇന്ത്യയുടെ വെെവിധ്യങ്ങളിലെ ശക്തിയെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ അജൻഡയും ഇതിനുപിന്നിലുണ്ട്. പകരം സമ്പൂർണമായ ഏകാത്മകത്വമാണ് ലക്ഷ്യംവയ്‌ക്കുന്നത്. വെെവിധ്യങ്ങളുള്ള ജനതയെയും, ജാതി മതങ്ങളെയും പാരമ്പര്യത്തെയും ഭാഷയെയും കോർത്തിണക്കുന്ന ‘നാനാത്വത്തിലെ ഏകത്വം’ എന്നതിനുപകരം ഏകാത്മകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്. ‘ഒരു രാജ്യം ഒരു നികുതി’, ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’എന്നിവ അടിച്ചേൽപ്പിച്ചതിനും അപ്പുറമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന അജൻഡ. ഇത് നടപ്പായാൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരം പല മടങ്ങ് വർധിക്കും. സംസ്ഥാന സർക്കാരുകൾ ഏറെ ദുർബലമാകും. സംസ്ഥാന നിയമസഭകളുടെയോ മന്ത്രിസഭകളുടെയോ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടി നൽകുകയോ ചെയ്യുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങൾക്കും ഭരണനിർവഹണ സമിതികൾക്ക് നിയമനിർമാണ സഭകളോടുള്ള ഉത്തരവാദിത്വത്തിനും എതിരാണ്. ഫലത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേന്ദ്രസർക്കാരിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ നാശവുമായിരിക്കും. സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടി നൽകാനോ രാഷ്ട്രപതിക്കു നൽകുന്ന അധികാരം, അതായത് കേന്ദ്രസർക്കാരിനു നൽകുന്ന അധികാരം, സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭാ സാമാജികരുടെയും അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങൾക്ക് അവരുടെ ഇച്ഛയ്ക്കനുസരിച്ചുള്ള സർക്കാരുകൾ ഉണ്ടാകുക എന്നതും നിയന്ത്രിക്കപ്പെടും. ഇപ്പോൾത്തന്നെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും നിയമസഭകളുടെയും അവകാശങ്ങൾക്കുമേൽ ഗവർണർമാർ നിരന്തരം കടന്നുകയറുകയാണ്. ഒരേസമയം തെരഞ്ഞെടുപ്പുവന്നാൽ അധികാരം മുഴുവൻ കേന്ദ്രത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗവർണർമാർ വൈസ്രോയിമാരെപ്പോലെ പ്രവർത്തിക്കുന്ന സ്ഥിതി ഉണ്ടാകും. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സംവിധാനം അടിച്ചേൽപ്പിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ രാംനാഥ് കോവിന്ദ് സമിതിക്ക് മുന്നിൽ സിപിഐ എം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള ഒളി അജൻഡയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2014 മുതൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദി പറഞ്ഞു തുടങ്ങിയിരുന്നു. 2020ൽ പറഞ്ഞത്, ‘‘ഇത് ചർച്ചയ്ക്ക് വിധേയമാക്കേണ്ടതല്ല, മറിച്ച് രാജ്യത്തിന്റെ അനിവാര്യതയാണ്’’എന്നായിരുന്നു. ബിജെപി 2024ലെ പ്രകടനപത്രികയിലും ഇത് ആവർത്തിച്ചു. ലോക്‌സഭയിൽ തനിച്ച് ഭൂരിപക്ഷമില്ലാതിരിക്കെ നിരവധി ഭരണഘടനാ ഭേദഗതികൾ ആവശ്യമുള്ള ഒറ്റ തെരഞ്ഞെടുപ്പ് നിർദേശം ഇപ്പോൾ അംഗീകരിച്ചതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുമുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മൂന്നാം മോദി സർക്കാരിന് പല തീരുമാനങ്ങളിൽനിന്നും പിന്മാറേണ്ടിവന്ന സാഹചര്യത്തിൽ നൂറു ദിവസത്തിനുള്ളിൽ വലിയ തീരുമാനങ്ങൾ എടുത്തുവെന്ന് വരുത്തിത്തീർക്കലാകാം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രൂപംകൊണ്ട ‘ഇന്ത്യ കൂട്ടായ്‌മ’ പ്രതിപക്ഷമെന്ന നിലയ്ക്ക് പാർലമെന്റിനകത്തും പുറത്തും അംഗീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ആർഎസ്‌എസിനെയും ബിജെപിയെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തിൽ സങ്കുചിത ദേശീയവാദം ഉയർത്തി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെത്തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ വിപുലമായ പ്രചാരണവുമായി ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയമാണിത്. Read on deshabhimani.com