പ്രകടമായത് സംഘപരിവാറിന്റെ മനുവാദചിന്ത
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75 വർഷം ആഘോഷിക്കുമ്പോഴാണ് ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളിലധിഷ്ഠിതമായ മഹത്തായ ആശയങ്ങളടങ്ങിയ ഭരണഘടനയ്‌ക്ക് രൂപം കൊടുക്കുന്നതിന് നേതൃത്വം നൽകിയ ഡോ. ബി ആർ അംബേദ്‌കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചത്. സാമൂഹ്യ ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും അടിയുറച്ചുനിൽക്കുന്ന ഒരു രാഷ്ട്രീയ ജനാധിപത്യ ഇന്ത്യയെ നിർമിക്കാനാണ് എന്നും അംബേദ്കർ ശ്രമിച്ചത്. ഇന്ത്യയിൽ സാമൂഹ്യതുല്യതയെ അടിസ്ഥാനമാക്കുന്ന ഒരു ജനതാസങ്കൽപ്പം ഉണ്ടായി വരുമോ എന്നാണ് 1930-കളിൽത്തന്നെ അംബേദ്കർ ഉന്നയിച്ച പ്രധാന രാഷ്ട്രീയപ്രശ്നം. ഭരണഘടനാ രൂപീകരണസമയത്തും ഈ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. എല്ലാ പൗരന്മാർക്കും തുല്യാവകാശമുള്ള, എല്ലാവിഭാഗം വിശ്വാസികൾക്കും തുല്യ പരിഗണനയും അവകാശവുമുള്ള വൈവിധ്യങ്ങളായ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്ന, അഭിപ്രായത്തിന് അവകാശമുള്ള നാടായിരിക്കണം ഇന്ത്യ എന്നുറപ്പ് വരുത്താൻ ഭരണഘടന നിർമാണസഭയിൽ ഏറ്റവും കൂടുതൽ വാദിച്ചതും അംബേദ്‌കറായിരുന്നു. എന്നാൽ, സമകാലിക ഇന്ത്യയിൽ ഹിന്ദുത്വവാദികൾ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും ഇല്ലായ്മ ചെയ്തുകൊണ്ട് സമഗ്രാധിപത്യ ഭൂരിപക്ഷ മതരാഷ്ട്ര സ്ഥാപനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നു. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും അന്ത്യംകുറിക്കാനാണ് അവർ ശ്രമിക്കുന്നത്. സവർക്കറുടെ ആശയം നടപ്പാക്കാനായി ആദ്യം അവർ അംബേദ്കറുടെ ആശയത്തെ, തത്വചിന്തയെ, രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുകയാണ്. അംബേദ്‌കറുടെ ഓർമദിവസങ്ങൾ ആഘോഷമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളെ സമൂഹത്തിൽനിന്ന് മായ്‌ച്ചുകളയാനാണ് എന്നും ആർഎസ്‌എസ് ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വീണ്ടും വധിച്ചുകൊണ്ടിരിക്കുന്നതുപോലേ, രാഷ്ട്രശിൽപ്പി നെഹ്റുവിനെ ചരിത്രത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നീക്കങ്ങളെപ്പോലെ ഭരണഘടനാ ശിൽപ്പി അംബേദ്‌കറിന്റെ ഓർമകളും ഇല്ലാതാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അംബേദ്‌കറെ അപമാനിച്ചത്. അംബേദ്‌കറെ അവഹേളിച്ചതിലൂടെ സംഘപരിവാറിന്റെ മനുവാദചിന്തയാണ് ആവർത്തിച്ച് വെളിപ്പെടുന്നത്. ‘അംബേദ്‌കർ... അംബേദ്‌കർ... അംബേദ്‌കർ... എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ പറഞ്ഞത്. പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരുമടക്കം അംബേദ്‌കറെ മാനിക്കുന്നവരാണ് തങ്ങളെന്നും ഭരണഘടനയുടെ സംരക്ഷകരാണെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിനെപ്പോലും അമിത് ഷാ അധിക്ഷേപിച്ചത്. അംബേദ്‌കറോടും ദളിത്– -പിന്നാക്ക സമൂഹത്തോടുമുള്ള മനുവാദികളായ സംഘപരിവാറിന്റെ യഥാർഥ സമീപനമാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. അമിത് ഷായുടെ അധിക്ഷേപം ദേശീയതലത്തിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. ഷായുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്‌ച പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഭരണപക്ഷ എംപിമാർ കായികമായി ആക്രമിക്കാനും ശ്രമിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം നടക്കുകയാണ്. അംബേദ്‌കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നും മനുസ്‌മൃതിപ്രകാരമുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യമെന്നും പരസ്യമായ നിലപാടെടുത്ത ആർഎസ്‌എസ് ദളിത് വിഭാഗങ്ങളെ തുല്യപൗരന്മാരായി ഒരിക്കലും കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പിൽ ആദിവാസി, ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ വോട്ട് ഉറപ്പിക്കാനായി ആ വിഭാഗത്തിൽപ്പെട്ടവരെ രാഷ്ട്രപതിയാക്കി എന്നത് നേട്ടമായി അവകാശപ്പെടുന്ന മോദി സർക്കാർ പ്രധാന സംഭവങ്ങളിൽനിന്ന് അവരെ മാറ്റിനിർത്തി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർലമെന്റിന്റെ അധിപനാണ് രാഷ്ട്രപതി. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കല്ലിടൽ ചടങ്ങിൽനിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽനിന്ന് ഇന്നത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ഒഴിവാക്കി. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കും ദളിതർക്കും ഏത് പദവി നൽകിയാലും ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയിൽ അവരുടെ സ്ഥാനം ഏറ്റവും താഴെയാണെന്നാണ് മോദി സർക്കാർ കാണിച്ചുതരുന്നത്. ഭരണഘടനയിലെ സാമൂഹ്യനീതി തത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് തുടർച്ചയായി വാദിക്കുകയാണ് ഹിന്ദുത്വവാദികൾ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിലോ മറ്റ് മേഖലകളിലോ ഒരുവിധ സംവരണവും നൽകാൻ പാടില്ലെന്നും സംവരണം വിഭജനവിഘടന വികാരങ്ങളെ പോഷിപ്പിക്കുമെന്നുമാണ് ആർഎസ്‌എസ് നേതാവ് ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിവച്ചിരിക്കുന്നത്. ഫാസിസ്റ്റ് ആശയങ്ങളെ പിൻപറ്റിയ സവർക്കറുടെയും ഗോൾവാൾക്കറുടെയും പിൻഗാമികളായ ഹിന്ദുത്വവാദികൾ രാജ്യം ഭരിക്കുമ്പോൾ ഓരോ ദിവസവും ദളിത്– -പിന്നാക്ക വിഭാഗങ്ങൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണ്. Read on deshabhimani.com