കുട്ടികളുടെ ഒളിമ്പിക്‌സ്
വലിയൊരു ആശയത്തിന്റെ സാക്ഷാൽക്കാരത്തിന് ഒരുങ്ങുകയാണ് കായികകേരളം. ഒളിമ്പിക്‌സ് മാതൃകയിൽ ഒരു സംസ്ഥാന സ്‌കൂൾ കായികമേള. അത്‌ലറ്റിക്‌സും ഗെയിംസ് മത്സരങ്ങളും എല്ലാം ഒറ്റ നഗരത്തിൽ. 17 വേദികളിലായി കാൽലക്ഷത്തോളം കായികതാരങ്ങൾ നിറയുന്ന ‘കുട്ടികളുടെ ഒളിമ്പിക്‌സി’ന് എറണാകുളം നഗരവും സമീപപട്ടണങ്ങളും വേദിയാകുന്നു. സംസ്ഥാന സ്‌കൂൾ കായികമേള നാലുവർഷത്തിലൊരിക്കൽ ഒളിമ്പിക്‌സ് മാതൃകയിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഇന്നുമുതൽ ഒരാഴ്‌ച നീളുന്ന കൗമാര കായികസംഗമം. സ്‌കൂൾ കായികമേളയുടെ ചരിത്രത്തിന് ആറരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കേരളം രാജ്യത്തിന് സമർപ്പിച്ച കായികതാരങ്ങൾ പിറവിയെടുത്തത് ഈ കളിമുറ്റത്താണ്. അഭിമാനത്തോടെ നെഞ്ചേറ്റിയ പ്രമുഖ താരങ്ങളുടെയെല്ലാം നഴ്‌സറിയായിരുന്നു ഈ വേദി. ഇക്കുറി അത്‌ലറ്റിക്‌സിനൊപ്പം ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും ബാസ്‌കറ്റ്‌ബോളും അടക്കം 28 ഇനങ്ങളുടെ സംഗമം നടക്കുമ്പോൾ നാളെയെക്കുറിച്ച് പ്രതീക്ഷയാണുള്ളത്. പുതിയ താരങ്ങളെ കണ്ടെത്താനും അവരെ കൈപിടിച്ചുയർത്താനുമുള്ള സാധ്യതകളാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള മത്സരങ്ങളും കായികമേളയ്‌ക്കൊപ്പമുണ്ടാകും. ചരിത്രത്തിലാദ്യമായാണ് ‘ഇൻക്ലൂസീവ് സ്‌പോർട്‌സ്’ കായികമേളയ്‌ക്കൊപ്പം നടത്തുന്നത്. ഭിന്നശേഷിയുള്ള 1700 ഓളം കുട്ടികളുടെ പങ്കാളിത്തം ലോകത്തിന് മാതൃകയാക്കാവുന്ന മഹത്തായ സന്ദേശമാണ് നൽകുന്നത്. വിവിധ പരിമിതികളുള്ള ഒരുലക്ഷത്തോളം കുട്ടികൾ ജനറൽ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. കാഴ്‌ചപരിമിതി, സംസാരിക്കാൻ ബുദ്ധിമുട്ട്, ചലനശേഷിയിലെ കുറവ്, ഓട്ടിസം എന്നിവയടക്കം 23 വിഭാഗം കുട്ടികൾ സവിശേഷ പരിഗണന അർഹിക്കുന്നു. അവരെയും ഉൾക്കൊണ്ട ഒരു കായികമേള രാജ്യത്ത് ആദ്യമായിരിക്കും. മത്സരവും സമ്മാനവും എന്നതിനപ്പുറം ഈ വിഭാഗം കുട്ടികളുടെ പങ്കാളിത്തമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ‘സവിശേഷ അത്‌ലറ്റുകൾ’ മറ്റു കുട്ടികളെപ്പോലെ ഓടുകയും ചാടുകയും ഫുട്‌ബോൾ കളിക്കുകയും ചെയ്യുന്ന കാഴ്‌ചകൾക്ക് മഹാരാജാസ് കോളേജ് മൈതാനം സാക്ഷിയാകും. അതിൽപ്പരമൊരു ആനന്ദം വേറെ എന്തുണ്ട്. പ്രവാസികളായ കുട്ടികളും ഈ കായികമേളയ്‌ക്ക് എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. യുഎഇയിലെ കേരള സിലബസുള്ള സ്‌കൂളുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഒരു ടീമായി അണിനിരക്കുന്നു. കുട്ടികളുടെ പങ്കാളിത്തത്തിൽ ഈ കായികമേള പുതിയ ചരിത്രമെഴുതും. ലോകത്ത് മറ്റെവിടെയെങ്കിലും ഈ ആശയത്തിൽ കുട്ടികളുടെ കായികമാമാങ്കം ഉണ്ടാകാനിടയില്ല. ഇവിടെയും കേരളം വഴികാട്ടിയാകുന്നു. മഹാരാജാസ് കോളേജ് മൈതാനത്ത് സർക്കാർ ഒരുക്കിയ പുതിയ സിന്തറ്റിക് ട്രാക്കിലാണ് ഇക്കുറി അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞവർഷം കുന്നംകുളത്തെ സ്‌കൂളിലും സർക്കാർ സ്ഥാപിച്ച പുതിയ ട്രാക്കിലായിരുന്നു കായികമേള. എട്ടുവർഷത്തിനിടെ 14 സിന്തറ്റിക് ട്രാക്കുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. കിഫ്‌ബി ഫണ്ടും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവുമടക്കം 2500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കായികരംഗത്ത് നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി എൽപി സ്‌കൂൾതലംമുതൽ സ്‌പോർട്‌സ് കരിക്കുലത്തിന്റെ ഭാഗമാക്കിയ സംസ്ഥാനം വേറെയില്ല. സ്‌പോർട്‌സ് സ്‌കൂളുകൾക്ക് പ്രത്യേക സിലബസ് എന്ന ആശയവും അടുത്ത അധ്യയനവർഷംമുതൽ പ്രായോഗികതലത്തിലെത്തുകയാണ്. ഇന്ത്യയുടെ അഭിമാന അത്‌ലറ്റുകളായ പി യു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുള്ള ഉത്തരവ് കൈമാറിയത് കഴിഞ്ഞയാഴ്‌ചയാണ്. എട്ടുവർഷത്തിനിടെ 710 കായികതാരങ്ങൾക്കാണ് സർക്കാർ ജോലി നൽകിയത്. 2015-–-19 കാലയളവിലെ സ്‌പോർട്‌സ് ക്വോട്ട നിയമനത്തിനുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിലൂടെ 249 താരങ്ങൾക്കുകൂടി ജോലി ലഭിക്കും. ഇതോടെ 1000 കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ ലക്ഷ്യം യാഥാർഥ്യമാകും. ഈ കായികമേള കേരളത്തിന്റെ കായികചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്ന് ഉറപ്പാണ്. കൈപിടിച്ചുയർത്താനും പുതിയ വാതിലുകൾ തുറന്നുനൽകാനും സർക്കാരുള്ളപ്പോൾ കുട്ടികളോട് ചൊല്ലാനുള്ളത് ഒറ്റമന്ത്രമേയുള്ളൂ–- ‘എല്ലാം മറന്ന് കളിച്ചോളൂ’. Read on deshabhimani.com